റെസിപ്പി

ഒരു പാലക്കാടൻ ചെറുകഥ ഉണ്ടാക്കുന്ന വിധം ( നിർമ്മാണക്കുറിപ്പ് )

( ഈ സാധനത്തെ പൊതുവെ പാലക്കാടൻ കഥ എന്നാണ് അറിയപ്പെടുന്നത് എങ്കിലും വാസ്തവത്തിൽ പാലക്കാട് താലൂക്ക് ഒറ്റപ്പാലം മണ്ണാർക്കാട്‌ താലൂക്കുകളോട് ചേർന്ന് കിടക്കുന്ന പൊതു സ്ഥലങ്ങളിൽ കഴിഞ്ഞ അമ്പതു വർഷത്തിൽ ഏറെയായി ഉണ്ടാക്കി വരുന്നതും പ്രചുര പ്രചാരം നേടിയതുമായ ഒരു വസ്തുവാണ് . അത് എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത് )

ചേരുവകൾ 1 മാനവികത നിറഞ്ഞ ഒരു ഗ്രാമീണ പ്ലോട്ട് 2 കർക്കിടകം – ഒന്ന് 3 ചെത്തം – ഒന്ന് 4 പോറാട്ടുചെണ്ട, കല്ലടിക്കോടൻ മല, മഞ്ഞരളി, ഗുളികൻ , ഏക്കം ഇത്യാദി പ്രാദേശിക വാക്കുകൾ _ ആവശ്യത്തിന് 5 കഥാപാത്രങ്ങൾ a , മണപ്പുള്ളി / ചാത്തൻ / കണ്ടമുത്തൻ / പൊന്മല എന്നിങ്ങനെ പേരുള്ള നിഷ്കളങ്കനും അജ്ഞനുമായ ഒരാൾ b , യശോദ , പത്മാവതി , കൗസല്യ കല്യാണി എന്നീ പേരുകളിലൊന്നുള്ള ഒരു സ്ത്രീ c നല്ലവളായ ഒരു പെണ്‍കുട്ടി – (ആവശ്യമെങ്കിൽ മാത്രം – എങ്കിൽ തുളസിക്കതിർ , ചന്ദനം , നൈർമ്മല്യം , പുഞ്ചിരി എന്നിങ്ങനെ ചില പദങ്ങൾ അവള്ക്കായി അധികം കരുതണം ) 6 പ്രഥമ പുരുഷ ആഖ്യാനമാണെങ്കിൽ അയാൾ ശാന്തനും സാത്വികനും സന്മാർഗ്ഗ ശീലനുമായ ഒരാളാണെന്ന് കഥയിൽ ഇടയ്ക്കിടയ്ക്ക് പരോക്ഷമായി പരാമർശിക്കണം. അദേഹത്തിന്റെ സംഭാഷണം മാനക ഭാഷയിലായിരിക്കും . അതൊരു മാഷ്‌ അല്ലെങ്കിൽ റിടയെർഡ്‌ മാഷ്‌ ആയാല അത്യു ത്തമം 7 വാരസ്യാർ , പിഷാരടി മാഷ്‌ യൂസപ്പ് മാപ്പിള വെളിച്ചപ്പാട് ,വെള്ള ക്കുട്ടി,, അപ്പുആശാരി എന്നൊക്കെ ചില കഥാപാത്രങ്ങൾ – സന്ദർ ഭം പോലെ

നിർമ്മാണ രീതി

പ്ലോട്ടിലേക്ക് ആദ്യം തന്നെ മാനവികത തുളുമ്പുന്ന കെന്ദ്രകഥാ പാത്രത്തെ കൊണ്ടിടുക ആർദ്രതയിൽ പ്ലോട്ട് തുടങ്ങുമ്പോൾ അതിലേക്കു ഏക്കം മുതലായ ഗ്രാമീണവ വാക്കുകൾ ഇടയ്ക്കിടെ ഇട്ടു നന്നായി ചേർ ത്തിളക്കണം. ഓരോ കഥാപാത്രത്തെ നിക്ഷേപിക്കുമ്പോളും തൊട്ടു പിന്നാലെ ഒന്നോ രണ്ടോ വാച കത്തിൽ തരം പോലെ വിശേഷണം ചേര്ക്കാൻ മറക്കരുത്‌ പ്ലോട്ട് ധാര്മ്മിക രോഷത്തിൽ ചൂടായി വരുമ്പോൾ പരൊക്ഷ ഉപദേശങ്ങളും സന്മാർഗ്ഗ ചര്യകളും പൊടിപൊടിയായി കട്ട പിടിക്കാതെ തൂവണം . ഏറ്റവും നാടകീയവും വികാര തീവ്രവുമായ ഒരു സന്ധർഭത്തിലെക്കു പ്ലോട്ട് വളരുമ്പോൾ കർക്കിടകം – “അവളുടെ കണ്ണുകളിൽ കർക്കിടകം തളം കെട്ടിക്കിടന്നു” – എന്നാ മട്ടിൽ ഒറ്റ പ്രാവശ്യം ശ്രദ്ധയോടെ പ്ലോട്ടിലെക്കിടണം . സംഭാഷണത്തിൽ ശബ്ദത്തിന് പകരം ചെത്തം , കല്ലടിക്കോടൻ മല ,പൊറാട്ട് ചെണ്ട , ഭഗവതിക്കാവ് എന്നൊക്കെ ബോധപൂർവ്വം സന്ദര്ഭമുണ്ടാക്കി സമയാസമയം തിരുകി കയറ്റണം . എല്ലാം കൂടി ചേർന്ന് അഴ കുഴമ്പ് പരുവത്തിലാകുമ്പൊൾ വാങ്ങി വെച്ചാലേ പദ്യം നിറഞ്ഞ ഭാഷ എന്ന് നിരൂപകർ പറയൂ എന്നതിനാൽ കഥ കട്ടിയാകരുത് . വാങ്ങിയ ഉടൻ പ്രതിബദ്ധത ഇറ്റിച് മൂടി വെക്കുക .

ഇനിയൊരു തലക്കെട്ട്‌ വേണം .. പൊതുവെ മൂന്ന് വാക്ക് ചേര്ന്ന ഒരു തലക്കെട്ടാണ് നല്ലത്. നാമപദത്തോട് പ്രത്യക്ഷ ബന്ധം ഇല്ലാത്തതും സ്വയം നിഷേ ധിക്കുന്നതു മായ വിശേഷണ പദങ്ങൾ ചേരുന്ന തലക്കെട്ടുകൾ – ഉദാഹരണത്തിന് കറുത്ത നെഞ്ചിലെ നിലാവ് , നനഞ്ഞു ചതഞ്ഞ ആകാശം , ഉഷ്ണപ്പിശുക്കുള്ള ഉച്ച – ആണ് സാധാരണയായി ഇത്തരം കഥകൾക്ക് ശീര്ഷകമായി കണ്ടു വരുന്നത് . അതേപോലെ കഥാകൃത്തിന്റെ പേര് നാടിനോടു ള്ള കൂറ് വെളിവാക്കാനായി സ്ഥലപ്പെരിനു ശേഷം ഉപയോഗിക്കുന്നതായിരുന്നു പഴയ ശീലം.എന്നാൽ പിന്നീടുള്ളവർ സ്ഥലപ്പെരിനു മുമ്പ് സ്വന്തം പേര് ഉപയോഗിക്കുന്ന പ്രവണതയും ഉണ്ട് .എന്തായാലും ഇതിന്റെ കഥാകൃത്തുക്കൾ തൂളികാനാമാമോ വെറും പേര് മാത്രമോ ഉപയോഗിക്കുന്ന ആശാസ്യമല്ലാത്ത പ്രവണത അടുത്ത കാലത്ത് കണ്ടു വരുന്നു ഇങ്ങനെ ഉണ്ടാക്കിയ കഥ ചൂട് ആറി യാൽ ഉടൻ വാരികയ്ക്ക് അയച്ചു കൊടുക്കാം പെൻഷനെർസ് യൂണിയൻ , റെ സിഡ ൻസ് അസോസിയെഷൻ , ഗ്രന്ഥശാലാ സംഘം , പുകസ ,പൂര്വ്വ വിദ്യാർഥി സംഘടനകൾ എന്നിവയിൽ കൂടി പ്രചരണം നടത്തി ഇങ്ങനെ ഉണ്ടാക്കിയ കഥകൾ വിറ്റഴിക്കുന്നതിനും ഒപ്പം കഥാകൃത്തിനു സാഹിത്യ വേദികളിൽ മാത്രമല്ല ;കംഫർട്ട് സ്റ്റെഷൻ ഉദ്ഘാടനം , അലക്കുതോഴിലാളി യൂണിയൻ ജില്ലാസമ്മേള നം എന്നിങ്ങനെയുള്ള അവസരങ്ങളിൽ വരെ ചുരുങ്ങിയത് ആശംസാ പ്രാസംഗികനെങ്കിലും ആയി പങ്കെടുക്കാനും വാർത്തയിൽ വരാനും കഴിയുന്നുണ്ട് നിരന്തരമായി ഇത്തരം കഥകൾ വരുന്നതിനാൽ എനിക്കിപ്പോൾ കണ്ട ഉടനെ ഓക്കാനം വരുന്നെങ്കിലും ഏറെക്കാലം കേടു വരാതെ ഇരിക്കുന്ന കഥകൾ ആണ് ഇവയെന്നാണ് നാട്ടുകാരിൽ മിക്കവയുടെയും അഭിപ്രായം . എന്തായാലും നിങ്ങളും ഇതൊന്ന് ഉണ്ടാക്കി പരീക്ഷിച്ചു നോക്കൂ…

Generated from archived content: story2_oct30_15.html Author: pradeep

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English