ശലഭങ്ങളുടെ പകൽ – അദ്ധ്യായം എട്ട്‌

This post is part of the series ശലഭങ്ങളുടെ പകൽ

Other posts in this series:

  1. ശലഭങ്ങളുടെ പകൽ – 9
  2. ശലഭങ്ങളുടെ പകൽ – അദ്ധ്യായം ഒമ്പത്‌
  3. ശലഭങ്ങളുടെ പകൽ – അദ്ധ്യായം എട്ട്‌ (Current)

അന്ന്‌ ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞു. വേറെ പരിപാടികളൊന്നുമില്ലാതിരുന്നതിനാൽ കൃഷ്ണൻ മടങ്ങി. പെരിഞ്ചേരിയിൽ എത്തി, കാപ്പി കുടിച്ച്‌, ഔട്ട്‌ഹൗസിലേക്ക്‌ നടക്കുമ്പോൾ മുറി അടിച്ചു വാരാനെന്നും പറഞ്ഞ്‌ അമ്മായിയും കൂടെ ചെന്നു. ജോലി ചെയ്യുമ്പോൾ പതിവില്ലാത്തവണ്ണം അവർ ഓരോ കാര്യങ്ങൾ കൃഷ്ണനോട്‌ ചോദിച്ചുകൊണ്ടിരുന്നു. അശ്വതി അവരോട്‌ പറയാറുളള കോളേജ്‌ വിശേഷങ്ങളെക്കുറിച്ചും അന്വേഷിച്ചു.

“കൃഷ്ണൻകുട്ട്യോ, അശ്വതിക്കൊരു ആലോചന വന്നിട്ടുണ്ട്‌”, പെട്ടെന്നവർ വിഷയം മാറ്റിക്കൊണ്ടു പറഞ്ഞു.

ഒരു കൊളളിയാൻ അയാളുടെ നെഞ്ചിലൂടെ കടന്നുപോയി.

അതു മറച്ചുവച്ചുകൊണ്ട്‌ അയാൾ ചോദിച്ചു,“എവിടന്നാ?”

“എന്റെ കൂട്ടത്തിലൊളളതാ, വെളളാരപ്പിളളീല്‌”.

“ചെറുക്കന്‌ ജോലിയെവിട്യാ?”

“അവന്‌ എന്തിനാ കൃഷ്ണൻകുട്ട്യേ ഉദ്യോഗം. നടന്നെത്താൻ പറ്റാത്തത്രൊളള പറമ്പിലെ ഓരോ തെങ്ങുമ്മെ കട്ടിലിട്ട്‌ കെടക്കാം. ഇവിടെ അവരുടെ പറമ്പിലെ കൊഴിഞ്ഞു വീഴുന്ന തേങ്ങ വിറ്റാൽ കിട്ടുന്ന കാശിന്‌ വകയില്ല. പിന്നെ കൃഷിയാണെങ്കിൽ ഒരു പാടം മുഴുവനും അവര്‌ട്യാ, പോരാത്തതിന്‌ കുത്താനുളള മില്ലും കളോം. ഏറ്റോം എളേതാ അവൻ. രണ്ടുപെങ്ങന്മാരുളളവരുടെ കല്യാണം കഴിഞ്ഞു. മൂത്തവനും കെട്ടി.”

“ചെറുക്കൻ എന്തോരം പഠിച്ചിട്ടുണ്ട്‌?”

“ഓ, ഞാനത്‌ ഓർത്തില്യ കൃഷ്ണൻകുട്ട്യേ. അവനിപ്പൊ മൈസൂരിലാ പഠിക്കണെ, ഇഞ്ചിനീറിംഗിന്‌”.

അമ്മായിക്ക്‌ സ്വത്തിലാണ്‌ നോട്ടം. മൈസൂരില്‌ എഞ്ചിനീയറിംഗിന്‌ പഠിക്കുന്നുവെങ്കിൽ പൈസ കൊടുത്തായിരിക്കും അഡ്‌മിഷൻ മേടിച്ചു കാണുക. അപ്പോൾ മോശപ്പെട്ട പാർട്ടിക്കാരല്ല ചെറുക്കന്റെ വീട്ടുകാർ.

പേരു ചോദിക്കാൻ വിട്ടുപോയി. കുഴപ്പമില്ല, രാമൻകുട്ടിയോട്‌ ചോദിക്കാം. അമ്മായിയുടെ ബന്ധുക്കളെപ്പറ്റി രാമൻകുട്ടിക്ക്‌ നല്ല അറിവാണ്‌. പെരിഞ്ചേരിയിൽ എന്തു കാര്യം നടന്നാലും അത്‌ അറിയിക്കാനും മറ്റുമായി രാമൻകുട്ടിയാണ്‌ പോവാറ്‌. ചെയ്യാനൊക്കുമെങ്കിൽ അമ്മാവൻ പോകേണ്ട കാര്യങ്ങൾപോലും രാമൻകുട്ടിയെ ഏല്പിക്കും. യാത്ര ചെയ്യുന്ന കാര്യത്തിൽ അമ്മാവന്‌ അശേഷം താല്പര്യമില്ല. പോരാത്തതിന്‌ പുഴകടന്നുവേണം അമ്മായിയുടെ സ്വന്തക്കാർ അധികമുളള വെളളാരപ്പിളളിയിലേക്ക്‌ പോകാൻ. അമ്മാവന്‌ വഞ്ചിയിൽ കയറാൻ ഭയങ്കര പേടിയാണ്‌. പെട്ടിയിലടയ്‌ക്കപ്പെട്ട എലിയെപ്പോലെയാണ്‌ വഞ്ചിക്കുളളിലെ അമ്മാവന്റെ പെരുമാറ്റമെന്ന്‌ അമ്മായി പറയാറുണ്ട്‌.

തേടിയ വളളി കാലിൽ ചുറ്റി. സന്ധ്യക്ക്‌, കുളിക്കാൻ കൃഷ്ണൻ പമ്പിനടുത്തെത്തിയപ്പോൾ രാമൻകുട്ടിയെ കണ്ടു. അശ്വതിക്ക്‌ കണ്ടുവെച്ചിട്ടുളള ചെറുക്കനെപ്പറ്റിയുളള സൂചനകൾ കൃഷ്ണൻ പറഞ്ഞപ്പോൾത്തന്നെ രാമൻകുട്ടിക്ക്‌ ആളെ മനസ്സിലായി.

ചെറുക്കന്റെ പേര്‌ വിനയൻ എന്നാണ്‌. അമ്മായി പറഞ്ഞകാര്യങ്ങൾ ഏതാണ്ടെല്ലാം ശരിയായിരുന്നു. ബി.എസ്സ്‌.സിയും കഴിഞ്ഞ്‌ വിനയൻ മൈസൂർക്ക്‌ പഠിക്കാൻ പോയിട്ട്‌, രാമൻകുട്ടി കണക്കുകൂട്ടി നോക്കിയപ്പോൾ, ഏതാണ്ട്‌ ആറുകൊല്ലമായി. നേരാംവണ്ണം പഠിക്കുകയാണെങ്കിൽ നാലുകൊല്ലം കൊണ്ട്‌ എഞ്ചിനീയറിംഗ്‌ കോഴ്സ്‌ പൂർത്തിയാക്കാം. അപ്പോൾ ആൾ അത്ര നല്ല പുളളിയല്ല എന്നു തീർച്ച. ഇടയ്‌ക്ക്‌ തോറ്റിട്ടുണ്ടാവും. നാടും വീടും വിട്ടുനില്‌ക്കുകയല്ലേ, ഇഷംപോലെ പണവും. ഉഴപ്പാനുളള വഴികൾ പിന്നെ ധാരാളമാണ്‌ മുമ്പിൽ. വീട്ടുകാർക്ക്‌ ധനസ്ഥിതിയുണ്ടെങ്കിലും ഇത്ര വലിയ പഠിത്തത്തിനൊക്കെ തറവാട്ടിൽ നിന്ന്‌ ഒരാൾ പോകുന്നത്‌ ആദ്യമായിട്ടാണ്‌. വീട്ടുകാരെ എന്തെങ്കിലുമൊക്കെ പറഞ്ഞുമൂട്ടി വിനയൻ രക്ഷപ്പെടുന്നുണ്ടാവും.

കുളികഴിഞ്ഞ്‌ കൃഷ്ണൻ പെരിഞ്ചേരിയിലേക്ക്‌ നടക്കുമ്പോൾ രാമൻകുട്ടി ചോദിച്ചു, “പിളള എന്തേ ഈ വിശേഷങ്ങളൊക്കെ ചോദിക്കാൻ?”

“ഒന്നൂല്ല. വെറുതെ”

“ഒന്നും എന്നോട്‌ മറയ്‌ക്കണ്ട. എനിക്കെല്ലാം അറിയാം. ഉളളുതുറന്ന്‌ അമ്മാവൻ എന്തെങ്കിലും പറയണ്‌ എന്നോട്‌ മാത്രാ. അമ്മാവനൊളേളാടത്തോളം കാലം പിളള ഒന്നുകൊണ്ടും പേടിക്കണ്ട. എന്തെങ്കിലും പെരിഞ്ചേരിയിൽ നടക്കുന്നുണ്ടേൽ അതു​‍്‌ അമ്മാവന്റെ ഇഷ്‌ടത്തിനൊത്തേ ഉണ്ടകൂ”.

രാമനകുട്ടി കൃഷ്ണനോടൊപ്പം നേരെ ഔട്ട്‌ഹൗസിലേക്ക്‌ ചെന്നു. വളരെ നേരം അവർ കുടുംബകാര്യങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. പെരിഞ്ചേരിയുമായി ബന്ധമുളള എല്ലാ തറവാടുകളുടെയും ചരിത്രം രാമൻകുട്ടിക്കറിയാം. ഇങ്ങേയറ്റം ആ കുടുംബങ്ങളിലെ ചിദ്രങ്ങളുടേതുവരെ.

പുതിയ വിശേഷങ്ങളെല്ലാം കോളേജിൽ വച്ച്‌ കൃഷ്ണൻ അശ്വതിയോടു പറഞ്ഞു. പക്ഷേ, പ്രശ്‌നങ്ങളുടെ ഗൗരവം അവൾ തീരെ മനസ്സിലാക്കുന്നില്ല. അച്ഛനെ അശ്വതിയ്‌ക്ക്‌ വളരെ വിശ്വാസമാണ്‌. അദ്ദേഹമുളളപ്പോൾ നാമെന്തിന്‌ ഭയപ്പെടണം എന്നാണ്‌ അവൾ കൃഷ്ണനോട്‌ ചോദിക്കുന്നത്‌. ഈയിടെ അമ്മ തന്നോട്‌ വിനയനെപ്പറ്റി സംസാരിക്കാറുണ്ടെന്ന്‌ അശ്വതി പറഞ്ഞു. ഒരുപക്ഷേ, വിനയന്റെ കോഴ്സ്‌ കഴിഞ്ഞിട്ടുണ്ടാവും. അതായിരിക്കും തിടുക്കത്തിലുളള ഇത്തരം നീക്കങ്ങളുടെയൊക്കെ ഉദ്ദേശം. കൃഷ്ണൻ ഊഹിച്ചു.

മഴ കൊണ്ടുപിടിച്ചിരിക്കുന്നതിനാൽ നഗരത്തിൽ ചുറ്റിക്കറങ്ങാനോ കടൽക്കരയിലെ പാറക്കെട്ടിൽ കൂടിയിരുന്നു​‍്‌ വാചകമടിക്കാനോ പാർക്കിൽ പോകാനോ കൃഷ്ണന്‌ സാധിക്കാറില്ല. ആകെ അയാൾ ചെയ്യുന്നത്‌ ടോമിന്റെയും സുനിലിന്റെയും കൂടെപോയി പുതിയ സിനിമകൾ കാണുകയാണ്‌

രണ്ടാംവർഷം പ്രൊഫസ്സർ ഡാനിയേൽ റോഡ്രിഗ്‌സ്‌ ക്ലാസ്സെടുക്കാനുണ്ടായിരുന്നു. പ്രീഡിഗ്രി കോളേജിലെ നീലകണ്‌ഠശർമ്മ സാറിന്റെ ക്ലാസ്സുകൾക്കുശേഷം ഇത്ര നല്ല ഗണിതശാസ്ര്ത ക്ലാസ്സിൽ ഇരിക്കാൻ ആദ്യമായാണ്‌ അയാൾക്ക്‌ സാധിക്കുന്നത്‌. പ്രീഡ്രിഗ്രിയുടേതിനെക്കാൾ ഗഹനങ്ങളായ കാര്യങ്ങൾ വിശദീകരിക്കപ്പെട്ടിരുന്ന ക്ലാസ്സുകളായിരുന്നു അവ.

തന്റേതായ ഒരു കാഴ്‌ചപ്പാടോടെയാണ്‌ പ്രഫസ്സർ ഡാനിയേൽ ഗണിതശാസ്ര്തത്തെ സമീപിക്കുന്നതെന്ന്‌ കുറെ ക്ലാസ്സുകൾ കഴിഞ്ഞപ്പോൾ കൃഷ്ണന്‌ മനസ്സിലായി. കുറെ സിദ്ധാന്തങ്ങളും സമവാക്യങ്ങളും ഗണിതപ്രക്രിയകളും മാത്രം മനസ്സിലാക്കി വച്ചിട്ടുളള ഒരാളല്ല അദ്ദേഹം. ക്ലാസ്സിൽ ചർച്ചയ്‌ക്കെടുക്കുന്ന ഗണിതശാസ്ര്തസിദ്ധാന്തങ്ങൾ, അവയുടെ ഭൗതികാർത്ഥങ്ങളോടുകൂടി അവതരിപ്പിക്കാനാണ്‌ അദ്ദേഹം ശ്രമിക്കാറുളളത്‌. അതുകൊണ്ടുതന്നെ, കേവലം കണക്കുകൾ യാന്ത്രികമായി ചെയ്‌തു തീർക്കുക എന്നതിനെക്കാൾ ആസ്വാദ്യകരങ്ങളാക്കി മാറ്റി അദ്ദേഹം തന്റെ ലക്‌ചറുകൾ.

ഗണിതശാസ്ര്തത്തിന്റെ ഉയർന്ന മേഖലകളിലേക്ക്‌ കടക്കുമ്പോൾ കൂടുതൽ സങ്കീർണ്ണങ്ങളായ സിദ്ധാന്തങ്ങളും അവയുടെ പ്രൂഫുകളും പഠിക്കേണ്ടതായി വന്നു. അപ്പോഴൊക്കെ പ്രഫസ്സർ ഡാനിയേൽ സാധാരണ വിദ്യാർത്ഥികളുടെ രക്ഷകനായെത്തും. ടെക്സ്‌റ്റുകളിൽ കൊടുത്തിട്ടുളളതിനേക്കാൾ ലളിതമായ പ്രൂഫുകൾ അദ്ദേഹം സ്വയം എഴുതിയുണ്ടാക്കി നോട്ടായി കൊടുത്താണ്‌ സഹായിച്ചത്‌.

നേരെ മാർഗ്ഗത്തിലൂടെ പോയാൽ വളരെയുളള ഒരു പ്രൂഫ്‌ ചെറുതാക്കി അദ്ദേഹം ക്ലാസ്സിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രൂഫിന്റെ അവസാനഭാഗത്ത്‌ എന്തോ ഒരു പാകപ്പിഴയുളളതുപോലെ തോന്നി കൃഷ്ണന്‌. അയാൾ എഴുന്നേറ്റ്‌ നിന്നുചോദിച്ചു,“സർ, 1ഡിവിഷനിൽ 2ന്യൂമറേറ്ററിലും 3ഡിനോമിനേറ്ററിലും സീറോ വന്നാൽ 4ഇൻഡിറ്റർമിനേറ്റ്‌ ഫോം ആവില്ലേ? പിന്നെ സാറെന്താണ്‌ അതിന്റെ ഫലം സീറോ എന്ന്‌ എഴുതിയിരിക്കുന്നത്‌?”

“കൃഷ്ണകുമാർ അവിടെ ഇരിക്കൂ. നിങ്ങളിലാരാണ്‌ ആ ചോദ്യം ചോദിക്കുന്നതെന്ന്‌ ഞാൻ നോക്കുകയായിരുന്നു.

പ്രൂഫിന്റെ അവസാനഘട്ടത്തിലെ ഈ ഡിവിഷനിൽ ന്യൂമറേറ്ററിലെ വില സീറോ ആണല്ലോ. പക്ഷേ, ഡിനോമിനേറ്ററിന്റെ വില വളരെ കൃത്യമായി പറഞ്ഞാൽ സീറോ അല്ല. അതു​‍്‌ സീറോയിലേക്ക്‌ ടെന്റു ചെയ്യുന്നതേയുളളൂ. ഞാനൊരു ഉദാഹരണം പറഞ്ഞ്‌ അതു​‍്‌ വ്യക്തമാക്കാം. ആലുവയിൽ നിന്ന്‌ ഏതാണ്ട്‌ പത്തു കിലോമീറ്റർ വരെ ഉളളിൽ താമസിക്കുന്ന എല്ലാവരും അകലെ ദേശങ്ങളിൽ ചെന്നാൽ ആലുവാക്കാരെന്നേ പറയൂ. അവിടങ്ങളിൽ വച്ച്‌ അങ്ങനെ പറയുന്നതിൽ തെറ്റുമില്ല. പക്ഷേ, ആലുവായുടെ ഹൃദയഭാഗത്തുചെന്നു നിന്ന്‌ അവർ അങ്ങനെ പറഞ്ഞാൽ അത്‌ തെറ്റാകില്ലേ. അതുതന്നെയാണ്‌ ഇവിടെയും സംഭവിക്കുന്നത്‌. ന്യൂമറേറ്റർ സീറോ ആണ്‌. അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഡിനോമിനേറ്റർ സീറോ അല്ല. ഒരു വലിയ സംഖ്യയായിട്ടാണ്‌ അതിനെ താരതമ്യം ചെയ്തതെങ്കിൽ അത്‌ സീറോ ആയേനെ. അങ്ങനെ ഡിവിഷന്റെ ഫലം സീറോ ആകുന്നു, ന്യൂമറേറ്റർ മാത്രം സീറോ ആയതിനാൽ”.

പ്രൂഫിപ്പോൾ അയാളുടെ മുമ്പിൽ തെളിനീരുപോലെ കിടക്കുന്നു. അതിനടിയിൽ എന്തൊക്കെയുണ്ടെന്ന്‌ നോക്കിക്കാണാവുന്നതേയുളള. കൃഷ്ണൻ ചിന്തിച്ചു.

ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ പ്രഫസ്സർ ഡാനിയേൽ കൃഷ്ണനെ ഡിപ്പാർട്ട്‌മെന്റിലേക്ക്‌ വിളിച്ചു.

എങ്ങുമെങ്ങും കൂട്ടിമുട്ടാത്ത കുറെ ധാരണകളുമായാണ്‌ ഉച്ചയ്‌ക്കു​‍്‌ മാത്തമാറ്റിക്സ്‌ ഡിപ്പാർട്ട്‌മെന്റിലേക്ക്‌ അയാൾ നടന്നത്‌. അനുവാദം ചോദിച്ചിട്ട്‌ പ്രഫസ്സറിന്റെ മുറിയിലേക്കു കടന്നു. അദ്ദേഹം എന്തോ വായിച്ചുകൊണ്ട്‌ ഇരിക്കുകയായിരുന്നു. കൃഷ്ണനെ കണ്ടയുടനെ ചിരിച്ചു.

“സർ, എന്നോട്‌ വരാൻ പറഞ്ഞത്‌………..?”

“കൃഷ്ണകുമാർ ഇരിക്കൂ. പ്രത്യേകിച്ച്‌ കാരണമൊന്നും ഉണ്ടായിട്ടല്ല വിളിപ്പിച്ചത്‌. തന്റെ ഇന്നത്തെ ചോദ്യം എനിക്ക്‌ വളരെ ഇഷപ്പെട്ടു. മാത്തമാറ്റിക്സ്‌ എന്തെന്ന്‌ കുട്ടികളിൽ പലരും മനസ്സിലാക്കാൻ ശ്രമിക്കാറില്ല. അവർ തിയറികളും പ്രൂഫുകളും വിഴുങ്ങുകയാണ്‌. താൻ ആ കൂട്ടത്തിലല്ല എന്നാണ്‌ ഇന്നെനിക്ക്‌ തോന്നിയത്‌. നമ്മുടെ ഡിപ്പാർട്ട്‌മെന്റിൽ ചെറിയ ഒരു ലൈബ്രറി ഉണ്ട്‌. കൂടുതൽ വല്ലതും അറിയണമെന്നുണ്ടെങ്കിൽ അവിടെ റഫർ ചെയ്യാം. ങ്‌ഹാ, വീടെവിടെയാണ്‌? ചോദിക്കാൻ വിട്ടുപോയി”.

കൃഷ്‌ണൻ എല്ലാം പറഞ്ഞു. അദ്ദേഹം ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു. തന്നിൽ അദ്ദേഹത്തിന്‌ ഇത്ര താല്‌പര്യമുണ്ടാകാൻ എന്തായിരിക്കും കാരണമെന്നോർത്തു​‍്‌ കൃഷ്ണൻ അത്ഭുതപ്പെട്ടു.

സംസാരിക്കുന്നതിനിടയിൽ ആഗ്നസിനെ പരിചയപ്പെട്ടകാര്യം അയാൾ പറഞ്ഞു. അവളുടെ അങ്കിളാണ്‌ പ്രഫസ്സർ ഡാനിയേലെന്ന്‌ പരിചയപ്പെട്ട ദിവസം ആഗ്നസ്‌ പറഞ്ഞത്‌ അയാൾക്ക്‌ ഓർമയുണ്ടായിരുന്നു.

അതുപറഞ്ഞപ്പോൾ എന്തോ ആലോചിച്ചിട്ടെന്നപോലെ അദ്ദേഹം സംസാരം പൊടുന്നനെ നിർത്തി.

പിന്നെ അദ്ദേഹം വളരെ പതുക്കെ പറയുകയാണ്‌,“കൃഷ്ണനറിയാമോ, ഹെലന്‌ വെറും രണ്ടുവയസ്സുളളപ്പോഴാണ്‌ എന്റെ മാർഗരറ്റ്‌ മരിച്ചത്‌, മൂന്ന്‌ വർഷം മുമ്പ്‌. വളരെ വൈകിയശേഷമാണ്‌ ഞാൻ ഒരു കുടുംബജീവിതം തുടങ്ങിയത്‌. എന്റെ മാർഗരീത്ത എനിക്കെല്ലാമായിരുന്നു. പക്ഷേ, വിധിയെ പഴിക്കാമെന്നല്ലാതെ എന്തുചെയ്യാൻ”.

എംബ്രോയ്‌ഡറി ചെയ്ത വെളുത്ത തൂവാലയെടുത്ത്‌ പ്രഫസ്സർ ഡാനിയേൽ മുഖം തുടച്ചു.

“പിന്നെ ഹെലനെ നോക്കിയതും ശുശ്രൂഷിച്ചതുമെല്ലാം ആഗ്നസായിരുന്നു. ഹെലൻ ഈ വർഷം സ്‌കൂളിൽ ചേർന്നപ്പോഴാണ്‌ ഹെലൻ തിരിച്ചുപോയത്‌. അവൾ എന്റെ സിസ്‌റ്ററുടെ കുട്ടിയാണ്‌”.

കൃഷ്ണന്‌ അവയെല്ലാം പുതിയ അറിവുകളും അനുഭവങ്ങളുമായിരുന്നു. ഇത്ര ഹൃദയം തുറന്നു സംസാരിക്കുന്ന മനുഷ്യനെ ആദ്യമായി കാണുകയാണ്‌ അയാൾ.

 

“കൃഷ്ണൻ, തനിക്ക്‌ ഒഴിവുളളപ്പോഴൊക്കെ വീട്ടിലേക്കു വരൂ. താനവിടെ വെറുതെ ഇരിക്കുകയല്ലേ”.

 

പുറത്തിറങ്ങിയപ്പോൾ പുതിയ അനുഭവങ്ങൾ കൃഷ്ണന്റെ മനസ്സിൽ നിറഞ്ഞു കവിയുകയായിരുന്നു. സ്നേഹത്തിന്റെ ഊഷ്മളാവസ്ഥ തന്റെ പ്രവൃത്തികളെപോലും ത്വരിത ഗതിയിലാക്കുന്നതായി അയാൾ അറിഞ്ഞു.

 

1 ഡിവിഷൻ-ഹരണം

 

2 ന്യൂമറേറ്റർ-അംശം

 

3 ഡിനോമിനേറ്റർ-ഛേദം

 

4 നിർവ്വചിക്കപ്പൊത്തൊരു ക്രിയ

Generated from archived content: salabham_8.html Author: narendran

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English