ആദിയില്‍ വചനമുണ്ടായിരുന്നു.

“ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തൊടൊപ്പമായിരുന്നു. സമസ്തവും അവനിലൂടെയുണ്ടായി. അവനിലെ ജീവന്‍ വെളിച്ചമായിരുന്നു. വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവനില്‍ സ്വര്‍ഗീയസത്യവും സൗന്ദര്യവും നിറഞ്ഞുനിന്നു.” (യോഹന്നാന്‍ എഴുതിയ സുവിശേഷം, ഒന്നാമദ്ധ്യായം)

യോഹന്നാന്റെ സുവിശേഷത്തിലെ ഈ ആദ്യവാക്യത്തിലെ മര്‍മ്മശബ്ദമാണ് വചനം. ദൈവം, അനന്തത, വെളിച്ചം, ജീവന്‍, സൃഷ്ടി, സൗന്ദര്യം എന്നിവയെയെല്ലാം വചനം എന്ന ഒറ്റ വാക്കിലൂടെ സംശ്ളേഷിക്കാനുള്ള ഒരു ശ്രമമാണ് യോഹന്നാന്‍ നടത്തുന്നത്. ഈ ശബ്ദങ്ങള്‍ തമ്മിലുള്ള വെറും ബന്ധമെന്ന അര്‍ത്ഥത്തിലല്ല, മറിച്ച്, അവയിലുള്‍ക്കൊണ്ടിരിക്കുന്ന ഗൂഢാര്‍ത്ഥങ്ങളുടെ അതിഗാഢമായ ബന്ധമാണ് സുവിശേഷകന്‍ ഉദ്ദേശിക്കുന്നത്. ചരിത്രപുരുഷനായ യേശുവിന് ദൈവത്തിനൊപ്പംതന്നെ സ്ഥാനം കല്പിച്ചുനല്‍കുക എന്ന ഉദ്ദേശ്യം ഗ്രന്ഥകാരന്‍ മറച്ചുവയ്ക്കുനനില്ല. അതാകട്ടെ, വിശ്വാസാധിഷ്ഠിതമായ ഒരു തന്റേടമാണ്. അതില്‍ യുക്തിക്ക് യാതൊരു സ്ഥാനവുമില്ല. എന്നാല്‍, ഈ വാക്യത്തെ യുക്ത്യാധിഷ്ഠിതമായ ബൌദ്ധിക നിരീക്ഷണത്തിനു വിധേയമാക്കാമോ എന്നൊരു ശ്രമമാണ് ഇവിടെ നടത്തുന്നത്. ആ സംരംഭത്തില്‍, പരമ്പരാഗതമായ നിര്‍വചനങ്ങളില്‍ പലതും നാം ഉപേക്ഷിക്കേണ്ടിവരും. ഉദാ. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നതിനുപകരം ദൈവം തന്നെ സൃഷ്ടിപരതയാണ്, അതാകട്ടെ, കഴിഞ്ഞുപോയ ഒരു പ്രവൃത്തിയല്ല, മറിച്ച്, അനാദിമുതല്‍ നിത്യം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നായി മനസ്സിലാക്കേണ്ടിവരും. സൃഷ്ടിപരതതന്നെയാണ് ദൈവം എന്നുവരുമ്പോള്‍ ദൈവത്തെയും സൃഷ്ടിയെയും കാരണവും കാര്യവുമായി കണാനാവാത്ത ഒരവസ്ഥയാണുണ്ടാവുക. അതായത്, ദൈവം ഏതൊക്കെയോ ക്രിയകളുടെ സ്വതന്ത്രനായ കര്‍ത്താവു മാത്രമല്ല, ക്രിയാത്മകതതന്നെയാണ് എന്ന് മനസ്സിലാക്കാമെങ്കില്‍, എല്ലാം അവനാല്‍ ഉണ്ടാക്കപ്പെട്ടു എന്നതിലും അഗാധമായി, എല്ലാം അവനെക്കൊണ്ട്‌, അവനിലൂടെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന നിതാന്തയദ്ഭുതമാണ്‌ നമ്മെ രോമാഞ്ചംകൊള്ളിക്കുക. അങ്ങനെയെങ്കില്‍, എവിടെയാണ് മനുഷ്യനെന്ന കര്‍ത്താവിന്റെ സ്ഥാനം? ഒരെഴുത്തുകാരന്‍, ഒരു കവി, ശില്പി, സംഗീതജ്ഞന്‍, തൊഴിലാളി, അമ്മ, അച്ഛന്‍ എന്നിവരെല്ലാം സൃഷ്ടാക്കളല്ലേ? അഗാധമായ സൃഷ്ടിപരതയില്‍ ഇവരിലെ വ്യഷ്ടിതലത്തിലുള്ള കര്‍തൃത്വം പ്രത്യക്ഷപരമായതു മാത്രമായി തരംതാഴും. അവിടെയെല്ലാം യാഥാര്‍ത്ഥ ചാലകശക്തി ദൈവം തന്നെയാണ് എന്നംഗീകരിക്കേണ്ടി വരും; അവനിലൂടെയല്ലാതെ ഒന്നും സംഭവിക്കുന്നില്ല!

ഇത് മനസ്സിലാക്കുകയെന്നാല്‍, ദൈവം എന്നൊരു ശക്തി പുറത്തെവിടെയോ നിന്ന് കാര്യങ്ങള്‍ ശരിപ്പെടുത്തുകയല്ല, പകരം, ദൈവഹിതം നമ്മുടെ വ്യഷ്ടിഗതമായ അഹത്തെ ആഗിരണം ചെയ്ത് തത്സ്ഥാനത്ത് പ്രവര്‍ത്തിക്കുകയാണ് എന്ന് തിരിച്ചറിയേണ്ടിവരും. ഒരു നര്‍ത്തകനും ഓടക്കുഴലൂത്തുകാരനും കൃഷിക്കാരനും വാദ്ധ്യാരും, നാമോരോരുത്തരും ദൈവികമായ ഉപകരണങ്ങള്‍ മാത്രമായിത്തീരുന്നു, അല്ലെങ്കില്‍ അതിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.

ഈ ചിന്താധാര വിശ്വാസജീവിതത്തിലും അന്വര്‍ത്ഥമാണ്. ഞാനില്ലാതാവുന്നതിലൂടെ അവന്‍ വളരുക എന്ന് യേശുവിനെയോര്‍ത്തുകൊണ്ട് പോലും ദൈവപിതാവിനെ സ്മരിച്ചുകൊണ്ട് യേശുവും പറഞ്ഞതിന്റെ പൊരുളാണിത്. അതുതന്നെയാണ് ദൈവാവബോധത്തിലെത്തുന്ന ഓരോ വ്യക്തിയും സാര്‍ത്ഥകമാക്കുന്നത്. എല്ലാം ദൈവാവേശിമാണെന്ന തിരിച്ചറിവുണ്ടാകുന്നത് സ്വന്തം പ്രജ്ഞയുടെ അഭാവത്തോടെയാണെന്നത് ഒരു വിരുദ്ധോക്തിയായി തോന്നാം. എന്നാല്‍ അതാണ്‌ ഒരു ബുദ്ധനിലും ഒരു യേശുവിലും പ്രവര്‍ത്തിച്ചത്. ഐശ്വര്യപ്രകാശമായി സ്വയം തിരിച്ചറിയുക എന്ന അനുഭവമാണത്. ആ പ്രകാശത്തില്‍ അഹം അപ്രത്യക്ഷമാകുന്നു എന്നതാണ് എല്ലാ യഥാര്‍ത്ഥ ദൈവാനുഭവവും സാക്ഷ്യപ്പെടുത്തുന്നത്. ദൈവം പ്രകാശമാണ് (1 യോഹ. 1,5). ഉള്ളത് ജീവന്റെ മഹാസമുദ്രം മാത്രമാണ്. അതിലെ തിരകള്‍ അതിന്റെ ഭാഗമല്ലാതെ മറ്റൊന്നുമല്ല. സമുദ്രവും തിരകളും രണ്ടല്ല, ഒന്നുതന്നെയാണ്. വേറിട്ടൊരസ്തിത്വം അവക്കില്ല. അങ്ങനെ ജീവന്‍ മൊത്തത്തില്‍ ഒരു ദൈവികനൃത്തമായിത്തീരുന്നു. പ്രപഞ്ചം പ്രകാശിതമായ ഒരേയൊരൂര്‍ജ്ജത്തിന്റെ ജീവസ്പന്ദമായിത്തീരുന്നു. ശിവതാണ്ഡവം എന്നയാശയത്തിന്റെ ഗാംഭീര്യസൗന്ദര്യം ഇതോടുചേര്‍ത്ത് മനസ്സിലാക്കേണ്ടതാണ്.

ഈ അനുഭവത്തില്‍ സ്ഥലകാലവ്യത്യാസങ്ങള്‍ അപ്രത്യക്ഷമാകും. ‘ആദി’യെന്ന വാക്ക് മനുഷ്യഭാഷയുടെ പരിമിതികൊണ്ട് ഉപയോഗിക്കേണ്ടിവരുന്നതാണ്. ആദിയിലെന്നാല്‍ തുടക്കമില്ലാത്ത നിത്യതയില്‍ എന്നല്ലാതെ വേറൊരു പാഠഭേദമില്ല. തുടക്കമില്ലാത്തതിന് ഒടുക്കവുമില്ല എന്ന ന്യായയുക്തിയില്‍, ആദിക്ക് അനന്തതയെന്നയര്‍ത്ഥമാണ് കിട്ടുന്നത്. അതായത് ശാസ്ത്ര വീക്ഷണത്തില്‍ എന്നും സ്ഥിരമായി നിലകൊള്ളുന്ന പ്രപഞ്ചോര്‍ജ്ജത്തിന്റെ പര്യായമാണ് വചനം. മനുഷ്യനെ സംബന്ധിച്ചിടത്തോളം, തന്നിലെയും പ്രപഞ്ചത്തിലെയും സമഗ്രോര്‍ജ്ജത്തിന്റെ പ്രഭവസ്ഥാനമായി ഭാരതത്തില്‍ ആരാധ്യമായിരുന്ന ഓം (ॐ) തന്നെയാണ് ഈ വചനം. സ്തൂലത്തെയും സൂക്ഷ്മത്തെയും സ്വരുമിപ്പിക്കാന്‍ നമുക്കുള്ള ഏറ്റവും നല്ല ഉപകരണമാണത്. ഏതെല്ലാം അര്‍ത്ഥസാന്ദ്രതകളാണ് അതില്‍ നിക്ഷിപ്തമായിരിക്കുന്നത്! സമയത്തിലൂടെ ഉഴറുന്ന മനുഷ്യന് സമയത്തെ മറികടന്ന് തന്റെയുറവിടത്തിലേയ്ക്ക് എത്തിനോക്കാനുള്ള ത്വരയുടെ പ്രതിഫലനമായും, ദിവ്യത്വവും മനുഷ്യത്വവും തമ്മില്‍ ബന്ധിപ്പിക്കാന്‍ പോരുന്ന ഒരു ചിഹ്നമായും ഓം അല്ലെങ്കില്‍ വചനം നിലകൊള്ളുന്നു. നിത്യത ചലിക്കുന്നതാണ് സമയം എന്ന് പ്ലേറ്റോ പറഞ്ഞതും, ആദിയില്‍ വചനമുണ്ടായിരുന്നു എന്ന് സുവിശേഷകര്‍ത്താവ് എഴുതിയതും ഒരേ മനുഷ്യാനുഭവത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. നമ്മുടെ ജീവനാഡിയായ ചലനത്തെ അളക്കുന്നത് സമയംകൊണ്ടാണല്ലോ. വചനം എന്ന അകാശയാനത്തില്‍ സമയത്തിലൂടെ നിത്യദിവ്യതയിലേയ്ക്ക് കൂപ്പുകുത്തുകയാണ്, യോഹന്നാന്‍.

യോഹന്നാനെയും അദ്ദേഹത്തിന്റെ ആരാധ്യവിഷയമായ, എന്നുമുണ്ടായിരുന്നതും ഉള്ളതും വരാനിരിക്കുന്നതുമായ ദൈവത്തിന്റെ കുഞ്ഞാടിനെയും (വെളിപാട് എന്ന പുസ്തകത്തിന്റെ ഉള്ളടക്കം) മറികടന്ന്, പ്രപഞ്ചം മുഴുവന്‍ അനന്തമായ ദിവ്യതയില്‍ കുളിച്ചുനില്‍ക്കുന്നതായി വീക്ഷിക്കാനായാല്‍, ദൈവാവതാരങ്ങളുടെ ആവശ്യം പാടേ ഇല്ലാതാകുന്നു. കാരണം, പ്രപഞ്ചം മൊത്തത്തിലും അതിലെ ഓരോ തരിയും ദിവ്യമാണ്. സൃഷ്ടാവും സൃഷ്ടിയും, കാരണവും കാര്യവും എന്ന ദ്വന്ദ്വചിന്തയുടെ ബലഹീനതയാണ് ദൈവാവതാരങ്ങളെ കാത്തിരിക്കാനും തേടിപ്പോകാനും മനുഷ്യനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് യേശുവിലും ദൈവത്വം ചാര്‍ത്തപ്പെട്ടത്‌. അതിന്റെ ഫലമായാണ് യേശുവിനെപ്പറ്റി വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു എന്ന് വേദപുസ്തകത്തില്‍ എഴുതപ്പെട്ടത്. മേല്‍സൂചിപ്പിച്ച അര്‍ത്ഥതലങ്ങള്‍ നന്നായി സ്വാംശീകരിച്ച ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍ എഴുതി: “മാംസവത്തായ വചനം എന്നതിനേക്കാള്‍ വചനമായിത്തീര്‍ന്ന മാംസമാണ് യേശു” എന്ന് മനസ്സിലാക്കുകയാണ് ഉത്തമം. കാരണം, അതോടേ, ദൈവമനസ്സില്‍ നമ്മളോരോരുത്തരും അങ്ങനെയാണെന്ന് കണ്ടെത്തുക അനായാസമായിത്തീരും. താന്‍തന്നെയാണ് തന്റെ സൂര്യനെന്ന് ഓരോ മനുഷ്യനും തിരിച്ചറിയണമെന്ന് മാര്‍ക്സും, ഒരോ മനുഷ്യനും തനിക്കുതന്നെ വെളിച്ചമായിരിക്കണമെന്നു ബുദ്ധനും അനുശാസിക്കുന്നത് പരോക്ഷമായെങ്കിലും ഈ ഉള്‍ക്കാഴ്ചയുടെ സ്ഥിരീകരണമാണ്. നാം കാണുന്ന ഈ സ്ഥൂലപ്രപഞ്ചത്തിനു പിന്നില്‍ ഒരു സൂക്ഷ്മപ്രപഞ്ചമുണ്ടെന്നും ഇവ രണ്ടും തമ്മില്‍ ചില മാന്ത്രികബന്ധങ്ങളുണ്ടെന്നും നമ്മുടെ പൂര്‍വികരും മനസ്സിലാക്കിയിരുന്നു. എല്ലാം ഒന്നുതന്നെയെന്നനുശാസിക്കുന്ന, ഭാരതത്തിനു സ്വന്തമായ, അദ്വൈതവിശ്വാസത്തിന്റെ പ്രതിഫലനങ്ങളാണല്ലോ വേദോപനിഷത്തുകളില്‍ കാണുന്നത്. യേശു നളന്ദയിലോ മറ്റൊരു ഭാരതീയ വിദ്യാലയത്തിലോ കുറേക്കാലം തങ്ങിയിരുന്നുവെന്ന് പല സാഹചര്യത്തെളിവുകളുടെയും പിന്‍ബലത്തില്‍ വിശ്വസിക്കുന്നവര്‍ വളരെയുണ്ട്. നീ തന്നെയാണ് നിന്റെ വെളിച്ചം, അത് നിന്റെയുള്ളിലാണ് എന്ന് യേശുവും പറഞ്ഞിട്ടുണ്ടല്ലോ.

അനുബന്ധം: യോഹന്നാന്റെ വചനവും ഒങ്കാരവും

ഇനി നമുക്ക് ഒങ്കാരത്തിന്റെ അര്‍ത്ഥവ്യാപ്തിയിലേയ്ക്ക് ഒന്നെത്തിനോക്കാം. മാണ്‍ഡൂക്യോപനിഷത്തിലെ ആദ്യമന്ത്രത്തിന്റെ സംസ്കൃതശ്ളോകം ഇങ്ങനെയാണ്. “ഒമിത്യേതദക്ഷരമിദം സര്‍വ്വം/ തസ്യോപവ്യാഖ്യാനം/ഭൂതം ഭവത് ഭവിഷ്യദിതി/ സര്‍വമോംകാര ഏവ.” അര്‍ത്ഥം ചുരുക്കിയെഴുതാം. “ഈ കാണുന്നതെല്ലാം ഓംകാരം എന്നുള്ള അക്ഷരമാണ്. ഭൂതത്തിലും വര്‍ത്തമാനത്തിലും ഭവിഷ്യത്തിലും എന്തെല്ലാം അടങ്ങുന്നുവോ, അതെല്ലാം ഒങ്കാരമാകുന്നു.” ഇതിന്റെ ഉള്ളര്‍ത്ഥങ്ങളിലേയ്ക്ക് കടക്കുമ്പോള്‍, യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യവാക്യം ഇതിന്റെതന്നെ മറ്റൊരു വിവര്‍ത്തനമല്ലേ എന്ന സംശയം സ്ഥിരീകരിക്കപ്പെടും.

ധ്യാനത്തിനുള്ള ഒരു മന്ത്രമാണ് ॐ. സ്വസ്ഥമായി ഒരിടത്തിരുന്ന്, കണ്ണുകള്‍ പൂട്ടി, സാവധാനത്തില്‍ പറയൂ: “ഇദം സര്‍വം”, “ഇതെല്ലാം”. ഒരു ചെറുവിരല്‍ അനക്കിക്കൊണ്ട് ഇത് (വിരല്‍) എന്ന് വിചാരിക്കുക, അതോടൊപ്പം അതിനെ മൊത്തം ശരീരത്തിന്റെ ഒരംശമായിട്ടും കൂടി കരുതുക. അതോടേ വിരലും ശരീരവും തമ്മിലുള്ള അന്തരം മാഞ്ഞുപോകട്ടെ. എന്നതുപോലെ, ഇത് സര്‍വമാണ് എന്നു ധ്യാനിക്കുമ്പോള്‍, ബോധത്തിലെ ഏറ്റവും മദ്ധ്യസ്ഥമായിരിക്കുന്ന ഒരു ബിന്ദുവില്‍ നിന്ന് അറിവ് നാലുപാടേയ്ക്കും വികസിക്കുന്നതായി അനുഭവപ്പെടും. ‘സര്‍വ്വം’ എന്ന് വിചാരിക്കുമ്പോഴേയ്ക്കും ബോധത്തിന്റെ ചക്രവാളസീമ എത്രയോ ദൂരെ എത്തിക്കഴിഞ്ഞിരിക്കുന്നു! അത് പരിധിയില്ലാതെ അങ്ങ് തുടര്‍ന്നുപോകുന്നു.

എന്തിലെങ്കിലും ശ്രദ്ധ ചെലുത്തിക്കൊണ്ട് ‘ഇത്’ എന്നുപറയുമ്പോള്‍ ആ ശബ്ദം എന്തിന്റെയോ വിശേഷണമായി ‘ഈ പൂവ്’, ‘ഈ കുട്ടി’, ‘ ഈ മരം’ എന്ന രീതിയില്‍ ചെറിയവയിലേയ്ക്ക് മനസ്സിനെ ഒതുക്കുന്നു. ഉടനടി അവയെ പൊതിഞ്ഞ് സ്ഥലകാലങ്ങള്‍ വന്നുചേരുന്നു. അവയോടൊപ്പം ഇതെല്ലാം അക്ഷരമാണ്, മാഞ്ഞുപോകും എന്നയാശങ്കയും. എന്നാല്‍ ഒന്നിനെയും വിശേഷിപ്പിക്കാന്‍ നോക്കാതെ, ‘ഇത്’ ഒരു സാമാന്യമായി കരുതി അതിലുള്‍ക്കൊള്ളുന്ന അറിവിനെ എല്ലാ വശത്തേയ്ക്കും വികസിപ്പിക്കാന്‍ ശ്രമിക്കുക. അങ്ങനെയെങ്കില്‍, മൂന്നു കാലങ്ങളിലും നിറഞ്ഞുനില്ക്കുന്നതെല്ലാം അതിലുള്‍പ്പെടും എന്ന് കാണാനാവും. നശ്വരതയിലെ ആപേക്ഷികത അക്ഷയമായതിലെ പൂര്‍ണതയാല്‍ ആവേശിതമായിത്തീരുന്നു. അങ്ങനെ ‘ഇദം’ ‘സര്‍വ്വ’മായിത്തീരുന്നു. ഇത് എന്ന അറിവിലങ്കുരിച്ച ബോധത്തിന്റെ ഏകകം സര്‍വ്വം എന്ന വിസ്ത്രുതിയിലേയ്ക്കുള്ള ഈ വിടരലിനെയാണ് ഓം പ്രതിനിധീകരിക്കുന്നത്. ആ വികാസം ആദ്യ അറിവില്‍ നിന്ന് അറിയുന്നവനും അറിയപ്പെടുന്നതും ചേര്‍ന്നുണ്ടാകുന്ന ദ്വന്ദ്വമില്ലാത്ത അക്ഷര (പരിധിയോ ക്ഷയമോ ഇല്ലാത്തത്) മാകുന്നതുവരെ പോകുന്നു. അങ്ങനെയുണ്ടാകുന്ന സര്‍വ്വമെന്ന അറിവിനെയാണ് (ഞാന്‍ എന്ന ജ്ഞാതാവും സര്‍വ്വം എന്ന ജ്ഞേയവും ഒന്നായിരിക്കുന്ന അവസ്ഥ) ഓം എന്ന അക്ഷരമായി ഈ മന്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെ, എപ്പോഴും ചഞ്ചലമായിരിക്കുന്ന ദൃശ്യപ്രപഞ്ചത്തിലെ അചഞ്ചലമായ സത്യത്തെയാണ്‌ ഓം കൊണ്ട് ദ്യോതിപ്പിക്കുന്നത്. അറിയുന്നവനിലും അറിയപ്പെടുന്നതിലും ഒരേ സമയം അറിവെന്ന പ്രകാശമായി പ്രശോഭിക്കുന്നതാണ് ഓം. നിത്യസദ്‌വസ്തുവായ ആ പ്രകാശംതന്നെയാണ് ദിവ്യത അല്ലെങ്കില്‍ പരംപൊരുള്‍. ഇത്രയും വിശദീകരിച്ചത് സംക്ഷിപ്തമായി പറഞ്ഞാല്‍ ഇങ്ങനെയായിരിക്കും: “ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടിയായിരുന്നു. വചനം ദൈവമായിരുന്നു.”

ഈ ചിന്തക്ക് ഉപോത്ബലകമായി സമയത്തെപ്പറ്റിയുള്ള നമ്മുടെ ധാരണയും ശുദ്ധീകരിക്കേണ്ടതുണ്ട്. സമയബോധം കുഴഞ്ഞുമറിഞ്ഞ ഒരു പ്രതിഭാസമാണ്. സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്‍ വര്‍ത്തമാനം മാത്രമേയുള്ളൂ. ഭൂതം എന്നാല്‍ ഉണ്ടായത്, വര്‍ത്തമാനത്തില്‍ ഇല്ലാത്തത് എന്നാണ്. എന്നാല്‍, ബോധത്തിലൂടെ കടന്നുപോകുന്നതിനെയൊക്കെയും അളന്നുനോക്കുന്ന നമ്മുടെ ശീലംകൊണ്ട്, കഴിഞ്ഞുപോയതിനെയും നമ്മള്‍ വര്‍ത്തമാനത്തില്‍ സജീവമാക്കി നിര്‍ത്തുന്നു. അങ്ങനെ ഭൂതമായതെല്ലാം വര്‍ത്തമാനബോധത്തിലേയ്ക്കു വലിച്ചിഴച്ചുകൊണ്ടുവന്ന് അതിന് സ്ഥിരമായ അസ്ഥിത്വം നല്‍കാന്‍ നോക്കുന്നത് ഒരു പാഴ്‌വേലയാണെന്നു മാത്രമല്ല, അതൊരു കെണിയുമാണ്‌. കാരണം, അതൊരസത്യമാണ്. അതുപോലെ തന്നെയാണ് ഭാവി അല്ലെങ്കില്‍ ഭവിഷ്യത്തും. വര്ത്തമാനകാലബോധത്തില്‍ കാല്പനികമായി മാത്രം ഉയര്‍ന്നുവരുന്ന പ്രതീക്ഷകളും ആശങ്കകളുമാണ് ഭവിഷ്യത്തായി നമ്മള്‍ വിലയിരുത്തുന്നത്. എന്നാല്‍ അവയും അസ്തിത്വമില്ലാത്ത അസത്യങ്ങളാണ് എന്നത് നാം എപ്പോഴും മറക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍, വര്‍ത്തമാനം, ഈ ഒരു നിമിഷം മാത്രമാണ്. അത് മാത്രമാണ് സത്യം. മറ്റു രണ്ടിനെപ്പറ്റിയുമുള്ള വേവലാതി അസ്ഥാനത്താണ്. അത് മനസ്സിലാക്കിയാല്‍ മാത്രമേ ശാന്തിയെന്തെന്ന് നമുക്ക് അനുഭവിച്ചറിയാനാവൂ. നാശമില്ലാത്ത ഒരേയൊരു സത്യം ഇപ്പോള്‍ ഇവിടെ നാം അനുഭവിക്കുന്നതാണ്. അതാകട്ടെ സര്‍വ്വത്തെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

Generated from archived content: essay2_mar24_14.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English