തൂവാനത്തുമ്പികള്‍

പ്രകൃതിയുടെ താളാത്മകമായ രസവിന്യാസങ്ങളിലൂടെയും ഉന്മത്തമായ വികാരങ്ങളിലൂടെയും യോഗീതുല്യമായ നിശബ്ദതയിലൂടെയുമൊക്കെയുള്ള ഒരു പാലായനമാണ് തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ സിനിമ. കരാകത്ത് ഉണ്ണിമേനോനെന്ന ആകാശവാണിയിലെ തന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ നിന്നും പത്മരാജനിലെ കഥാ‍ന്വേഷി കണ്ടെടുത്ത അത്ഭുതങ്ങള്‍ നിറഞ്ഞ ഒരേടായിരുന്നു ഉദകപ്പോള എന്ന നോവല്‍. പിന്നീട് ചലിക്കുന്ന ചിത്രങ്ങളിലൂടെ കഥ പറയാന്‍ ഒരുങ്ങിയപ്പോള്‍ പത്മരാജനിലെ കഥാകാരന്‍ താന്‍ ആത്മാവു നല്‍കിയ ഈ നോവലിലെ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളേയും കുറെക്കൂടി ആഴത്തില്‍ പ്രേക്ഷകന്റെ മനസിലേക്ക് എത്തിക്കുന്നു. ആ ചലചിത്രാവിഷ്ക്കാരമണ് തൂവാനത്തുമ്പികള്‍. ഒരു പക്ഷെ അഞ്ചാം തവണ കണ്ടപ്പോള്‍ പോലും ഈ സിനിമയെക്കുറിച്ച് എഴുതാന്‍ ഞാ‍ന്‍ പേടിച്ചിരുന്നു. ഈ എഴുത്തും എന്റെ അറിവില്ലായ്മയില്‍ നിന്നും നിര്‍ബദ്ധബുദ്ധിയോടെ ഞാന്‍ പകര്‍ത്തിയെടുക്കുന്ന ഒന്നായി വേണം കരുതാന്‍. ജനാലയ്ക്കരികില്‍ നിവര്‍ത്തി വച്ച വെള്ളക്കടലാസ്… ജയകൃഷ്ണന്‍ എഴുതി തുടങ്ങുകയാണ്. …. പ്രിയപ്പെട്ട ക്ലാരക്ക്… പുറത്ത് ഉന്മത്തരായ കാര്‍മേഘകൂട്ടങ്ങള്‍ ഭൂമിയുടെ മാറിലേക്ക് മഴയായ് പെയ്തിറങ്ങുന്നു. ( നിറഞ്ഞു പെയ്യുന്ന വേനല്‍ മഴയുടെ ഈ സന്താനങ്ങളാവാം പിന്നീട് ഭൂമി മാതാവിന്റെ ഉള്ളില്‍ നിന്നും തൂവാനത്തുമ്പികളായി പറന്നുയരുന്നത്) അകമ്പടിയായി ഫ്രഞ്ച്- സ്പാനിഷ് സിനിമകളില്‍ കേട്ടിട്ടുള്ള അത്ഭുതകരാമായ ശബ്ദവിന്യാസം പോലെ ജോണ്‍സന്‍ മാസ്റ്റര്‍ സൃഷ്ടിച്ചെടുത്ത പശ്ചാത്തല സംഗിതം കൂടിയായപ്പോള്‍ ഈ രംഗം മലയാള സിനിമകളിലെ ക്ലാസിക്കുകളിലൊന്നായി മാറുന്നു. ഭാരതിരാജ – ഇളയരാജ കൂട്ടുകെട്ടുകളില്‍ മാത്രമാണ് ഇത്ര വശ്യവും ഉദാത്തവുമായി സംഗീതവും പ്രകൃതിയും സംഗമിക്കുന്ന രംഗങ്ങള്‍ ഞാന്‍ കണ്ടിട്ടുള്ളത്. മറ്റേതോ ലോകത്തേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഈ സമന്വയം സിനിമയെന്ന ദൃശ്യകലക്ക് അതിലും ഉയര്‍ന്ന മറ്റു മാനങ്ങള്‍ കാണിച്ചു കൊടുക്കുന്നുണ്ട്. പ്രകൃതിയും മനുഷ്യനും സംഗീതവുമെല്ലാം ഇഴചേരുന്ന ഈ രംഗത്തിന്റെ മുമ്പും ശേഷവുമാ‍യുള്ള ജയകൃഷ്ണന്റെ ജീവിതമാണ് തൃശൂരിന്റെ എല്ലാ കുസൃതികളും ആര്‍ഭാടങ്ങളും ഉള്‍ക്കാഴ്ചകളും ചേര്‍ത്ത് പത്മരാജന്‍ അവതരിപ്പിക്കുന്നത്. ജയകൃഷ്ണന്‍ ( മോഹന്‍ലാല്‍) എന്ന തൃശൂരുകാരന്‍ മേനോന്റെ ജീവിതത്തിലെ ഒരു കാലഘട്ടം ക്ലാര ( സുമലത) , രാധ, (പാര്‍വതി) എന്നീ രണ്ടു സ്ത്രീകഥാപാത്രങ്ങളും അശോകനില്‍ തുടങ്ങി ബാറിലെ വെയിറ്ററായ ഡേവിയേട്ടന്‍ വരെയുള്ള ഒരു പാട് തൃശൂര്‍ക്കാരുടേയും ഇടയിലൂടെ ആവിഷ്ക്കരിക്കുകയാണ് പത്മരാജന്‍ . ഈ ആള്‍ക്കൂട്ടത്തിനിടയിലും ഓരോ കഥാപാത്രത്തിന്റെയും വ്യക്തമായ സ്കെച്ചുകള്‍ നല്‍കുന്നതില്‍ സംവിധായകന്റെ ശ്രമം പൂര്‍ണ്ണമാകുന്നതായി കാണാം. ഒരു ഫിലിം മേക്കര്‍ , വികാരങ്ങളെ ഉദ്ദീപിക്കുന്ന കുറെ രംഗങ്ങള്‍ സെല്ലുലോയിഡില്‍ കോറിയിട്ടു പോകുന്ന കേവലം കഥാപറച്ചിലുകാരന്‍ മാത്രമല്ലായെന്ന് അടിവരയിടുന്നതാണ് ഈ സിനിമയിലെ ഓരോ രംഗവും . ഗ്രാമത്തിലെ വലിയ വീട്ടില്‍ തായ്മൊഴിയായി കിട്ടിയ സ്വത്തിന്റെ മേല്‍നോട്ടം വഹിച്ച് കഴിയുന്ന പിശുക്കനും കടും പിടുത്തക്കാരനുമായ ജയകൃഷണനെയാണ് ആദ്യത്തെ ഫ്രയ്മില്‍ അതിഭാവുകത്വങ്ങളുടെ അകമ്പടിയില്ലാതെ നാം കാണുന്നത്. മെയ്യും മനസും മണ്ണിനോടു ചേര്‍ത്ത തനി നാടന്‍ കര്‍ഷകന്‍ ജന്മിത്വത്തിന്റെ ശേഷിക്കുന്ന ചുരുക്കം ചില കണ്ണികളായിരുന്നു ജയകൃഷ്ണനും കുടുംബവും . ജഗതി ശ്രീകുമാര്‍ എന്ന നടന്റെ അതുവരെ കാണാത്ത മാനറിസങ്ങളെ ഒരു പാട് തവണ നമ്മുടെ മുന്നിലെത്തിച്ചയാളാണ് പത്മരാജന്‍. ഇവിടേയും ആദ്യത്തെ രംഗത്തു തന്നെ രാവുണ്ണി എന്ന കഥാപാത്രമായി ജഗതി എത്തുന്നുണ്ട്. രാവുണ്ണി ജഗതിക്കു മാത്രം സാധ്യമായ ചില അത്ഭുതപ്പെടുത്തുന്ന ഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. പപ്പുവും ജഗതിയും പോലുള്ളവരില്‍ മാത്രം കാണുന്ന അപൂര്‍വ പ്രതിഭയുടെ കയ്യൊപ്പു പതിഞ്ഞ ഒരു കഥാപാത്രം . ഹാസ്യത്തിന് മലയാളി കല്‍പ്പിച്ചു നല്‍കിയ നിലവാരത്തിന്റെ സൂചകം കൂടിയാണ് ഇത്തരം കഥാപാത്രങ്ങള്‍. പറമ്പിന്റെ ഒരു മൂലയില്‍ കുടികിടപ്പവകാശം നേടിയ പഴയ കുടിയാന്റെ എല്ലാ വിഹ്വലതകളും അപകര്‍ഷബോധവും വല്ലാത്ത ദാര്‍ഷ്ഠ്യവും പ്രകടിപ്പിക്കുന്ന ഈ കഥാപാത്രം കഥയുടെ വളര്‍ച്ചയിലുടനീളം ഒരു പാട് അസ്വസ്ഥകളുമായി പ്രത്യക്ഷപ്പെടുന്നു. ഗ്രാമത്തില്‍ ജയകൃഷ്ണന്‍ തികഞ്ഞ ഒരു കുടുംബനാഥനാണ്. എന്നാല്‍ തികച്ചും വേറിട്ട ഒരു ജയകൃഷ്ണനെയാണ് നഗരത്തിന്റെ വേഗതയിലും അന്തര്‍മുഖങ്ങളിലും നാം കണ്ടുമുട്ടുന്നത്. ഋഷി ( അശോകന്‍) നടത്തുന്ന ഇലട്രിക് കടയില്‍ സന്ദര്‍ശനം നടത്തുന്ന ജയകൃഷ്ണന്റെ മറ്റൊരു മുഖം പിന്നീട് അനാവൃതമാകുന്നുണ്ട്. വളരെ സങ്കീര്‍ണ്ണമായ സ്വഭാവഘടനയാണ് ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ വ്യത്യസ്തനാക്കുന്നത്. കഥാഗതി പോലെ തന്നെ അറിയും തോറും ആഴമേറുന്ന നായകകഥാപാത്രം പ്രേക്ഷകന്റെ മനോവ്യാപാരങ്ങളിലൂടെ വളര്‍ന്ന് അതിന്റെ ഭാവത്മകമായ തലത്തിലേക്കുയരുന്നു. ഇവിടെ പ്രേക്ഷകര്‍ക്ക് അപരിചിതനല്ല ജയകൃഷ്ണന്‍ . നിഗൂഢമായതൊന്നും ജയകൃഷ്ണനിലില്ല ‘’ മ്മ്ക്കും ഒന്നു സുഖിക്കേണ്ടേ ഇഷ്ടാ…’‘ എന്ന ഋഷിയുടെ ചോദ്യത്തിനു മുമ്പില്‍ നിഷ്ക്കളങ്കമായി ചിരിക്കുന്ന ജയകൃഷ്ണനെയല്ല നഗരത്തിലെ മുന്തിയ ബാറിലും വേശ്യാലയത്തിലും നാം കാണുന്നത്. നഗരത്തിലെ വേശ്യാലയത്തിന്റെ നടത്തിപ്പുകാരനും ജയകൃഷ്ണന്റെ ഉറ്റ സുഹൃത്തുമായ തങ്ങള്‍ ( ബാബു നമ്പൂതിരി) എന്ന കഥാപാത്രം പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ് കഥയിലെ പ്രധാന വഴിത്തിരിവിനു കാരണമാകുന്ന കേവലം ഒരു കൂട്ടിക്കൊടുപ്പുകാരനായി തരം താഴ്ത്തപ്പെടേണ്ടയാളല്ല തങ്ങള്‍. അത്തരം കഥാപാത്രങ്ങളുടെ പതിവു ക്ലീഷേകള്‍ക്കപ്പുറം നാം അതുവരെ കാണാത്ത മറ്റൊരുപാടു ഭാവഭേദങ്ങള്‍ തങ്ങള്‍ക്കു നല്‍കുന്നുണ്ടു പത്മരാജന്‍ . ശരീരത്തിനു വിലയിടുന്ന ഈ കഥാപാത്രത്തിന്റെ വാദമുഖങ്ങള്‍ക്കും നാം ന്യായം കണ്ടെത്തുന്നു. ആദ്യകാഴചയില്‍ തന്നെ രാ‍ധയെ ഇഷ്ടപ്പെടുന്ന ജയകൃഷ്ണന്റെ സ്വൈര്യക്കേട് രാധയോട് അവതരിപ്പിക്കുന്ന രംഗം ഒരു താന്തോന്നിയായ തൃശൂര്‍ക്കാരന്റെ മാത്രം ഭാവനയില്‍ കാണാന്‍ കഴിയുന്ന ഒന്നാണ്. ജയകൃഷ്ണന്റെ ജീവിതം ക്ലാരയുടെ വരവിനു മുമ്പ് അയാള്‍ വിശേഷിപ്പിച്ച പോലെ കുറെ കൊച്ചു വാശികളും അന്ധവിശ്വാസങ്ങളും ദുശീലങ്ങങ്ങളുമൊക്കെ ചേര്‍ന്ന ഒരാഘോഷമായിരുന്നു. സൗന്ദര്യം കൊണ്ടും മനോനില കൊണ്ടും പക്വത കൊണ്ടും ക്ലാര വെള്ളിത്തിരയില്‍ അനശ്വരയാകുന്നു. ‘’ എന്തായാലും നശിക്കും …എന്നാപ്പിന്നെ അന്തസായി നശിച്ചു കൂടെ… ആശ തീര്‍ന്നു മരിച്ചൂടെ?’‘ ഇങ്ങനെയൊരു ചോദ്യം പത്മരാജന്‍ സിനിമയിലെ ഉണ്ടാകു. അതു പറയാന്‍ ക്ലാരക്കേ കഴിയൂ. മലയാളിയുടെ സദാചാര ബോധത്തിന്റെ കപടഭാവത്തെ ഒരു പാടു തവണ പിച്ചിച്ചീന്തിയിട്ടുള്ള പത്മരാജന്‍ രചനാ ശൈലിയുടെ ഉത്തമോദാഹരണമാണ് ക്ലാര.

പ്രേക്ഷകന്റെ മുന്‍ വിധികളെ തകിടം മറിക്കുന്ന ആഖ്യാനവും ആ ദൃശ്യാവിഷ്ക്കാരവും അവനെ സ്വയം വിചാരണക്കു വിധേയനാക്കുന്നു. സിനിമ എന്ന കലാരൂപത്തിന് വെള്ളിത്തിരയിലെ വിസ്മയ ലോകത്തിനുമപ്പുറം മാനങ്ങള്‍ കല്‍പ്പിച്ചു കൊടുക്കുന്നുണ്ട് പത്മരാജന്‍. ആസ്വാദകന്റെ മനോ മണ്ഡലത്തെ പിടിച്ചുലക്കുന്ന ഒരു പാട് ചിന്താധാരകള്‍ക്ക് വഴിയിട്ടുകൊണ്ടാണ് ഈ സിനിമ അഭ്രപാളികളില്‍ നിന്നും മാഞ്ഞു പോകുന്നത്. ക്ലാരയും ജയകൃഷ്ണനും തമ്മിലുള്ള സമാഗമങ്ങളും രാധക്കു ജയകൃഷ്ണനോടും അയാളുടെ വ്യക്തിത്വത്തോടും തോന്നുന്ന ഭ്രമവും പ്രണയവുമെല്ലാം കഥാഗതിയെ മുന്നോട്ടു നയിക്കുന്നു. ജയകൃഷ്ണന്‍ രാധയിലൂടെയും ക്ലാരയിലൂടെയും അയാളെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ , താന്‍ ഇതുവരെ അറിയാത്ത ഒരു പാട് വെളിപാടുകള്‍ അയാളെ തേടിയെത്തുന്നു. രാധ എന്ന കഥാപാത്രം വിധേയയായി നില്‍ക്കുമ്പോഴും വികാരപരവും ബൗദ്ധികവുമായ പക്വത പുലര്‍ത്തുന്നുണ്ട്. താന്‍ അറിഞ്ഞോ അറിയാതെയോ ആഗ്രഹിച്ച വഴികളിലൂടെ സഞ്ചരിച്ച ക്ലാര , പലപ്പോഴും ജയകൃഷ്ണനെ തേടിയെത്തുന്നുണ്ട്. കത്തുകളിലൂടെയെത്തുന്ന അവളുടെ ആഗമനത്തിന്റെ സന്ദേശങ്ങള്‍ , അവരുടെ സംഗമങ്ങള്‍ ഇവയുടെയൊക്കെ ആവിഷ്ക്കാരരീതി ജഢികസുഖത്തിനുമപ്പുറം ആത്മീയമായ വികാരങ്ങളുടെ ഛായ നല്‍കുന്നുണ്ട്. പ്രണയമെന്നതിന് പത്മരാജനിലെ എഴുത്തുകാ‍രന്‍ കല്‍പ്പിച്ചു കൊടുത്ത വിവിധ മാനങ്ങള്‍ ഈ ചലചിത്രത്തെ സര്‍ഗാത്മകതയുടെ അവിസ്മരണീയമായ ഒരേടാക്കി മാറ്റുന്നു. ചങ്ങലക്കിട്ട ഭ്രാന്തന്റെ നിലവിളികേട്ട് ഉറങ്ങുന്ന ക്ലാരയുടേയും ജയകൃഷ്ണന്റേയും അവസാന സംഗമരംഗത്ത് മഴ പെയ്യുന്നില്ല . ഇരുണ്ട കാര്‍മേഘങ്ങള്‍ക്കിടയില്‍ മഴ ഒളിച്ചിരിക്കുന്നു. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം അവസാന കൂടിക്കാഴ്ചയില്‍ ഒരു കുഞ്ഞിന്റെ അമ്മയായ ക്ലാരെയെയാണ് ജയകൃഷ്ണന്‍ റെയില്‍വേ സ്റ്റേഷനില്‍ കാണുന്നത് . ആ ഒരു വര്‍ഷം കൊണ്ട് രണ്ടു പേരുടേയും ജീവിതം ഒരു പാട് മാറിപ്പോയിരുന്നു. ജയകൃഷ്ണന്റെയും രാധയുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. രാധയും ജയകൃഷ്ണനും പ്ലാറ്റ്ഫോമില്‍ തനിയെ നില്‍ക്കുമ്പോള്‍ ചൂളം വിളിച്ച് അകലേക്കു പോകുന്ന ട്രെയിനിന്റെ പശ്ചാത്തലത്തിലാണ് സിനിമ അവസാനിക്കുന്നത്.

ക്ലാരയും രാധയും ഒരിക്കലും കണ്ടുമുട്ടുന്നില്ലെങ്കിലും അവര്‍ അറിയുന്നുണ്ട് ഇരുവരും തീര്‍ക്കുന്ന തീവ്രമായ വിഘര്‍ഷണത്തെ . ഒരേ ബിന്ദുവിലേക്ക് പല ഘട്ടങ്ങളീല്‍ പല സമയകോണുകളില്‍ ആകര്‍ഷിക്കപ്പെടുന്ന അപൂര്‍വ്വമായ സ്വഭാവസവിശേഷതകള്‍ ഉള്ള ഈ രണ്ടു കഥാപാത്രങ്ങള്‍ മലയാളത്തിലെ കൊട്ടിഘോഷിക്കപ്പെടുന്ന ഏതു സ്ത്രീപക്ഷ സിനിമയെക്കാളും ശക്തമായ സൃഷ്ടിതന്നെയാണ് .

മഴയും മണ്ണൂം ശരീരവും ഭ്രാന്തും ഉണ്മയുമൊക്കെച്ചേര്‍ന്ന ഓരോ നിമിഷങ്ങളിലും പത്മരാജന്‍ സിനിമ എന്ന ജനുസിന്റെ ആഘോഷമാണ് തൂവാനത്തുമ്പികള്‍ . കാഴ്ച്ചപ്പാടിലും ഉള്‍ക്കാമ്പിലും ആഴമേറിയ പഠനവും കാവ്യാത്മകതയും ഒരുമിക്കുന്ന കഥാവിഷ്ക്കാരം.

കടപ്പാട് : ചൂള മാഗസിന്‍,നിര്‍മ്മല കോളേജ്

Generated from archived content: essay1_june9_12.html Author: paul.john

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English