ഐതിഹ്യത്തിലെ ഓണം – ഒരു യുക്തി വിശകലനം

വീണ്ടും ഒരു ഓണക്കാലം കൂടി കടന്നു വന്നിരിക്കുന്നു. മലയാളിയുടെ ഹൃദ്യമായ ഗൃഹാതുരത്വ സ്മരണകളെ തഴുകിയുണര്‍ത്തി ഉള്‍പുളകിതനാക്കുവാന്‍ ഒരു നീണ്ട അവധിക്കാലമാണ് സമാഗതമായിരിക്കുന്നത്. ” ഉത്സവപ്രിയാഃ ഖലു മനുഷ്യാഃ..” എന്നാണ് കാളിദാസ വാക്യം. അതായത്,”മനുഷ്യര്‍ ഉല്‍സവപ്രിയരാണെന്നുള്ള‍തില്‍ സംശയമില്ല” എന്നു നേര്‍ വിവര്‍ത്തനം. ഉത്സവപ്രിയരായ മനുഷ്യര്‍ പൂപറിച്ചും, പാട്ടുപാടിയും,നൃത്തംചെയ്തും, സുഭിക്ഷമായ സദ്യയുണ്ടും ഉല്ലസിച്ചിരുന്നതിന്റെ മൈത്തീകബന്ധിയായ ആഘോഷമാണ് ഓണനാളുകള്‍ മനോമുകുരത്തില്‍വന്നെത്തുന്നത്.

മതിയായ ശാസ്ത്രപരിജ്ഞാനമില്ലാതിരുന്ന പൗരാണിക മനുഷ്യരെ മൂന്നുമാസക്കാലം ഭയവിഹ്വലരാക്കി ഇരുള്‍ മൂടിക്കെട്ടി കോരിച്ചൊരിഞ്ഞു പെയ്യുന്ന മഹാമാരിക്കുശേഷം പ്രസന്നമായ നീലാകാശത്തോടെ, വശ്യമായ ഹരിത ഭംഗിയോടെ, പൂത്തുലഞ്ഞുനില്‍ക്കുന്ന സസ്യലതാതികളോടെ പ്രകൃതി പുഞ്ചിരി തൂകിക്കൊണ്ടു നില്‍ക്കുന്ന ശ്രാവണമാസം പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യനെ ആനന്ദത്തിലാഴ്ത്തുന്നു. മണ്ണില്‍ തീര്‍ത്ത അദ്ധ്വാനം വിളവെടുപ്പായി സമൃദ്ധി തരുമ്പോള്‍ നനുനനുത്ത കാലാവസ്ഥയില്‍ മനുഷ്യസമൂഹം ഒന്നടങ്കം ആഘോഷനൃത്തത്തിലാറാടുന്നതാണ് ഓണത്തിന്റെ പ്രാക് രൂപം. തുടര്‍ന്നുവന്ന ജന്മി കുടിയാന്‍ വ്യവസ്ഥിതി ഓണത്തെ സമ്പൂര്‍ണ്ണമായി സവര്‍ണ്ണവല്‍ക്കരിച്ചു. മുഖ്യ ഉല്പാദനോപാദിയായ ഭൂമിയുടെ ഉടമസ്ഥാവകാശം കേവലം പത്തു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ന്യൂനപക്ഷ ഭൂപ്രഭുക്കന്മാരില്‍ കേന്ദ്രീകരിച്ചതോടെ മേലാളന്മാരുടെ അധികാര വാഴ്ച ആരംഭിച്ചു. അതിസമ്പന്നരും, നാട്ടുപ്രമാണികളുമായ ആവരേണ്യവര്‍ഗ്ഗം കല്പ്പിക്കുന്ന ഐതിഹ്യ കഥകളിലൂന്നിയാണ് പകലറുതിതോറും വണ്ടിക്കാളയെപ്പോലെ അദ്ധ്വാനിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഹരിജനങ്ങളുടെ ഓണം. അറ നിറയെ നെല്ലും, മുറ്റം നിറയെ കാഴ്ചദ്രവ്യങ്ങളും വന്നുനിറയുമ്പോള്‍ ജന്മിയുടെ തറവാട്ടില്‍ കൈകൊട്ടിക്കളിയും, തിരുവാതിരകളിയും, കഥകളിയും, അക്ഷരശ്ലോകങ്ങളും മറ്റും കൊണ്ടുള്ള ആഘോഷതിമിര്‍പ്പാണ്. അന്നാണ് അടിയാന്മാര്‍ക്ക് ആണ്ടിലൊരിക്കല്‍ വയര്‍ നിറയെ മൃഷ്ടാന്നവും, വയര്‍ നിറയെ അന്തിക്കള്ളും, കൗതുകമൂറുന്ന പുത്തന്‍ ചേലകളും കിട്ടുന്നത്. നാളന്നുവരെ പാടത്തും വരമ്പത്തും വിശ്രമമില്ലാതെ പണിയെടുത്ത് അന്നുകിട്ടുന്ന സുഖത്തിലും, സ്വാതന്ത്ര്യത്തിലും ആ മനുഷ്യക്കോലങ്ങള്‍ സ്വയം മറന്ന് ആനന്ദിക്കും. അതാണ് മദ്ധ്യകാലഘട്ടത്തിലെ കേരളീയ ഓണം.

ഏതാനും പതിറ്റാണ്ടുകള്‍ക്കുമുമ്പ് ജന്മിത്വം നശിച്ച് ആധുനീക അണുകുടുംബസംവിധാനം നിലവില്‍ വരുന്നതിനു തൊട്ടുമുമ്പുള്ള മരുമക്കത്തായ തറവാടുകളില്‍ ഓണം അതിന്റെ സര്‍വവിധ പ്രൗഢിയോടെ ആഘോഷിച്ചുപോന്നു. കുടുംബത്തിലെ കാരണവരും, മുത്തശ്ശിയും ചൊല്ലിക്കൊടുക്കുന്ന മഹാബലിതമ്പുരാന്റെ നന്മ നിറഞ്ഞ കഥകളും, ഇതിഹാസങ്ങളും കേട്ടുവളരുന്ന കുട്ടിതലമുറയ്ക്ക് അത്തം മുതല്‍ പത്തു ദിവസം വരെ ആഘോഷത്തിന്റെ ഉല്‍സവമാണ്. പൂക്കളമൊരുക്കാനായി രാവിലെ തന്നെ കഴുത്തില്‍ പൂവട്ടിതൂക്കി കൊയ്ത്തുകഴിഞ്ഞ പാടത്തും, അടുത്ത തൊടികളിലുമായി കൂട്ടം കൂടി നടക്കും. തുടര്‍ന്ന്, നടുമുറ്റത്ത് ചാണകം മെഴുകി തുമ്പപ്പൂ,നെല്ലിപ്പൂ, വെന്തിപ്പൂ എന്നു തുടങ്ങിയ സര്‍വ്വവിധപൂക്കളുമായി മത്സരബുദ്ധിയോടെ പൂക്കളമൊരുക്കുകയായി. ഉത്രാടസദ്യയോടെ മൂന്നു തട്ട് മണ്‍ചതുരമുണ്ടാക്കി ഓരോ മൂലയിലും മണ്ണുകൊണ്ടുള്ള പ്രജകളും, ഏറ്റവും മുകളിലായി മാതേവരെ ഇരുത്തുകയായി. പിന്നെ മണ്ണുകൊണ്ടുണ്ടാക്കിയ അരക്കല്ല്,ഉലക്ക, ഉരല്‍ തുടങ്ങിയവയും യഥാവിധി ചുറ്റിലും വയ്ക്കും. തിരുവോണനാളില്‍ സൂര്യോദയത്തിനുമുമ്പ് എഴുന്നേറ്റ് കുളിച്ചുവൃത്തിയായി പുത്തന്‍ ‍വസ്ത്രങ്ങളണിയും. എന്നിട്ട്, വലിയൊരു തൂശനിലയില്‍ നിറനെയ്ത്തിരി വിളക്കും, അവലും, മലരും ശര്‍ക്കരയും, കല്‍ക്കണ്ടവും, നവധാന്യം വറുത്തതും, പൂവ്വടയും, പായസവും മറ്റും ഒരുക്കിവച്ച് തൃക്കാക്കരയപ്പനെ ഉണര്‍‍ത്തും. തുടര്‍ന്നാണ് കുടുംബത്തിലെ അംഗങ്ങളെല്ലാവരും കൂടി വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നത്. ഓണത്തിന്റെ പ്രധാന ആകര്‍ഷണംതന്നെ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളടങ്ങിയ കേമന്‍ സദ്യയാണ്. തുടര്‍ന്ന് എല്ലാവരും ഓരോ വിനോദങ്ങളില്‍ ഏര്‍പ്പെടുകയായി. കുട്ടികളുടെ കൊട്ടക്കളി, തലപ്പന്തുകളി, യുവതികളുടെ തിരുവാതിരക്കളി, കൈകൊട്ടിക്കളി, യുവാക്കളുടെ ഓണത്തല്ല്, പുലിക്കളി,വള്ളംകളി, ഗ്രാമങ്ങളിലെ നാടകം, പൊതുപരിപാടികള്‍ ഇവയെല്ലാം കേമമായി നടക്കുന്ന വിനോദങ്ങളാണ്.

ഇന്ന് കാലം മാറി. മദ്ധ്യവര്‍ഗ്ഗത്തിലെ ഉപരിവര്‍ഗ്ഗം ഗണ്യമായി വര്‍ദ്ധിച്ചു. മരുമക്കത്തായ തറവാട് സമ്പ്രദായം പാടെ ക്ഷയിച്ച് തല്‍സ്ഥാനത്ത് അണുകുടുംബം, ഫ്ലാറ്റ് സംസ്ക്കാരം തുടങ്ങിയവ നിലവില്‍ വന്നു. ധാന്യങ്ങളും, പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍ യഥേഷ്ടം വിളഞ്ഞിരുന്ന വയലേലകളെല്ലാം ഭൂമാഫിയ കയ്യടക്കി മണ്ണിട്ടു നികത്തി. ക്രമേണ നമ്മുടെ കാര്‍ഷിക കേരളം യാതൊന്നും ഉല്പാദിപ്പിക്കാതെ എല്ലാം ഉപഭോഗം ചെയ്യുന്ന ഉപഭോക്തൃസംസ്ഥാനമായി മാറി. ഓണാഘോഷത്തിനുള്ള പച്ചക്കറികളും, പൂക്കളും അന്യസംസ്ഥാനലോബികളുടെ നിയന്ത്രണത്തിന്‍ കീഴിലായി. അവര്‍ സൃഷ്ടിക്കുന്ന കൃത്രിമക്ഷാമത്തിനനുസരിച്ച് ശരാശരി മലയാളിക്ക് കാ‍ണം വിറ്റും ഓണം കൊള്ളേണ്ട ദുര്യോഗമുണ്ടാകുന്നു. ഓണത്തിനു ഒഴിവാക്കാനാവാത്ത പൂക്കള‍ത്തിനായി നമ്മുടെ നാടന്‍ പൂക്കളൊന്നും കിട്ടാനില്ലാതായി. പകരം വന്ന ആന്തൂറിയവും ബോഗണ്‍ വില്ലയും ഓര്‍ക്കിഡുമൊക്കെ ഉപയോഗിച്ചാണ് പലരും അഡ്ജസ്റ്റ് ചെയ്യുന്നത്. സമയമില്ലാത്ത ലോകത്ത് വീടിനകത്ത് സദ്യയുണ്ടാക്കി മിനക്കെടാനൊന്നും ആധുനിക കൊച്ചമ്മമാരെ കിട്ടുകയില്ല. അപ്പോള്‍ അതും പാക്കേജായി മാറി. വൈകുന്നേരത്തെ പുലികളി, ഓണത്തല്ല്, കുമ്മാട്ടിക്കളി ഇതെല്ലാം ചാനല്‍ സ്റ്റുഡീയോയില്‍ മാത്രം അരങ്ങേറുന്ന പ്രഹസനമായി. ചുരുക്കത്തില്‍ മാറിയ ഹൈടെക്ക് യുഗത്തില്‍ ഓണവും ഹൈടെക്കായി.

മൂലാധനാഷ്ഠിത മൂല്യവ്യവസ്ഥയാണ് ഇന്നത്തെ ലോകം ഭരിക്കുന്നത്. മത്സരം ലാഭം ഇവയില്‍ ‍കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു തരം ചൂതാട്ടം. ഓണം പോലെയുള്ള ഉത്സവവേളകളില്‍ ഇത് പാരമ്യത്തിലെത്തി നില്‍ക്കുന്ന ജീര്‍ണ്ണാവസ്ഥയാണ് എങ്ങും കാണുന്നത്. ആകര്‍ഷകങ്ങളായ വാഗ്ദാനങ്ങള്‍ നല്‍കി വിപണി പിടിച്ചടക്കാന്‍ അശ്രാന്തപരിശ്രമം നടത്തുന്ന അന്താരാഷ്ട്ര കുത്തകകളുടെ മത്സരം, മായ മാലിന്യങ്ങള്‍ കലര്‍ന്ന ഹാനികരമായ ഇന്റെന്റ് വിഭവങ്ങളുമായി കാറ്ററിംഗ് വ്യാപാരരികളുടെ മത്സരം, പെണ്മേനിക്കൊഴുപ്പ് പരമാവധി പ്രദര്‍ശിപ്പിക്കാനുതകുന്ന ഫാഷന്‍ വസ്ത്രങ്ങളുമായി വസ്ത്രവ്യാപാരികളുടെ മത്സരം, അത്യാധുനീക ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുമായി ഹൈടെക് വ്യാപാരികളുടെ മത്സരം ഇങ്ങനെയുള്ള ഒരു തരം കമ്പോളാധിഷ്ഠിതമായ മത്സരഓണമാണ് ഓണക്കാലത്തു കാണുന്നത്. ശരാശരി മലയാളി അദ്ധ്വാനിച്ച് മിച്ചം വച്ചുണ്ടാക്കുന്ന സമ്പാദ്യമത്രെയും അവനെ പ്രലോഭിപ്പിച്ച് തട്ടിയെടുക്കുന്ന ബൂര്‍ഷ്വാ കമ്പോള‍ക്കാരുടെ നീചമുഖമാണ് ഓണക്കാലത്തു സാര്‍വത്രികമായി കാണുന്നത്.

ആദികാലത്ത് ജനസംഖ്യയുട്രെ 90 ശതമാനത്തോളം വരുന്ന ജനങ്ങളത്രയും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്നു. അതുകൊണ്ട് കാര്‍ഷികകേന്ദ്രീകൃതമായിരുന്നു കലാരൂപങ്ങളും ആഘോഷങ്ങളും. പ്രകൃതി കനിഞ്ഞു നല്‍കിയ വിളവെടുപ്പ് മനം കുളിര്‍പ്പിക്കുമ്പോള്‍ കര്‍ഷകര്‍ സ്വയം മറന്ന് ആനന്ദിച്ചത് ഓണം എന്ന ഉത്സവത്തിലൂടെയായിരുന്നു. അങ്ങിനെയാണ് ഓണം കര്‍ഷകരുടെ കൊയ്ത്തുത്സവമാകുന്നത്. ഇന്ന് സ്ഥിതിയാകെ മാറി 90 ശതമാനം പേരും കൃഷി ഉപേക്ഷിച്ചു. കേരളീയര്‍ക്ക് കൃഷി ഏറെക്കുറെ അന്യമായി ഗ്രാമങ്ങള്‍ പട്ടണത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. കൊയ്ത്തും മെതിയുമില്ലാത്ത ഒരു നാഗരീക സംസ്ക്കാരത്തില്‍ ഗ്രാമീണ കൊയ്ത്തുത്സവമായ ഓണത്തിന് അതിന്റെ തനതായ മുഖം പാടെ നഷ്ടപ്പെട്ടു. ഓണം കര്‍ഷകന്റെ കൊയ്ത്തിനു പകരം കച്ചവടക്കാരന്റെ ‘’ കൊയ്ത്തായി’‘ മാറി. അതെ കോടികള്‍ കൊയ്തെടുക്കുന്ന കച്ചവടക്കാരന്റെ ‘’ കൊയ്ത്തുത്സവം’‘.

ഓണത്തിന്റെ കേന്ദ്രകഥാപാത്രം മഹാബലിയാണ്. മഹാബലിത്തമ്പുരാന്റെ ഐതിഹ്യം മലയാളിത്തം നശിച്ചിട്ടില്ലാത്ത ഏതൊരു കുട്ടിക്കും മന:പാഠമാണ്. പക്ഷെ സാര്‍വത്രികമായി പ്രചരിക്കുന്ന ഐതിഹ്യത്തില്‍ അയുക്തിക്കും വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളാണ് ഏറെയും. പ്രഹ്ലാദന്റെ പൗത്രനും വിരോചനന്റെ പുത്രനുമായി ജനിച്ച മഹാബലി ഒരു അസുര രാജാവായിരുന്നു . ഇപ്പോള്‍ മഹാബലിയിടേതെന്നു പറഞ്ഞ് പ്രചരിക്കുന്ന ബ്രാഹ്മണപരമായ ഒരു ശാരീരിക രൂപമല്ല അസുരന്മാരുടേത്. മറിച്ച് ഭയപ്പെടുത്തുന്ന രാക്ഷസ രൂപമാണ്. അസുരന്‍ എന്നാല്‍ ‘ സുര’ പാനം ചെയ്യല്‍ നിക്ഷിദ്ധരായവര്‍ എന്നര്‍ത്ഥം. എന്നാല്‍ ‘ സുര’ പാ‍നംചെയ്യുവരാകട്ടെ ‘ സുരന്മാര്‍’ എന്നുമാണ് വിവക്ഷിക്കുന്നത്. ‘ സുരം’ എന്നാല്‍ മദ്യം എന്നാണെന്നു സുവിദമാണല്ലോ. ദേവന്മാര്‍ക്ക് സര്‍വ്വഗുണസമ്പന്നരും അസുരന്മാര്‍ സര്‍വ്വ ദോഷസഹിതരുമാണെന്നാണ് സങ്കല്‍പ്പം. ‘ കള്ളവും ചതിയും പൊളി വചനവും ‘ മൃഗയാ വിനോദമാക്കിയ തമോഗുണപ്രധാനിയായ അസുരന്മാരുടെ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് പ്രജകള്‍ക്ക് സ്ഥിതിസമത്വസുന്ദരമായ സമൃദ്ധിയുണ്ടായിരുന്നുവെന്നുള്ള പ്രഥമപൊരുത്തക്കേടാണ് ഐതിഹ്യത്തില്‍ ഒന്നാമതായി മുഴച്ചു നില്‍ക്കുന്നത്.

ഭാഗവതം അഷ്ടമസ്കന്ധം വിഷ്ണുപുരാണം തുടങ്ങിയവയിലെ പരാമര്‍ശപ്രകാരം ഒരിക്കല്‍ മഹാബലി ദേവേന്ദ്രന്റെ സ്വത്തുമുഴുവനും കൊള്ളയടിച്ചു കൊണ്ടു പോകുമ്പോള്‍ അതു മുഴുവനും സമുദ്രത്തില്‍ വീണു അത് വീണ്ടെടുക്കുന്നതിന് ദേവന്മാര്‍ മഹാവിഷ്ണുവിനെ സമീപിച്ചു. ബലിയുടെ സഹകരണമില്ലാതെ സമുദ്രമഥനം അസാദ്ധ്യമാണെന്ന് മഹാവിഷ്ണു അറിയിച്ചതിനെ തുടര്‍ന്നാണ് സമുദ്രത്തില്‍ പതിച്ച സമ്പത്ത് വീണ്ടെടുക്കാനുള്ള വ്യാജേന ദേവന്മാര്‍ സമുദ്രമഥനം തുടങ്ങിയത്. സത്യത്തില്‍ അത് അമൃതിനു വേണ്ടിയുള്ള സൂത്രമായിരുന്നു. ഈ ദേവാസുര യുദ്ധത്തില്‍ മഹാബലി കൊല്ലപ്പെടുന്നു. അസുരഗുരുവായ ശുക്രചാര്യന്‍ ചില ദിവ്യ ഔഷധങ്ങളുടെ സഹായത്താല്‍ മഹാബലിയെ പുനര്‍ജ്ജീവിപ്പിക്കുകയും തുടര്‍ന്ന് വാശി മൂത്തുകയറിയ മഹാബലി ദേവലോകം ആക്രമിച്ച് കീഴ്പ്പെടുത്തി പിതാമഹനാനായ പ്രഹ്ലാദനെ സ്വര്‍ഗ്ഗത്തെ ഏറ്റവും ദിവ്യമായ സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തു. ആസ്ഥാനം ആഹ്ലാദത്തോടെ സ്വീകരിച്ച പ്രഹ്ലാദന്‍ മഹാബലിയെ ഇന്ദ്രനായി അഭിഷേകം ചെയ്തു.

സ്വര്‍ഗ്ഗലോകം പൂര്‍ണ്ണമായും മഹാബലിക്കു അധീനപ്പെട്ടതോടെ ദേവന്മാര്‍ ദേവലോകം വിട്ട് കാടുകളില്‍ അഭയം തേടി. അങ്ങിനെ മഹാബലി രാജ്യഭരണം കയ്യേറ്റു. മഹാബലിയുടെ ത്രിലോകഭരണത്തില്‍ പ്രജകളെല്ലാവരും തൃപ്തരാണെങ്കിലും ബ്രാഹ്മണര്‍ക്കും ദേവകള്‍ക്കു അത്യന്തം ദുരിതമായിരുന്നു. മഹാഭാരതം ശാന്തിപര്‍വ്വം 90- ആം അദ്ധ്യായത്തില്‍ മഹാബലി തന്റെ ചെറുപ്പം മുതല്‍ ബ്രാഹ്മണവിദ്വേഷിയായിരുന്നുവെന്ന് പറയുന്നു. ബ്രാഹ്മണവിദ്വേഷവും അഹങ്കാരവും മൂലം ലക്ഷ്മീദേവിവരെ ബലിയെ കയ്യൊഴിഞ്ഞതായി ശാന്തിപര്‍വ്വം 216 -218 അദ്ധ്യായങ്ങളില്‍ പറയുന്നുണ്ട്. ഇതില്‍ മനോവേദനപൂണ്ട് ബ്രഹ്മാദികള്‍ മഹാവിഷ്ണുവിനെ സമീപിക്കുകയും തങ്ങളുടെ സങ്കടം അറിയിക്കുകയും ചെയ്യുന്നു. തദവസരത്തില്‍ മഹാവിഷ്ണു പറയുന്നത് ഇപ്രകാരമാണ് ‘’ ബലി എന്റെ ഒരു ഭക്തനാണ് എങ്കിലും നിങ്ങളുടെ യാതകള്‍ ദൂരീകരിക്കുവാന്‍ ഞാന്‍ താമസം വിനാ വാമനനായി അവതരിച്ചു കൊള്ളാം …’‘

ലക്ഷിമീദേവിക്കും, പിന്നീട് ശുക്രമഹര്‍ഷിക്കുപോലും വെറുപ്പ് തോന്നത്തക്ക സ്വഭാവദൂഷ്യമുള്ള മഹാബലിയിലൂടെയാണ് പുരാണം കടന്നു പോകുന്നത്. മഹാബലിമൂലം കാനനവാസയാതന അനുഭവിക്കുന്ന ദേവന്മാരുടെ ദുര്യോഗത്തില്‍ കുണ്ഠിതയായ ദേവമാതാവ് അദ്വിതി തന്റെ ഭര്‍ത്താവായ കശ്യപപ്രജാപതിയുടെ ഉപദേശപ്രകാരം ദ്വാദശീ വ്രതം നോറ്റു. വ്രതാവസാനം പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ സങ്കടം അറിയിക്കുകയും ,അതിന്‍പ്രകാരം ദേവന്മാര്‍ക്ക് ദേവലോകം തിരിച്ചുകിട്ടാന്‍ താന്‍ സ്വയം അദ്വിതിയുടെ ഉദരത്തില്‍ വാമനനായി ജനിച്ചുകൊള്ളാമെന്ന് മഹാവിഷ്ണു സമ്മതിക്കുന്നു. ഇപ്രകാരം ഭൂജാതനായ മഹാവിഷ്ണുവാണ് മുനികുമാരന്റെ വേഷത്തില്‍ നര്‍മ്മദാതീരത്തുളള ഭൃഗുകച്ഛകമെന്ന സ്ഥലത്ത് മഹായജ്ഞം നടത്തിക്കൊണ്ടിരിക്കെ മഹാബലിയുടെ മുമ്പില്‍ ചെല്ലുന്നതും മൂന്നു ചുവട് സ്ഥലം ആവശ്യപ്പെടുന്നതും. മൂന്നാമത്തെ ചുവടില്‍ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്നത്. അന്നുമുതല്‍ക്കാണ് അസുരന്മാര്‍ പാതാളവാസികളായതെന്ന് ഭാഗവതം അഷ്ടമസ്കന്ധത്തില്‍ പറയുന്നു. ഇതിനിടയില്‍ പലതവണ അസുരഗുരുവായ ശുക്രാചാര്യന്‍ മഹാബലിയെ വാമനനില്‍നിന്നും ഉപദേശിച്ചും മറ്റും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതൊന്നും വകവയ്ക്കാതിരുന്ന മഹാബലിയെ ആചാര്യന്‍ ശപിക്കുന്നത് ഇപ്രകാരമാണ്. “അങ്ങ് പണ്ഡിതനാണെന്ന് സ്വയം അഹങ്കരിക്കുന്നു. എന്നാല്‍ അങ്ങ് അജ്ഞനും, മന്ദനും, അനുസരണയില്ലാത്തവനുമായതിനാല്‍ അങ്ങയുടെ എല്ലാ ഐശ്വര്യങ്ങളും നശിച്ചുപോകട്ടെ…”

സൂര്യഭഗവാനാല്‍ സമ്മാനിക്കപ്പെട്ട ഒരു ദിവ്യ കിരീടം മഹാബലിയുടെ പിതാവായ വിരോചനന്റെ കൈവശമുണ്ടായിരുന്നു. ഈ കിരിടം തലയിലുണ്ടായിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന് മരണം സംഭവിക്കുകയില്ലെന്നൊരു വരവും ലഭിച്ചു. അതില്‍ വിരോചനനന്‍ അത്യന്തം അഹങ്കാരിയും ക്രുദ്ധനുമായി തീര്‍ന്നു. ഇതിനൊരു അറുതി വരുത്തുവാന്‍ തീര്‍ച്ചപ്പെടുത്തിയ മഹാവിഷ്ണു വിരോചനന്റെ ദൗര്‍ലബ്യം മുതലാക്കി ഒരു മോഹിനീരൂപം പൂണ്ട് വിരോചനനെ വശീകരിച്ച് സൂത്രത്തില്‍ ആ കിരീടം തട്ടിയെടുത്ത് വധിക്കുകയായിരുന്നുവെന്ന് ഗണേശപുരാണത്തില്‍ പറയുന്നുണ്ട്. സ്വന്തം പിതാവിനെ വധിച്ച മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു മഹാബലിയെന്നത് പുരാണപരമായ മറ്റൊരു വിരോധാഭാസമാണ്.

‘’ തിരുക്കാല്‍ക്കരൈ’‘ എന്ന പ്രാചീന നാമത്താല്‍ അറിയപ്പെട്ടിരുന്ന തൃക്കാക്കര കേന്ദ്രമാക്കിയാണ് അസുര ചക്രവര്‍ത്തിയായ മഹാബലി രാജ്യം ഭരിച്ചിരുന്നത് എന്നാണ് ഗ്രാമ്യമായി പ്രചരിക്കുന്ന പൗരാണിക സങ്കല്‍പ്പം തിരുക്കാല്‍ക്കരയെന്നാല്‍ മഹാബലിയെ പാതളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയ വാമനന്റെ പാദങ്ങളെ തന്നെയാണ് അന്വര്‍ത്ഥമാകുന്നത്. ഈ പേര്‍ കാലാന്തരത്തില്‍ ലോപിച്ചാണ് തൃക്കാക്കരെയെന്ന സ്ഥലനാമമുണ്ടായെതെന്നാണ് ഒരു വിഭാഗം ചരിത്ര പണ്ഡിതന്മാര്‍ അവകാശപ്പെടുന്നത്. ഓണവുമായി ബന്ധപ്പെട്ട് തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ വാമനമൂര്‍ത്തിയാണെന്നുള്ളത് ശ്രദ്ധേയമാണ്. വാമനമൂര്‍ത്തി തന്നെയാണ് തൃക്കാക്കരയപ്പനും ധര്‍മ്മിഷ്ഠനും നീതിമാനുമെന്ന് നാടോടിക്കഥകളില്‍ വാഴ്ത്തുന്ന മഹാബലിയെ ഹിംസിച്ച് ഉന്മൂലനം ചെയ്ത വാമനന്‍ ആരാധ്യനാകുന്നത് മറ്റൊരു വിരോധാഭാസം.

ഓണാഘോഷത്തിന് ഹൈന്ദവീയ ക്ഷേത്രചടങ്ങുകള്‍ കാര്യമായി ഒന്നുമില്ലെന്നു പറയാം. അതിനു കാരണമായി പറയപെടുന്നത് ഹിന്ദു മതത്തേക്കള്‍ പഴക്കമുള്ള മറ്റേതോ മതത്തില്‍ നിന്നുള്ള വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമാകാം ഓണം രൂപാന്തരപ്പെടുവാനുള്ള കാരണം. അല്ലെങ്കില്‍ ക്ഷേത്രങ്ങള്‍ ഗണ്യമായി ആരംഭിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തില്‍ രൂപപ്പെട്ടതുകൊണ്ടാകാം അതിനു ക്ഷേത്രപരമായ ആചാരങ്ങള്‍ കിട്ടാതിരുന്നതെന്നു ഒരു വിഭാഗം ഗവേഷകര്‍ വിശ്വസിക്കുന്നു. എങ്കിലും മദ്ധ്യ കാലഘട്ടത്തില്‍ തൃക്കാക്കര ക്ഷേത്രത്തില്‍ കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ 27 ദിവസം നീളുന്ന ഉത്സവം ഉണ്ടായിരുന്നതായും ചിങ്ങമാസത്തിലെ തിരുവോണനാളില്‍ ആറാട്ടു നടന്നിരുന്നതായും കേരളരാജാക്കന്മാരായ പെരുമക്കന്മാര്‍ ഇപ്പോഴത്തെ അത്തച്ചമയം പോലെ ഒരു ഘോഷയാത്ര നടത്തിയിരുന്നതായും ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ നടിന്റെ നാനാഭാഗത്തുനിന്നും നാടുവാഴികളും രാജാക്കന്മാരും പ്രഭുക്കന്മാരും എത്തിച്ചേരണമെന്നുമായിരുന്നു രാജഭരണ കാലത്തെ വ്യവസ്ഥ. ഇതിന്‍ പ്രകാരം കൊച്ചി രാജാവും കോഴിക്കോട് സാമൂതിരിയും തൃക്കാക്കരക്ക് പുറപ്പെടുന്ന ഒരുക്കു കൂട്ടലാണ് യഥാര്‍ത്ഥത്തില്‍ കേരള ചരിത്രത്തില്‍ ‘’ അത്തച്ചമയ’‘ മെന്നു പറയുന്നത്.

ദ്രാവിഡരുടെ ആഘോഷമാണ് ഓണം എന്നു ചില പണ്ഡിതന്മാര്‍ അവകാശപ്പെടുന്നുണ്ട്. ആദി ദ്രാവിഡ ജനവിഭാഗത്തിന്റെ അധിനിവേശവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലൊക്കെ ഓണത്തിന്റേയും മഹാബലിയുടേയും ഐതിഹ്യത്തിന്റെ ശേഷിപ്പുകള്‍ കാണുവാന്‍ സാ‍ധിക്കും. അസീറിയക്കാരെയാണ് അസുരന്മാരായി പരാമര്‍ശിക്കുന്നതെന്നും ഒരു പക്ഷമുണ്ട്. മെഡിറ്റേറിയന്‍ പ്രാന്തപ്രദേശങ്ങളില്‍ ബലി എന്നൊരു ചക്രവര്‍ത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങളും അതുമായി ബന്ധപ്പെട്ട മൃദുവായ ആചാരങ്ങളും നിലനില്‍ക്കുന്നുണ്ടെത്രെ അവിടെ നിന്നും ചരിത്രപരമായ വിവിധ കാരണങ്ങളാല്‍ പാലായനം ചെയ്ത ആ‍ദി മെഡിറ്ററേനിയന്‍ ജനത ഇന്ത്യയുടെ കേരളമുള്‍പ്പെടെയുള്ള പല സ്ഥലങ്ങളിലും വന്നു കുടിയേറിപ്പാര്‍ത്തുവെന്നും അവരാല്‍ പ്രചരിപ്പിക്കപ്പെട്ട ഐതിഹ്യമാണ് മഹാബലിക്കഥയുമെന്നാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ പക്ഷം . ഇതിനു ഉപോത്ബലകമായി അവര്‍ ഉന്നയിക്കുന്ന ന്യായം മെഡിറ്ററേനിയന്‍കാരുടെ ഈശ്വര വിഗ്രഹരൂപം കൂര്‍ത്ത ഭാഗം മുറിച്ച ചെറുപിരമിഡുകളായിരുന്നു. ഏറെക്കുറെ അതുപോലെ തന്നെയാണ് തൃക്കാക്കരയപ്പനെ പൂക്കളത്തിലിരുത്തുന്ന രൂപം എന്നതാണ്.

യഥാര്‍ത്ഥത്തില്‍ മഹാബലി ചക്രവര്‍ത്തി രാജ്യം ഭരിച്ചിരുന്നത് കേരളത്തിലല്ല വടക്കേ ഇന്ത്യയിലാണെന്നും ഒരു വിഭാഗം ഗവേഷകര്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് യഞ്ജയാഗം നടത്തുവാന്‍ മഹാബലി നര്‍മ്മദാതീരത്തെ ഭൃഗുകച്ഛകമെന്ന സ്ഥലം തിരഞ്ഞെടുത്തത് അഥവാ കേരളത്തിലെ തൃക്കാക്കര ആസ്ഥാനമാക്കി ഭരിക്കുകയാണെങ്കില്‍ കേവലം ഒരു യാഗം നടത്തുന്നതിനായി ചക്രവര്‍ത്തി ഇത്രമേല്‍ അകലെയുള്ള നര്‍മ്മദാതീരം തിരെഞ്ഞെടുക്കുകയായിരുന്നോ? ഉപരിയായി പുരാണത്തില്‍ പറയുന്ന കാലഗണന വച്ചു നോക്കിയാല്‍ മഹാവിഷ്ണുവിന്റെ പത്തു അവതാരങ്ങളില്‍ അഞ്ചാമത്തെ അവതാരമായ വാമനാവതാരം ഉണ്ടാകുന്നത് പരശുരാമനു മുമ്പാണ്. അതായത് വാമനാവതാരം സംഭവിക്കുമ്പോള്‍ അന്ന് പരശുരാമന്‍ കേരളം സൃഷ്ടിച്ചിട്ടില്ല. പിന്നെയെവിടെയാണ് തൃക്കാക്കര…?

ചരിത്ര പണ്ഡിതനായിരുന്ന വില്യം ലോഗന്റെ അഭിപ്രായപ്രകാരം ചിങ്ങമാസത്തിലെ തിരുവോണനാളിലായിരുന്നു ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടനായി മക്കത്തേക്കു പോയതെന്നും അദ്ദേഹത്തോടുള്ള ഭക്ത്യാദരപൂര്‍വ്വമായ പാവനസ്മരണക്കാണ് ഓണം സാര്‍വത്രികമായി ജാതിമതഭേദമെന്യേ ആഘോഷിക്കുന്നതെന്നുമാണ്. ഈ ആശയത്തിനു മതിയായ സ്വീകാര്യത ലഭിച്ചിട്ടില്ല.

പുരാണത്തിലെ അതിഭാവുകത്വമായ വിവരണങ്ങളും അയുക്തികരമായ വസ്തുതകളും മാറ്റി വച്ച് രേഖപ്പെടുത്തപ്പെട്ട കേരള ചരിത്രത്തിലൂടെ സഞ്ചരിച്ചാല്‍ കുറെ കൂടി വിശ്വാസയോഗ്യമായ വസ്തുത നമുക്ക് ലഭിക്കും . സാര്‍വത്രികമായി സ്വീകര്യത ലഭിച്ചിട്ടില്ലെങ്കിലും ലഭ്യമായ രേഖകള്‍ വച്ച് ഒരു നിഗമനത്തിലെത്താന്‍ സഹായിക്കുന്ന വസ്തുത ഇതാണ്. പ്രാചീന കേരളത്തിലെ മഹോദയപുരം ( ഇന്നത്തെ കൊടുങ്ങല്ലൂര്‍) തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന കുലശേഖരപെരുമാളിന്റെ വംശപരമ്പരയില്‍ പെട്ട ഒരു ഭരണാധികാരിയുണ്ടായിരുന്നു .അദ്ദേഹത്തിന്റെ പേര്‍ മഹാബലി പെരുമാള്‍ എന്നായിരുന്നെത്രെ. താരതമ്യേന നല്ലൊരു ഭരണം കാഴ്ച വച്ച ഈ മഹാബലി പെരുമാളായിരിക്കണം വാമനാവതാര കഥയുമായി കൂടിച്ചേര്‍ന്ന് വാഴ്ത്തിപ്പാടി സാക്ഷാ‍ല്‍ മഹാബലിത്തമ്പുരാനായത്.

അയുക്തിക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്തതുമായ കേവലം കെട്ടുകഥകളിലും ഐതിഹ്യങ്ങളിലും നാടോടിപ്പാട്ടുകളിലുമായി ചിന്നിച്ചിതറിക്കിടക്കുന്ന മഹാബലിക്കഥകളുടെ വെളിച്ചത്തില്‍ തികച്ചും ഭരണാഘടനാപരമായി മതനിരപേക്ഷ – മതേതരത്വ മൂല്യങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തില്‍ ഓണത്തിനെ ഒരു ദേശീയോത്സവമായി പ്രഖ്യാപിച്ച് അതിനൊരു ഔഗ്യോഗിക പരിവേഷം നല്‍കിയ അന്നത്തെ കേരളാ മുഖ്യമന്ത്രി ശ്രീ. പട്ടം താണുപിള്ളയുടെ ഉദ്ദേശ്യശുദ്ധിയാണ് ഏറെ വിചിത്രം. അന്നത്തെ വിപ്ലവ ത്രി മൂത്തികളായ പി. കൃഷ്ണപിള്ള എ. കെ. ജി . ഇ. എം. എസ് എന്നിവരുടെ സമര്‍ത്ഥമായ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം ഗവണ്മെന്റിനും ഹാനികരമായ വിധത്തില്‍ ശക്തിപ്പെട്ടു വരുന്ന ഒരു കാലഘട്ടത്തില്‍ സവര്‍ണ്ണ ഹൈന്ദവവിഭാഗത്തേയും അവരുടെ ആശ്രിതരേയും തന്റെ സര്‍ക്കാരിനോടു ചേര്‍ത്തു നിര്‍ത്താനുള്ള രാഷ്ട്രീയ ഗൂഢനീക്കമായിരുന്നു ശ്രീ. താണുപിള്ള ചെയ്തെതെന്നു വിശ്വസിക്കുന്നവരുണ്ട്. യഥാര്‍ത്ഥ വസ്തുത എന്തൊക്കെ തന്നെയായാലും നാളന്നുമുതല്‍ ഇന്നുവരെ ഓണം കേരളത്തിന്റെ ഔദ്യോഗികോത്സവമാണ്. സര്‍വ്വമതസ്ഥരും ഉള്‍ക്കൊള്ളുന്ന പൊതുസമൂഹത്തിന്റെ നികുതിപ്പണം ഉപയോഗിച്ചാണ് കോടികള്‍ പൊടിച്ചുള്ള സര്‍ക്കാര്‍ തലത്തിലുള്ള ഓണാഘോഷം നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധി പൊതു കടം എന്നൊക്കെ പറഞ്ഞ് വാവിട്ട് കരയുമ്പോഴും ഓണത്തിന്റെ പേരിലുള്ള അമിത സര്‍ക്കാര്‍ ധൂര്‍ത്തിന് യാതൊരു കുറവും വരുത്താന്‍ അധികാരികള്‍ ഒരുക്കമല്ലാത്തത് സമീപകാലത്ത് വിമര്‍ശിക്കപ്പെടുന്നുണ്ട്.

Generated from archived content: essay1_aug27_12.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English