പ്രണയ&തീർത്ഥാടന കവിതകൾ

മെർക്കാറ

തലക്കാവേരി

അങ്ങോട്ടുപോക്കിന്റെ

വഴിക്കാറ്റുകൾ

ആത്‌മാവിൽ കുറിച്ചുതന്നത്‌

വെളുത്ത്‌ പൂത്തേകിടക്കും,

സ്വപ്നഗന്ധം.

പണ്ട്‌ പണ്ട്‌…

(ദിനോസറുകൾക്കുംമുമ്പ്‌)

നീ വിരിഞ്ഞിറങ്ങിയതിവിടെ-

യാവാമെന്ന്‌,

കനത്തുവിങ്ങിയ

കൺകുഴികളിൽ

പ്രവചനമുദിച്ചു…

വിരൽച്ചൊരുക്കുകൾക്കിടയിൽ

വിളിപ്പാടിൽ

മുഖം മറഞ്ഞുപോയ

മേഘമാന്ത്രികത്തിൽ

ഒരു കാവേരി മുളയ്‌ക്കുന്നു..

തിരിച്ചിറങ്ങും

പാടങ്ങളിലെല്ലാം

മൂത്തുപഴുത്തുവിളഞ്ഞ്‌

നരച്ച ഫിൽറ്റർ സംഗീതം..

ഒതുക്കിപ്പറയേണ്ട

കാവ്യബിംബങ്ങൾക്കിടയിലൂടെ

പരന്നും പിളർന്നും

നദി….

സ്‌മൃതിജലം!

മെർക്കാറ

ഭാഗ്‌മണ്ഡല

സ്പർശനങ്ങളുടെ

ചുഴലികൾക്കിടയിൽ

ഒഴിഞ്ഞുപോയതിനെ

കണ്ടെടുക്കാൻ

ഓർമ്മകൾ കുരച്ചെത്തി.

ഓരോ ചിന്തയും

ഗോപുരക്കുട ചൂടിയ

കോവിൽക്കാഴ്‌ചയായ്‌…

ആകാശം നിറഞ്ഞു

പറന്നു നീ

ഒടുവിലെൻ മുൻപിൽ

വിടർന്നിറങ്ങി

പീലികളെല്ലാമഴിച്ച്‌

തുളുമ്പുമെന്നു

ഞാൻ കരുതി….

നീയോ

ഇല്ലാത്ത ചിറകുകൾ

ഒരിക്കലും കുടഞ്ഞതേയില്ല

മുളയ്‌ക്കാത്ത പീലികൾ

അനക്കിയതുപോലുമില്ല.

ഉയിർത്തെഴുന്നേൽപ്പിന്റെ

കാവേരിമാത്രം

ആർക്കോവേണ്ടി

തീർത്ഥക്കുഴിയിലൂടെ

പിന്നെയും പിന്നെയും

നുഴഞ്ഞ്‌..

നുഴഞ്ഞ്‌….

Generated from archived content: poem1_jan29.html Author: shylan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English