പന്തിരു കുലത്തിലൂടെ……

പ്രൈമറി വിദ്യാഭ്യാസ കാലത്താണ്.ഏതോ യാത്ര കഴിഞ്ഞു മടങ്ങിവന്ന ഉപ്പയുടെ കയ്യില്‍ എനിക്ക് വേണ്ടി ഒരു കൊച്ചു കഥ പുസ്തകം ഉണ്ടായിരുന്നു. ‘പറയി പെറ്റ പന്തിരുകുലം’ എന്ന ഈ പുസ്തകതിലൂടെയായിരുന്നു കഥകളുടെ ലോകത്തേക്ക് വായനയുടെ പരിണാമം.അതുവരെ കഥകള്‍ ഉമ്മയുടെയും ഉമ്മുമ്മ യുടെയും മടിയില്‍ കിടന്നു കേള്‍ക്കാനുള്ളത് ആയിരുന്നു.ഈ പുസ്തകം കിട്ടിയതോടെ അവയ്ക്ക് കേള്‍വിയുടെ മടിയില്‍ നിന്നും പെറുക്കി കൂട്ടിയ അക്ഷരങ്ങളുടെ ലോകത്തേക്കുള്ള സഞ്ചാര പഥം തുറക്കുകയായിരുന്നു..

വായനകള്‍ പിന്നീട് നോവലുകളുടെയും സഞ്ചാര സാഹിത്യങ്ങളുടെയും ലോകത്തേക്ക് കടന്നപ്പോഴും മനസ്സിന്റെ കോണില്‍ പന്തിരുകുലം നിറഞ്ഞുനിന്നിരുന്നു .നാറാണത്ത് ഭ്രാന്തന്‍ മധുസൂദനന്‍ നായരുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പൊഴും മനസ്സ് കഥയുറങ്ങുന്ന ആ മണ്ണിനെ തേടുകയായിരുന്നു.തൊട്ടടുത്ത ജില്ലയില്‍ ആയിട്ടുപോലും അങ്ങോട്ടുള്ള യാത്ര നീണ്ടുപോയി.

ഈ അടുത്താണ് ഒരു സുഹൃത്തിനൊപ്പം ബൈക്കില്‍ പന്തിരുകുലങ്ങള്‍ ലക്ഷ്യമിട്ട് നീങ്ങിയത്.യാത്ര തുടങ്ങിയതെ വൈകി ..ആദ്യ ലക്ഷ്യമായ നാറാണത്ത് ഭ്രാന്തന്റെ,രയിനല്ലൂര്‍ മലയുടെ അടിവാരം എത്തിയപ്പോള്‍ വെയില് ഉച്ചിയില്‍ എത്തിയിരുന്നു .

രായിനല്ലൂര്‍ മല …

‘ചീര്‍ത്ത കൂനന്‍ കിനാക്കള്‍ തന്‍ കുന്നിലേക്കീ… മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു…’

പാലക്കാട് ജില്ലയിലെ കൊപ്പം പഞ്ചായത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണീ മല.അടിവാരത്തില്‍ നിന്നേ കാണാം ഈ പ്രതിമയുടെ വിദൂര ദൃശ്യം.ഏകദേശം ഒരു മണിക്കൂറോളം പടികള്‍ കയറാനുണ്ട്.. ഭ്രാന്തമായ ആവേശത്തോടെ തുടങ്ങി വിയര്‍പ്പില്‍ കുളിച്ചു കിതപ്പിനോടുക്കം അകലെ കാണാന്‍ തുടങ്ങി മനുഷ്യ സമൂഹത്തിനു നേരെ പിടിച്ച പാറക്കല്ലുമായി നാറാണത്ത് ഭ്രാന്തന്‍…. പറയി പെറ്റ പന്തിരു കുലത്തിലെ കണ്ണി .സമൂഹ മനസാക്ഷിയെ തന്റെ പ്രവചനാതീതമായ സ്വഭാവം കൊണ്ട് ഭ്രാന്തനായി അതില്‍ സ്വത്വം കണ്ടെത്തിയ …കുടിവെള്ളം പോലും കയ്യില കരുതിയിരുന്നില്ല .മുകളില്‍ ക്ഷേത്രം വക പൈപ്പുകള്‍ ഉണ്ടെങ്കിലും വെള്ളം ഉണ്ടായിരുന്നില്ല. എങ്കിലും കഥകളില്‍ വായിച്ച മണ്ണില്‍ കാലുകുത്തിയ സന്തോഷം ദാഹതിനിടയിലും ഉയര്ന്നു നിന്നിരുന്നു

പടികള്‍ ഇറങ്ങുമ്പോള്‍ പിന്നില്‍ നിന്നും കേള്‍ക്കുന്നു

‘ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം… നേര് നേരുന്ന താന്താന്റെ സ്വപ്നം’

ഉച്ച ഭക്ഷണത്തിന് ശേഷം അടുത്ത ലക്ഷ്യം പന്തിരുകുലത്തിലെ ഒന്നാമനെ തേടിയായിരുന്നു.തൃത്താല ..അഗ്‌നിഹോത്രി നിളയില്‍ നിന്നും കളിമണ്ണു കൊണ്ട് പ്രതിഷ്ഠ ഉണ്ടാക്കി എന്നും താലതിലുള്ളത് എന്നാ അര്‍ത്ഥത്തില്‍ സ്ഥലനാമം തൃത്താല ആയി എന്നൊക്കെ എവിടെയോ വായിച്ചിരുന്നു. നിളയുടെ തീരത് എത്തിയപ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു

യാഗങ്ങളുടെ ഭൂമിയില്‍…

നിളയുടെ തീരത്തുള്ള യജ്ഞെശ്വര ക്ഷേത്രം ..അഗ്‌നിഹോത്രിയുടെ യാഗങ്ങള്‍ നടന്ന സ്ഥലം ഇതാണെന്ന് കരുതപ്പെടുന്നു .. യാഗാഗ്‌നി ജ്വലനതിനായി വിറകിനു ഉപയോഗിച്ചിരുന്ന അരയാല്‍ മുത്തശ്ശി ഇപ്പോഴും നൂറ്റാണ്ടുകളുടെ കഥകളുമായി ഈ നിളാതീരത്ത് എന്തിനെയോ ..കാത്തിരിക്കുന്നു.. പാലക്കാടു ജില്ലയില്‍ തൃത്താല ഗ്രാമത്തില്‍ എടപ്പാള്‍ പൊന്നാനി റോഡില്‍ ബ്രിഡ്ജ് നു സമീപമാണ് ഈ യാഗ ഭൂമി.. പിന്നീടു അന്വേഷണം അഗ്‌നിഹോത്രി ഇല്ലം ആയിരുന്നു .വഴിതെറ്റിയതിനാല്‍ പിറകു വശത്തുകൂടിയാണ് പ്രവേശിച്ചത്

വേമഞ്ചേരി മന

‘ചാത്തമൂട്ടാന്‍ ഒത്തു ചേരുമാറുന്‌ടെങ്ങള്‍ ഏട്ടന്റെ ഇല്ല പറമ്പില്‍ ….’ പന്തിരുകുലം ഒത്തുകൂടി എന്ന് കരുതപ്പെടുന്ന അഗ്‌നിഹോത്രി ഇല്ലം .ഇപ്പോള്‍ അമ്പലമായി മാറിയിരിക്കുന്നു .തൊട്ടടുത് ചെറിയ കുളം .വിശാലമായ പാടശേഖരം .അവരുടെ ഇപ്പോഴത്തെ തലമുറയില്‌പെട്ട ആരോ താമസിക്കുന്നതറിഞ്ഞു അങ്ങോട്ട് ചെന്നു.ഇപ്പോള്‍ ബംഗ്ലൂര് താമസമാക്കിയിരിക്കുന്ന അവര്‍ അവധി ആയപ്പോള്‍ എതിയതാണെന്ന് പറഞ്ഞു .ജീന്‍സ് ധാരികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ആ ചുറ്റുവട്ടം കണ്ടു തൃപ്തിയടഞ്ഞു .

തിരിച്ചു വരുന്ന വഴിയില്‍ പാക്കനാരുടെ ആല്മരവും കുറച്ചകലെ മാറി പാക്കനാര്‍ അമ്പലവും കണ്ടു .. ഇനിയും കാണാന്‍ ബാക്കിയുള്ള ഒമ്പത് പേരുടെ പേരുകള്‍.. മധുസൂദനന്‍ സാറിന്റെ വരികളിലൂടെ മനസ്സിലോര്‍ത്തു

ചാത്തനും പാണനും പാക്കനാരും പെരു

ന്തച്ചനും നായരും വള്ളുവോനും

ഉപ്പുകൊറ്റനും രജകനും കാര

ക്കലമ്മയും… കാഴ്ചക്ക് വേണ്ടി യീ

ഞാനും …വെറും കാഴ്ചക്ക്

വേണ്ടിയീ ഞാനും …

Generated from archived content: essay1_oct13_14.html Author: nisanth_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleയാചകന്റെ ദിനാന്ത്യകുറിപ്പ്
Next articleനിനക്കായ്…..
നിശാന്ത് കെ
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English