വിശ്വരൂപ ദര്‍ശനം

ജീവന്റെ വൈവിദ്ധ്യമേറിയ വളര്‍ച്ചയെപ്പറ്റി വളരെയധികം അറിയാമെന്നു ഭാവിക്കുന്ന നാം വളരെ നീണ്ട സമയത്തിലൂടെയുള്ള അതിന്റെ പരിണാമദശയിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഒരു വലിയ ചോദ്യം മുമ്പില്‍ കാണും: തന്റെ ദിവ്യത്വത്തിനു മുമ്പില്‍ കുമ്പിട്ടുനില്‍ക്കാന്‍ പോരുന്ന നമ്രതയും ഭാവനയുമുള്ള ഒരു ജീവസമൂഹത്തെ വാര്‍ത്തെടുക്കാന്‍ ദൈവമെന്തേ ഇത്രയും വൈകിയത്? എത്രയോ തവണ ഈ ഭൂമിയില്‍ വംശനാശങ്ങള്‍ ഉണ്ടായി. 440 ദശലക്ഷം വര്ഷം മുമ്പ്, ഒര്‍ഡോവിഷന്‍ കാലഘട്ടത്തില്‍, അതിശൈത്യം മൂലം 25% സമുദ്രജീവികള്‍ ചത്തൊടുങ്ങി. 370 ദശലക്ഷം വര്ഷം മുമ്പ്, ഡിവോനിയന്‍ കാലഘട്ടത്തില്‍, 19%; 245 ദശലക്ഷം വര്ഷം മുമ്പ്, പെര്‍മിയന്‍ കാലഘട്ടത്തില്‍, ഭൂപാളികളുടെ സ്ഥാനവ്യതിയാനം (plate tectonic) മൂലം 54%; 65 ദശലക്ഷം വര്ഷം മുമ്പ്, ക്രിറ്റെഷ്യസ് കാലഘട്ടത്തില്‍, ദിനോസറുകള്‍ ഉള്‍പ്പെടെ 17% ജീവജാലങ്ങള്‍ക്ക് എന്നിങ്ങനെ വീണ്ടും വംശനാശം വന്നു. പൊട്ടിയൊഴുകിയ ലാവയോ ഭൂമിയുമായി കൂട്ടിയിടിച്ച വാല്‍നക്ഷത്രമോ ഇവയില്‍ അവസാനത്തെ അത്യാഹിതത്തിന് കാരണമായി എന്ന് ഊഹിക്കപ്പെടുന്നു. ഇതെല്ലാം ഏതാണ്ട് 3,00,000,000 കൊല്ലം മുമ്പ് തുടങ്ങിയ ജീവന്റെ സാവധാനമുള്ള പരിണാമപ്രക്രിയയെ സാരമായി മന്ദീഭവിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ കാലാവസ്ഥയുടെ വലിയ വ്യതിയാനം മൂലമോ, അണുശക്തിയുടെ ദുരുപയോഗം കൊണ്ടോ, മുമ്പുണ്ടായ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ടോ മനുഷ്യവംശം ഒട്ടാകെത്തന്നെ നശിച്ചുപോയേക്കാം. ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത് മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഉത്ഭവമോ വളര്‍ച്ചയോ നിലനില്‍പ്പോ സൃഷ്ടാവായി നാം ആരാധിക്കുന്ന പരാശക്തിക്ക് ഒരു വിഷയമേയല്ല എന്നല്ലേ?

നമ്മെപ്പോലെ അസ്തിത്വബോധമുള്ള ജീവികളില്ലായിരുന്നെങ്കില്‍ ദൈവം എങ്ങനെയായിരിക്കുമായിരുന്നു എന്നൊരു പ്രശ്നം ന്യായമായും ഉന്നയിക്കാവുന്നതാണ്. സംശയം വേണ്ടാ, അപ്പോഴും പരംപൊരുള്‍ സച്ചിദാനന്ദം തന്നെയായിരിക്കാനേ സാദ്ധ്യതയുള്ളൂ. പരിണാമത്തിലൂടെ നമ്മള്‍ അസ്ഥിത്വബോധവും അതേത്തുടര്‍ന്ന് ഈശ്വരബോധവുമുള്ള ജീവികളായിത്തീര്‍ന്നതുകൊണ്ട്, വ്യത്യസ്തമായ ദൈവസങ്കല്പങ്ങളിലൂടെ ഏകദൈവസങ്കല്പത്തില്‍ എത്തിച്ചേര്‍ന്നു എന്നതാണല്ലോ വാസ്തവം. ഈ ഏക ദൈവസത്തയെയാണ് പരമമായ സമ്പൂര്‍ണതയായി നമ്മള്‍ മനസ്സിലാക്കുന്നത്. പക്ഷേ, അതിനാല്‍ത്തന്നെ ഈ സംപൂര്‍ണ്ണതയെ സംബന്ധിച്ചിടത്തോളം മറ്റൊരസ്തിത്വമോ (സൃഷ്ടിയോ) അതിന്റെ ആരാധനയോ ഒരാവശ്യമായി വരുന്നില്ല. അങ്ങനെയെങ്കില്‍, ദൈവാസ്തിത്വബോധവും അതില്‍നിന്നുളവാകുന്ന ദൈവാരാധന, ദൈവസ്നേഹം എന്നീ മനോവൃത്തികളും സൃഷ്ടികള്‍ എന്ന നിലയില്‍ നമ്മുടെ മാത്രം ആവശ്യമാണെന്നു കാണാം. അങ്ങനെ നോക്കുമ്പോള്‍ ഭക്തിമാര്‍ഗം എന്ന് വിശേഷിക്കപ്പെടുന്ന ജീവിതചര്യ മനുഷ്യന്റെ ഏകപക്ഷീയമായ ഒരു കണ്ടെത്തലാണ്. ഇത്തരം വ്യക്തിഗത കണ്ടെത്തലുകളാണ് പലപ്പോഴും മതങ്ങള്‍ തമ്മിലും വിശ്വാസങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നത്. അതിലൊന്നും ദൈവത്തിന് യാതൊരു പങ്കുമില്ല എന്നതല്ലേ യുക്തി നമുക്ക് ഓതിത്തരുന്ന സത്യം?

സമ്പൂര്‍ണ സത്ത എന്നയര്‍ത്ഥത്തില്‍ ഈശ്വരന്‍ നിര്‍ഗുണബ്രഹ്മമാണ്. അത് പക്ഷേ, അല്പനായ മനുഷ്യന് അപ്രാപ്യമായതിനാല്‍ ഭക്തിയുടെ വിഷയം സഗുണബ്രഹ്മമാണ്. സഗുണബ്രഹ്മം സത്-രജസ്-തമസുകളുടെ സങ്കലനമായ മനുഷ്യന്റെ സങ്കല്പലോകത്തിലെ ഈശ്വരനാണ്. നഗ്നമായ അര്‍ത്ഥത്തില്‍, മാനുഷികമായ ഭാവനകളുടെ വിപുലീകരണം മാത്രമാണ് ദൈവത്തില്‍ നാം ആരോപിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാ ഗുണങ്ങളും. ഇക്കാര്യത്തില്‍ ഒരു മതവും വ്യത്യസ്തമല്ല. തന്നെ ബോധപൂര്‍വം ആരാധിക്കുന്ന ഒരു ജീവവൃന്ദത്തെ സംരക്ഷിക്കുക ദൈവത്തിന് അനിവാര്യമായിരുന്നെങ്കില്‍ അത് ദൈവത്തെപ്പോലെതന്നെ അനാദിയായ ഒരാവശ്യമായിരുന്നിരിക്കണം.

പക്ഷേ, മറിച്ചാണ് സുവ്യക്തമായ നമ്മുടെ ജീവിതാനുഭവം. ദൈവാരാധന മനുഷ്യന്റെയാവശ്യമാണ്‌, ഈശ്വരന്റെയല്ല. നിര്‍ഗുണമായതിനു ആരാധനയാവശ്യമില്ല എന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ സ്വന്തം പ്രതിച്ഛായ ദൈവത്തിന്റെതന്നെ പ്രതിച്ഛായയാണെന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ട് അതിനെ ആരാധിച്ചുതുടങ്ങുന്നു. പക്ഷേ, എന്നെങ്കിലും അതവരെ മടുപ്പിക്കും. അപ്പോഴാണ്‌ ഒരുവനില്‍ താന്മഹിമയ്ക്കപ്പുറത്ത് കടക്കണമെന്ന ആഗ്രഹമുദിക്കുന്നത്. അതിനെ സാക്ഷാത്ക്കരിക്കാനാണ് അവന്‍ ദൈവത്തില്‍ മാനുഷികവും അമാനുഷികവുമായ ഗുണങ്ങള്‍ ആരോപിച്ചുതുടങ്ങുന്നത്. വിശ്വാസവും ഭക്തിയും ഈ ആഗ്രഹത്തിന്റെ ഉത്പന്നങ്ങളാണ്. ഏതേതു ദേവതാരൂപത്തെ ഭക്തന്‍ ദൃഢവിശ്വാസത്തോടെ പൂജിക്കുന്നോ, അത് അവനില്‍ ഉറയ്ക്കുന്നു; നമ്മുടെ സ്ഥിരചിന്ത എപ്രകാരമോ, നാം അപ്രകാരമായിത്തീരുന്നു. അതുകൊണ്ടാണ് ചിന്ത എത്ര പുരോഗമിച്ചാലും, നവീകരണേച്ഛ എത്രമാത്രം ശക്തമായാലും, ഏതെങ്കിലും മതസമൂഹത്തിനുള്ളില്‍ത്തന്നെ തുടരുന്നവരുടെ ദൈവസങ്കല്പത്തിനോ പ്രാര്‍ത്ഥനാരീതിക്കോ എന്തെങ്കിലും മാറ്റം വരിക എന്നത് അത്ര വളരെ ദുഷ്ക്കരമായി അനുഭവപ്പെടുന്നത്. സുഖദുഃഖങ്ങളുടെ അനുഭവത്തില്‍ നിന്നാണ് പാപബോധം, ശിക്ഷ, ബലി, രക്ഷ (മോക്ഷം) എന്നീ മനോദര്‍ശനങ്ങള്‍ ഉരുത്തിരിയുന്നത്. എന്നാല്‍ ഇത്തരം വിശ്വാസങ്ങളെ അസ്വാരസ്യങ്ങളായി കരുതുന്നവരും ധാരാളമാണ്. അവരാണ് അദമ്യമായ ജിജ്ഞാസ എന്ന ഗുണമുള്ളവര്‍. അടിസ്ഥാനപരമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താന്‍ യുക്തിക്ക് മുന്‍ഗണന നല്‍കാതെ പറ്റില്ല. യുക്തിയിലൂടെ ജീവന്റെ ഉത്പത്തിയെ തേടി ശാസ്ത്രം ഇന്നും കഷ്ടപ്പെടുന്നു. എന്നാല്‍ വേദാന്തദര്‍ശനത്തില്‍ സജീവം നിര്‍ജീവം എന്നോ സുഖദുഃഖങ്ങളെന്നോ ഉള്ള വേര്‍തിരിവിന് അര്‍ത്ഥമില്ല. ഇത് മര്‍മ്മപ്രധാനമായ ഒരു കാഴ്ചപ്പാടാണ്. ജീവനില്ലാത്തതായി പ്രപഞ്ചത്തില്‍ ഒന്നുമില്ല എന്നാണ് ഗീതാപാഠങ്ങളുടെ ഉള്‍പ്പൊരുള്‍. അതിലെ യുക്തി ലളിതമാണ്. പഞ്ചഭൂതങ്ങള്‍ സജീവമല്ലെങ്കില്‍ അവയില്‍ നിന്നുടലെടുക്കുന്ന ശരീരങ്ങളില്‍ ജീവന്‍ എവിടെനിന്ന്? ഓരോ പരമാണുകണവും ഓരോ ജീവകോശവും പ്രവര്‍ത്തിക്കുന്നത് ‘ബുദ്ധി’യുള്ളതുപോലെയാണ്. ഇവയുടെ താത്ക്കാലിക കൂട്ടങ്ങളെയാണ് ജീവികളായി നാം കാണുന്നത്.

സത്യത്തില്‍ ഇത് ഒരു വിശദീകരണവും ആവശ്യപ്പെടുന്നില്ല. മനുഷ്യഭ്രൂണത്തെ തന്നെ വീക്ഷിച്ചാല്‍ മതി ഇത് മനസ്സിലാക്കാന്‍. ബീജാണ്ഡസങ്കലനത്തിനു ശേഷം വിഘടിച്ചുപെരുകുന്ന ഓരോ കോശാണുവിനും അതിന്റെ സ്ഥാനവും പരസ്പരബന്ധവുമനുസരിച്ച് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് അതിന്റേതായ അറിവുണ്ടായിരിക്കണം. അല്ലെങ്കില്‍ ഒരു സിക്താണ്ഡവും (zygote) പൂര്‍ണ്ണ വളര്‍ച്ചയിലെത്തുകയില്ല. വിത്തുകളില്‍നിന്ന് സസ്യങ്ങള്‍ രൂപപ്പെടുകയില്ല. ഓരോ കോശത്തിലും അന്തര്‍ലീനമായ ഈ സഹജബോധമാണ് എല്ലാ വളര്‍ച്ചയുടെയും നിലനില്‍പ്പിന്റെയും രഹസ്യം. രണ്ടു ലൈംഗികകോശങ്ങള്‍ ചേര്‍ന്ന് സിക്താണ്ഡമാകുന്നതും അത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അംഗവൈവിദ്ധ്യങ്ങളുടെ സുന്ദരസമുച്ചയമായ ഒരു പൂര്‍ണ മനുഷ്യജീവിയാകുന്നതും ഓരോ കോശത്തിലും അതിന്റെ സ്ഥാനത്തെയും കടമയെയുംപറ്റിയുള്ള ഈ ആന്തര്‍ബോധം സ്ഥിതിചെയ്യുന്നതുകൊണ്ടാണ്. തേനീച്ച, ഉറുമ്പ് തുടങ്ങിയ ജീവസമൂഹങ്ങള്‍ വളര്‍ന്നു പെരുകുന്നത് അതിലെ ഓരോ അംഗത്തിനും എപ്പോള്‍ എന്തു ചെയ്യണമെന്ന്‍ സഹജമായ ഉള്‍ബോധമുള്ളതുകൊണ്ടാണ്. ഒരു സസ്യത്തിന്റെ ഏതു ഭാഗത്ത് എപ്പോള്‍, എങ്ങനെ പുതിയ തളിര്‍പ്പുകള്‍, പൂക്കള്‍, കായ്കള്‍ എന്നിവ ഉണ്ടാകണമെന്ന് സാഹചര്യത്തിനും കാലാവസ്ഥക്കുമനുസരിച്ച് ഓരോ കോശവും അറിയുന്നുണ്ട്. എന്തിന്റെയും ഓരോ അണുവിലും ഇരിക്കുന്നത് പരമാത്മാവ്‌തന്നെയാണ് എന്ന് സാരം. പ്രപഞ്ചത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു സൂക്ഷ്മസത്യമാണിത്. ചരാചരങ്ങളില്‍ ചേതന ഞാനാകുന്നു (ഭൂതാനാസ്മി ചേതനാ – അ. 10,ശ്ലോ. 22) എന്ന ഗീതാവാക്യംകൊണ്ട് അര്‍ത്ഥമാക്കുന്നത് ഈ സത്യമാണ്. ഈ സത്യത്തെപ്പറ്റി സ്വയം അവബോധത്തിലെത്തുക എന്നത് മനുഷ്യന്റെ മാത്രം കഴിവായിരിക്കാം.

ജീവന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ നിന്ന് ചില പാഠങ്ങള്‍ നമുക്ക് സംഗ്രഹിച്ചെടുക്കാം. കാലാകാലങ്ങളില്‍ കാതലായ വംശനാശങ്ങള്‍ ഉണ്ടായിട്ടും, ആദിജീവന്റേതടക്കമുള്ള എല്ലാ വാസനകളും നമ്മില്‍ കുടികൊള്ളുന്നുണ്ട്. ഒരു ജീവരൂപവും അപ്പാടേ ഇല്ലാതായിട്ടില്ല. അവയുടെയെല്ലാം വാസനകളുടെ ഒരംശം പുതിയ തലമുറ കൈപ്പറ്റിയിട്ടുണ്ടാവണം; ഈ വാസനാപരിണാമത്തില്‍നിന്നായിരിക്കണം ജീവപരിണാമം തന്നെ സാദ്ധ്യമാകുന്നത്. മനുഷ്യന്റെ ജീവാവസ്ഥയില്‍ ആത്മസ്വരൂപാഭിമുഖ്യം എന്ന വാസനാപരിണാമവും ഉള്‍പ്പെടുന്നുണ്ട്. ഈ വാസനാമിശ്രണമാണ് ബഹുസ്വരങ്ങളായ വിശ്വാസങ്ങളായി പ്രകടമാകുന്നത്.

ദൃശ്യപ്രപഞ്ചം നിലനില്‍ക്കുന്നത് ഉല്പത്തി, പരിണാമം, നാശം എന്ന പ്രഹേളികകളിലൂടെയാണ്. ഇവയെല്ലാം ഒരു മഹാസ്മരണ ക്രമേണ ഉണര്‍ന്നു വരുന്നതുപോലെയാണെന്ന് നിത്യചൈതന്യ യതി പറയുമായിരുന്നു. ഇവയില്ലെങ്കില്‍ സ്ഥലവും സമയവുമില്ല. സ്ഥലവും സമയവും അനുഭവിക്കുന്ന നമുക്ക് അനാദിയെന്ന ഒരവസ്ഥയോ ആത്യന്തിക സമയം (അനനുസ്യൂതി – discontinuity) എന്ന സമയാന്ത്യമോ ചിന്തനീയമേയല്ല. ഓരോ ജീവിയിലുമെന്നല്ല, അചേതനവസ്തുക്കളില്‍ പോലും അതുവരെയുള്ള പരിണാമവികാസത്തിന്റെ ഒരു മഹാസ്മരണ ആവസിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് സംശുദ്ധമായ വേദാന്തദര്‍ശനം. ഗീത പ്രപഞ്ചത്തെ മനുഷ്യശരീരവുമായി താരതമ്യം ചെയ്യുന്നുണ്ട് (അ. 13, ശ്ലോ. 14). പ്രപഞ്ചം മൊത്തത്തില്‍ ഒരു ഏകകമായി പ്രവര്‍ത്തിക്കുന്നു എന്നാണതിലെ വിവക്ഷ. പ്രപഞ്ചശരീരത്തിലെവിടെയും ജീവാത്മാവിന്റെ സാന്നിദ്ധ്യം നിറഞ്ഞിരിക്കുന്നു എന്നുതന്നെയാണ് അതിനര്‍ത്ഥം. സജീവം, നിര്‍ജ്ജീവം എന്ന വിഭജനം വേദാന്തദര്‍ശനത്തിലില്ല. വലുതും ചെറുതും എന്ന വ്യതാസവും ഇല്ല. ജീവകോശങ്ങളുടെ കാര്യത്തിലെന്നപോലെ, അണുഘടകങ്ങളോ അണുക്കളൊ തന്മാത്രകളൊ ഗ്രഹങ്ങളോ താരാപഥങ്ങളൊ ഒന്നുമേ ഒന്നില്‍ നിന്ന് ഒന്ന് വേര്‍പെട്ടല്ല നിലകൊള്ളുന്നത്. ആദികന്ദത്തിലെന്നപോലെ ഓരോ അണുവിലും ബ്രഹ്മാണ്ഡമിരിക്കുന്നു എന്നുതന്നെ നമുക്ക് നിശ്ചയിക്കാം. ആദിസ്പന്ദമെന്ന ബീജത്തിന്റെ നാഭിയില്‍ നിന്ന് വിരിഞ്ഞുയരുന്ന ഒരു പൂവ് പോലെയാണ് ഓരോ പിറവിയും. പുരാണങ്ങളില്‍ എന്നപോലെ ബൈബിളിലും നിറഞ്ഞു നില്‍ക്കുന്ന, പലപ്പോഴും ബാലിശമായ, ഈശ്വരചിത്രീകരണങ്ങളില്‍ നിന്ന് അത്യന്തം വ്യത്യസ്തമാണ് ഗീതയുടെ പതിനൊന്നാം അദ്ധ്യായത്തില്‍ നമുക്ക് കിട്ടുന്ന വിശ്വരൂപദര്‍ശനം.

വ്യക്തിജീവന് പ്രപഞ്ചജീവനുമായുള്ള ഹൃദയബന്ധത്തെയാണ് ഗീത ശരിയായ ഭക്തിയായി കണക്കാക്കുന്നത്. ഈ ധന്യചിന്ത യേശു പല സന്ദര്‍ഭങ്ങളിലും പങ്കുവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ശിഷ്യരിലോ അവരില്‍ നിന്ന് ഉരുവാര്‍ന്ന ക്രിസ്തുമതത്തിലോ അത് വേരാഴ്ന്നു വളര്‍ന്നില്ല എന്നത് ദുഃഖകരമാണ്. ചരാചരങ്ങളും പരമ്പൊരുളും രണ്ടു തലങ്ങളില്‍ ആണെന്ന ഒരു ധാരണ യഹൂദപാരമ്പര്യമുള്ള മതങ്ങളുടെ അടിസ്ഥാനപരമായ അറിവില്‍ നികത്താനാവാത്ത ഒരു ന്യൂനതയായി അവശേഷിക്കുന്നു. മിക്ക മതങ്ങളിലെയും ഭക്തി ഉറപ്പിച്ചിരിക്കുന്നത് ഈ ദ്വന്ദ്വത്തിലാണ്. എന്നാല്‍ ഗീതയാകട്ടെ, ഈശ്വരഭക്തിയോടൊത്ത് മറ്റെന്തിനോടെങ്കിലും വൈരം (തരംതിരിവ്) അംഗീകരിക്കുന്നില്ല. അനുദിനജീവിതത്തില്‍ നാനാവിധത്തിലും നാനാവര്‍ണങ്ങളിലും ആകൃതികളിലുമായി ആയിരക്കണക്കിലുള്ള എന്റെ ദിവ്യരൂപങ്ങള്‍ കണ്ടുകൊള്‍ക എന്നാണ് ഗുരുത്വമുള്ള ജിജ്ഞാസുവിന് കിട്ടുന്ന സാരോപദേശം. ചരിക്കുന്നത് ഭക്തിമാര്‍ഗ്ഗത്തിലൂടെയോ ജ്ഞാനമാര്‍ഗ്ഗത്തിലൂടെയോ ആകട്ടെ, എളിമയുള്ള സത്യാന്വേഷിക്ക് അത് ഏറെ സ്വീകാര്യവുമാണ്.

Generated from archived content: essay3_may26_14.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English