പതിനൊന്ന്‌

കാറിൽനിന്നിറങ്ങിയ രാജ്‌മോഹൻ ഒരു നിമിഷം നിശ്‌ചലനായി നിന്നു. പിന്നെ ഉറച്ച കാലടികളോടെ അകത്തേക്കു കടന്ന അയാൾ ആദ്യം കണ്ടത്‌ റിവോൾവിംഗ്‌ ചെയറിലിരുന്നു മെല്ലെ മെല്ലെ തിരിയുന്ന ജനാർദ്ദനൻ തമ്പിയെ. പിന്നെ കണ്ണുകളിൽ അപകടകരമായ തിളക്കവുമായി ക്രൂരമായി ചിരിച്ചുകൊണ്ടിരിക്കുന്ന അഡ്വക്കേറ്റ്‌ നാരായണക്കുറുപ്പിനെ.

ചടുലമായ ചലനത്തോടെ രാജ്‌മോഹൻ മുന്നോട്ടു വന്നു. തമ്പിയുടെ തൊട്ടു മുന്നിലെത്തി. അയാൾ അറ്റൻഷനായി തമ്പിയെ സല്യൂട്ടു ചെയ്‌തു.

തമ്പി മെല്ലെ പറഞ്ഞു.

‘ഈ കുപ്പായം നിനക്കു നന്നായി ഇണങ്ങുന്നുണ്ട്‌.’

‘സാറിനെപ്പോലെയുള്ളവർക്കു ചിലപ്പോഴെങ്കിലും ഇതിന്റെ തിളക്കം കാണുമ്പോൾ കണ്ണു മഞ്ഞളിക്കും. അപ്പോൾ ഇത്‌ ഊരിവയ്‌ക്കാൻ പറയും. പലപ്പോഴായി ഈ കുപ്പായം ഊരിവയ്‌ക്കേണ്ടി വന്നതുകൊണ്ട്‌ ഇണങ്ങുമെന്നു വിശ്വസിക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്‌.

തമ്പി എഴുന്നേറ്റ്‌ രാജ്‌മോഹന്റെ മുന്നിലെത്തി.

’മലരികളും ചുഴികളുമുള്ള മഹാസമുദ്രത്തിലൂടെ നീ എപ്പോഴെങ്കിലും ഒരു പായ്‌ക്കപ്പലിൽ യാത്ര ചെയ്‌തിട്ടുണ്ടോ മോഹൻ? ഉണ്ടാവില്ല. കാക്കിയുടെ തിളക്കത്തിനപ്പുറം നീ മറ്റൊന്നും അറിയാറില്ലല്ലോ ഒരിക്കൽ നീ പറഞ്ഞിട്ടുണ്ട്‌. എന്റെ ക്വാളിഫിക്കേഷനെപ്പറ്റി നാലാം ക്ലാസും ഡ്രില്ലും. യെസ്‌ മൈ ബോയ്‌ യൂവാർ അബ്‌സെല്യൂട്ട്‌ലി റൈറ്റ്‌. അതുതന്നെയാണ്‌ എല്ലാം രാഷ്‌ട്രീയക്കാരന്റെയും ഹരിശ്രീ. പക്ഷേ, നീ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്‌. ഏതു കോടതി കുറ്റവാളിയാണെന്നു വിധിച്ചാലും എത്രവട്ടം ജയിലിൽ പോയാലും ജനങ്ങൾ ഒരു രാഷ്‌ട്രീയക്കാരനേയും തള്ളിപ്പറയില്ല. ഇന്നു തീഹാർ ജയിലിലുള്ളവരൊക്കെ നാടിന്റെ വിധി നിശ്ചയിക്കാൻ വീണ്ടും തിരിച്ചുവരും മോഹൻ. വിലങ്ങുവച്ച അതേകൈകൾകൊണ്ട്‌ നിങ്ങൾക്കവരെ വീണ്ടും സല്യൂട്ടു ചെയ്യേണ്ടിവരും.‘ രാജ്‌മോഹൻ ജനാർദ്ദൻതമ്പിയുടെ മുഖത്തുനിന്നും കണ്ണെടുത്തില്ല.

’പിന്നിൽ ആലു കിളിർത്താലും അതു തണൽ തരുമെന്നു കരുതുന്ന രാഷ്‌ട്രീയക്കാരെക്കുറിച്ചാണ്‌ അങ്ങു പറയുന്നതെങ്കിൽ യൂവാർ റൈറ്റ്‌ സാർ. മരണത്തിനു മാത്രമേ അവരുടെ നീരാളിക്കൈകൾ നാട്ടിൽ നിന്ന്‌ അടർത്തിമാറ്റാനാവൂ…….‘

തമ്പിയുടെ മുഖം വിവർണ്ണമായി.

കുറുപ്പ്‌ മെല്ലെ എഴുന്നേറ്റു. അയാൾ രാജ്‌മോഹന്റെ തൊട്ടു മുന്നിലെത്തി.

’നിങ്ങളുടെ ധാർമ്മികരോഷം എനിക്കു മനസ്സിലാകുന്നുണ്ട്‌. പക്ഷേ, രാജ്‌മോഹൻ, നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. ഇവിടെ തേനും പാലുമൊഴുക്കാമെന്ന്‌ ഒരു രാഷ്‌ട്രീയക്കാരനും ജനങ്ങൾക്കു വാക്കുകൊടുത്തിട്ടില്ല.‘

രാജ്‌മോഹൻ ചിരിച്ചു.

’ഇനിയും ഞാനെന്തെങ്കിലും പറഞ്ഞാൽ ഒരിക്കൽ കൂടി ഈ കുപ്പായമഴിച്ചുവയ്‌ക്കേണ്ടിവരും. പറയാൻ കൊള്ളരുതാത്ത ഒരു വാക്കാണു രാഷ്‌ട്രീയം എന്ന കാര്യം ഈ നാട്ടിലെ സാധാരണക്കാരേപ്പോലെതന്നെ ഇപ്പോൾ ഞാനും മനസ്സിലാക്കുന്നു. കൂടുതലെന്തെങ്കിലും പറഞ്ഞ്‌ ഇനി എന്നോടു പ്രതികരിക്കാൻ പറയരുത്‌.

തമ്പി പൊട്ടിച്ചിരിച്ചു.

‘സ്വരം നന്നാകുമ്പോൾ പാട്ടു നിർത്താൻ നീ പഠിച്ചിട്ടുണ്ട്‌. നിന്റെ ശബ്‌ദത്തിലെ ഈ ആത്മാർത്ഥതയുടെ മുഴക്കം എനിക്ക്‌ ഇഷ്‌ടമാണ്‌. അതുകൊണ്ടാണ്‌ ഒരിക്കൽ ഊരിവയ്‌ക്കാൻ പറഞ്ഞ കുപ്പായം നിനക്കു ഞാൻ തിരിച്ചുതരുന്നത്‌. ഔദാര്യമല്ല. അംഗീകാരം.’

രാജ്‌മോഹൻ ചോദ്യഭാവത്തിൽ ജനാർദ്ദനൻ തമ്പിയുടെ മുഖത്തേക്കു നോക്കി.

‘എനിക്കു മനസ്സിലാകുന്നില്ല സാർ.’ തമ്പി മെല്ലെ പുഞ്ചിരിച്ചു.

‘ഈ നിമിഷം മുതൽ ഭാരിച്ച ഒരു ദൗത്യം നീ ഏറ്റെടുക്കണം. അദൃശ്യനായ ഒരു ക്രിമിനിലിനെ നീ ഞങ്ങൾക്കു കാട്ടിത്തരണം. ശക്തമായ തെളിവുകളോടെ.’

രാജ്‌മോഹൻ ശബ്‌ദിച്ചില്ല.

‘മറ്റൊന്നുകൂടി. നമ്മുടെ നാട്ടിലെ കുറേ വി.ഐ.പി.കൾക്ക്‌ നിന്റെ സംരക്ഷണം വേണം. ഇൻക്ലൂഡിംഗ്‌ മീ. ആ ലിസ്‌റ്റിൽ ആദ്യമുള്ളത്‌ ഡി.വൈ.എസ്‌.പി. അച്ചുതൻകുട്ടി.’

രാജ്‌മോഹൻ അത്ഭുതത്തോടെ ചോദിച്ചു.

‘ഒരു പോലീസ്‌ ഓഫീസർക്ക്‌ പ്രൊട്ടക്‌ഷൻ കൊടുക്കാൻ പാകത്തിൽ -’

നോ മോർ ക്വസ്‌റ്റ്യൻസ്‌ മോഹൻ. അദൃശ്യനായ ഒരു ശത്രുവിൽ നിന്ന്‌ അയാൾക്കു മരണവാറന്റ്‌ കിട്ടിക്കഴിഞ്ഞു. ഡെഡ്‌ലൈൻ തീരാൻ ഇനി ഏഴു മണിക്കൂർ തികച്ചില്ല. ഒഫീഷ്യലായ നീക്കം ഇക്കാര്യത്തിൽ പറ്റില്ല. എനിക്കൊന്നേ പറയാനുള്ളു. ഏഴു മണിക്കൂർ കഴിഞ്ഞാലും അച്ചുതൻകുട്ടി ഇവിടെ ബാക്കിയുണ്ടാകണം. അസിസ്‌റ്റന്റ്‌ കമ്മീഷണർ ഇന്ദ്രപാൽ സഹായിക്കാനുണ്ടാകും. രാജ്‌മോഹൻ കുറുപ്പിനേയും തമ്പിയേയും മാറിമാറി നോക്കി.

‘അജ്ഞാതനായ ഒരു ശത്രുവുണ്ടെന്നു പറഞ്ഞല്ലോ ഐ വാണ്ട്‌ മോർ ഡീറ്റെയിൽസ്‌’.

ജനാർദ്ദനൻ തമ്പി ശാന്തനായി പറഞ്ഞു.

‘ഏഴു മണിക്കൂർ കഴിയുമ്പോൾ കയ്യിലൊരു പുഷ്‌പചക്രവുമായി അവൻ നേരിൽ വരും. അച്ചുതൻകികുട്ടിയുടെ ശവശരീരത്തിനു മുന്നിൽ ക്രൂരമായ ചിരിയോടെ.

രാജ്‌മോഹൻ ഒരു നിമിഷം സ്‌തബ്‌ധനായി. പിന്നെ അയാൾ ജനാർദ്ദനൻ തമ്പിയെ സല്യൂട്ട്‌ ചെയ്‌തിട്ടു പുറത്തേക്കു നടന്നു.

ഡി.വൈ.എസ്‌.പി. അച്ചുതൻകുട്ടിയുടെ ബംഗ്ലാവിലേക്കാണു പിന്നെ രാജ്‌മോഹൻ പോയത്‌. രാജ്‌മോഹനെ കണ്ടപ്പോൾ അച്ചുതൻകുട്ടി വല്ലാതെ വിളറിപ്പോയെങ്കിലും സമർത്ഥമായി ഭാവം നിയന്ത്രിച്ച്‌ അയാളെ സല്യൂട്ടു ചെയ്‌തു. രാജ്‌മോഹൻ സിറ്റൗട്ടിലേക്കു കയറിക്കൊണ്ടുപറഞ്ഞു.

’നമ്മൾ പോലീസുകാർക്ക്‌ കടുത്ത സെക്യൂരിറ്റിയൊന്നും സാധാരണ വേണ്ടിവരാറില്ല. ചത്തു പോയാൽ ഒരു മണിക്കൂർ നേരത്തെ ദുഃഖാചരണംപോലും നാട്ടിലുണ്ടാകില്ല. നികത്താനാവാത്ത വിടവായിപ്പോയിയെന്നു സഹപ്രവർത്തകർപോലും പറയാനുണ്ടാകില്ല.‘

എന്നിട്ടും ഡി.വൈ.എസ്‌.പി. അച്ചുതൻകുട്ടിക്ക്‌ അജ്ഞാതനായ ഒരു ശത്രുവിന്റെ മരണവാറന്റ്‌. അവനു ഡി.ജി.പി.യെ വേണ്ട. ഐ.ജി.യെ വേണ്ട. കമ്മീഷണറെ വേണ്ട. വേണ്ടതു ഡി.വൈ.എസ്‌.പി.യെ സ്‌ട്രെയ്‌ഞ്ച്‌.’

രാജ്‌മോഹൻ അകത്തു കടന്നു. പിന്നാലെ അച്ചുതൻകുട്ടിയും. മുഴുവൻ കണ്ണുകൾ കൊണ്ടളന്നു രാജ്‌മോഹൻ തുടർന്നു.

‘എനിക്കു കൂടുതലൊന്നുമറിയാനായിട്ടില്ല. സി.എം.ഒന്നും വിട്ടുപറഞ്ഞിട്ടുമില്ല. ഒരു കാര്യ വ്യക്തം. അദ്ദേഹത്തിന്‌ നിങ്ങളോട്‌ അതിരുകടന്ന താല്‌പര്യമുണ്ട്‌. മരിക്കരുതെന്നുപോലും പ്രാർത്ഥിക്കുന്നുണ്ടാകാം. അത്‌ എസ്‌ക്കോർട്ടു പോകാൻ മറ്റൊരു ഡി.വൈ.എസ്‌.പി.യെ കിട്ടാൻ ഇടയില്ലാത്തതുകൊണ്ടല്ല. വരികൾക്കിടയിലൊക്കെ ഒരു പാടു പഴുതുകൾ. സെ ഫ്രാങ്കിലി ആരാ അച്ചുതൻകുട്ടി നിങ്ങളുടെ പിന്നാലെയുള്ളത്‌?’

അച്ചുതൻകുട്ടി അറിയാതെ ഒന്നു പുളഞ്ഞു രാജ്‌മോഹന്റെ കൂർത്ത കണ്ണുകൾ അതു തൊട്ടറിഞ്ഞു. മുഖത്തെ ഭാവം സമർത്ഥമായി നിയന്ത്രിച്ച്‌ അച്ചുതൻകുട്ടി ശബ്‌ദം താഴ്‌ത്തി പറഞ്ഞു.

‘എനിക്കറിയില്ല സാർ.’

‘പിന്നെ ഡെഡ്‌ലൈൻ വന്നത്‌?’

‘ഫോണിലൂടെ.’

രാജ്‌മോഹൻ ഫോണിനടുത്തേക്കു നടന്നു. പിന്നെ റിസീവർ കൈയിലെടുത്തു. മെല്ലെ തിരിഞ്ഞു.

ശബ്‌ദം തിരിച്ചറിയാനായോ?

‘ഇല്ല സാർ..’

‘എന്തിനാണ്‌ ഇങ്ങനെയൊരു ഡെഡ്‌ലൈൻ തരുന്നതെന്ന സൂചനയെങ്കിലും…..?

’നോ സാർ.‘

’ദാറ്റ്‌ ഈ സ്‌ ഓൾറൈറ്റ്‌. വെറുതെയിരിക്കുമ്പോൾ ഒരു ഡി.വൈ.എസ്‌.പി.യെ കാച്ചണമെന്ന്‌ അവനു തോന്നിയിട്ടുണ്ടാകും.‘

അച്ചുതൻകുട്ടി മിണ്ടിയില്ല.

’എപ്പോഴാണ്‌ അക്രമി ഫോണിൽ വിളിച്ചത്‌?

‘ഇന്നു രാവിലെ……?’

എത്രമണിക്ക്‌?

‘ഉദ്ദേശം ഏഴുമണിയായിട്ടുണ്ടാകും.’

രാജ്‌മോഹൻ അച്ചുതൻകുട്ടിയെ തറച്ചു നോക്കി.

‘എന്നാൽ പിന്നെ ഫോൺ വർക്ക്‌ ചെയ്യുന്നില്ലെന്ന്‌ ഇന്നലെ രാത്രി നിങ്ങൾ എക്‌സ്‌ചേഞ്ചിൽ കംപ്ലയിന്റ്‌ ചെയ്‌തതെന്തിനാണ്‌.?’

അച്ചുതൻകുട്ടി വിറച്ചുപോയി.

രാജ്‌മോഹൻ റിസീവർ ക്രാഡിലിലിട്ട്‌ അച്ചുതൻകുട്ടിയുടെ നേരെ നടന്നടുത്തു..

‘കേടായ ഒരു ഫോണിലൂടെ ഇന്നു രാവിലെ ഏഴുമണിക്കു നിങ്ങളെ അക്രമി വിളിച്ചിട്ടില്ല. നിങ്ങൾ അയാളെ നേരിൽ കണ്ടിരുന്നു. അല്ലേ അച്ചുതൻകുട്ടീ?

അറിയാതെ പറഞ്ഞുപോയ ഒരു നുണ ഇത്രയും മാരകമാകുമെന്ന്‌ അയാൾ കരുതിയിരുന്നില്ല.

പോക്കറ്റിൽ നിന്നും ടവ്വലെടുത്തു നീട്ടി രാജ്‌മോഹൻ പറഞ്ഞു.

’ഇത്രയും തണുപ്പുള്ളപ്പോൾ അധികം വിയർക്കുന്നതു നല്ലതല്ല, പറയൂ ആരാ നിങ്ങൾക്കു മരണസമയം കുറിച്ചു തന്നത്‌?‘

അച്ചുതൻകുട്ടിയുടെ വിറയാർന്ന ചുണ്ടുകളിലൂടെ അക്ഷരങ്ങളൂർന്നു.

’ശ….ത്രു…..ഘ്‌നൻ…

ശത്രുഘ്‌നനോ?‘

രാജ്‌മോഹൻ അത്ഭുതത്തോടെ തിരക്കി.

’ആരാണയാൾ?‘

’കൈമളുടെ നാലുകെട്ടുവാങ്ങി….. കിഴക്കേകോട്ടയിൽ താമസിക്കുന്നയാൾ…..‘

രാജ്‌മോഹൻ അച്ചുതൻകുട്ടിയെ തറച്ചു നോക്കി.

’അയാളെന്തിനാ നിങ്ങളെ കൊല്ലുന്നത്‌?‘

’അറിയില്ല സാർ.‘

’എത്രകാലമായി അയാളിവിടെ വന്നിട്ട്‌?‘

’കുറച്ചുനാളേ ആയിട്ടുള്ളു.‘

’നിങ്ങൾക്കല്ലാതെ മറ്റാർക്കെങ്കിലും ഇതുപോലെ ഭീഷണിയുണ്ടായിരുന്നോ?‘

’ഇല്ല സാർ…. ഭാര്യയേയും മക്കളെയും കാണാൻ കൊല്ലത്തേക്ക്‌ പോകാനൊരുങ്ങിയിരുന്നതാണു ഞാൻ. ഇന്നുവരുമെന്ന്‌ അവരെ അറിയിച്ചിട്ടുമുണ്ട്‌. അപ്പോഴാണ്‌ ഇങ്ങനെയൊരു പ്രോബ്ലം…. എന്നെ രക്ഷിക്കണം സാർ…… എങ്ങനെയെങ്കിലും രക്ഷിക്കണം.‘

അച്ചുതൻകുട്ടി ശബ്‌ദിച്ചില്ല.

രാജ്‌മോഹൻ പുറത്തേക്കു നോക്കി ഉറക്കെ വിളിച്ചു.

’ഹരീന്ദ്രാ.‘

ഡി.വൈ.എസ്‌.പി. ഹരീന്ദ്രൻ അകത്തേക്കു കുതിച്ചുവന്നു.

’സർ‘.

’അസിസ്‌റ്റന്റ്‌ കമ്മീഷണർ ഇന്ദ്രപാലിനോട്‌ ഉടനെ ഇവിടെയെത്താൻ പറയണം.‘

’സർ‘.

ന്യൂസ്‌ അധികം ഫ്‌ളാഷ്‌ ചെയ്യണ്ട.’

‘സർ’.

‘പുറത്താരാ കാവൽ നിൽക്കുന്നത്‌?’

‘ഞാനും ജോസ്‌ മാത്യുവും.’

‘പറഞ്ഞതൊന്നും മറക്കണ്ട. അച്ചുതൻകുട്ടിക്ക്‌ ഇനി ഒരു സന്ദർശകനും വേണ്ട.’

‘സർ’.

‘ബംഗ്ലാവിന്റെ കോമ്പൗണ്ട്‌ മുഴുവൻ ഒരിക്കൽകൂടി ചെക്കു ചെയ്‌തേക്കൂ.’

‘ഇന്നു ഫോൺ റിപ്പയർ ചെയ്യേണ്ടെന്ന്‌ എക്‌സ്‌ചേഞ്ചിലുമറിയിക്കണം.’

ഫ്രിഡ്‌ജിൽ നിന്ന്‌ എല്ലാം മാറ്റിയേക്കൂ. ഈവൻ ഡ്രിങ്ക്‌സ്‌. പച്ചവെള്ളംപോലും അതിനുള്ളിൽ വേണ്ട.‘

’സർ‘.

’ചുറ്റുവട്ടത്തുള്ള കെട്ടിടങ്ങൾ മുഴുവൻ ശ്രദ്ധിച്ചോ?‘

’എല്ലാം പരിശോധിച്ചുകഴിഞ്ഞു സാർ. സംശയാസ്‌പദമായി ഒന്നും കണ്ടില്ല.‘

രാജ്‌മോഹൻ ബെഡ്‌റൂമിലേക്കു നടന്നു. പിന്നാലെ ഹരീന്ദ്രനും.

’ജനലുകളൊന്നും തുറന്നിടണ്ട.‘

’സർ‘.

’ബംഗ്ലാവു മുഴുവൻ ഒരിക്കൽകൂടി പരിശോധിച്ചോളൂ. ആയുധങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ നമ്മുടെ കസ്‌റ്റഡിയിലിരുന്നോട്ടെ അച്ചുതൻകുട്ടിയുടെ റിവോൾവറും വാങ്ങി സൂക്ഷിച്ചോളൂ.

‘സർ’.

രാജ്‌മോഹൻ അച്യുതൻകുട്ടിയുടെ നേരെ തിരിഞ്ഞു.

‘മദ്യപിക്കരുത്‌. ഉച്ചയ്‌ക്കുള്ള ലഞ്ചുപോലും ഒഴിവാക്കിയാൽ അത്രയും നന്ന്‌. ലഞ്ച്‌ നാളെയും കഴിക്കാം. ഡെഡ്‌ലൈൻ കടന്നു കിട്ടിയാൽ എന്താ.?’

‘എല്ലാം ഓർമ്മയുണ്ടു സാർ….’

രാജ്‌മോഹൻ പുറത്തേക്കു നടന്നു.

പിന്നാലെ ഹരീന്ദ്രനും.

വാതിൽക്കലെത്തി രാജ്‌മോഹൻ തിരിഞ്ഞു.

‘അച്ചുതൻകുട്ടി.’

‘സർ’

‘ഞാൻ നിൽക്കുന്ന സ്‌ഥലമാണ്‌ ഇനി നിങ്ങളുടെ ലക്ഷ്‌മണരേഖ. ഇതിനപ്പുറം കടക്കരുത്‌.’

‘ഇല്ല സാർ.’

രാജ്‌മോഹൻ പുറത്തേക്കു നടന്നു. പിന്നാലെ ഹരീന്ദ്രനും.

ഗേറ്റിനടുത്തെത്തിയപ്പോൾ രാജ്‌മോഹൻ പറഞ്ഞു.

‘അത്യാവശ്യമായി എനിക്കൊരാളെ കാണാനുണ്ട്‌. വൈകാതെതന്നെ ഞാൻ തിരിച്ചുവരും ഇന്ദ്രപാലിനോട്‌ ഉടനെ ഇവിടെയെത്താൻ പറയണം.’

യെസ്‌ സാർ.‘

രാജ്‌മോഹൻ ഗെയ്‌റ്റ്‌ കടന്ന്‌ മാരുതിയുടെ അടുത്തെത്തി. ഡോർ തുറന്നു ഡ്രൈവിംഗ്‌ സീറ്റിലേക്കു ചായുന്നതിനിടയിൽ അയാൾ മെല്ലെ ചോദിച്ചു.

’ഹരീ, ഹരീ കേട്ടിട്ടുണ്ടോ ഒരു ശത്രുഘ്‌നനെപ്പറ്റി?‘

ഇല്ലല്ലോ സാർ. ’

‘ആരും ഇതുവരെ കേട്ടിട്ടല്ലാത്ത ഒരാൾ. അത്ഭുതമായിരിക്കുന്നു. പക്ഷേ, അച്ചുതൻകുട്ടി കേട്ടിട്ടുണ്ട്‌ കണ്ടിട്ടുണ്ട്‌. എന്തിനാണയാൾക്ക്‌ അച്ചുതൻകുട്ടിയുടെ ജീവൻ?’.

ഹരീന്ദ്രൻ എന്തെങ്കിലുമൊന്നു പറയുന്നതിനു മുമ്പു മാരുതി ചീറിപ്പാഞ്ഞു. അയാൾ അത്ഭുതത്തോടെ ഓർത്തുഃ ആരാണ്‌ ഈ ശത്രുഘ്‌നൻ?

അച്ചുതൻകുട്ടി മുറിക്കുള്ളിൽ കൂട്ടിലിട്ടവെരുകിനേപ്പോലെ പിടഞ്ഞു. ഇനിയുള്ളത്‌ അഞ്ചരമണിക്കൂർ…. അഞ്ചര മണിക്കൂർ കഴിഞ്ഞുകിട്ടിയാൽ താൻ മരിക്കില്ല. ശത്രുഘ്‌നൻ കൊല്ലില്ല…… പക്ഷേ, അഞ്ചര മണിക്കൂർ നിർണ്ണായകം അരുതാത്തതൊന്നും സംഭവിക്കില്ലെന്നു മനസ്സു പറയുമ്പോഴും ഉള്ളിന്റെയുള്ളിൽ ഉണ്ണിത്തമ്പുരാൻ ചോരയിൽ കുതിർന്നു പിടയുന്നു. ചോരയിൽ പൊതിഞ്ഞ കല്ലു കാട്ടിത്തന്നു ശത്രുഘ്‌നൻ ക്രൂരമായി ചിരിക്കുന്നു. ഗോദവർമ്മ പല്ലുകൾ ഞെരിക്കുന്നു. ഹൃദയം നൊന്ത്‌ ബാലത്തമ്പുരാട്ടി ശപിക്കുന്നു. അവരെല്ലാം കാത്തിരിക്കുന്നത്‌ അച്ചുതൻകുട്ടിയുടെ മരണം ആഘോഷിക്കാൻ.

പുറത്തു പോലീസുണ്ട്‌. ഹരീന്ദ്രനോ ജോസ്‌ മാത്യുവോ അറിയാതെ ആരും അകത്തുകടക്കില്ല. ഇത്രയും കാലത്തിനിടയ്‌ക്ക്‌ ആരെയും ഭയന്ന്‌ ഒളിച്ചിരിക്കേണ്ടി വന്നിട്ടില്ല. കാക്കി കാട്ടി വിറപ്പിച്ച്‌ ഒട്ടേറെപ്പേരുടെ ചോരയും നീരും ഊറ്റിയെടുത്തിട്ടുള്ളവനാണ്‌ താൻ. പക്ഷേ ഇപ്പോൾ –

അച്ചുതൻകുട്ടി ബെഡ്‌​‍്‌ഢ്‌ റൂമിലേത്തി തുറന്നു കിടന്നിരുന്ന ജനാലയുടെ നേരെനോക്കി അയാൾ ഒരു നിമിഷം നിന്നു.

ജനലുകളെല്ലാം അടയ്‌ക്കണമെന്നും മോഹൻസാർ പറഞ്ഞിട്ടുണ്ട്‌. പുറത്തു പോലീസുണ്ടെങ്കിലും തുറന്നു കിടക്കുന്ന ജനലിലൂടെ ശത്രുഘ്‌നൻ.

അച്ചുതൻകുട്ടി ജനലിനടുത്തെത്തി പുറത്തേക്കു കൈനീട്ടി കൊളുത്തിൽപിടിച്ചു. പെട്ടെന്നാണ്‌ അയാളതു കണ്ടത്‌. ജനൽപ്പടിയിൽ നാലാക്കി മടക്കിയ ഒരു കടലാസുകഷണം. വിറയ്‌ക്കുന്ന കൈനീട്ടി അയാൾ ആ കടലാസുകഷണം എടുത്തു മെല്ലെ തുറന്നു. കടലാസിൽ ഒരു റീത്തിന്റെ ചിത്രം. തൊട്ടുതാഴെ ചോരയുടെ നിറമുള്ള അക്ഷരങ്ങൾ.

‘ഇതൊരു കുറ്റപ്പത്രം. ചോരകൊണ്ടു ചരിത്രമെഴുതിയതിന്‌ ആ ചോരയിൽ താണ്‌ഢവമാടിയതിന്‌ – നീതി ദേവതയെ അപമാനിച്ചതിന്‌ – കാക്കി ഒരുപറ്റം ചെന്നായ്‌ക്കൾക്കു കൈ തുടയ്‌ക്കാൻ എറിഞ്ഞുകൊടുത്തതിന്‌ – ഇത്രയും നാൾ കൂടുതൽ ജീവിച്ചതിന്‌ – എല്ലാത്തിനും പകരമായി ഒന്നു ഞാനെടുക്കുന്നു നിന്റെ ജീവൻ. ഭാര്യയെയും മക്കളെയും വിവരമറിയിച്ചേക്ക്‌. അവസാനമായി ഒന്നു കാണാനല്ല. നിന്റെ ശവം എന്തുചെയ്യണമെന്നു തിരുമാനിക്കാൻ. ഗുഡ്‌ബൈ.’

കടലാസ്‌ അച്ചുതൻകുട്ടിയുടെ കൈയിലിരുന്നു വിറച്ചു.

ആ സമയം രാജ്‌മോഹന്റെ മാരുതി നാലുകെട്ടിന്റെ പടിപ്പുരയ്‌ക്കു മുന്നിൽ ബ്രേക്കിട്ടു നിന്നു. ഡോർ തുറന്നു രാജ്‌മോഹൻ പടിപ്പുരയ്‌ക്കു മുന്നിൽ നിന്ന്‌ അയാൾ അകത്തേക്കു നോക്കി. അകത്ത്‌ ആരെയും കണ്ടില്ല. രാജ്‌മോഹൻ ശ്രദ്ധാപൂർവ്വം ഓരോ അടിയായി മുന്നോട്ടു വച്ചു. തുറന്നു കിടക്കുന്ന ഉമ്മറവാതിൽ. തുളസിത്തറയുടെ മുന്നിലെത്തി അയാൾ നിന്നു. ഒരിക്കൽകൂടി ചുറ്റും ശ്രദ്ധിച്ചു. പിന്നെ ഉമ്മറത്തേക്കു കയറി. വാതിലിൽ മെല്ലെ തൊട്ടതേയുള്ളു. ഓട്ടുമണികൾ കൂട്ടത്തോടെ ശബ്‌ദിച്ചു. അകത്ത്‌ ഒരു സിഗററ്റിന്റെ അഗ്രം തിളങ്ങി.

രാജ്‌മോഹൻ ശബ്‌ദമുയർത്തി ചോദിച്ചു.

‘മേ ഐ കമിൻ?’

അകത്തു നിന്നു ഘനഗംഭീരമായ ഒരു ശബ്‌ദം കേട്ടു.

‘യൂവാർ ആൾവെയ്‌സ്‌ വെൽക്കം മിസ്‌റ്റർ കമ്മീഷണർ. പ്ലീസ്‌ കമിൻ.’

രാജ്‌മോഹൻ അകത്തുകടന്നു. ഇരുട്ടും വെളിച്ചവും മൽസരിച്ച്‌ ഒളിച്ചുകളിക്കുന്ന വിശാലമായ മുറിയിൽ മെല്ലെ ആടുന്ന ഒരു ആട്ടുകട്ടിലാണ്‌ രാജ്‌മോഹൻ ആദ്യം കണ്ടത്‌. പിന്നെ ആട്ടുകട്ടിലിലിരിക്കുന്ന ഒരു രൂപം തെളിഞ്ഞുവന്നു.

സൺഗ്ലാസുകൊണ്ടു കണ്ണുകൾ പൂർണ്ണമായും മറച്ച ഒരു മുഖം. ചുണ്ടുകൾക്കിടയിൽ എരിയുന്ന സിഗററ്റ്‌. ശരീരത്തോടൊട്ടിക്കിടക്കുന്ന ടീഷർട്ട്‌. ബുൾഗാൻ താടി. രാജ്‌മോഹൻ കൗതുകത്തോടെ ഓർത്തു.

ഇതാകുമോ അച്ചുതൻകുട്ടി പറഞ്ഞ ശത്രുഘ്‌നൻ?

ശത്രുഘ്‌നൻ രാജ്‌മോഹന്റെ മനസ്സു വായിച്ചതുപോലെ ചിരിച്ചു.

‘സംശയിക്കേണ്ട മിസ്‌റ്റർ രാജ്‌മോഹൻ. നിങ്ങൾ തേടുന്നത്‌ എന്നെത്തന്നെയാണ്‌ അയാം ശത്രുഘ്‌നൻ. രാജ്‌മോഹൻ കത്തുന്ന ശബ്‌ദത്തിൽ ചോദിച്ചു.

’എനിക്കൊരു കാര്യമറിയാനുണ്ട്‌. അച്ചുതൻകുട്ടി എന്ന ഡി.വൈ.എസ്‌പി.യുടെ ജീവൻ നിങ്ങൾക്കെന്തിനാണു മിസ്‌റ്റർ ശത്രുഘ്‌നൻ?‘

രാജ്‌മോഹന്റെ മുന്നിൽ സിഗററ്റിന്റെ അഗ്രം വീണ്ടും തിളങ്ങി. തീഗോളംപോലെ.

Generated from archived content: ananthapuri11.html Author: nk_sasidharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപത്ത്‌
Next articleപതിമൂന്ന്‌
Avatar
1955 നവംബർ 25-ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. എൻ.കെ.സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുമാണ്‌ മാതാപിതാക്കൾ. മലയാലസാഹിത്യം ഐച്ഛികമായെടുത്ത്‌ മാസ്‌റ്റർ ബിരുദം നേടി. പതിന്നാലു വർഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവർത്തിച്ചു. ആദ്യചിത്രംഃ രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങൾ, എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥയും സംഭാഷണവും ‘ചക്രവർത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂർ-കോഴിക്കോട്‌ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ആനുകാലികങ്ങളിൽ നോവലുകൾ എഴുതുന്നു. ചാവേർപ്പട, കർഫ്യൂ, കാശ്‌മീർ, മറൈൻ കിങ്ങ്‌, മർമ്മരങ്ങൾ, മരണമുദ്ര, ആദ്യത്തെ കൺമണി തുടങ്ങിയവയാണ്‌ കൃതികൾ. ഇതിൽ കർഫ്യൂ ചലച്ചിത്രമായി. വിലാസംഃ വാരണക്കുടത്ത്‌, ഇടനാട്‌ ചൊവ്വര - 683 571.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English