അമ്മുവിന്റെ ക് ളിന്റ്

ഏഴാം വയസില്‍ ജീവിതത്തില്‍ നിന്നു മടങ്ങിപ്പോയ കുരുന്നു ചിത്രകാരന്‍ ക് ളിന്റിനെക്കുറിച്ച് അമ്മു നായര്‍ രചിച്ച ‘എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടി’ എന്ന പുസ്തകത്തിന്റെ വായനാനുഭവം.

മഹാരാജാസില്‍ പഠിക്കുമ്പോഴാണ് ക് ളിന്റിന്റെ വരകള്‍ കാണുന്നത്. കാസര്‍കോടു നിന്ന് ഒരു സുഹൃത്ത് വഴി എന്റെ കൈയില്‍ എത്തിയ ബ്രോഷറിന് കറുപ്പായിരുന്നു നിറം. കറുപ്പില്‍ വെള്ളിനിറ വരകളായി എടുപ്പോടെ ക്ലിന്റിന്റെ വരകള്‍. കുഞ്ഞുണ്ണി മാഷുടെ ഒരു കവിത. ക് ളിന്റിന് പ്രിയങ്കരമായത് ഉണ്ടായിരുന്നു അതില്‍. ഗണപതിയും ഉണ്ണിയപ്പങ്ങളും കൃഷ്ണനും മീനും കൊത്തിയിരിപ്പായ പൊന്മാനും വിതച്ച വരവിസ്മയം ഇന്നുമോര്‍മയുണ്ട്. ഇടയ്‌ക്കൊക്കെ നിവര്‍ത്തി നോക്കി അടച്ചുവച്ച്, പിന്നെ പ്രിയതരമായ ലൊട്ടുലൊടുക്ക് സാധനങ്ങളുടെ ഇടയിലേക്ക് എടുത്തുവച്ച് വളരെക്കാലം സൂക്ഷിച്ചിരുന്നു ആ ബ്രോഷര്‍.

അതിനിടെ മഹാരാജാസ് കോളെജ് മാഗസിന്റെ കവര്‍ പേജായി ക് ളിന്റിന്റെ വര. സഞ്ജയ് മോഹന്‍ എന്ന അന്നത്തെ മാഗസില്‍ എഡിറ്റര്‍ എന്റെ ക്ലാസ് മേറ്റായിരുന്നു. ആ വരക്കൂട്ട് കാണുമ്പോഴൊക്കെ, ക് ളിന്റിന്റെ അച്ഛനെയും അമ്മയെയും പോയിക്കാണണം എന്നു തോന്നി. സഞ്ജയ് വഴി പോകാമായിരുന്നു തേവരയ്ക്ക്. ക്ലാസിനു പുറത്തുകൂടി, അതും വല്ലപ്പോഴും മാത്രം മിന്നായം പോലെ വന്നുപോകാറുള്ള സഞ്ജയിനെ അത്ര പരിചയമില്ലായിരുന്നു എന്നതാണ് സത്യം. അങ്ങനൊരു സ്വാതന്ത്ര്യം എടുക്കാനെന്തോ ഒരൂ മടിതോന്നി.

കാലം കുതിച്ചു കടന്നു പോകെ സെബാസ്റ്റിയന്‍ പള്ളിത്തോടിന്റെ ‘ ക് ളിന്റ്’ എന്ന ഓര്‍മപ്പുസ്തകം പ്രകാശനം ചെയ്യുന്നവേളയില്‍ എറണാകുളം ജി. ഓഡിറ്റോറിയത്തിലെ വേദിയില്‍ ഏതോ നിമിത്തത്തിലെന്നവണ്ണം പ്രാസംഗികയായി കോട്ടയത്തുനിന്ന് ഞാനെത്തിച്ചേര്‍ന്നു. ക് ളിന്റിന്റെ അച്ഛനും അമ്മയും വരും എന്നു പറഞ്ഞു കേട്ടു. ഞാനാകെ ആകാംഷയോടെ അവരെ കാത്തുനില്‍ക്കുകയായിരുന്നു. ഒടുക്കം ആരോ അവരെ ചൂണ്ടിക്കാണിച്ചു തന്നപ്പോള്‍, തലമുടി തോളറ്റം വെട്ടിയ, ലിപ്സ്റ്റിക്കിട്ട ഈ കറുത്ത സ്ത്രീയും പൊക്കം കുറഞ്ഞ് ഉരുണ്ട രൂപത്തിലെ പുരുഷനും. അല്ല, എന്റെ സങ്കല്‍പ്പത്തിലെ ക് ളിന്റ് – അച്ഛനമ്മമാര്‍ എന്ന് എനിക്ക് ആകെ രസക്കേട് തോന്നി. അവരോട് മിണ്ടാതെ കുറെനേരം കഴിച്ചുകൂട്ടി. പിന്നെ എപ്പോഴൊ അവരെന്നോട് സംസാരിച്ചു തുടങ്ങിയതും, ഈ കറുത്ത സ്ത്രീക്കും ഈ പൊക്കം കുറഞ്ഞയാള്‍ക്കും അല്ലാതെ ഈ ലോകത്ത് മറ്റൊരുവര്‍ക്കും ദൈവം കൊടുക്കുമായിരുന്നില്ല ക് ളിന്റ് കുഞ്ഞനെ എന്ന ബോധ്യം ഒരഞ്ചാറ് അടിവരകളുടെ പിന്‍ബലത്തോടെ എന്റെ തലയിലേക്കു ഓടിക്കയറിയിരിപ്പായി. അവരെ തൊട്ടുനിന്നാല്‍ ഒരു മാന്ത്രിക കഥകളിലെന്നപോലെ എനിക്കും കാണാനാകും ക് ളിന്റിനെ എന്നുതന്നെ തോന്നി. അവര്‍ രണ്ടാളും ‘ മോന്‍ ‘ എന്നു പറഞ്ഞ് സംസാരിച്ചുകൊണ്ടിരുന്നു. അവനിപ്പോഴും ഏഴു വയസെന്നപോലെ. അപ്പോഴും, അവര്‍ക്ക്, അവരുടെ തൊട്ടുമുന്നില്‍തന്നെ ക് ളിന്റിനെ കാണാം എന്നു തോന്നി. അവരങ്ങനെ ഓരോന്നു പറഞ്ഞിരിക്കേ, ഞാന്‍ കണക്കുകൂട്ടി. ക് ളിന്റ് ജീവിച്ചിരുന്നെങ്കില്‍ അവന് എത്ര വയസായേനെയെന്ന് . പത്തൊമ്പത് എന്നാണ് അന്ന് ഉത്തരം കിട്ടിയത് എന്നാണോര്‍മ.

അന്നു പുസ്തകപ്രകാശനം നടക്കുമ്പോള്‍, കായലോരസൂര്യന്‍ അസ്തമന നിറങ്ങളും വാരിപ്പൂശി ക് ളിന്റ് വരച്ച പടത്തില്‍ നിന്നിറങ്ങിവന്നതു പോലെ ജി ഓഡിറ്റോറിയത്തിലേക്കു എത്തിനോക്കി നിന്നു. അങ്ങനെ എന്തൊക്കെയോ വാക്കാല്‍ വരച്ച് ഞാന്‍ പ്രസംഗിക്കുമ്പോള്‍ ക് ളിന്റിന്റെ അച്ഛന്‍ താഴോട്ടൊന്നു കുനിഞ്ഞ് മുണ്ടിന്റെ അറ്റമെടുത്ത് കണ്ണുതുടച്ചു. അതുവരെ ക് ളിന്റ് വരയ്ക്കാത്ത ഒരു ക് ളിന്റ് ചിത്രമായി അതപ്പോഴെ മനസില്‍ പതിഞ്ഞു. ഒടുക്കം പരിപാടികളെല്ലാം കഴിയവേ ക് ളിന്റിന്റെ അച്ഛന്‍ വന്നു പറഞ്ഞു: ‘ പ്രിയ പ്രസംഗിച്ചപ്പോള്‍ മാത്രം കണ്ണീരടക്കാനായില്ല..’ എന്ന്. വീട്ടിലേക്കു വരണം എന്നു ക്ഷണിച്ച് അവര്‍ പോയി. പിന്നെ ഇതുവരെ കണ്ടിട്ടില്ല. അവരെ. കണ്ണീരു തുടയ്ക്കുന്ന അച്ഛന്‍. മറക്കാനാവാത്ത ഒരു ചിത്രമായി മനസിലൂണ്ട്, അന്നുതൊട്ട് ഇന്നോളം. ഇടയ്ക്കിടെ ക് ളിന്റ് ഒരു കാരണവുമില്ലാതെ അവന്റെ ചിത്രങ്ങളും ചോദ്യങ്ങളും നിരീക്ഷണങ്ങളും കൗതുകങ്ങളും വാരിപ്പൊതിഞ്ഞുകെട്ടി മനസിന്റെ ഏതോ പടവുകളില്‍ വന്നിരിക്കും. അപ്പോഴൊക്കെ ജീവിതം ഒരു പിടിതരാവള്ളിയായി ആടിക്കളിക്കുന്നതായും തോന്നും. അന്ന് ആ അച്ഛനെയും അമ്മയെയും വിരല്‍നീട്ടിത്തൊട്ട് സംസാരിച്ചത് കൊണ്ടാണോ ഇപ്പോഴും എനിക്കും ക് ളിന്റിനെ കാണാന്‍ പറ്റുന്നത് എന്നെനിക്കറിയില്ല. ക് ളിന്റിനെ കാണുമ്പോഴെല്ലാം ജീവിതത്തെയും ദൈവത്തെയും വിധിയെയും കുറിച്ച് ഒരെത്തുംപിടിയും കിട്ടാതെ ഞാനൊരുപാട് ചോദ്യങ്ങള്‍ ചോദിക്കും. ഒന്നിനും ഉത്തരം തരാറില്ല ക് ളിന്റ്. എപ്പോഴും കുനിഞ്ഞിരുന്ന് വരച്ചുകൊണ്ടേയിരിക്കും എന്റെ മുന്നിലെ കുഞ്ഞു ക് ളിന്റ്.

കുരുന്നു ക് ളിന്റിന്റെ ലോകങ്ങള്‍

‘എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടി’ എന്ന അമ്മുനായരുടെ ഈ പുസ്തകം ക് ളിന്റിന്റെ വരകളിലും നിറങ്ങളിലും ജീവിതത്തെക്കുറിച്ചുള്ള അമ്മുവിന്റെ ഒരായിരം സന്ദേഹങ്ങളിലും കുളിച്ച്, മുന്നില്‍ കിടക്കുമ്പോള്‍, ഒരു ചെറുകുറിപ്പെഴുതാനായി ഞാനിത് കൈയിലെടുക്കുമ്പോള്‍ വേദന തോന്നുന്നു. ക് ളിന്റ് അകാലത്തില്‍ പൊലിഞ്ഞുപോയതിലല്ല, കാലമിത്ര കഴിഞ്ഞിട്ടും ക് ളിന്റിന്റെ ചിത്രങ്ങള്‍ക്ക് ഒരോര്‍മപ്പുര പണിയാന്‍ കേരളത്തിനായില്ല. ക് ളിന്റിന്റെ ഫോര്‍ട്ട് കൊച്ചിയില്‍ കോടികളില്‍ മുങ്ങിത്തോര്‍ത്തി ബിനാലെ ആടിത്തിമിര്‍ത്തപ്പോഴും ഒരു കുഞ്ഞിടം, ഓര്‍മത്തുണ്ടായിപ്പോലും ക് ളിന്റിനായി മാറ്റിവയ്ക്കപ്പെട്ടില്ല.

ക് ളിന്റിനെക്കാള്‍ അന്നും ഇന്നും എന്നെ അതിശയിപ്പിക്കുന്നത് അവന്റെ അച്ഛനും അമ്മയുമാണ്. ക് ളിന്റിന്റെ വെള്ളിവരകള്‍ നിറഞ്ഞ പഴയ ബ്രോഷറിനെക്കുറിച്ച് ഒപ്പുമരം എന്ന എന്‍ഡോസള്‍ഫാന്‍ സംബന്ധിയായ പുസ്തകത്തിന്റെ എഡിറ്റര്‍ ജി.ബി. വത്സനോട് എന്തോ കാരണവശാല്‍ സംസാരിക്കവേ, എന്നെ അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ആ ബ്രോഷറും ക് ളിന്റ് ചിത്ര പ്രദര്‍ശനവും കേരളത്തിലാദ്യത്തേതായിരുന്നെന്നും അതിനു പിന്നില്‍ അദ്ദേഹവും കൂട്ടാളികളും ആയിരുന്നെന്നും. പിന്നീട് അദ്ദേഹം ആ ബ്രോഷറിന്റെ കഥ പറഞ്ഞു. ആളുകള്‍ ബ്രോഷറുകളൊക്കെ ഒന്നു നോക്കി വലിച്ചെറിയും. അത് ചവുട്ടി മറ്റാളുകള്‍ കടന്നുപോകും. ക് ളിന്റിന്റെ വരകള്‍ ആരുടെയും കാലടിയില്‍ കിടന്നു ചതഞ്ഞരയരുത് എന്നുണ്ടെന്നു പറഞ്ഞു. അന്ന് ക് ളിന്റിന്റെ അച്ഛന്‍ ജോസഫിന്റെ വാക്കുകള്‍ മാനിച്ച്, വില കൊടുത്തുവാങ്ങുന്നതെന്തും സൂക്ഷിച്ചുവയ്ക്കുന്ന സംസ്‌കാരമുള്ള കേരളീയരുടെ കൈയിലേക്ക് രണ്ടു രൂപ വിലയ്ക്കാണ് എത്തിയത്. സംഘാടകര്‍ വന്നു കൊണ്ടുപൊയ്‌ക്കൊള്ളാം ചിത്രങ്ങള്‍ എന്നു പറഞ്ഞിട്ടും ക് ളിന്റ് ചിത്രങ്ങള്‍ നെഞ്ചോട് ചേര്‍ത്തു ആ അച്ഛനും അന്നു തീവണ്ടി കയറി എന്നുകൂടി പറഞ്ഞു വത്സന്‍ മാഷ്.

എപ്പോഴും തോന്നാറുണ്ട് ക് ളിന്റ് എന്ന മകനേക്കാളുപരിയായി ക് ളിന്റ് എന്ന കലാകാരനെയാണ് ഈ അച്ഛനും അമ്മയും നെഞ്ഞോടുചേര്‍ക്കുന്നതെന്നതെന്ന്. കലാകാരന്മാരുടേതായ ഒരു രസക്കൂട്ടും ഞരമ്പിലില്ലാതിരുന്നിട്ടും ക് ളിന്റിന്റെ വരകള്‍ക്കു വഴി തെളിച്ച് അവനോടൊപ്പം നടക്കുന്നതില്‍ അവര്‍ കാണിച്ച കൗതുകം അതെന്നും എന്നെ വല്ലാതെ വിസ്മയിപ്പിച്ചിട്ടുണ്ട്. ക് ളിന്റിന്റെ അച്ഛനമ്മമാര്‍ എന്ന തസ്തികയിലേക്ക് ഒരുപാട് അപേക്ഷകരില്‍ നിന്ന് കരുതിക്കൂട്ടി തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇവരെന്നു എന്നും തോന്നിയിട്ടുണ്ട്. ഒരു കുട്ടിയുടെ വാശിയെന്നോ ദുര്‍വാശിയെന്നോ എത്ര പ്രതിഭാധന്മാരായ, ലോകവിവരമുള്ള അച്ഛനമ്മമാരും എഴുതിത്തള്ളാവുന്ന ഘട്ടത്തിലൊക്കെ ക് ളിന്റിന്റെ അച്ഛനും അമ്മയും ഒരു പരാതിയും വഴക്കുപറയലും നെറ്റിചുളിക്കലുമില്ലാതെ അവന്‍ പറഞ്ഞതൊക്കെ ശിരസാവഹിച്ച് അവന്റെ പിന്നണിയിലെ വെറും ആളുകളായി നടന്നു. അച്ഛനമ്മമാര്‍ അവരുടെ ഏറ്റവും വലിയ ചുമതലകളായി കാണുന്ന വിലക്കുകളോ നിയന്ത്രണങ്ങളോ അവര്‍ ചുമന്നുകെട്ടി സ്വന്തം തലയില്‍ വച്ചില്ല. അതു കുടഞ്ഞ് ക് ളിന്റിന്റെ തലയിലേക്കിട്ടുമില്ല. ക് ൡ് എന്ന പട്ടത്തിന്റെ ചരട് അവര്‍ ഒരിക്കലും കൈയില്‍ വച്ചില്ല. അവരവനെ മേയാന്‍ വിട്ടു. അങ്ങനെ മേയാന്‍ വിട്ടതുകൊണ്ടാണ് ക് ളിന്റില്‍ നിന്ന് ഇത്രയും വരകളും വര്‍ണങ്ങളും പൊട്ടിപ്പുറപ്പെട്ടത്.

അവനെ കൈപിടിച്ച് ചിത്രശലഭ പ്യൂപ്പകളിലേക്കും കൊതുകുലാര്‍വകളിലേക്കും കൊണ്ടുപോയതും കറിവയ്ക്കാന്‍ വാങ്ങുന്ന ഞണ്ടിനെയും മീനെയും മതിയാവോളം തിരിച്ചും മറിച്ചും പരിശോധിക്കാനായി പലകയില്‍ തറച്ച് കൊടുത്തതും ആല്‍ക്കലിയും ആസിഡുകളുമൊക്കെ ഗ്ലാസ് ബോട്ടിലുകളില്‍ മിക്‌സ് ചെയ്ത് രാസപ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും കാണിച്ചു കൊടുത്തതും ചിന്നമ്മയിലെ സയന്‍സ് ഗ്രാജ്യുവേറ്റ് ആണെന്നു വിചാരിക്കാം. അന്ന് കേരളത്തിലെ ക്രയോണ്‍ ചായപ്പെട്ടികളില്‍ കൂടിവന്നാല്‍ പന്ത്രണ്ട് നിറം. ബിസിനസ് ആവശ്യങ്ങള്‍ക്കായി അച്ഛന്‍ പുറത്തുപോകുമ്പോള്‍ ഫാക്റ്ററി ഔട്ട്‌ലറ്റുകളില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന ചായപ്പെട്ടികളില്‍ 78 ഷെയ്ഡുകള്‍ വരെയുണ്ടായിരുന്നു. കുട്ടികളുടെ മനഃശാസ്ത്രത്തെക്കുറിച്ച് വലിയവായില്‍ പ്രസംഗിക്കുന്നവരെയെല്ലാം നിഷ്പ്രഭരാക്കുന്ന വിധത്തിലുള്ള തേജോന്മയമായ ഒരുള്‍ക്കാഴ്ച അവര്‍ രണ്ടാളും ക് ളിന്റിന്റെ കാര്യത്തില്‍ പുലര്‍ത്തിയിരുന്നുവെന്ന് ചിന്നമ്മയും ജോസഫും ക്ലിന്റിനായി ചെയ്ത കാര്യങ്ങളെ സൂഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാകും.

ക് ളിന്റ് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മുപ്പത്തിയേഴു വയസായേനെ. 1976 മെയ് 19ന് ജനിച്ച് 1983 ഏപ്രില്‍ 14ന് അനശ്വരതയിലേക്ക് അലിഞ്ഞില്ലാതായ ക് ളിന്റ് എന്ന വര്‍ണത്തുണ്ട് ഭൂമിയില്‍ അവശേഷിപ്പിച്ചുപോയ ഓര്‍മകളും ചിത്രങ്ങളും അതിലൊക്കെയും പശ്ചാത്തലമായി വര്‍ത്തിക്കുന്ന വിസ്മയത്തിന്റെ സ്‌ട്രോക്കുകളും വങ്മയമായി അവതരിപ്പിക്കുകയാണ് അമ്മു ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുകയാണ് അമ്മു. ഏതാണ്ട് അമ്മുവിന്റെ തന്നെ പ്രായത്തിലുള്ള, അമ്മുവിന്റെ അച്ഛന്റെ മോട്ടോര്‍ സൈക്കളിലിരുന്ന് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയ, അമ്മുവും സഹോദരിയും ഏതോ പേരറിയാ മരത്തിലിരുന്ന് ഊഞ്ഞാലാടുന്നതിന്റെ പടം വരച്ച ക് ളിന്റ് ആണ് ഇതിലെ ക് ളിന്റ് എന്ന പ്രത്യേകത ഈ പുസ്തകത്തിനുണ്ട്. കാണാമറയത്തേയ്ക്ക് ഒരസ്തമയത്തിന്റെ എല്ലാ ചാരുതയോടും കൂടി മറഞ്ഞുപോയ ചായങ്ങളുടെ കൂട്ടുകാരന്റെ കാല്‍പാടുകളും വിരല്‍പ്പാടുകളും അമ്മു ആംഗലേയ വാക്കുകളില്‍ പതിച്ചുവയ്ക്കുമ്പോള്‍ ഓരോന്നും മലയാളം പുരണ്ട ദൃശ്യമായിത്തന്നെ മുന്നില്‍ കാണാം. തനിക്കിഷ്ടമല്ലാത്ത ചോദ്യങ്ങള്‍ കൊണ്ട് തന്നെ അസ്വസ്ഥനാക്കുന്നവരോട് അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന ക് ളിന്റ് ചിലപ്പോള്‍ മുന്നില്‍ വന്നു നില്‍ക്കും. കണ്ണു തുടച്ചുകൊണ്ട് ഓര്‍മകള്‍ ഓര്‍ത്തെടുക്കുകയും വിട്ടുപോയവ പര്‌സപരം ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ജോസഫും ചിന്നമ്മയും നമ്മളെ വല്ലാതെ സങ്കടപ്പെടുത്തും. അവസാനത്തോടടുത്ത ദിവസങ്ങളിലൊന്നിലെ അസ്തമയം കാണാന്‍ പോക്കും കള്ള ഉറക്കം നടത്തി ഒറിജിനല്‍ മരണത്തിന്റെ റിഹേഴ്‌സല്‍ നടത്തി വീട്ടുകാരെ പേടിപ്പിക്കലും സമയമാം രഥത്തിലേക്കു കാലെടുത്തുവച്ചിട്ട് കുട്ടികള്‍ക്കുള്ള സചിത്ര ബൈബിളില്‍ നിന്ന് യേശുവിന്റെ കുരിശാരോഹണം വായിപ്പിക്കലും പിന്നെ ഒരിക്കലും മിഴിതുറക്കാതിരിക്കലും വായിച്ചു തീരുമ്പോള്‍ ഇതെല്ലാം എത്രയോ തവണ വായിച്ചും കേട്ടും ഹൃദിസ്ഥമാണെങ്കില്‍ പോലും ഭൂമിയിലെ ഏടുകളെത്രയും നേരത്തേ വായിച്ചറിഞ്ഞു കഴിഞ്ഞിരുന്ന ഒരു ദൈവക്കുട്ടിയായതെങ്ങനെ ക് ളിന്റ് എന്ന് ഒരു വിറ ഞരമ്പുകളിലൂടെ കടന്നു പോകുന്നു.

മണ്‍മറഞ്ഞ ഏഴുവയസുകാരന്‍ രാജാവ്, വരയുടെയും വര്‍ണത്തിന്റെയും ചെങ്കോലുമായി മലയാളത്തിന്റെ അതിരുകളും കടന്ന് അമ്മുവിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളിലൂടെ കലയുടെ ലോകഭൂമികയിലേക്ക് കയറുകയാണ് ഈ പുസ്തകത്തിലൂടെ. ക് ളിന്റ് മലയാളികളുടേത് മാത്രമല്ല എന്നു മനസിലാകാത്തതു കൊണ്ടാണ് ക് ളിന്റിന് ഒരു ചിത്രപ്പുര പണിയാന്‍ ഇവിടെ ഒരു സര്‍ക്കാരിനും ഒരു സംഘടനയ്ക്കും കഴിയാത്തത്. പക്ഷെ, ക് ളിന്റിന്റെ ചിത്രങ്ങള്‍ സംരക്ഷണം കിട്ടാതെ നശിച്ചുപോയാല്‍, അത് ക് ളിന്റിന്റെ അച്ഛനെയും അമ്മയെയും മാത്രമാണോ ബാധിക്കുക എന്നൊരു ചോദ്യം കേള്‍ക്കാനാവുന്നില്ലേ ഈ താളുകളില്‍നിന്ന് എന്നു കൂടി ഈ പുസ്തകം വായിക്കുന്നവരോരുത്തരും ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

കടപ്പാട്: സമകാലിക മലയാളം ആഴ്ചപ്പതിപ്പ്‌

Generated from archived content: essy1_sep20_13.html Author: priya_as

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English