*ദേവനർത്തകൻ

*ദേവനർത്തകൻ – The Dancing Bird of Paradise – ന്യൂഗിനിയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന മനോഹരമായ ഒരു പക്ഷി. കൊടുങ്കാടിന്റെയിടയിൽ അതിന്റെ ‘കളിസ്ഥലം’. ഇലകളോ കമ്പുകളോ ഒന്നും വീഴാതെ വൃത്തിയായി സൂക്ഷിക്കുന്ന ആ സ്ഥലത്ത്‌ ആൺപക്ഷി പെൺപക്ഷിയെ കാത്തിരിക്കും. പെൺപക്ഷി വർണ്ണ വൈവിദ്ധ്യമില്ലാത്തവൾ. അതു വന്നണയുമ്പോൾ സുന്ദരനായ ആൺപക്ഷി കൗതുകമുണർത്തുന്ന അംഗചലനങ്ങളാൽ തന്റെ നൃത്തം തുടങ്ങും.

ആ നൃത്തം കാണാൻ ദൂരങ്ങൾ താണ്ടിയെത്തുന്ന ഒരു സഞ്ചാരിയുടെ ചിന്തകൾ –

എങ്ങുനീയാടും കളിപ്പന്ത?ലാക്കാഴ്‌ച
കാണുവാനെത്തി ഞാനാരാധകൻ
നീ സ്വർഗ്ഗവാജി, നിൻ രൂപം മനോജ്ഞമ-
താസ്വദിപ്പേൻ കലാതീർത്ഥാടകൻ
കാതങ്ങളെത്രഞ്ഞാൻ താണ്ടി മഴക്കാടു-
പൂകി, നിൻ നർത്തനമേകലക്ഷ്യം
പക്ഷികളേറെയുണ്ടെങ്കിലും നീയാണു
നർത്തകൻ, സ്വർഗ്ഗത്തെ വിട്ടുവന്നോൻ
നിൻ കളിത്തട്ടകം മൂടുന്ന കാനന-
ശീലകളൊക്കെ വകഞ്ഞുമാറ്റി
കൈകാൽ മുറിഞ്ഞു പടരുന്ന നോവിനെ-
യേറ്റ കൗതൂഹലാലങ്ങമർത്തി,
കാഴ്‌ച തടഞ്ഞിടും വൃക്ഷജാലങ്ങളെ
കൂർത്ത വാശിക്കങ്ങു പിന്നിലാക്കി,
തേടുകയാണാ കളിത്തറ,യെല്ലാം മ-
റന്നു നീ തോഴിയൊത്താടുന്നിടം!
“എത്തിനാ, മക്കാണ്മതാണപ്പറുദീസ-
തന്നിലെപ്പത്രിതൻ നൃത്തശാല
ആ ചതുപ്പിലവൻ കാത്തിരിക്കും, തന്റെ
തോഴിയെത്തുമ്പൊളാട്ടം തുടങ്ങും
ആയതു കാണുവാൻ കാത്തിരിക്കേണം നാം”
എൻ സഹയാത്രികനോതിയപ്പോൾ
കാത്തിരിക്കാം കാലമെത്രയുമാട്ടെ നിൻ
നാട്യരസം നുകർന്നീടുവാൻ ഞാൻ
ഞങ്ങൾക്കനുകരിപ്പാൻ വയ്യ, കാണട്ടെ
കൺ നിറച്ചൊക്കെയുമാദരാൽ ഞാൻ
പാഴ്‌വസ്തുവൊന്നുപോലും കിടന്നീടാതെ
നീയൊരുക്കീടുന്ന വേദികാൺകെ
അത്ഭുതം, ലജ്ജ, ഹർഷോന്മാദ, മെന്തെന്റെ-
യുള്ളിൽക്കിനിയു, ന്നറിയുന്നില്ലേൻ
നീണ്ടുപോയ്‌ നിൻ കാത്തിരിപ്പൊപ്പമെന്റെയും
ഇല്ല പ്രിയങ്കരിയെത്തിയില്ല
ഒട്ടും നശിക്കാത്ത നിൻ ക്ഷമ പാഴില-
ക്കമ്പുകൾ മാറ്റാൻ മടിച്ചതില്ല.
പ്രത്യക്ഷയായി നിൻതോഴി, യറിഞ്ഞില്ല-
യെങ്ങുനിന്നെന്നായ്‌, നീ തുഷ്ടനായി.
സുന്ദരിയല്ലവൾ നിന്റെ മുന്നിൽ, അവൾ-
ക്കുള്ള സൗന്ദര്യവും നീ കവർന്നോ?
എന്തുമാട്ടെ, നീ തുടങ്ങിസ്സുരനൃത്തം
കാർമുകിൽ കണ്ടൊരക്കേകിയെപ്പോൽ.
നിൻ കളിത്തട്ടൊരേദൻതോട്ടമായി, വൻ
കാടതു നിൽക്കും പറുദീസയായ്‌
നിൻ വഴക്കം തെല്ലുമില്ലയെൻതൂലിക-
ക്കെങ്ങനെ വാക്കാൽ വരച്ചിടേണം?
നിന്നെയാടിക്കുന്നതെ, ന്തതിൻ ചൈതന്യ-
മെന്നിലെഴുത്താണിയായിടട്ടെ.

Generated from archived content: poem1_july23_07.html Author: praveenab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English