സിനിമാ ജീവിതം കഥപറയുമ്പോള്‍

ഇന്‍ഡ്യന്‍ സിനിമയെ തന്റെ തനിതു ശൈലിയില്‍ ലോകസിനിമയുടെ മഹാശിഖിരങ്ങളിലെത്തിച്ച സത്യജിത്റേ എന്ന മഹാപ്രതിഭയുടെ അപൂര്‍വ്വാനുഭവങ്ങള്‍ ആത്മഭാഷാശൈലിയില്‍ എം.കെ. ചന്ദ്രശേഖരന്‍ എഴുതിയിരിക്കുന്ന പുസ്തകമാണ് ‘സത്യജിത്റേ സിനിമയും’ ജീവിതവും. ഇരുപത്തിയഞ്ച് അദ്ധ്യായങ്ങളിലായി വ്യാഖ്യാതാവിന്റെ വീക്ഷണകോണില്‍ നിന്നു ജീവിതാനുഭവങ്ങള്‍ പറയുകയാണ് സത്യജിത്റേ. വിമര്‍ശനങ്ങളിലും പ്രതിഷേധങ്ങളിലും അടിപതറാതെ എല്ലാ ആരോപണങ്ങള്‍ക്കും സമചിത്തതയോടെ നമ്മോളോട് മറുപടി പറയുന്ന രീതിയിലാണ് ഈ പുസ്തകത്തിന്റെ തുടക്കം. അദ്ദേഹത്തിന്റെ ബാല്യവും, കൗമാരവും, വിവാഹജീവിതവും, മരണവും ഒക്കെ സിനിമ എന്ന മാധ്യമവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഓരോ വരികളില്‍ നിന്നും വായിച്ചറിയാം.

പിതാവ് വളരെ ചെറുപ്പത്തില്‍ നഷ്ടപ്പെട്ട അമ്മയുമൊത്തുള്ള ജീവിതം, ഫോട്ടോഗ്രാഫി എന്ന കലയില്‍ സര്‍ഗ്ഗവാസന രവീന്ദ്രനാഥടാഗോറും സത്യജിത്റേയുടെ കുടുംബവുമായുള്ള ബന്ധം, അങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ ഭാഗവും വളരെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് ഈ കൃതിയില്‍. വിക്ടോറിയ ഡിസീക്കയുടെ ബൈസിക്കിള്‍ തീവ്സ് എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും അദ്ദേഹം ആവിഷ്ക്കരിച്ചെടുത്ത പാഥേര്‍പാഞ്ചാലി, അപരാജിതോ, അപൂര്‍സന്‍സാര്‍ തുടങ്ങിയ സിനിമകള്‍, സിനിമയെന്നാല്‍ ഹോളിവുഡ് സിനിമകളാണ്‍ എന്ന കാഴ്ചപ്പാട് മാറ്റിമറിച്ചുകൊണ്ട് പാശ്ചാത്യരാജ്യങ്ങളില്‍ നേടിയ ജനസമ്മിതി ഇന്‍ഡ്യന്‍ സിനിമയ്ക്കിന്ന് മുതല്‍ക്കൂട്ടാണ്.

‘സത്യജിത്റേ സിനിമയും ജീവിതവും’ എന്ന പുസ്തകം ഒരു റഫറന്‍സാണ്. ഇഡ്യന്‍ സിനിമയുടെ അതികായന്റെ ജീവിതത്തെ ഒപ്പിയെടുക്കുവാന്‍ ശ്രമിച്ച എഴുത്തുകാരന്റെ ശ്രമം തന്നെ ഇപ്പോഴും ചിലര്‍ക്കിടയില്‍ സിനിമ എന്ന മാധ്യമത്തിന്റെ ഗൗരവപരമായ ആസ്വാദനം നിലനില്‍ക്കുന്നതുകൊണ്ടാണ്. ഒരു പ്രതിഭയുടെ ജീവിത കഥയെഴുതാന്‍ ബൗദ്ധികമായ ഏറെ ശ്രം ആവശ്യമാണ്. ക്ലേശകരമായ യജ്ഞവും, അലച്ചിലും ഈ പുസ്തകരചനയ്ക്കുമുന്നില്‍ ഉണ്ടെന്ന് വായനയിലൂടെ നമുക്ക് വിലയിരുത്താം. ഈ എഴുത്തുകാരന്റെ രചനാശൈലി അതിസൂഷ്മമായ നിരീക്ഷണമാണ്‍. സത്യജിത്റേയുടെ സിനിമള്‍ക്ക് പിന്നിലെ കണ്ടെത്തലുകളുടെ പല മുഹൂര്‍ത്തങ്ങളും തെളിവുകളുടെ പിന്‍ ബലത്തില്‍ വിശദീകരിക്കുന്ന എഴുത്തിന്റെ രീതി പ്രശംസനീയമാണ്‍. അദ്ദേഹത്തിന് നേരിടേണ്ടിവരുന്ന പരീക്ഷണങ്ങള്‍ സിനിമയുടെ നിര്‍മ്മാണഘട്ടങ്ങള്‍ സിനിമ നല്‍കിയപ്രേരണ എന്നിവ നമ്മളില്‍ ദൃശ്യമായി കടന്നുപോകും എന്നതില്‍ സംശയമില്ല.

സിനിമ എന്ന കലാരൂപത്തില്‍ മനുഷ്യന്റെ പച്ചയായ ജീവിത ശൈലി ആവിഷ്കരിക്കാന്‍ കഴിയും. കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോയ ചരിത്രത്തെ പുനരാവിഷ്കരിക്കുവാനും വരുംതലമുറയില്‍ കേവല വിനോദത്തിനും നൈമിഷികമായ അനുഭൂതിക്കുമപ്പുറം ഈ ദൃശ്യാവിഷ്കാരത്താല്‍ ഒരു ചിന്താധാര സൃഷ്ടിക്കാന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല. സിനിമ എന്ന പിറവിയിലും വേദനയും ത്യാഗവും ഒഴിച്ചുനിര്‍ത്താനാകില്ല. വെള്ളിവെളിച്ചത്തിന്റെ മാസ്മരികതയില്‍ അഭിരമിക്കുമ്പോള്‍ എത്രപേര്‍ ഈ മഹാപ്രതിഭയെ ഓര്‍മ്മിക്കും? അതുകൊണ്ടുതന്നെ ഇന്‍ഡ്യന്‍ സിനിമയിലെ ഈ ശില്പിയുടെ ആത്മകഥാവിഷ്ക്കാരം വായനയില്‍ ഒരു അപൂര്‍വ്വ അനുഭവം ആയിരിക്കും എന്ന് തീര്‍ച്ച.

Generated from archived content: essay1_feb27_16.html Author: r_shahina

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English