ജനഗനമനക്ക് നൂറാം പിറന്നാള്‍

ലോകത്തിലെ അത്യുത്തമ ഭാവഗായകന്‍. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം വാങ്ങിയ രവീന്ദ്രനാഥടാഗോര്‍ ഇന്ത്യാക്കാരനായിരുന്നു എന്നത് നമുക്ക് ഏറെ അഭിമാനകരമാണ്. ഇന്ത്യയുടെ ദേശീയ ഗാനരചയിതാവ്. കവിയായ ഋഷി, ഋഷിയായ കവി. ടാഗോര്‍ എന്നു മാത്രം പറഞ്ഞാല്‍ മതി. ലോകം മുഴുവനും അറിയാം. അദ്ദേഹം 1911 ഡിസംബര്‍ 27 നു നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തിലായിരുന്നു ജനഗനമന ആദ്യമായി ആലപിച്ചത്. ബംഗാളിയായ അദ്ദേഹം ഇന്ത്യയെ മുഴുവന്‍ കണ്ടുകൊണ്ടാണ് ആ ഗാനം രചിച്ചതും ആലപിച്ചതും. രവീന്ദ്രനാഥന്‍ ബംഗാളിയില്‍ രചിച്ച് ആ കാവ്യത്തിന് ഭാഗ്യവിധാതാ എന്നായിരുന്നു ആദ്യം നല്‍കിയ പേര്‍. ശങ്കരാ‍ഭരണരാഗത്തില്‍ രാം സിങ് ഠാക്കൂര്‍ ഈണം നല്‍കിയ ആ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് ഈ ഗാനത്തെ ദേശീയ ഗാനമായി അംഗീകരിച്ചു. 1950 ജനുവരി 24 നാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ ഗാനം ഔദ്യോഗിക ദേശീയ ഗാനമായി ആലപിച്ചത്. ഇന്ത്യയുടെ ഔദ്യോഗിക ദേശീയ ഗാനം 52 സെക്കന്റ് കൊണ്ട് ചൊല്ലിത്തീരത്തക്കരീതിയിലാണ് അത് ചിട്ടപ്പെടുത്തിയത്.

കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ടാഗോര്‍ ആദ്യമായി ഈ കവിത ആലപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബ്രിട്ടനിലെ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന് സ്വീകരണം നല്‍കിയത്. ഈ ഒരു കാരണം കൊണ്ടു തന്നെ പലരും ഭാഗ്യവിധാതാ എന്ന കാവ്യത്തിലെ നായകന്‍ ജോര്‍ജ്ജ് രാജാവാണ് എന്ന് ആക്ഷേപമുണ്ടായി. എന്നാല്‍ അത് ദൈവത്തെ അഭിസംഭോധന ചെയ്യുന്ന കാവ്യമാണെന്ന് ടാഗോര്‍ തന്നെ അതിനു കൃത്യമായ വിശദീകരണം നല്‍കി. മാത്രമല്ല ബ്രട്ടീഷ് രാജാവ് സമ്മാനിച്ച പ്രഭുപദവി തന്നെ നിരാകരിച്ച് ദേശസ്നേഹിയായ ടാഗോര്‍ അങ്ങനെ രാജാവിനെ പ്രകീര്‍ത്തിച്ച് ഒരു കാര്യം രചിക്കില്ലെന്ന് ജനങ്ങള്‍‍ക്കും ബോധ്യമായി.

പിന്നീട് 2005 ല്‍ സിന്ധ് എന്ന പദം ദേശീയഗാനത്തില്‍ ഉള്‍പ്പെടുത്തുന്നതിലെ ഔചിത്യം പലരും ചോദ്യം ചെയ്തു. കാരണം സിന്ധ് എന്നത് ഇന്ന് പാക്കിസ്ഥാനിലെ ഒരു സ്ഥലമാണ് എന്നായിരുന്നു . എന്നാല്‍ സിന്ധ് എന്ന പദം സിന്ധൂനദീതട സംസ്ക്കാരത്തെയാണ് സൂചിപ്പിക്കുന്നത് എന്ന ന്യായത്തില്‍ ഇന്ത്യയിലെ സുപ്രീം കോടതി തന്നെ ടാഗോര്‍ രചിച്ച നമ്മുടെ ദേശീയ ഗാനത്തെ ഒരു മാറ്റവും വരുത്താതെ സ്വീകരിച്ചു.

രവീന്ദ്രനാഥടാഗോറിന് സാഹിത്യത്തിനു നോബല്‍ സമ്മാനം നല്‍കപ്പെടുന്ന വേദിയില്‍ ജനഗണമനയുടെ ആദ്യത്തെ അഞ്ചു ഖണ്ഡിക ആലപിക്കയുണ്ടായി. 1950 ഡിസംബര്‍ 27 നാണല്ലോ ഇന്ത്യന്‍‍ പാര്‍ലമെന്റ് ഔദ്യോഗിക ബഹുമതികളോടെ ജനഗണമന ദേശീയഗാനമായി അംഗീകരിച്ചത്. ഇന്ന് 2011 ഡിസംബര്‍‍ 27 ആം തീയതി ഞാനിതെഴുതുമ്പോള്‍ എന്റെ ദേശീയ ഗാനത്തിന് 100 -ആം പിറന്നാള്‍

ജനഗണമന പാടുന്നത് സ്കൂള്‍ അസംബ്ലിയുടെ അവസാനത്തിലാണെന്നും അപ്പോള്‍ കൈകള്‍ രണ്ടും കൈപ്പത്തി ചുരുട്ടി ഇരു തുടകളോടും ചേര്‍ത്തു വച്ചു നേരെ നോക്കി നില്‍ക്കണമെന്നും ഞങ്ങള്‍ കുട്ടികള്‍‍ക്ക് ഒന്നാം ക്ലാസ്സു മുതല്‍ അറിയാമായിരുന്നു. അങ്ങനെ ചെയ്യാത്തവര്‍ക്ക് ചുട്ട അടി കിട്ടിയിരുന്നു. അതുകൊണ്ട് ജനഗണമന എന്തോ വലിയ കാര്യമാണെന്ന് സ്കൂളില്‍ പോയി തുടങ്ങിയ നാള്‍ മുതല്‍ തന്നെ മനസിലായി. സത്യം പറഞ്ഞാല്‍ ഇന്ത്യയിലെ എല്ലാ ഭാഷക്കാര്‍ക്കും തര്‍ജ്ജമ കൂടാതെ തന്നെ മനസിലാകും. ടാഗോര്‍ തന്നെ ആ കാവ്യത്തെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. അതിനെ ഇന്ത്യയിലെ ഉദയഗീതം എന്നാണ് വിളിക്കപ്പെട്ടത്.

1985 – ല്‍ കേരളത്തിലെ ഒരു സ്കൂളിലെ യഹോവ സാക്ഷികളായ ചില വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനം ആലപിക്കുന്നതിന് വിമുഖത കാണിച്ചപ്പോള്‍ സ്കൂള്‍ സ്ധികൃതര്‍ ആ കുട്ടികളെ സസ്പന്റ് ചെയ്തു എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയെ പരിഗണിച്ച് സുപ്രീം കോടതി കേരള ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികളെ സ്കൂളില്‍ തിരിച്ചെടുക്കണമെന്ന് ആ വിധിയുടെ ന്യായമാണ് നമുക്കു പ്രധാനം. ഇന്ത്യയുടെ പാരമ്പര്യത്തേയും മാഹാത്മ്യത്തേയും മഹാമനസ്ക്കതയേയും വിളിച്ചോതുന്നതായിരുന്നു ആ വിധിവാചകം.

ഇന്ത്യയുടെ ഈ പരസ്പര ബഹുമാന സ്വഭാവത്തെ ഏറ്റവും അഴത്തില്‍ പ്രകടിപ്പിക്കാന്‍ നമ്മുടെ ദേശീയഗാനത്തിലെ വാ‍ക്കുകള്‍ക്കു കഴിയുന്നുണ്ട്.

ഇന്ത്യയുടെ വിധിയെ തീരുമാനിക്കുന്നവനും ജനഹൃദയങ്ങളുടെ ആരാധന മുഴുവന്‍ ഏറ്റുവാങ്ങുന്നവനുമായ ജഗദീശ്വരനോട് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ആ ഗാനം ആരംഭിക്കുന്നത്. പിന്നീട് ഇന്ത്യ മഹാരാജ്യത്തെ ഭൂപ്രദേശങ്ങളിലൂടെ മുഴുവന്‍ അത് സഞ്ചരിക്കുന്നു. ഇത്യയുടെ ഹൃദയ പ്രദേശമായ പഞ്ചാബില്‍ നിന്നു തുടങ്ങി ഗുജറാത്തിലൂടെ , മഹാരാഷ്ട്രയിലൂടെ, ദ്രാവിഡരിലൂടെ ( തെക്കെ ഇന്ത്യയെ മുഴുവന്‍ ദ്രാവിഡര്‍ എന്ന വാക്കിലൊതുക്കിയതില്‍ നമുക്ക് ഇപ്പോഴും നമുക്ക് ഒരു ചെറിയ പരിഭവമുണ്ട്. ) ഒറീസ്സ, ബംഗാള്‍ എന്നിവിടങ്ങളിലെ വ്യത്യസ്ത സംസ്ക്കാരവും ഭാഷകളും നിലനില്‍ക്കുന്ന ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് , ഇന്ത്യയുടെ അചഞ്ചല മഹാത്മാക്കളായ ഹിമാലയത്തേയും വിന്ധ്യാവിനേയും ഓര്‍മ്മിച്ച്, ഗംഗയുടേയും യമുനയുടേയും ഉജ്ജ്വല സംഗീതധ്വനികളില്‍ മുങ്ങി നിവര്‍ന്ന് ഇന്ത്യാ മഹാസമുദ്രത്തിന്റെ തിരമാലകളില്‍ കുളിച്ച് , ഇന്ത്യന്‍‍ ജനതയുടെ മനസുകളെല്ലാം ഒരേ സ്വരത്തില്‍ ഇന്ത്യയുടെ വിജയത്തിനും മഹത്വത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു പ്രാര്‍ത്ഥനയാണ് നമ്മുടെ ദേശീയ ഗാ‍നം.

ഓരോ പ്രാവശ്യവും ജനഗണമന അന്തസ്സോടെ ബഹുമാനത്തോടെ ശിരസ്സുയര്‍ത്തി നിന്നു പാടുമ്പോള്‍ നമ്മള്‍ നമ്മോടു തന്നെ ഏറ്റു പറയുകയാണ് നമ്മള്‍ മഹത്തായൊരു സംസ്ക്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും തുടര്‍ക്കണ്ണികളാണെന്ന് പാരമ്പര്യമായി നമുക്കു ലഭിച്ച ഈ പൈതൃകം കൂടുതല്‍ ഐശ്വര്യ പൂര്‍ണ്ണമാക്കി വരും തലമുറക്കു കൈമാറണം എന്ന ഉത്തരവാദിത്വം കൂടിയാണത് ഓരോ പ്രാവശ്യവും ജനഗണമന പാട്രുമ്പോല്‍ നാം സ്വയം പ്രതിജ്ഞ എടുക്കുന്നത്.

ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ജനഗനമന ആലപിക്കുമ്പോള്‍ നമ്മള്‍ നല്‍കുന്ന ശ്രദ്ധയും അതീവ പ്രധാനമാണ്.

കടപ്പാട് – മൂല്യശ്രുതി

Generated from archived content: essay1_jan23_12.html Author: rosy_thampi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English