കശുവണ്ടി വ്യവസായത്തിന്റെ ആരംഭം

പറങ്കികൾ കൊണ്ടുവന്നതിനാലാണ്‌ കശുവണ്ടിയെ പറങ്കിയണ്ടിയെന്ന്‌ വിളിക്കുന്നത്‌. പോർട്ടുഗീസുകാരെയാണ്‌ പറങ്കികളെന്ന്‌ വിളിക്കുന്നത്‌. തെക്കേ അമേരിക്കയിലെ ബ്രസീലാണ്‌ കശുവണ്ടിയുടെ ജന്മസ്‌ഥലം. പോർട്ടുഗീസുകാർ നമ്മുടെ രാജ്യത്തുവന്നത്‌ 1498-ലാണ്‌. ഇവർ ആദ്യമായി വന്നിറങ്ങിയത്‌ കോട്ടഴിക്കോട്ടായിരുന്നു. ഈ നിലയിൽ കണക്കാക്കിയാൽ പറങ്കിയണ്ടി നമ്മുടെ രാജ്യത്തെത്തിയിട്ട്‌ അഞ്ചുനൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു.

പറങ്കിയണ്ടിക്ക്‌ ഇംഗ്ലീഷിൽ കാഷ്യൂനട്ടെന്നാണ്‌ പേര്‌. ഇങ്ങനെ പേരു കിട്ടാൻ രസകരമായൊരു കഥയുണ്ട്‌. പറങ്കിയണ്ടി ഒരു വ്യവസായമായി ആരംഭിക്കുന്നതിനുമുമ്പ്‌ സ്‌ത്രീകൾ ഇത്‌ വീട്ടിൽ ചുട്ടുതല്ലി വഴിവക്കത്തിരുന്ന്‌ വിൽക്കുമായിരുന്നു. കാശിന്‌ എട്ടെണ്ണമാണ്‌ നൽകിയിരുന്നത്‌ പഴയകാല നാണയ വ്യവസ്‌ഥയിലെ ഏറ്റവും ചെറിയതായിരുന്നു (ചില്ലി) കാശ്‌. ഒരു ദിവസം വഴിയെവന്ന സായിപ്പ്‌ അണ്ടിപ്പരിപ്പ്‌ കണ്ടിട്ട്‌ മനസ്സിലാകാതെ “ വാട്ട്‌ ഈസ്‌ ദിസ്‌” (ഇതെന്താണ്‌) എന്നു ചോദിച്ചപ്പോൾ ഇംഗ്ലീഷറിയാൻ പാടില്ലാത്ത കിഴവി കാശിനെട്ടെന്ന്‌ മറുപടി പറഞ്ഞു. അണ്ടിപ്പരിപ്പിനെ കാഷ്യൂനട്ടെന്ന്‌ തെറ്റിദ്ധരിച്ച സായിപ്‌ ഇതിനെ കാഷ്യൂനട്ടെന്ന്‌ പറയുവാൻ തുടങ്ങിയെന്നാണ്‌ കഥ. ഈ കഥയിലെ കാശുമായി ബന്ധപ്പെട്ട്‌ കശുവണ്ടിയെന്ന്‌ പേരുണ്ടായെന്ന്‌ തലമുറകളായി വിശ്വസിച്ചുവരുന്നു.

പോർട്ടുഗീസുകാർ കശുവണ്ടിയെ കേരളത്തിലേക്ക്‌ കൊണ്ടുവന്നത്‌ ഭക്ഷിക്കാനോ വ്യവസായത്തിനോ ആയിരുന്നില്ല. മണ്ണൊലിപ്പിനെ തടയാനും കാറ്റിനെ നിയന്ത്രിക്കാനുമാണിവർ ഇതിനെയിവിടെ നട്ടുപിടിപ്പിച്ചത്‌. എന്നാലിതിന്ന്‌ കർഷകരുടെ ഒരു വരുമാനമാർഗ്ഗവും ലക്ഷക്കണക്കിന്‌ പേർക്ക്‌ തൊഴിൽ നൽകുന്നതും കൂടാതെ കേരളത്തിന്റെ സമ്പദ്‌ഘടനയിൽ നിർണ്ണായക പങ്കുവഹിക്കുന്നതും ഇൻഡ്യാരാജ്യത്തിന്‌ ഏതാണ്ട്‌ 2700 കോടിയോളം രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന ഒന്നായി മാറിയിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്‌ കശുവണ്ടി വാണിജ്യ പ്രധാനമായൊന്നായി മാറിത്തുടങ്ങിയത്‌. 1914 മുതൽ ചെറിയതോതിൽ കശുവണ്ടിപ്പരിപ്പ്‌ വിദേശത്തേക്കയച്ചു തുടങ്ങിയെന്ന്‌ പറയുന്നു. ഈ വ്യവസായം ഇവിടെ ആരംഭിച്ചത്‌ റോച്ചു വിക്‌ടോറിയ എന്ന ആംഗ്ലോഇൻഡ്യനാണ്‌. ഇദ്ദേഹം തമിഴ്‌നാട്ടിലെ തൂത്തുക്കൂടിക്കാരനായിരുന്നു. കൊല്ലത്താണ്‌ ഫാക്‌ടറി തുടങ്ങിയത്‌. ഇന്നത്തെ രീതിയിലുള്ള ഫാക്‌ടറിയല്ല ഒരു ഷെഢ്‌ അതിൽക്കുറച്ച്‌ തൊഴിലാളികൾ. അണ്ടി ചുട്ടുതല്ലി തൊലി പൊളിക്കുന്ന രീതിയിലായിരുന്നു. വറുപ്പ്‌ മെഷ്യനില്ല. ബോർമ്മയില്ല. ഗ്രെഡിംങ്ങില്ല. ഇന്നത്തെപ്പോലെ പരിപ്പിന്‌ ഫിനിഷുമില്ലായിരുന്നു. എങ്കിലും പരിപ്പിന്‌ നല്ല പ്രിയമായിരുന്നു.

ജോസഫ്‌ പേരേരയും മൂർത്തിനാരായണനുമൊക്കെയാണ്‌ ആദ്യം ഫാക്‌ടറി തുടങ്ങിയതെന്ന്‌ ചിലർ പറയുന്നുണ്ടെങ്കിലും കൂടുതൽ ആധികാരികത റോച്ചുവിക്‌ടോറിയക്കാണ്‌. കാരണം റോച്ചു വിക്‌ടോറിയ ഈ സംരംഭത്തിൽ പരാജയപ്പെട്ടപ്പോൾ ഇദ്ദേഹത്തിന്റെ സ്‌റ്റെനോയായിരുന്ന പി.വി.സ്വാമിനാഥനാണ്‌ പിന്നീട്‌ ഇതൊരു വ്യവസായമെന്ന നിലയിൽ വികസിപ്പിച്ചെടുത്ത ആദ്യവ്യക്തി. ഇതോടെ സ്വാമിനാഥനെ കശുവണ്ടിവ്യവസായത്തിന്റെ സ്‌ഥാപകനായി പരക്കെ അറിയപ്പെട്ടു. സ്വാമിനാഥനെ ഇന്നെല്ലാവരും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സ്വാമിനാഥൻ അറിയാത്ത മാർക്കറ്റിനുവേണ്ടി വ്യവസായം നടത്തിക്കൊണ്ട്‌ സാഹസികതകാട്ടി. ഇദ്ദേഹം അമേരിക്കൻ മുതലാളിയുമായി കൂട്ടുചേർന്നതോടെ പരിപ്പിന്‌ വിദേശത്ത്‌ വൻ പ്രചാരം ലഭിച്ചു. ഇതോടെ ഈ വ്യവസായത്തിന്റെ കുതിപ്പാരംഭിച്ചു. തങ്ങൾകുഞ്ഞു മുസലിയാർ, വെണ്ടർ കൃഷ്‌ണപിള്ള, ഈച്ചം വീട്ടിൽ മൊയ്‌തീൻകുഞ്ഞ്‌, കിടങ്ങിൽ കേശവൻ തുടങ്ങിയവർ ഈ വ്യവസായത്തിന്റെ ആദ്യകാല മുതലാളിമാരായിരുന്നു. സ്വാമിനാഥനുവേണ്ടി തോട്ടണ്ടി ശേഖരിച്ചു നൽകിയിരുന്നു ഏജന്റായിരുന്നു തങ്ങൾകുഞ്ഞ്‌ മുസലിയാർ. ഇദ്ദേഹം പിന്നീട്‌ ഫാക്‌ടറി തുടങ്ങുകയും ഒന്നിൽ നിന്നാരംഭിച്ച്‌ ഇരുപത്തിയാറു ഫാക്‌ടറികളുടെ ഉടമയായിക്കൊണ്ട്‌ കശുവണ്ടി വ്യവസായത്തിലെ രാജാവായിവാണു. ഇദ്ദേഹം ഫാക്‌ടറികൾക്കാവശ്യമായ കട്ടനിർമ്മാണത്തിലും ഓടുനിർമ്മാണത്തിലും ഏർപ്പെട്ടു. കൂടാതെ പരിപ്പു കയറ്റിയയക്കുന്നതിനാവശ്യമായ പെട്ടിനിർമ്മാണത്തിനായി തടിമില്ലും തുടങ്ങി. ഇങ്ങനെ ഫാക്‌ടറികൾക്കാവശ്യമായ അനുബന്ധ സ്‌ഥാപനങ്ങളും തുടങ്ങിക്കൊണ്ടു മാതൃകയായി. 1930 ന്‌ ശേഷമുള്ള ചുരുങ്ങിയ കാലംകൊണ്ട്‌ കൊല്ലം കേന്ദ്രീകരിച്ച്‌ കശുവണ്ടി വ്യവസായം വളർന്നു പടർന്നു.

അണ്ടി ചുട്ടുതല്ലിയിരുന്ന ഘട്ടത്തിൽ നിന്നും പിന്നീട്‌ തുറന്നതും പരന്നതുമായ ഇരുമ്പുപാത്രത്തിലിട്ട്‌ വറക്കുന്നതിലേക്ക്‌ മാറി. ഇക്കാലത്തെ ചട്ടിവറുപ്പ്‌ ഘട്ടമെന്ന്‌ വിളിക്കുന്നു. പിന്നീട്‌ ചൂളകളുള്ള ഡ്രമ്മും ബോർമ്മകളും കട്ടിംഗ്‌ മെഷ്യനുമൊക്കെ വന്നെങ്കിലും ആരംഭഘട്ടത്തിലേതുപോലെ ഇന്നും മനുഷ്യ ശക്തിയുപയോഗിച്ചുള്ള തൊഴിൽ രീതി നിലനിൽക്കുന്നതിനാൽ കശുവണ്ടി വ്യവസായം പരമ്പരാഗത വ്യവസായ പട്ടികയിൽപ്പെട്ടിരിക്കുന്നു.

യന്ത്രത്തിന്‌ കശുവണ്ടിയുടെ ഘടനയുമായി പൊരുത്തപ്പെടാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതിനാൽ വളരെയധികംതൊഴിലവസരങ്ങൾ ലഭിക്കുന്നു. വിയറ്റ്‌നാം, ബ്രസീൽ, ത്‌ധാൻസാനിയ, അംഗോള, കെനിയ തുടങ്ങി വളരെയധികം രാജ്യങ്ങളിൽ കശുവണ്ടി വിളഞ്ഞിരുന്നെങ്കിലും ഇതു സംസ്‌കരിച്ച്‌ ഭക്ഷ്യയോഗവും വ്യവസായപ്രാധാന്യമുള്ളതാക്കിയത്‌ ആദ്യമായി കേരളത്തിൽ കൊല്ലത്താണ്‌. ലോകത്ത്‌ കശുവണ്ടി ഫാക്‌ടറികളെന്നു പറഞ്ഞാൽ കേരളത്തിലെ കൊല്ലത്തിന്റെ പ്രത്യേകതയായിരുന്നു. ഇന്ന്‌ കേരളത്തിൽത്തന്നെ മിക്കവാറും എല്ലാ ജില്ലകളിലും അയൽ സംസ്‌ഥാനങ്ങളിലും മാത്രമല്ല വിയറ്റ്‌നാം. ത്‌ധാൻസാനിയ തുടങ്ങിയ പല രാജ്യങ്ങളിലും ഫാക്‌ടറികളുണ്ട്‌. വിദേശത്ത്‌ യന്ത്രവൽകൃതവുമാണ്‌. എങ്കിലും കേരളത്തിൽ മദ്ധ്യതിരുവിതാംകൂറിലെ കശുവണ്ടി തൊഴിലാളികളുടെ കൈവിരുതിനെയും ഇവിടെ സംസ്‌കരിക്കുന്ന പരിപ്പിന്റെ രൂചിയേയും ആകർഷണത്തെയും പരാജയപ്പെടുത്താൻ ലോകത്തിലൊരു ശക്തിക്കും കഴിഞ്ഞിട്ടില്ല.

Generated from archived content: essay1_jun9_10.html Author: pattiyur_viswan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English