പുരാരേഖയുടെ വർത്തമാനം

അശ്രദ്ധയോടെ ചായം പൂശുക വഴി വികൃതമാക്കപ്പെട്ട ശിലാലിഖിതങ്ങളേയും പുരാതന ശിൽപ്പങ്ങളേയും പറ്റിയുള്ള വാർത്ത വായിച്ചിട്ട്‌;

പുത്തൻ നിറങ്ങൾക്കുപിന്നിൽ മറഞ്ഞ പൂ-

രാരേഖതൻ വീർപ്പുപോലെ,

വിങ്ങുന്നതാരുടേതാകാം ചിരന്തന

സംസ്‌കൃതിയേലുന്ന ചിത്തം?

ആരെന്നറിവീല, കാലം കവർന്ന കൈ

കോറിയ ചിത്രങ്ങൾ കാൺകെ

കണ്ണടച്ചന്തരാത്മാവിന്നിരുൾ കൊണ്ട-

വയ്‌ക്കു ശ്യാമാംബരം ചാർത്തി!

ജീർണ്ണാവശേഷങ്ങളല്ല, ജീർണ്ണിച്ചിടാ

കാലത്തിനുള്ള വിശേഷം

ജീവിതാനന്തത്തിൽ, പിറവിതൻ പിന്തുടർ-

ച്ചയ്‌ക്കുള്ള പാവനാദർശം.

ജന്മാന്തരങ്ങൾക്കിടയ്‌ക്കുമാ കൈപ്പുണ്യം

ജാതാനുകമ്പം ചിരിക്കേ,

നാം മറക്കായ്‌കയീ തീർത്ഥശിലകളെ

‘നാളേ’യ്‌ക്കിറങ്ങുവാൻ വേണ്ടി.

നഷ്‌ടവസന്ത സ്‌മൃതിതൻ ചുവർചാരി

ഗ്രീഷ്‌മം തപിക്കുന്നപോലെ

ദേശാടനക്കിളി യാത്രചൊല്ലിപ്പോയ

നീർത്തടം വിങ്ങുന്ന പോലെ

പോയതു വീണ്ടും കിടച്ചിടാൻ കാലത്തിൻ

കാരണനോടു നാം മാഴ്‌കെ

പോക്കുവതെന്തിന്നതൊക്കെ, പിഴയ്‌ക്കാത്ത

ശ്രദ്ധയെ നമ്മൾ മതിക്കെ.

ഗാഢനിദ്രയ്‌ക്കുപോം ഗാഥകളെ ഗന്ധ-

പുഷ്‌പസ്‌മൃതികളായ്‌ മാറ്റും

ആ കല്ലെഴുത്തുകൾ തന്നിൽ മഴപ്പാറ്റ

പോലെ നാം വീണടിയുമ്പോൾ,

ഒക്കെയും കയ്യാൽത്തുടച്ചുമൊപ്പം തന്റെ

കൈത്തഴക്കങ്ങൾ കുറിച്ചും

കാത്തിരിക്കും കലാകാരൻ സിംഹാസനം

വെന്നിടും നമ്മേ ഭരിക്കും.

Generated from archived content: poem3_april4_11.html Author: praveenab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English