മഞ്ഞിൻകണം പോലെ

വരച്ചുകൂട്ടിയ പൊയ്‌മുഖങ്ങളെയാകെ തൃപ്‌തിയോടെ അയാൾ നോക്കി. ഒന്നിന്റെയും ചായം ഉണങ്ങിയിട്ടില്ല. മടിയുടേയും അലസതയുടേയും പേരിൽ സുഹൃത്തായ സാഗർ ചിത്രകാരനായ തന്നെ ഇനി കുറ്റപ്പെടുത്തില്ലല്ലോയെന്നും തോന്നി.

ചായം ഇറ്റുവീഴുന്ന പൊയ്‌മുഖങ്ങളെ ഉണങ്ങാനിടാനായി അയാൾ സ്ഥലം പരതി. എങ്ങു നിന്നോ പ്രത്യക്ഷപ്പെട്ട വെളളി അരഞ്ഞാണം പോലുളള അഴയുടെ അനന്തമായ ഋജുരേഖയ്‌ക്കപ്പുറം ഒരു ദൃശ്യവും കാണാനാകുമായിരുന്നില്ല. പൊയ്‌മുഖങ്ങളെ ഓരോന്നായി അയാൾ അഴയിൽ തൂക്കാൻ തുടങ്ങി. ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാലാമത്തേത്‌ കൈവഴുതിപ്പോയി. ഉണങ്ങാത്ത കറുത്ത ചായം കൈകളിലാകെ പറ്റി “ശോ”-

“എന്താ കുഞ്ഞേ”

ഇന്റൻസീവ്‌ കെയർ യൂണിറ്റിന്‌ വെളിയിൽ ഇന്നലെ മുതൽ കാണുന്ന വൃദ്ധൻ തൊട്ടുവിളിച്ചപ്പോഴാണ്‌ അയാൾ ഞെട്ടിയുണർന്നത്‌. ഇടനാഴിയിലെ തൂണും ചാരിയിരുന്നപ്പോൾ എപ്പഴോ മയക്കത്തിലേക്കും സ്വപ്നത്തിലേക്കും വഴുതി വീണിരിക്കണം.

വൃദ്ധൻ അയാളെതന്നെ നോക്കിയിരിക്കുന്നു. എന്തോ ചോദിക്കാനാഞ്ഞ്‌ പിൻവാങ്ങി കണ്ണുകൾ തറയിലൂന്നി വൃദ്ധനിരുന്നു. മരണവും ജീവിതവും ബലാബലം നടത്തുന്ന രോഗിയുടെ കൂട്ടിരിപ്പുകാർക്ക്‌ പരമാവധി കാട്ടാൻ കഴിയുന്ന സൗഹൃദത്തിന്റെ മുഖമായിരുന്നു വൃദ്ധനും.

ഐസിയിൽ കിടക്കുന്ന മറ്റു രോഗികളുടെ ബന്ധുക്കളും ഗഹനതയാർന്ന മുഖവും പാതിമയക്കവുമായി അങ്ങിങ്ങ്‌ ചാരിയിരിക്കുന്നത്‌ ശ്രദ്ധിച്ച്‌ അയാൾ ഐസിയുടെ ചില്ലുജാലകത്തിനടുത്തേക്ക്‌ നടന്നു.

അല്പം മാറിയ ജനൽ കർട്ടനിടയിലൂടെ അയാൾ സാഗറിനെ നോക്കി. തലയ്‌ക്കു ചുറ്റും കെട്ടിയിരിക്കുന്ന ബാന്റേജിൽ ചുവപ്പ്‌ പടർന്നിരിക്കുന്നു. കൈകാലുകൾ കെട്ടിയിട്ട അവസ്ഥയിൽ, അബോധമായി അവയെ വിടുവിക്കാനെന്നോണം സാഗർ പിടച്ചുകൊണ്ടിരിക്കുന്നു. വെന്റിലേറ്റർ മെഷീനിന്റെ കാരുണ്യത്താൽ സാഗർ ശ്വസിക്കുന്നു.

അയാൾ വാച്ചിലേക്ക്‌ നോക്കി. പുലർച്ചെ നാലുമണിയായിരിക്കുന്നു. ഡോക്‌ടർ പറഞ്ഞ സമയത്തിന്റെ ഉറപ്പിന്‌ ഇനിയും ഇരുപത്തിനാല്‌ മണിക്കൂർ ബാക്കി. രക്തം കുത്തിയെടുത്ത കൈമടക്കിലെ ബാന്റേജ്‌ ഒന്നുകൂടി അമർത്തി ഒട്ടിച്ച ശേഷം അയാൾ ഇടനാഴിയിലെ തൂണിനരുകിൽ വന്നിരുന്നു.

കണ്ണുകളിൽ വീണ്ടും ഒടിഞ്ഞുപറിഞ്ഞ ഒരു ബൈക്കും ദൂരെ യാതൊരു മുറിവുമേൽക്കാതെ തെറിച്ചു വീണ്‌ ബോധം നശിച്ച സാഗറിന്റെ ചിത്രവും മാത്രം.

തലേന്ന്‌ ഹോസ്‌റ്റലിൽ നിന്നിറങ്ങുമ്പോൾ അവൻ അവസാനം പറഞ്ഞ വാക്കുകൾ വീണ്ടും തികട്ടുന്നു.

“ഞാനിന്ന്‌ ശുഭയെ കാണുകയാണ്‌. ഇന്നുതന്നെ എല്ലാം തീരുമാനിക്കും. നാട്ടിൽ പോയി അമ്മയോട്‌ കാര്യം ധരിപ്പിക്കേണ്ട ജോലി നിന്നെ ഏല്പിക്കുന്നു… എല്ലാം ഭംഗിയാക്കണം…”

ഉറച്ച തീരുമാനങ്ങളുടെ പ്രസാദം നിറഞ്ഞ മുഖം ഹോസ്‌റ്റൽ ഗേറ്റും കടന്ന്‌ വേഗത്തിൽ അപ്രത്യക്ഷമാകുന്നത്‌ ഗോവണിക്കരികിൽ നോക്കി നിന്നു….

“കുഞ്ഞേ…”

വൃദ്ധന്റെ കൈത്തലം മെല്ലെ തോളിൽ പതിഞ്ഞപ്പോഴാണ്‌ അയാൾ വീണ്ടും മയക്കത്തിലായിരുന്നുവെന്ന്‌ അറിഞ്ഞത്‌. ഐസി യൂണിറ്റിലെ വിവരങ്ങൾ ഇടയ്‌ക്കിടയ്‌ക്ക്‌ അയാൾ തിരക്കിയിരുന്ന അറ്റർഡ്രസ്‌ മുമ്പിൽ നിൽക്കുന്നു. വൃദ്ധന്റെയും അറ്റൻഡ്രസിന്റെയും നിശ്ശബ്‌ദമായ നോട്ടത്തിൽ ഏതാണ്ടൂഹിച്ച്‌ അയാൾ ചില്ലുപാളിക്കരികിലേക്ക്‌ ഓടി.

ഐസിക്കുളളിൽ നഴ്‌സുമാർ വെന്റിലേറ്ററിന്റെ കുഴലുകൾ സാഗറിൽനിന്നും വേർപ്പെടുത്തുന്നു. കെട്ടിയിട്ടിരുന്ന കൈയും കാലും അഴിക്കുന്നു. വെളുത്ത തുണികൊണ്ട്‌ അവനെ മെല്ലെ മൂടിത്തുടങ്ങുന്നു.

മുന്നിലെ കാഴ്‌ചയിൽ നിന്ന്‌ പെട്ടെന്ന്‌ പിൻതിരിഞ്ഞ്‌ അയാൾ തൂണുകൾക്കരികിലേക്ക്‌ നടന്നു.

ഇളം മഞ്ഞിന്റെ ഈറൻ വീണ പുലരി, വെളുത്ത മുണ്ടുമൂടിയപോലെ ആയിരുന്നു. മഞ്ഞിന്റെ സുതാര്യതയിലെങ്ങും പ്രസാദം നിറഞ്ഞൊരു മുഖം മാത്രം തെളിയുന്നു.

ഈശ്വരാ…. ശുഭയെ, അമ്മയെ ഒക്കെ അറിയിക്കേണ്ടത്‌ തന്റെ നിയോഗമായല്ലോ-അയാൾ ഹോസ്‌റ്റലിലെ മറ്റ്‌ സുഹൃത്തുക്കളെ ഫോൺ ചെയ്‌ത്‌ വരുത്തി, എന്നിട്ട്‌ ഹോസ്‌റ്റലിലേക്ക്‌ മടങ്ങി. തണുത്ത വെളളം വേണ്ടുവോളം മുഖത്തേക്ക്‌ തെറ്റി. കണ്ണാടിയിലേക്കു നോക്കി. വീർത്തു ചുവന്നു പോയ കണ്ണുകളും മുഖവും. ഈ മുഖം മാത്രം മതി ശുഭയോട്‌ കാര്യമവതരിപ്പിക്കുവാൻ.

ലേഡീസ്‌ ഹോസ്‌റ്റലിലെ മേട്രൻ സ്വയം ഒഴിഞ്ഞു മാറി. രണ്ടാം നിലയിലെ ശുഭയുടെ മുറിയിലേക്ക്‌ അയാളെ തനിയെ വിട്ടു.

ശുഭയുടെ നീണ്ട മൗനത്തിൽ അയാളും പങ്കു ചേർന്നു. അവൾ ജനലിലൂടെ വിദൂരതയിലേക്ക്‌ നോക്കി നിന്നു. പുറത്തെ ഇളം മഞ്ഞുപോലെ അവളുടെ കണ്ണുകളിലും ഈറൻ പറ്റി. കണ്ണിലെഴുതിയ മസ്‌കാര പടരാതിരിക്കാൻ ടിഷ്യു പേപ്പർകൊണ്ട്‌ ശ്രദ്ധയോടെ അവൾ കണ്ണിലെ നനവൊപ്പി. മസ്‌കാര പറ്റിയ പേപ്പർ ജനലിലൂടെ വലിച്ചെറിയവെ അവൾ നെടുവീർപ്പിട്ടു. കണ്ണാടിക്ക്‌ മുമ്പിൽ പോയി മുഖം ശ്രദ്ധിച്ചശേഷം ഫയലുകളുമെടുത്ത്‌ പുറത്തേക്കിറങ്ങി. അയാൾ അവളെ മേട്രന്റെ മേശവരെ അനുഗമിച്ചു. ശുഭ പടികളിറങ്ങി ഹോസ്‌റ്റർ ഗേറ്റിനരുകിലെത്തി ഓട്ടോയിൽ അപ്രത്യക്ഷയായി. എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ അയാൾ മേട്രനെ നോക്കി. മേട്രന്റെ മുഖം അപ്പോൾ കർത്തവ്യങ്ങളാൽ കൽമഷമാകുകയായിരുന്നു. സാഗറിന്റെ അമ്മയെ കാണേണ്ടുന്ന അവസാന നിയോഗത്തിനായി ബസിൽ യാത്ര ചെയ്യുമ്പോൾ അയാൾ കണക്കുകൂട്ടി. സാഗറിന്റെ വീട്ടിൽ താനെത്തുമ്പോൾ സന്ധ്യ ആയിരിക്കും. പോസ്‌റ്റുമോർട്ടവും മറ്റും കഴിഞ്ഞ്‌ ആംബുലൻസെത്തുമ്പോൾ രാത്രി ഏറെയാകും. വീട്ടിൽ അവന്റെ അമ്മ മാത്രമേയുണ്ടാവൂ…എങ്ങനെ…ഞാൻ….

സന്ധ്യപ്രകാശത്തിൽ വിളക്കൊന്നും കൊളുത്താത്ത വീടിനുമുൻപിൽ അയാൾ നിന്നു. അമ്മയുടെ വാൽസല്യവും ലാളനയുമേറ്റ നന്ത്യാർവട്ടങ്ങളിൽ വെളുത്ത പൂക്കൾ മുറ്റം നിറഞ്ഞുനിൽക്കുന്നത്‌ അരണ്ട വെളിച്ചത്തിൽ അയാൾ കണ്ടു. തുളസിത്തറയിൽ താങ്ങി എന്തു വേണമെന്നറിയാതെ അയാൾ നിന്നു. സന്ധ്യയുടെ ഇളം ചുവപ്പിലേക്ക്‌ സ്വർണ്ണപ്രകാശം ചൊരിയുന്ന ദീപവുമായി സാഗറിന്റെ അമ്മ ഉമ്മറത്തേക്കിറങ്ങിവരുന്നതയാൾ കണ്ടു. വിളക്ക്‌ തിണ്ണയിലെ പീഠത്തിൻമേൽ വച്ച്‌ നിവരുമ്പോൾ അമ്മ അയാളെയും കണ്ടു.

“സാഗറേ… നീ എത്തിയോ?”

“അമ്മേ ഞാൻ സാഗറല്ല” പറയാൻ നാവുയർത്തിയെങ്കിലും കഴിഞ്ഞില്ല.

മുറ്റത്തുനിന്നും ഉമ്മറത്തെ സ്വർണ്ണപ്രകാശത്തിലേക്ക്‌ കയറിയപ്പോഴും അമ്മ അയാളെ പേരുമാറ്റി വിളിച്ചില്ല. തേച്ചുമിനുക്കിയ, തങ്കംപോലെ തിളങ്ങുന്ന ഓട്ടുകിണ്ണത്തിൽ അമ്മ അയാൾക്ക്‌ പാലട വിളമ്പി. അയാളതു കഴിച്ചെന്നു വരുത്തുമ്പോൾ തലയിൽ തലോടി വാത്സല്യവും വിളമ്പി.

നിയോഗമറിയിക്കാതെ പടിയിറങ്ങുമ്പോൾ ദീപം കൊളുത്തിയ പീഠത്തിനരുകിൽനിന്നും അമ്മയുടെ നാമജപം പിൻതുടർന്നു.

-ഉമാസുതം ശോകവിനാശകാരണം

നമാമി വിഘ്‌നേശ്വര പാദപങ്കജം…

നടവഴി കഴിഞ്ഞ്‌ അയാൾ നിരത്തിലേക്കിറങ്ങി. മന്വന്തരങ്ങളുടെ സന്ധ്യ അയാൾക്കുമുന്നിൽ കനത്തു തുടങ്ങിയിരുന്നു.

Generated from archived content: oct1_story.html Author: ramesh_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English