യാ ഹിമാര്‍…… അന സാഇം ഇന്‍ ത മ അരഫ്?

രണ്ടായിരത്തി എട്ടാം ആണ്ടിലെ റമദാന്‍ മാസം. ഇംഗ്ലീഷ് മാസം സെപ്റ്റംബര്‌ ആണെങ്കിലും ഗള്‍ഫ് ദേശത്ത് , പ്രത്യേകിച്ച് കുവൈറ്റില്‍ ചൂട് പെയ്യുന്ന മാസം. ഉച്ചക്ക് രണ്ടര മണിക്ക് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകാനായി ഞാന്‍ തൊട്ടടുത്തുള്ള ”ദര വാസ” സ്റ്റോപ്പിലേക്ക് പാഞ്ഞു. “സിറ്റി” ബസ്സില്‍ എ. സി ഉണ്ടെന്നുള്ള മിഥ്യ ധാരണയില്‍ കെ പി ടി സി ബസ്സുകളെ തഴഞ്ഞ് ഏറെ കാത്തു നിന്ന് വന്നു ചേര്‍ന്ന സിറ്റി ബസ്സ് “ദര വാസ” സ്റ്റോപ്പില്‍ നിറുത്താതെ അടുത്ത സിഗ്നലില്‍ കൊണ്ട് പോയി നിറുത്തി. ഡ്രൈവര്‍ മലയാളി ആണെന്ന കാര്യം ഏതാണ്ട് നൂറു ശതമാനവും ഉറപ്പ്. അവനെയും അവനെ കുവൈറ്റില്‍ കൊണ്ട് വന്നവന്റെയും മൂന്ന് തലമുറകളുടെയും തലകള്‍ എന്റെ മനസ്സിലെ രണഭൂമിയില്‍ ചോരയൊലിപ്പിച്ച് കിടന്നുരുണ്ടു. (“എന് ഹൃദയക്കഠാരി ….. നിന്‍ നെഞ്ചില്‍ ആഴ്ത്തും ഞാന്‍ നീ ചാ…” കവി വാക്യം ).

പിന്നീടു വന്ന “കെ പി ടി സി” യില്‍ തന്നെ ഞാന്‍ കയറി കൂടി. എ സി യുടെ സാന്നിധ്യം അറിയിക്കാന്‍ അതിന്റെ ഭീകരമായ മൂളല്‍ മാത്രം. യാത്രക്കാര്‍ വളരെ കുറവ്. സ്റ്റാന്‍ഡില്‍ നിനും പുറപ്പെട്ടു മൂന്നാമത്തെ സ്റ്റോപ്പ്‌ ആയതു കൊണ്ടാവാം. എന്നാല്‍ മാലിയ യില്‍ എത്തിയപ്പോള്‍ ബസ്സ്‌ നിറഞ്ഞു. നല്ല തിരക്ക്. ആള് കൂടുന്നതിന് അനുസരിച്ച് ബസ്സില്‍ ചൂടും കൂടി വന്നു . സീറ്റ് കിട്ടിയവര്‍ നില്‍ക്കുന്നവരെ നോക്കി സഹതാപം “കാണിക്കുന്നുട് ” ചെരിപ്പിട്ടവരെ ഷൂ ഇട്ടവര്‍ ചവിട്ടുമ്പോള്‍ ഉള്ള അസ്വാരസ്യം അല്ലാതെ ബസ്സില്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ശുവൈക്കില്‍ നിന്നും കുറെ മിസിരികളും ബംഗാളികളും ബസ്സില്‍ കയറിയതോടെ ബസ്സിലെ സമാധാന പരമായ അന്തരീക്ഷത്തിനു പരിസമാപ്തിയായി. ഫാര്‍ വാനിയയിലെ ഹോളിഡെ ഇന്‍ സ്റ്റോപ്പിനു തൊട്ടുമുന്‍പ് ബസ്സില്‍ നിന്നും ഒരു അലര്‍ച്ച. ഞാന്‍ തിരിഞ്ഞു നോക്കി. ഒരു മസിരി ഒരു ബംഗാളിയുടെ കോളറിനു പിടിച്ചു ഉയര്‍ത്തിയിരിക്കുന്നു. ബംഗാളിയുടെ കാലു നിലത്തു തട്ടുന്നില്ല. മസിരി പൂക്കുല ഏന്തിയ വെളിച്ചപ്പാടിനെപ്പോലെ തുള്ളുന്നു.

“യാ ഹിമാര്‍ അന സാഇം ഇന്‍ തമ അരഫ്? ലേഷ് ഇന്ത ശൂത്ത് അന ?” (പരിഭാഷ: എടാ കഴുതേ.. ഞാന്‍ നോമ്പുകാരന്‍ ആണെന്ന് നിനക്കറിഞ്ഞൂടെ? പിന്നെ എന്തിനാണ് നീ എന്നെ ചവിട്ടിയത്?). ബംഗാളിയുടെ സേഫ്ടി ഷൂ മിസിരിയുടെ കാലില്‍ കൊണ്ടതാണ് കാര്യം. ബംഗാളിയുടെ നോമ്പിനെക്കാള്‍ എന്ത് കൊണ്ടും മേന്മയുള്ളത് തന്നെ മിസിരിയുടെ നോമ്പ് എന്നും അതിനു അര്‍ഥം വെക്കാം.

യുദ്ധം ബംഗാളും ഈജിപ്തും തമ്മില്‍ ആയതു കൊണ്ട് ഇന്ത്യക്കാരനായ ഞാന്‍ സമാധാന പൂര്‍വ്വം അത് കണ്ടു കൊണ്ടിരുന്നു. എന്നാല്‍ സൈഡ് റോഡില്‍ നിന്നും മുന്നറിയിപ്പില്ലാതെ കയറിവന്ന കുവൈറ്റി വനിതയെ അവളുടെ വീട്ടുകാരോടൊപ്പം നോമ്പുതുറക്കാന് ഞങ്ങളുടെ ബസ്‌ ഡ്രൈവര്‍ കനിവ് കാണിച്ചത് കൊണ്ട് ബംഗാളും ഈജിപ്റ്റും പരസ്പരം കെട്ടിപുണര്‍ന്നു കൊണ്ട് എന്റെ മടിയില്‍ വന്നു വീണതിനാല്‍ സപ്തവാനങ്ങളും അതിലെ അനന്തമായ താരഗണങ്ങളും ഞാന്‍ ഒരു നിമിഷം ദര്‍ശിച്ചു. “നട്ടുച്ച നേരത്ത് മുറ്റത്ത്‌ നിന്നിട്ട് മേലോട്ട് നോക്കതേം ആകാശം കണ്ടോവര്‍ ” എന്ന പാരഡടി മാല പാടി ഞാന്‍ ബസ്സിറങ്ങി വീട്ടിലേക്ക് ഞൊണ്ടി നടന്നു.

Generated from archived content: story1_june7_13.html Author: salim_tm

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English