ഭാഗം -ആറ്‌

“ദുർഗ്ഗേ….” ദുർഗ്ഗ വന്നു. ഇരുകൈകളിലും വാറ്റുചാരായത്തിന്റെ നിറഞ്ഞ കുപ്പികൾ താങ്ങി. ഒരു നർത്തകിയുടെ ശരീരഭംഗിയുളള അഴകി. ഏറിയാൽ ഇരുപത്തിരണ്ട്‌. നീണ്ട കണ്ണുകളും കറുത്ത്‌ സമൃദ്ധമായ മുടിയിഴകളും. ചുണ്ടുകളിൽ കൊതിപ്പിക്കുന്ന നഗ്നതയുടെ കറുത്ത നിറക്കാരി. നീണ്ട കൈകളിൽ നീലക്കുപ്പിവളകൾ… കാലുകളിൽ വെളളിപ്പാദസരങ്ങൾ…..

നഗരത്തിലെ പെൺകുട്ടികൾക്ക്‌ എന്നോ നഷ്‌ടപ്പെട്ട ദാവണിയും കണങ്കാൽ മറച്ച പാവാടയുമായിരുന്നു വേഷം. അഴകാർന്ന മൂക്കിനും മേൽച്ചുണ്ടിനുമിടയിൽ വിയർപ്പുമുത്തുകൾ മൂക്കുത്തിയേക്കാൾ തിളങ്ങി.

ദുർഗ്ഗ അവതരിക്കുകയായിരുന്നു.

അവൾ ഒഴുകി വരുമ്പോലെ വന്ന്‌ കുപ്പികൾ വലിയ മേശക്കടിയിലേയ്‌ക്ക്‌ ശ്രമപ്പെട്ട്‌ നീക്കിവച്ചു. എന്നിട്ട്‌ എനിക്ക്‌ നേരെ കൈകൂപ്പി. നീലക്കുപ്പിവളകൾ അവളോടൊത്ത്‌ ചിരിച്ചു. മുഖത്ത്‌ പരിഭ്രമം കണ്ടില്ല. ദിവാകരൻനായരോട്‌ ആദ്യം തോന്നിയ വെറുപ്പ്‌ ഇപ്പോൾ നന്ദിയായി മാറി. മദിരാശിയിൽ വന്നശേഷം… ഛേ… ആ പേരേ നാവിലെത്തൂ. ഇപ്പോൾ മദ്രാസ്‌ ചെന്നൈ ആണ്‌. ചളിപോലെ തോന്നുന്ന എന്തോ ഒന്ന്‌ ആ പേരിൽ പറ്റിപ്പിടിച്ചിരിക്കുന്നപോലെ… കേൾക്കുമ്പോൾ തന്നെ ഒരറപ്പ്‌.

മദിരാശി മതിയായിരുന്നു. ‘മദിരാക്ഷി’പോലെ ഒരു സുഖമുണ്ടാ വാക്കിന്‌. മദിര… ദുർഗ്ഗ.. നാനാർത്ഥമോർത്ത്‌ ചിരിച്ചു. അതോ പര്യായമോ? എന്തായാലും സിനിമാക്കമ്പം കേറി മദിരാശിയിൽ വന്നശേഷം വ്യഭിചരിച്ചിട്ടില്ല. പലരും അവസരങ്ങൾ വച്ചു നീട്ടിയിട്ടും. ഒരിക്കൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌ ബൈഷി ‘നീയൊരിക്കലും ഒരു സമ്പൂർണ്ണ സിനിമാക്കാരനാവില്ല ശിവകൃഷ്‌ണാ’ എന്നു പറഞ്ഞ്‌ കളിയാക്കിയിട്ടും അതിനായില്ല. അപ്പോഴൊക്കെ, ‘അച്ഛനെയോർത്ത്‌ വേവലാതിപ്പെട്ട അമ്മയുടെ മുഖം’ മദ്യത്തിനുമേൽ പൊന്തിക്കിടക്കുന്ന ഐസ്‌ക്യൂബുപോലെ തെളിയുമായിരുന്നു. താണുപോകാതെ… അവസാന നിമിഷംവരെ വാശിയോടെ…

ബൈഷിയുടെ പേരിനും ഒരർത്ഥം കല്പിച്ചു. ബൈ…ഷി…. കൊളളാം. അവനു പറ്റിയ പേര്‌.

പോകാൻ നേരമായെന്നറിയിച്ചുകൊണ്ട്‌ ദിവാകരൻനായർ തല ചൊറിഞ്ഞ്‌ മുരൾച്ചയോടെ ചിരിച്ചു.

“ഇവളിവിടെക്കാണും. സാറിനെന്താവശ്യമുണ്ടേലും ചോദിച്ചോ… ഇവളുതരും. കേട്ടോടീ..”

ദുർഗ്ഗ നിലത്തുനോക്കി നിന്നതേയുളളൂ.

ശരിയായിരുന്നു. ദുർഗ്ഗ എല്ലാം തരുന്നവളായിരുന്നു. ഇതുവരെ കാണാത്ത, അറിയാത്ത, നേടാത്ത സകലതും അവളുടെ കയ്യിലുണ്ടായിരുന്നു. അടിമയുടെ സ്വാഭാവികമായ ഭീതിയോടെ അവളതെല്ലാം തന്നു.

കൈനിറയെ നോട്ടുകളുമായി തലചൊറിഞ്ഞ്‌ വാലാട്ടി ദിവാകരൻനായര്‌ പോയശേഷം ദുർഗ്ഗ നന്നായൊന്നു ചിരിച്ചു. അതിനേതോ അർത്ഥമുണ്ടായിരുന്നു. പക്ഷേ…. അതുവരെ അത്തരമൊരു ചിരി എനിക്കജ്ഞാതമായിരുന്നതുകൊണ്ട്‌ ഞാനാ അർത്ഥം തിരഞ്ഞില്ല.

ജനാലയിലൂടെ കശുമാങ്ങയുടെ മണമുളള കാറ്റ്‌ ആഞ്ഞുവീശിയിട്ടും ദുർഗ്ഗ വിയർത്തു. വിയർപ്പിന്‌ പാലപൂത്ത മണമുണ്ടായിരുന്നു. എന്നിട്ടും ഞാൻ ഈശ്വരിയെ മറന്നു. കൊടും തണുപ്പുളള ഈ മലമൂട്ടിലെ പഴഞ്ചൻ ബംഗ്ലാവിന്റെ ഇരുണ്ട വലിയ മുറിയിൽ; ദുർഗ്ഗ കൊളുത്തിയ തീജ്ജ്വാലകളുടെ രുചി നുണഞ്ഞ്‌ ആ ചൂടിൽ അസ്ഥിയുരുകി, ഒരു മഹാരാജാവിനെപ്പോലെ കഴിഞ്ഞിട്ടും… ഈ അമ്പത്തഞ്ചാം വയസ്സ്‌ കടന്ന കാലത്ത്‌ ഇവിടെവരെ കൂട്ടുകാരെ കബളിപ്പിച്ച്‌ വന്ന കാര്യം മറന്നു.

ഈശ്വരിയെവിടെയാണാവോ?

നിരന്തരം ശ്വസിച്ചിട്ടാകാം കശുമാങ്ങയുടെ ഗന്ധം കാറ്റിലെത്തുന്നതുപോലും ഇപ്പോൾ തിരിച്ചറിയാനാവുന്നില്ല. കുപ്പികളൊഴിഞ്ഞപ്പോൾ തലയിൽ ഏതോ സൂര്യനുദിക്കാൻ തുടങ്ങി. ദുർഗ്ഗ അണിഞ്ഞൊരുങ്ങുകയായിരുന്നു ആ വെളുപ്പാൻ കാലത്ത്‌.

“ഇന്നല്ലേ സാറിന്‌ പോകേണ്ടത്‌…?”

അവൾ നിലക്കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ടു ചോദിച്ചു.

ശരിയാണ്‌. ഇന്നു തിരിച്ചു ചെന്നില്ലെങ്കിൽ ഷൂട്ടിംഗ്‌ അവതാളത്തിലായേക്കാം. യൂണിറ്റ്‌ നിശ്ചലമായേക്കാം. ബാക്കി സീനുകൾ ഇനി… അവരോടെന്താ പറയുക?

ദുർഗ്ഗ വന്നശേഷം ഒരക്ഷരം എഴുതാൻ കഴിഞ്ഞിട്ടില്ല. മാലിനി വിചാരിച്ചിട്ടും തീരാത്ത വിശപ്പാണ്‌ ദുർഗ്ഗ ആറ്റിത്തന്നത്‌. രാവിലെ ദിവാകരൻനായരും എത്തും. ഏതു മായാലോകത്തിൽ പോയിരുന്നൂ ഞാനീ ദിവസങ്ങളിൽ…? ഏതോ ചങ്ങലകളിൽ നിന്നും മോചിപ്പിക്കപ്പെട്ടപോലെ ഓടി ബാത്ത്‌റൂമിൽ കയറി; പെട്ടെന്ന്‌ കുളിച്ചൊരുങ്ങി.

പതിവനുസരിച്ച്‌ ഹോട്ടലിൽ നിന്നും പ്രഭാതഭക്ഷണവുമായി ഒരു പയ്യനെത്തി. പുട്ടും കടലയും പങ്കുവയ്‌ക്കുമ്പോൾ ദുർഗ്ഗ ചോദിച്ചു.

“സാറിതുവരെ ഒരു വേശ്യയുടെ കഥയെഴുതിയിട്ടില്ലല്ലോ?”

“ഇല്ല.”

“എങ്കിലെന്റെ കഥയെഴുതൂ.”

“നിന്റെ കഥയോ..?”

“അതേ സാർ. ദുർഗ്ഗാഷ്ടമി എന്നു പേരിടുകയും വേണം ആ കഥയ്‌ക്ക്‌…”

ജനാലയിലൂടെ കശുമാങ്ങയുടെ തണുത്ത കാറ്റെത്തി.

ദുർഗ്ഗ കാറ്റിനുനേരെ പൊട്ടിച്ചിരിച്ചു. വെറുതേ.. ചുറ്റിലും അനേകായിരം മുത്തുമണികൾ ചിതറുമ്പോലെ നിർത്താതെ ചിരിച്ചു.

പുട്ടും കടലയും കുഴച്ച്‌ ഒരു ചെറിയ ഉരുളയാക്കി അവൾക്കു നേരെ നീട്ടി. അവൾ ചിരി നിർത്തി മൃദുലമായ ചുണ്ടുകൾ കൊണ്ടെന്റെ വിരലുകളെ പൊതിഞ്ഞ്‌ ആ ഉരുള കൊത്തിയെടുത്ത്‌ ചവച്ചുതിന്നു.

ഞാനും ചിരിച്ചു.

“സാറെഴുതുമോ എന്റെ കഥ?” അവളുടെ നീൾമിഴികൾ തുളുമ്പുന്നോ?

“എഴുതാം.. പക്ഷേ എഴുതാൻ മാത്രം എനിക്കൊന്നുമറിയില്ലല്ലോ നിന്നെക്കുറിച്ച്‌..!”

“സാറിതുവരെ അതു ചോദിച്ചില്ലല്ലോ..”

“സോറി… നീ പറയൂ…ഞാൻ കേൾക്കാം.”

“പറയാനധികമില്ല സാർ. ഈ മലമ്പ്രദേശത്തെ സ്‌ക്കൂളിൽ നിന്നും പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്കു മേടിച്ചു പാസ്സായ കുട്ടിയാ ഞാൻ. എന്നിട്ടും എന്റമ്മയെപ്പോലെ ഒരു ചാരായം വാറ്റുകാരിയായി; വേശ്യയായി ഞാൻ ജീവിക്കുന്നു. കഥയ്‌ക്കുളള സ്‌ക്കോപ്പില്ലേ..?”

“നിനക്കാരൊക്കെയുണ്ട്‌..?”

“അച്ഛനുണ്ട്‌. അമ്മയില്ല. അച്ഛൻ അമ്മേ ചവിട്ടിക്കൊന്നു.”

“ങേ?”

“സാററിയും. എന്നെ രണ്ടുമൂന്നു ദിവസത്തേയ്‌ക്ക്‌ സാറിന്‌ വിറ്റ ദിവാകരൻനായരില്ലേ.. ആ നാറിയാ എന്റെ തന്ത..”

നടുങ്ങിപ്പോയി.

“ചാരായം വാറ്റിന്റെ ഒരു വൻകേന്ദ്രമാ സാറേ.. ഈ ബംഗ്ലാവും കശുമാവിൻ കാടുമൊക്കെ. എക്‌സൈസുകാരാ.. ആദ്യം എന്റെ പാവാടയഴിച്ചത്‌. അതും എന്റച്ഛന്റെ സമ്മതത്തോടെ. അതറിഞ്ഞ്‌ അച്ഛനുനേരെ വെട്ടുകത്തിയുമായിച്ചെന്ന എന്റമ്മയെ അയാളു ചവിട്ടിക്കൊന്നു. ഇപ്പോ എന്നെ വിറ്റ്‌ പണം കൊയ്യുകാ. ചെറ്റ.!”

“ദുർഗ്ഗേ..” ശബ്‌ദം പതറിപ്പോയിരുന്നു.

“വിശ്വസിക്കാൻ സാറിന്‌ ബുദ്ധിമുട്ടുണ്ടാവും അല്ലേ? പക്ഷേ കേൾക്ക്‌. സിനിമയ്‌ക്ക്‌ പറ്റിയ എന്തെങ്കിലും സ്‌ക്കോപ്പുണ്ടാവില്ലേ? ചെറുപ്പം മുതലേ സാറിന്റെ കഥകള്‌ അമ്മ എനിക്ക്‌ വായിച്ചു തരുമായിരുന്നു. സാറിന്റെ സിനിമകളും കണ്ടിട്ടുണ്ട്‌ ഞാൻ. എന്റെ അമ്മയ്‌ക്ക്‌ സാറിന്റെ കഥകള്‌ ഭയങ്കര ഇഷ്‌ടായിരുന്നു.”

അമ്പരപ്പിന്റെ വക്കിൽ ബാലൻസു നഷ്‌ടപ്പെടും മുമ്പ്‌ ചോദിച്ചു പോയി.

“എന്താ നിന്റെ അമ്മയുടെ പേര്‌?”

“ഈശ്വരി”

ജനാലയിലൂടെ വീശിയ കാറ്റിന്‌ മണം നഷ്‌ടപ്പെട്ടോ?

( അവസാനിച്ചു )

Generated from archived content: novelponnan6.html Author: sree_ponnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English