ലൈബ്രേറിയൻ.ബ്ലോഗ്‌സ്പോട്ട്‌.കോം.

ലൈബ്രറി അസോസിയേഷന്റെ വാർഷിക മീറ്റിംഗിനു പോയി മടങ്ങുമ്പോഴാണ്‌ ഇന്ദുശേഖരൻ എന്ന റിട്ടയേർഡ്‌ ലൈബ്രേറിയന്‌ ഇന്റർനെറ്റിൽ ബ്ലോഗ്‌ സ്പോട്ട്‌ തുടങ്ങാനുളള ആവേശം കേറിയത്‌. ഫ്ലാറ്റിൽ ഇരുന്നു പൊടികൂടിത്തുടങ്ങിയ മകന്റെ കമ്പ്യൂട്ടർ സംരംഭത്തിനുപയോഗിക്കാം. ടെക്‌നോളജി വികാസങ്ങൾ ലൈബ്രേറിയൻ ഉൾക്കൊളളണം, പ്രൊഫഷന്റെ വികാസത്തിനുപയോഗിക്കണമെന്നുമൊക്കെയാണ്‌ അസോസിയേഷൻ സെക്രട്ടറി ഗോപിമോഹൻ പ്രസംഗിച്ചത്‌. തുടർന്ന്‌ നെറ്റിലെ വെബ്‌ബ്ലോഗ്‌ മാധ്യമത്തെകുറിച്ച്‌ ഗോപിന്റെ ക്ലാസുമുണ്ടായിരുന്നു.

പ്രസാധകരുടേയും പത്രാധിപന്മാരുടെയും ഇടനിലയില്ലാതെ എഴുത്തുകാരനാവാം എന്ന ബ്ലോഗിന്റെ പ്രത്യേകതയാണ്‌ ഇന്ദുശേഖരനെ മോഹിപ്പിച്ചത്‌. ആർക്കും ഇന്റർനെറ്റിലെ ബ്ലോഗ്‌സ്പോട്ടിലൂടെ മനസ്സു തുറക്കാം. ഭൂഖണ്ഡാന്തര അകലങ്ങളിലെ വായനക്കാർ അതാസ്വദിക്കും.

ഇന്ദുശേഖരനിപ്പോൾ ഹിൽടോപ്പ്‌ എന്ന നഗരമധ്യഫ്ലാറ്റു സമുച്ചയത്തിൽ ഒറ്റയ്‌ക്കാണു താമസം. വിസിറ്റിംഗ്‌ വിസയിൽ ഭാര്യ അമേരിക്കയിൽ മകന്റെ അടുത്തേയ്‌ക്ക്‌ പോയിരിക്കുന്നു. ഇ.കെ.ജി.നഗറിലെ വീടടച്ച്‌ ഫ്ലാറ്റിലേക്ക്‌ മാറാൻ അയാളെ മകനാണ്‌ നിർബന്ധിച്ചത്‌. ആ പുത്തൻഫ്ലാറ്റ്‌ അജയ്‌ ശേഖറിന്റെ പേരിൽ രജിസ്‌റ്ററാക്കിയത്‌ ഒന്നരമാസം മുമ്പു മാത്രം. ഹൗസിംഗ്‌ ലോണിൽ പണിയിച്ച വീടടച്ച്‌ സാമഗ്രികളുമായി താമസം മാറ്റുമ്പോൾ ഒരു മടക്കമില്ലെന്നും എന്തുകൊണ്ടോ ഇന്ദുശേഖരൻ നിശ്വസിച്ചു.

ഡബ്‌ള്യു.ഡബ്‌ള്യു.ഡബ്‌ള്യു.ലൈബ്രേറിയൻ.ബ്ലോഗ്‌.കോം അയാൾക്ക്‌ വേഗത്തിൽ തുടങ്ങാനായി. ബ്ലോഗിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത്‌ പോയ സർവ്വീസ്‌ കാലത്തെ സഹപ്രവർത്തകരുടെ സവിശേഷതകളാണ്‌. ആർക്കുമാർക്കും തിരിച്ചറിയാനാവാത്തവിധം സംഭവങ്ങളും പേരുകളും കശക്കി മറിച്ചയാൾ മനസൊരുക്കി. രാവിലെ ഉണർന്നാലുടനെ ഒരു കപ്പ്‌ കാപ്പിയുമായി കമ്പ്യൂട്ടറിന്‌ മുന്നിലേയ്‌ക്ക്‌. പിന്നെ മണിക്കൂറുകളോളം അലസത ഏശാത്ത പണിത്തിരക്ക്‌.

“ലൈബ്രേറിയന്മാരുടെ ജീവിതത്തിൽ എന്തെങ്കിലും കുഴമറിച്ചിലുകൾ ഉറപ്പാണ്‌. ഉമിത്തീയ്‌ നീറുന്ന പിടച്ചിൽ സർവ്വചലനങ്ങളില്ല പ്രകടം. വൃഥാ വെപ്രാളം ഈ ജനുസിന്റെ പ്രത്യേകതയാണെന്നു തോന്നും. നാളേയ്‌ക്കുളള പണി ഇന്നേ തീർത്ത്‌ മേശ വെടിപ്പാക്കാനുളള ത്വര.

വെളുപ്പിനേ തന്നെ സാറെന്തിനാണിങ്ങനെ ഓടിപ്പാഞ്ഞു വരുന്നത്‌ ? ശരവണൻ സാറിനോടു ചോദിച്ചാൽ ചിരിയാണുത്തരം. പ്യൂണിനെ കാക്കാതെ ജനൽ വാതിലുകൾ തുറന്നിടുന്നത്‌, റീഡിംഗ്‌ ഹാളിലെ ലൈറ്റും ഫാനും ഓണാക്കിയിടുന്നതും ശരവണൻ സാറുതന്നെയാണ്‌. അദ്ദേഹം ദിനപത്രം സീൽചെയ്യുന്ന രംഗം ശ്രദ്ധിക്കുക. വികാരം തളളിയ ചുണ്ടുകൾ വലിച്ചുപിടിച്ചുളള നിൽപ്പ്‌. കാർഡെഴുതുമ്പോൾ, റീഡേഴ്‌സിനു ബുക്കുകൾ തപ്പുമ്പോൾ, ഫൈനെഴുതുമ്പോൾ പോലും ലൈബ്രേറിയൻമാർ ഗോഷ്‌ഠികൾ കാണിക്കുന്നു.

കോട്ടയത്തെ ശരവണൻ സാറ്‌ അറുപത്തിയെട്ടു ബാച്ചിൽ കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ലൈബ്രറി സയൻസ്‌ പാസായി. സർവ്വീസിലിരിക്കെ എഴുപത്തിയാറിലാണ്‌ സുകേശൻ നായർ പഠിക്കാൻ പോയത്‌. പ്രേംചന്ദ്‌ എൺപത്തിയേഴു ബാച്ചിൽ പഠിച്ച്‌ തൊണ്ണൂറിൽ ജോലിക്കു കയറി”

ശരവണൻ സാർ, സുകേശൻ നായർ, പ്രേംചന്ദ്‌ കളളപ്പേരുകളിലാവട്ടെ തുടർവിവരണങ്ങൾ. ബ്ലോഗ്‌ സ്പോട്ട്‌.കോം ക്ലോസു ചെയ്‌ത്‌ അയാൾ കുറേ നേരം ആലോചിച്ചിരുന്നു. പിന്നെ ഭാര്യയുടെയും മകന്റേയും മെയ്‌ലുകൾ ചെക്കുചെയ്‌തു. കുറേ ഫോട്ടോകൾ. ഏതോ മ്യൂസിയത്തിൽ വച്ചെടുത്തവ. ചില ക്രൂരജന്തുരൂപങ്ങളോട്‌ ഒട്ടി നിന്നാണ്‌ ഭാര്യ പോസുചെയ്‌തിരിക്കുന്നത്‌ എന്ന കാര്യം ശ്രദ്ധിച്ചതൊഴിച്ചാൽ അന്നേരമയാൾ നിരുന്മേഷവാനായിരുന്നു.

രണ്ട്‌

കമ്പ്യൂട്ടർ സെന്ററിലെ തിരക്കൊഴിയും നേരങ്ങളിൽ മുരളീ മനോഹർ ഇന്റർനെറ്റിന്റെ മലച്ചുരുളുകളിലേയ്‌ക്ക്‌ നൂളിയിട്ട്‌ കയറും. നാനാ സൈറ്റുകളുടെ മാസ്മരികതയിൽ നീങ്ങി നീങ്ങി നേരം കളയും. മുരളിക്ക്‌ പോർണോ സൈറ്റുകൾ ഇഷ്ടമേയല്ല. ബ്രൗസിംഗിന്‌ കസ്‌റ്റമേഴ്‌സ്‌ കാത്തു നിൽക്കുന്ന വിവരം സഹായി പെൺകുട്ടി ഓർമ്മപ്പെടുത്തും വരെ അയാൾ കമ്പ്യൂട്ടറിനു മുന്നിൽ തന്നെയാവും.

നെറ്റിൽ നിരങ്ങുമ്പോഴാണ്‌ ഡബ്‌ള്യു.ഡബ്‌ള്യു.ഡബ്‌ള്യു.ലൈബ്രേറിയൻ. ബ്ലോഗ്‌ സ്പോട്ട്‌.കോമിൽ മുരളി കുരുങ്ങിപ്പോയത്‌. വല്യമ്മായിയുടെ മകൻ കുഞ്ഞേട്ടൻ എന്ന ഇന്ദുശേഖരൻ ലൈബ്രേറിയനായിരുന്നല്ലോ എന്ന കൗതുകത്തോടെയാണ്‌ മുരളി ആ സൈറ്റ്‌ ക്ലിക്ക്‌ ചെയ്തത്‌.

“കോട്ടയത്തെ ശരവണൻ സാറും, കോഴിക്കോട്ടെ രമണനും, സുകേശൻ നായരും, തിരുവനന്തപുരം പബ്ലിക്‌ ലൈബ്രേറിയിൽ ഉണ്ടായിരുന്ന നന്ദനുമൊക്കെ ജീവിതാരമേറ്റു മുറിഞ്ഞവരാണ്‌. ആദർശഭാണ്ഡങ്ങൾ, മഹത്‌ചിന്തകൾ, ഉൽകൃഷ്ട ജീവിതകഥകളുടെ സഹവാസപ്പകൽ കഴിഞ്ഞ്‌ വീട്ടിലെ പച്ച ജീവിതത്തിലേയ്‌ക്ക്‌. മനോ നില കീഴ്‌മേൽ മറിയുന്ന അവസ്ഥ. തട്ടലും മുട്ടലുമില്ലാത്ത ലൈബ്രേറിയൻ കുടുംബജീവിതം കാണില്ല തന്നെ.

യൗവ്വനകാലം സ്വപ്നങ്ങളുടെ അങ്ങേക്കടവിങ്ങേക്കടവു തുഴഞ്ഞ്‌ പ്രായം ചെല്ലുമ്പോഴാണ്‌ മിക്കപേരും കുടുംബക്കെണിയിൽ പെടുന്നത്‌. റിട്ടയർ ചെയ്യുംനേരം കുട്ടികൾ പറക്കപ്പരുവമായിട്ടു കൂടിയുണ്ടാവില്ല. എഴുത്തുകാരനാകണമെന്ന ഉൽക്കട മോഹവുമായാണ്‌ ശരവണൻ സാറ്‌ ചെറുപ്പം നീക്കിയത്‌. കീഴായിക്കോണം ജനസേവിനി ഗ്രന്ഥശാലയിലെ ശ്രീകണ്‌ഠേശ്വരൻ പതിമൂന്നു കൊല്ലമാണ്‌ ശമ്പള ഗ്രാന്റുകൂടി കൈപ്പറ്റാതെ സേവനം നടത്തിയത്‌. വായിക്കപ്പെടാതെ പോകുന്ന ഗ്രന്ഥങ്ങൾ മാതിരിയാണ്‌ ലൈബ്രേറിയൻ ജീവിതങ്ങൾ.

കുഞ്ഞേട്ടന്റെ കൂടെ തിരുവനന്തപുരത്ത്‌ താമസിച്ച്‌ പഠിച്ച രണ്ടുവർഷങ്ങൾ. അന്നു പങ്കിട്ട ജീവിതം പറയാതിരിക്കഭേദം. കോളേജ്‌ വിട്ട്‌ ഒരു ദിവസം പോലും കുഞ്ഞേട്ടൻ നേരത്തേ വീടെത്തിയിട്ടില്ല. ഞായറാഴ്‌ചകളിൽ ഇ.കെ.ജി.നഗറിലെ വീടുപണിസ്ഥലത്ത്‌. ഇയാൾക്ക്‌ കോളേജിൽ രാത്രിയിൽ എന്താണ്‌ പണിയെന്ന്‌ ശ്രീരതിചേച്ചി എത്ര തവണയാണു ചോദിച്ചിട്ടുളളത്‌. വീടെത്തിയാലോ കുഞ്ഞേട്ടന്‌ മിണ്ടാട്ടവും മുനങ്ങാട്ടവുമില്ല. ലൈബ്രറിയിൽ കുഞ്ഞേട്ടൻ മറ്റൊരാളാണ്‌. വായനേം ചർച്ചേം, മേശയ്‌ക്കു ചുറ്റിലും ആരെങ്കിലും എപ്പോഴുമുണ്ടായിരിക്കും.

ശ്രീരതിചേച്ചി അജയന്റെ കൂടെ അമേരിയ്‌ക്കയിലേയ്‌ക്ക്‌ പോയി, നാട്ടിൽ കൂടെ പണിയെടുത്തിരുന്ന പെൺകുട്ടിയുമായി അവൻ ലൈനായിരുന്നു എന്നു കേട്ടിരുന്നു. കുഞ്ഞേട്ടൻ ഇവിടേയ്‌ക്കൊക്കെ വന്നിട്ടൊരുപാടു നാളായി. തിരുവനന്തപുരത്തുപോയി പെണ്ണും കെട്ടിയാൽ പിടിവിട്ടുപോയതു തന്നെ. തിരിച്ചു വരികലുണ്ടാകില്ല. തീർച്ച.

മൂന്ന്‌

പോളിടെക്‌നിക്‌ കോളേജ്‌ ലക്‌ചറർ സൈജുകുമാറാണ്‌ കുന്നംകുളം മുൻസിപ്പൽ ലൈബ്രേറിയനും ബ്ലോഗ്‌ സ്പോട്ട്‌ കാണിച്ചുകൊടുത്തത്‌. അതു രണ്ടുവട്ടം വായിച്ച ലൈബ്രേറിയൻ ഐശ്വര്യകുമാറിനും എന്തെങ്കിലും പ്രതികരണം അയയ്‌ക്കണമെന്ന തോന്നൽ കലശലായി. അയാൾ ടൈപ്പു ചെയ്‌തു തുടങ്ങി.

”ഞാൻ ഐശ്വര്യകുമാർ. പൊക്കോം തലയെടുപ്പും കൊണ്ട്‌ ഇവിടുത്തുകാരെന്നെ ഗുരുവായൂർ കേശവനെന്ന ഇരട്ടപേരിലാണ്‌ വിളിക്കണത്‌. തെക്കനായോണ്ടാവും എന്നെ ഇവന്മാർക്കത്ര പിടുത്തവുമില്ല.

ഈ ലൈബ്രറിയിൽ വായനക്കാർ തീരെക്കുറവ്‌. സന്ധ്യകഴിഞ്ഞാൽ മുകൾനിലയിലെ ലൈബ്രറി മുറിയിൽ മനുഷ്യരൂപം എനിക്കു മാത്രമേയുളളൂ. ഇരുട്ടു കനത്താൽ ചില അസ്‌പർശ്യ പോക്കുവരവുകളും, പെരുമാറ്റങ്ങളും ഇവിടുണ്ടെന്നത്‌ രണ്ടറ്റ സംഗതിയാണ്‌. അലമാരീൽ നിന്നും താഴേയ്‌ക്ക്‌ വഴുതിവീണ പുസ്‌തകപ്രകൃതം ശ്രദ്ധിച്ചാൽ തീവ്ര തെരച്ചിലിന്നിടെ ആരുടേയോ കൈവഴുതി വീണതു തന്നെയാണ്‌. റീഡിംഗ്‌ ടേബിളിൽ മാസികത്താളുകൾ അരൂപി അലസമട്ടിൽ മറിക്കുന്ന ഉന്മാദക്കാഴ്‌ച. കാറ്റടിച്ചതാണെന്നേ ഞാൻ കരുതൂ. കാൽക്കൂട്ടിൽ ബാഗുറപ്പിച്ച്‌ മുറിപൂട്ടിത്തിരിയുമ്പോൾ താഴെപ്പടിയിൽ വലിഞ്ഞു പോകുന്ന കാലൊച്ച. കഴിഞ്ഞ മാസം മരിക്കും മുമ്പുവരെ മുറി പൂട്ടാൻ നേരം മാത്രം വായന മതിയാക്കിപ്പോയിരുന്ന കവി നന്തിക്കര ഇട്ടൂപ്പ്‌ മാഷിന്റേതു തന്നെ“.

സൈജുസാർ നാളെ വരട്ടെ. ഇതെങ്ങനെ ലൈബ്രേറിയൻ ബ്ലോഗ്‌ സ്പോട്ടിൽ ചേർക്കുന്നതെന്നു ചോദിക്കാം.

നാല്‌

ചാറ്റ്‌റൂം കിന്നാരങ്ങൾക്കിടയിൽ അജയ്‌ശേഖർ തന്റെ അച്ഛൻ ശേഖരന്റെ പുതിയ ഭ്രാന്ത്‌ റമീനയെ അറിയിച്ചു.

കമ്പ്യൂട്ടർ വൽക്കരണത്തിനെതിരെ സെക്രട്ടറിയേറ്റു നടയിൽ പണ്ട്‌ യൂണിയൻ പറഞ്ഞതു കേട്ട്‌ സത്യാഗ്രഹം കിടന്നയാളാണ്‌. തരം കിട്ടിയപ്പോൾ എന്നെ സെൽഫ്‌ ഫൈനാൻസിംഗിൽ എഞ്ചിനീയറാക്കി, സാമ്രാജ്യത്വ ഭീകരലോകത്തേയ്‌ക്കു തന്നെ പണം വാരാൻ കേറ്റിവിട്ടു.

അച്ഛന്റെ പരിപാടികൾക്കൊന്നിനുമൊരു നിജോം കുറീമില്ല. പഠിച്ചത്‌ ബോട്ടണി. ഇടയ്‌ക്ക്‌ ഹ്യൂമൻ ഫിസിയോളജിയും മെറ്റാഫിസിക്‌സുമൊക്കെ വായിക്കണതു കാണാം. എന്തു മനസ്സിലായിട്ടാണാവോ? കേട്ടു കേട്ടു മടുത്ത പഴയകാര്യങ്ങൾ ഒന്നുകൂടി തുളളിത്തുളളിയായി തെളിഞ്ഞപ്പോൾ അവൾ ഹ ഹ ഹ യെന്ന്‌ മറുപടി ടൈപ്പു ചെയ്‌തു. വിരലെടുക്കും മുമ്പുതന്നെ ചാറ്റ്‌ റൂമിൽ നിന്നവൻ തെറിച്ചുപോയി. നിരാശാരൂപത്തിൽ വന്നു തൊട്ട മറുലോക അകലങ്ങൾ അവളറിഞ്ഞു.

നേരം കളയാൻ അവൾ അജയ്‌ ചൂണ്ടിയ ബ്ലോഗ്‌ സ്പോട്ടിലേക്ക്‌ കടന്നു. അച്ഛൻ ശേഖറിന്റെ പുതിയ സൃഷ്ടി വായിച്ചു തുടങ്ങി.

”പ്രണയത്തിനു ചൂട്ടുപിടിക്കുന്നവരാണ്‌ ലൈബ്രേറിയന്മാർ. സ്നേഹദൂതികളായ പുസ്തകങ്ങളെ എടുത്തും, തൊട്ടും, വായിച്ചും അവരങ്ങനെയൊരു മനഃപരുവത്തിലെത്തി ചേർന്നതാണ്‌. കത്തുകളും ഫോട്ടോകളും കൈമാറാൻ പ്രേംചന്ദ്‌ കുട്ടികളെ ഒട്ടൊന്നുമല്ല സഹായിച്ചത്‌. ലൈബ്രറി മറപറ്റി പ്രേമിച്ചിരുന്നവർ പലരും പിൽക്കാലത്ത്‌ മക്കളേയും കൂട്ടി സുകേശൻ സാറിനെ കാണാനെത്തിയിട്ടുണ്ട്‌. സർ പഴയ കസേരയിൽ ഒരു തവണ കൂടി കണ്ണോടു കണ്ണ്‌ നോക്കിയിരുന്ന്‌ ഞങ്ങളീ ലോകത്തെ മറക്കട്ടെ.

സുൽഫിയും നൗറീനും നിക്കാഹിനുശേഷം റോഡിൽ വച്ചു കണ്ടപ്പോൾ ഒന്നും മിണ്ടാതെന്തേ ഒഴിഞ്ഞു മാറിയത്‌? ലൈബ്രറിയിൽ അങ്ങനായിരുന്നില്ലല്ലോ. പ്രേംചന്ദിനെ വിഷമിപ്പിച്ച സംഭവം.

നമുക്കുളളതു രണ്ടും പെണ്ണാണേ! പിളളാർക്ക്‌ കിലുക്കാമ്പെട്ടി കൊടുക്കുമ്പോ ഓർമ്മ വേണം. പ്രേമികളെ സഹായിക്കുന്ന സ്വഭാവത്തിന്റെ പേരിൽ ശരവണൻ സാറിനെ ഭാര്യ ദേഷ്യം പിടിപ്പിച്ചിരുന്നു.

കാലടി യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ അസിസ്‌റ്റന്റ്‌ ലൈബ്രേറിയൻ ചന്ദ്രകുമാർ രജിസ്‌റ്റർ മാര്യേജിൽ സ്പെഷ്യലൈസ്‌ ചെയ്‌തയാളാണ്‌. പ്രതിബന്ധങ്ങൾ വകഞ്ഞു മാറ്റാൻ കുട്ടികൾക്ക്‌ താങ്ങായി ഒൻപതു ബന്ധങ്ങൾക്ക്‌ സാക്ഷിവച്ചു. എല്ലാം ഇന്റർ കാസ്‌റ്റ്‌ മാര്യേജുകൾ.“

ദുഷ്ടനാണ്‌, പെരുംദുഷ്ടൻ, റമീന ബ്ലോഗ്‌ വായന നിർത്തി ഷട്ട്‌ഡൗൺ ചെയ്‌തു. ഒന്നുകൂടി അജയ്‌നെ ട്രൈ ചെയ്യണമെന്നൊക്കെ കരുതിയതാണ്‌. മൂഡോഫായി.

ഞങ്ങളെ പിരിക്കാൻ പരമാവധി പണി നോക്കിയത്‌ മൂപ്പരാണ്‌. ഒരു സുകേശനേം സുന്ദരേശനേം അയാൾക്കറിയില്ല. കളളപ്പേരുകളും കളളത്തരവും. പ്രേമമൊഴിവാക്കാൻ ഒരേയൊരു സന്താനത്തെ കടലുകടത്തി. ടെക്‌നോപാർക്കിലെ ജോലിയൊഴിയാൻ അജയ്‌ന്‌ ഇഷ്ടമേയുണ്ടായിരുന്നില്ല. ഇയാളെ അങ്ങനെ വിടുന്നതേ ശരിയല്ല. എല്ലാ ദുഷ്ടൻമാരും പനകളാകരുത്‌.

നാലുവാചകം വിടണം. അവൾ ഒന്നുകൂടി കമ്പ്യൂട്ടർ ഓൺ ചെയ്‌തു. ഇന്ദുശേഖറിന്‌ മെയ്‌ൽ ടൈപ്പു ചെയ്‌തു തുടങ്ങി.

അഞ്ച്‌

”ശുഷ്‌കാന്തിയോടെ പ്രവർത്തിയെടുത്തിരുന്ന ലൈബ്രേറിയന്മാർ അധികം ജീവിക്കാറില്ല. സുകേശൻ സാറ്‌ റിട്ടയർ ചെയ്‌ത്‌ ഒരു വർഷത്തിനുളളിൽ മരിച്ചുപോയി.. സർവ്വീസ്‌ തീരാൻ നിൽക്കാതെ പോയവർ നിരവധി. തലേന്നും പാതിവഴിക്ക്‌ വായിച്ച്‌ അവർ നിർത്തി മേശമേൽ വച്ചുപോയ പുസ്‌തകങ്ങളെ ഉപചാരപൂർവ്വം അടച്ചെടുത്ത്‌ സഹപ്രവർത്തകർ യഥാസ്ഥാനം വച്ച്‌ നിശ്വസിച്ചു.

ലൈബ്രറി അസോസിയേഷന്റെ സജീവ പ്രവർത്തകനായ പ്രേംചന്ദ്‌ എന്തിനാണ്‌ ചെറുപ്പത്തിൽ തന്നെ ആത്മഹത്യ ചെയ്‌തു? കാരണം തിരക്കി ബന്ധുക്കളും സഹപ്രവർത്തകരും വലഞ്ഞു. പ്രശ്‌നങ്ങളും പരിഹാര മാർഗ്ഗങ്ങളും, പഞ്ചാംഗം, ജാതകകഥകൾ, ഇവ പ്രേമിന്റെ മേശപ്പുറത്തുണ്ടായിരുന്നു. ജാതകകഥകൾക്കുളളിൽ നിന്നും ആത്മഹത്യാ ഹേതുവായേക്കാവുന്ന സാമഗ്രികളുടെ നീണ്ടൊരു ലിസ്‌റ്റ്‌ കിട്ടി. കൈപ്പട മറ്റാരുടേതോ എന്നത്‌ മറ്റാരു ദുരൂഹത.“

രണ്ടു ദിവസങ്ങളായി മേലാകെ തരിപ്പ്‌, വല്ലാതെ തോന്നിയതു കൊണ്ടുമാത്രം ഇന്ദുശേഖരൻ ടൈപ്പിംഗ്‌ നിർത്തി. കണ്ണു വേദനിച്ചിട്ടും ആ മെയ്‌ൽ അയാൾ തുറന്നു. അത്‌ മുരളീ മനോഹറിന്റേതായിരുന്നു. ലൈബ്രേറിയൻ ബ്ലോഗ്‌ സ്പോട്ട്‌ എന്നൊരെണ്ണം നെറ്റിൽ കണ്ടെന്നും, കുഞ്ഞേട്ടന്റെ ജീവിത സാദൃശ്യമുളള കുറെ വിവരങ്ങൾ വായിച്ചെന്നും.

അജയ്‌നേം ശ്രീരതി ചേച്ചിയേയും അന്വേഷണം അറിയിക്കുക. അവന്റെ കല്ല്യാണം എന്തായി? അതങ്ങ്‌ നടത്തിക്കൂടേ കുഞ്ഞേട്ടാ. കുഞ്ഞിലക്ഷ്‌മി ഏച്ചി കഴിഞ്ഞാഴ്‌ച മരിച്ചു. വയ്യാണ്ടാവുന്നതിനു മുമ്പ്‌ കണ്ടപ്പോഴും കുഞ്ഞേട്ടനെ തിരക്കിയിരുന്നു. തിരിച്ചേൽപ്പിക്കാൻ കുഞ്ഞേട്ടന്റെ ഒരു പഴയ ഫോട്ടോ എന്നെ സ്വകാര്യമായി ഏൽപ്പിച്ചിട്ടുണ്ട്‌. ഞാനെത്തിക്കാം.

വൈകുന്നേരം അസോസിയേഷൻ സെക്രട്ടറിയെ കാണാൻ ഇന്ദുശേഖരനിറങ്ങി. ഒരെഴുത്തുകാരന്റെ ആവേശത്തോടെ. ബ്ലോഗിലെ മാറ്ററിനോട്‌ ഗോപിക്ക്‌ അത്ര താല്പര്യം പോരാത്തതുപോലെ. ഗോപീ മോഹന്റെ ഉളളിലിരിപ്പനുസരിച്ച്‌ ഞാനെങ്ങനെ പ്രവർത്തിക്കും? ഡബ്‌ള്യു.ഡബ്‌ള്യു.ഡബ്‌ള്യു.ലൈബ്രേറിയൻ.ബ്ലോഗ്‌ സ്പോട്ട്‌.കോം എന്തായാലും ഗോപിക്ക്‌ കൈമാറിയില്ല. അവനങ്ങനൊരു സൈറ്റ്‌ നേരത്തേ സംഘടിപ്പിച്ചൂടായിരുന്നോ? അതൊരു കാച്ചിംഗ്‌ സൈറ്റ്‌ എന്നെങ്കിലും സമ്മതിച്ചല്ലോ.

മടക്കയാത്രയിൽ ഇന്ദുശേഖർ കൂടുതൽ അസ്വസ്ഥനായി.

റമീനയുടെ മെയ്‌ൽ അയാൾക്ക്‌ തുറക്കാനേ കഴിഞ്ഞില്ല. അസോസിയേഷന്റെ സെക്രട്ടറിയെ കണ്ടു മടങ്ങുമ്പോഴാണ്‌ ഇന്ദുശേഖർ ഹാർട്ട്‌ അറ്റാക്കിന്റെ പിടിയിൽ പെട്ടത്‌.

Generated from archived content: story1_nov24_07.html Author: pk_sudhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English