മഴയോർമ്മകൾ

അകത്തളങ്ങളിലെവിടെയോ
ചില തിരുശേഷിപ്പുകളുണ്ട്;
കാഴ്ചവറ്റിയ ഇരുളൊളിയിൽ
നിഴലനക്കങ്ങളാൽ കാലമളന്നവർ..

കലണ്ടർ മനോരമയെന്നറിയാത്തവർ
ഞാറ്റുവേലയും
മഴപ്പിറവിയും വെയിൽച്ചിരിയും
വിത്തിടലും വിളവെടുപ്പും
ഭൂതത്തിൽ ചികയുന്നവർ
ദ്രവിച്ച ചിതലോർമ്മകളാൽ
മാത്രം മിണ്ടുന്നവർ
നിറവാർന്ന അനുഭവങ്ങളാൽ
കൊഞ്ഞനം കുത്തുന്നവർ
ഇടവപ്പാതിയും
സ്കൂൾ തുറക്കലും
പരസ്യം കാണാതെ പ്രവചിക്കുന്നവർ
തവളക്കരച്ചിലിൽ പെരുമഴ കണ്ടവർ
കാറ്റോടുകൂടി മഴപോയെന്നാശ്വസിച്ചവർ
തുമ്പികൾ താഴ്ന്നുപറന്ന
ചിങ്ങവെയിലിൽ ചിണുങ്ങിയെത്തുന്ന
മഴച്ചാറ്റൽ കൊതിച്ചവർ
ഇടിവെട്ടിലോരോന്നിലും
കൂൺപിറവി വിധിച്ചവർ
പുതുവെള്ളപ്പെയ്ത്തിലും
പുഴവെള്ളച്ചാട്ടത്തിലും
ഒറ്റാലിട്ടു മീൻപിടിച്ചവർ
മഴവെയിലിന്റെ ഒരുമയിലൊരു
കുറുക്കന്റെ കല്യാണം കൂടിയോർ..

പഴമയുടെ വേദവാക്യങ്ങളിൽ
അനുഭവത്താളുകൾ ചേർത്ത്
കാലം തെറ്റിയ മഴയിലൊരു
കലികാലം; ഉറക്കെ ശപിച്ച്
ഉമ്മറത്തിണ്ണയിലുണ്ടായിരുന്നൊരു
കാലൻ കുട കണക്കെ…

Generated from archived content: poem2_july13_15.html Author: sajitha_chullimadayil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English