കേരളത്തിന്റെ ബ്രാൻഡ്‌ അംബാസ്സഡർമാർ

കേരളത്തിനുള്ളിൽ മാത്രമേ ഒരു സാധാരണ മലയാളിക്കു തനതായ ഐഡന്റിറ്റി ഉള്ളൂ. ‘നമ്മുടെ വടക്കേലെ മാധവനും’, ‘കുന്നിൻ പുറത്തെ കേശവനും’, ‘പള്ളിക്കടുത്ത വീട്ടിലെ ഗിവർഗീസും’ ഒക്കെ പശ്ചിമഘട്ടം കയറിയാൽ ‘മലയാളി’യും, അറിബക്കടൽ കടന്നാൽ ‘ഇന്ത്യനും’ ആയിമാറും. അതോടൊപ്പം നമ്മുടെ ഭാഷയും, സംസ്‌ക്കാരവും, രുചികളും, ശീലങ്ങളും ജനറലൈസ്‌ഡ്‌ ആവുകയായി.

എല്ലാ നാട്ടുകാരുടെ ഗതിയും ഇതു തന്നെയാവണം. അതുകൊണ്ടല്ലേ, പരിചയമുള്ള ഒന്നോ രണ്ടോ ആൾക്കാരെ വച്ച്‌ നമ്മൾ മറ്റുള്ള നാട്ടുകാരെ “ജനറലൈസ്‌” ചെയ്യുന്നതും. തമിഴനു വൃത്തിയില്ല, പാക്കിസ്‌ഥാനി വെള്ളിയാഴ്‌ച മാത്രമേ കുളിക്കൂ എന്നുമൊക്കെ വളരെ ധൈര്യമായി പറഞ്ഞു നടക്കുന്നവരല്ലേ നമ്മൾ. തിരിച്ചു മലയാളികൾ എല്ലാം മൂക്കില്‌ വിരല്‌ ഇടുന്നവര്‌ ആണെന്നും, തലയിൽ തേച്ച എണ്ണ കഴുകി കളയാത്ത പിശുക്കന്മാരാണെന്നുമൊക്കെ മറുനാട്ടുകാരും നമ്മളെപറ്റി പറയുന്നുണ്ടാവണം.

ചുരുക്കത്തിൽ, അന്യനാട്ടിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരും നമ്മുടെ നാടിന്റെ സംസ്‌ക്കാരത്തിന്റെ, ബ്രാൻഡ്‌ “അംബാസ്സഡർ മാർ” ആണ്‌. നമ്മുടെ ഓരോ ചലനങ്ങളും കേരളത്തിന്റെ, ചിലപ്പോൾ ഇന്ത്യയുടെ തന്നെ പ്രതീകമായി ചിത്രീകരിക്കപ്പെടുവാൻ ഇടയുണ്ട്‌. അത്‌ കൊണ്ടുതന്നെ കേരളത്തിൽ ജീവിക്കുന്ന കേരളീയനെക്കാൾ, നമ്മുടെ സംസ്‌ക്കാരവും കുലീനതയും കാത്തു സൂക്ഷിക്കാൻ ഓരോ എൻ.ആർ.ഐ.(കെ)ക്കും ബാധ്യത ഉണ്ട്‌.

അതൊക്കെ പോട്ടെ, കേരളത്തിൽ നിന്നു സ്‌റ്റുഡന്റ്‌ വിസയിലെത്തി, ലണ്ടനിൽ ജോലി നോക്കുന്ന ഒരു ‘ബ്രാൻഡ്‌ അംബാസഡറി’നെ പറ്റി കേൾക്കണോ? അതിന്‌ മുൻപ്‌ സൂസനെ ഒന്നു പരിചയപ്പെടാം.

ലണ്ടനിൽ പോസ്‌റ്റ്‌-ഗ്രാജുവേഷനു പഠിക്കുന്ന ഒരു കൂട്ടുകാരിയെ കാണാൻ പോയപ്പോഴാണ്‌ ഞങ്ങൾ സൂസനെ കണ്ടത്‌. നാട്ടിലെ ഹോസ്‌റ്റൽ മുറികളുടെ ഓർമ്മ ഉണർത്തുന്ന വലിയൊരു മുറിയിൽ തലങ്ങും വിലങ്ങും ഇട്ടിരിക്കുന്ന കട്ടിലുകൾക്കിടയിൽ കുശലാന്വേഷണങ്ങൾക്കും കൊക്കോകോളയ്‌ക്കും ശേഷം “ഇനി എന്ത്‌” എന്ന്‌ ആലോചിക്കുന്നതിനിടയ്‌ക്കാണ്‌ സൂസൻ കയറി വന്നത്‌.

ഉറക്കം ബാക്കി നിൽക്കുന്ന ഇളം ചുവപ്പുള്ള കണ്ണുകൾ ഒന്നുകൂടി കറുപ്പിച്ച്‌, ഒരുവട്ടം കൂടി ‘ലിപ്‌ ഗ്ലോസ്‌​‍്സ’ പുരട്ടി, മഹാഗണി നിറമുള്ള സൂസൻ അടുത്തു വന്നപ്പോൾ ഞാൻ അറിയാതെ എണീറ്റ്‌ പോയി. സഹമുറിയത്തിയുടെ കൂട്ടുകാരിയാണ്‌ എന്ന്‌ പരിചയപ്പെടുത്തിയപ്പോൾ “എവിടെ നിന്നാ?” എന്ന്‌ ആദ്യ ചോദ്യം. ‘കേരളം’ എന്ന്‌ പേരു കേട്ടപ്പോഴോ, അഭിമാന പുളകിതമാകണമന്തരംഗം എന്നൊരു സ്‌റ്റെയിൽ.

ആഫ്രിക്കയിലെവിടെയോ ജനിച്ച്‌, ഇപ്പോൾ ലണ്ടനിൽ ജീവിക്കുന്ന ഈ കറുമ്പിക്ക്‌ “കേരളം” എന്ന പേരു കേട്ടപ്പോൾ എന്താ ഇളക്കം എന്ന്‌ പതുക്കെ കൂട്ടുകാരിയോടു ചോദിച്ചപ്പോഴാണ്‌ വിചിത്രമായ ഒരു പ്രണയകഥ പുറത്തുവരുന്നത്‌.

സൂസനൊരു ബോയ്‌ ഫ്രണ്ട്‌ ഉണ്ട്‌. കേരളത്തിൽ നിന്നു പഠിക്കാനെത്തിയ ഒരു വിദ്യാർത്ഥി. പഠനമൊക്കെ പേരിനേ ഉള്ളൂ. നിയമം അനുവദിക്കുന്ന 20 മണിക്കൂർ പോയിട്ട്‌, ആഴ്‌ചയിൽ 169-​‍ാംമതൊരു മണിക്കൂറുണ്ടെങ്കിൽ അതും ജോലി ചെയ്‌ത്‌ ഒറ്റ പൈസ കുറയാതെ നാട്ടിലേക്ക്‌ വിടുന്ന ഒരു വിരുതൻ. ദാഹിച്ചാൽ കുടിക്കാൻ വെള്ളം വാങ്ങിയാൽ 50 പൈസ * 79 = 38 രൂപ പോവില്ലേ എന്നാലോചിച്ചു “ഛേയ്‌, വെള്ളത്തിനൊക്കെ എന്തൊരു ചുവ” എന്ന്‌ പറഞ്ഞ്‌, ബെൽറ്റ്‌ ഒന്നുകൂടി മുറുക്കി ജീവിക്കുന്ന ആളാണ്‌ കക്ഷി.

നമ്മുടെ വിരുതൻ ശങ്കുവിനെ ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽ വച്ചാണത്രേ സൂസൻ പരിചയപ്പെടുന്നത്‌. ലഞ്ച്‌ പോലും കഴിക്കാതെ ജോലി ചെയ്യുന്ന പുള്ളിയുടെ ജോലിയോടുള്ള സിൻസിയറിറ്റി ആണത്രേ സൂസന്‌ ആദ്യം ഇഷ്‌ടപ്പെട്ടത്‌. പതിയെ പതിയെ ശങ്കുവിനു ഭക്ഷണം കൊടുക്കുന്ന ചുമതലയും സൂസൻ ഏറ്റെടുത്തു. അതോടെ വിരുതന്‌ ആ ഇനത്തിൽ ആഴ്‌ചയിൽ ഒരു 30 പൗണ്ട്‌ ലാഭം.

പിന്നെ എപ്പോളോ ആണ്‌ ശങ്കുവിന്റെ മലയാളി ബുദ്ധിയിൽ ഒരു “ഐഡിയ” മിന്നിയത്‌ – പെണ്ണിനെ അങ്ങ്‌ പ്രേമിച്ചാലെന്താ? വെറും പ്രേമമല്ല. ആത്മാർത്ഥ പ്രണയം. പ്രണയം മൂത്ത്‌ ഒരു ദിവസം ശങ്കുമൊഴിഞ്ഞു. “മോളേ, കരിവീട്ടി, നിനക്കുവേണ്ടി ഞാൻ നാട്ടിൽ ഒരു കൊട്ടാരം പണിയട്ടെ? പണി കഴിഞ്ഞാൽ നമുക്കു രണ്ടുപേർക്കും അവിടെ രാപാർക്കാം. ”കേട്ടപാതി, കേൾക്കാത്ത പാതി പ്രണയിനിക്കു പെരുത്ത സന്തോഷം. പാവം പെണ്ണ്‌ പൈസക്കാരുടെ വീട്ടിൽ ബാത്ത്‌ റൂം ക്ലീൻ ചെയ്‌തും, ബാക്കി കിട്ടുന്നനേരം പെട്രോൾ പമ്പിൽ പണി ചെയ്‌തും സ്വരുക്കൂട്ടിയ പൗണ്ടുകൾ വിരുതന്റെ സേവിംഗ്‌സ്‌ ബാങ്കിലെത്താൻ അധികനേരം വേണ്ടി വന്നില്ല.

പ്ലാനുകൾ പലതുമറിഞ്ഞതോടെ, ശങ്കുവിന്റെ വീട്ടുവാടക കൊടുക്കലും, ഭക്ഷണത്തിനുള്ള അരി എത്തിച്ചു കൊടുക്കലും തുടങ്ങി പുള്ളിയെ മുഴുവനായി പുള്ളിക്കാരി സ്‌പോൺസർ ചെയ്യാൻ തുടങ്ങി. പ്രണയലോലുപനായ നായകന്റെ സ്വന്തം നാട്ടുകാരിയെ സ്‌നേഹമാണ്‌ ആദ്യം കണ്ടപ്പോൾ എന്റെ നേരെ കാണിച്ച ഇളക്കം. ആകെ അഞ്ചിടങ്ങളിലായി – രണ്ടു ഗ്രോസറി സ്‌റ്റോറുകൾ, ഒരു പെട്രോൾ പമ്പ്‌, രണ്ടു വീടുകൾ- ദിവസത്തിൽ 18-19 മണിക്കൂർ ജോലി ചെയ്‌ത പാവം പെണ്ണ്‌ ഉണ്ടാക്കുന്ന പൈസ നേരെ പോകുന്നതോ, ശങ്കുവിന്റെ സേവിങ്ങ്‌സ്‌ അക്കൗണ്ടിലേക്കും.

ശങ്കുവിന്‌ നാട്ടിൽ വേറൊരു ഭാര്യയും അതിൽ രണ്ടു മക്കളുമുണ്ട്‌. അത്‌ കൂടി ആയാലേ കഥ പൂർത്തിയാവൂ എന്ന്‌ കൂട്ടുകാരി. സൂസന്‌ അതും പ്രശ്‌നമല്ലത്രേ. ആരും അറിയാതെ രണ്ടാം ഭാര്യയായി പുതിയ വീട്ടിൽ താമസിപ്പിച്ചോളാം എന്ന്‌ ശങ്കു വാക്കു തന്നിട്ടുണ്ടല്ലോ.

രണ്ടു പെട്ടിക്കടയും, ഒരു കള്ളുഷാപ്പും, ഒരു എസ്സ്‌.റ്റി.ഡി. ബൂത്തും ഉള്ള നമ്മുടെ നാട്ടു കവലകളൊന്നിൽ പുസ്‌തകക്കെട്ടുകളോ, ബാഗോ, മാറോടണച്ച്‌, ആകെ ചൂളിപ്പിടിച്ച്‌ മണ്ണിനെ നോവിക്കാതെ നടന്നു നീങ്ങുന്ന എണ്ണ മയിലികൾക്കിടയിൽ, തലയിൽ ചുറ്റികെട്ടിയ ബഹുവർണ്ണ സ്‌കാർഫും മിനി സ്‌കേർട്ടുമായി, ഒരു കൊച്ചുഭൂമികുലുക്കം പോലൊരു ആമസോൺ സുന്ദരി – ആ രംഗം ഭാവനയിൽ കണ്ടപ്പോൾ എനിക്കുവന്നത്‌ ചിരിയാണ്‌.

കേരളം പോലൊരു സ്‌ഥലത്ത്‌ നമ്മൾ രണ്ടുവട്ടം കൂടുതൽ തുമ്മിയാൽ പോലും, “എന്തേ പനി പടിച്ചോ? എന്ന്‌ ചോദിക്കാൻ തലകൾ നീട്ടുന്ന അയൽക്കാരടെ ഇടയിൽ, ഒരാളുടെ രണ്ടാം ഭാര്യയായി, അയാളുടെ കുടുംബം അറിയാതെ ജീവിക്കാമെന്നോക്കെ സ്വപ്‌നം കണ്ടിരിക്കുന്ന സൂസനെ പറ്റി ആലോചിച്ചപ്പോൾ ”ഇത്രയും പൊട്ടിയാണോ ഇവൾ“ എന്നോർത്തു കുപ്പിയിലെ കോള മുഴുവനാക്കാതെ ഞാൻ മിഴിച്ചിരുന്നു. ”പ്രണയത്തിനു കണ്ണു പണ്ടേ ഇല്ലല്ലോ“ എന്ന്‌ കൂട്ടുകാരി ഒരു തമാശ പറയാൻ നോക്കി.

ഇനിയിപ്പോൾ ശങ്കു ചതിക്കുമോ ഇല്ലയോ? ചതിക്കപ്പെടുന്ന സൂസൻ മറ്റൊരു കണ്ണകി ആവുമോ? ശങ്കു സൂസനെ നാട്ടിലേക്ക്‌ കൊണ്ടുപോകുമോ?

ഉത്തരങ്ങൾക്കായി ഞാനും കാത്തിരിക്കുന്നു.

Generated from archived content: column1_nov10_09.html Author: seema_sreeharimenon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English