ശലഭങ്ങളുടെ പകൽ – അദ്ധ്യായം നാല്‌

This post is part of the series ശലഭങ്ങളുടെ പകൽ

Other posts in this series:

  1. ശലഭങ്ങളുടെ പകൽ – 20
  2. ശലഭങ്ങളുടെ പകൽ – 21
  3. ശലഭങ്ങളുടെ പകൽ – 22

അമ്പലക്കുളത്തിൽ കുളിക്കാതെ ആദ്യമായാണ്‌ കൃഷ്ണൻ കോളേജിലേക്ക്‌ പോകുന്നത്‌. രാവിലെ ഒന്നു നീന്തിക്കുളിച്ച്‌, ഈറൻ മാറി, പടിക്കൽ നിന്നുതന്നെ തൊഴുത്‌, പിന്നെ ക്ലാസ്സിലേക്ക്‌ പോകാൻ പ്രത്യേക സുഖമാണ്‌. വയലുകളുണ്ടെങ്കിലും പെരിഞ്ചേരിക്കടുത്ത്‌ കുളിക്കാൻ പറ്റിയ കുളങ്ങളില്ല. പക്ഷേ, പമ്പുളളതുകൊണ്ട്‌ കുളി വേഗം കഴിക്കാം.

 

ഒരുക്കം കഴിഞ്ഞ്‌ കൃഷ്ണൻ പെരിഞ്ചേരിയിലേക്കു നടക്കുമ്പോൾ പുതിയൊരു പ്രശ്നം അയാളുടെ മനസ്സിൽ ഉടക്കിക്കിടന്നു. അശ്വതിക്കും കാലത്തുതന്നെ പോകണം കോളേജിലേക്ക്‌, ഒരേ സമയമാണ്‌. ഇനി മുതൽ ഒന്നിച്ചു പോകേണ്ടി വരുമോയെന്ന വിചാരം അയാളെ അലട്ടി. വരുന്നതുവരട്ടെ എന്ന്‌ പിന്നെ അയാൾ മനസ്സിൽ കരുതി. പെരിഞ്ചേരിയിൽ കാപ്പിയും പലഹാരവും തയ്യാറാക്കി വച്ചിരുന്നു. ഇളം തവിട്ടു നിറത്തിലുളള നല്ലരിപ്പുട്ടും, തൊലി കറുത്തു തുടങ്ങിയ ഞാലിപ്പൂവൻ പഴവും. തനിക്കുവേണ്ടി ഉണ്ടാക്കിയതാവും, കൃഷ്ണൻ വിചാരിച്ചു. അമ്മാവന്‌ കാലത്ത്‌ കഞ്ഞി കുടിക്കാതെ പറ്റില്ല.കാപ്പി കുടിക്കുമ്പോൾ അമ്മായി ഔട്ട്‌ഹൗസിൽ അസൗകര്യങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നന്വേഷിച്ചു. അമ്മാവനെ എങ്ങും കാണുന്നില്ല. കാലത്തേതന്നെ പാടത്തേക്കു പോയിട്ടുണ്ടാവും.

 

അശ്വതി എവിടെയാണാവോ? പുറത്തു കാണുന്നില്ല. കാപ്പി കഴിക്കുമ്പോഴും കൃഷ്ണ​‍െൻ​‍്‌റ കണ്ണുകൾ ഇടയ്‌ക്കിടെ ചുറ്റിലും പരതി. ആലോചിച്ചിരിക്കെ അവൾ കടന്നുവന്നു. ഒരുങ്ങുകയായിരുന്നെന്നു തോന്നുന്നു. കോളേജിലേക്കുളള വേഷത്തിലാണ്‌. പാവാടയും ബ്ലൗസുമാണ്‌ അണിഞ്ഞിട്ടുളളത്‌. നല്ല യോജിപ്പുളള നിറം. കൃഷ്ണൻ കുറച്ചുനേരം അവളെത്തന്നെ നോക്കിയിരുന്നുപോയി. പിന്നെ അമ്മായി അടുത്തെങ്ങുമില്ലല്ലോ എന്നോർത്ത്‌ സമാധാനിച്ചു.

 

“പുട്ടിന്‌ രുചിയുണ്ടോ?” ഒരു ചോദ്യവുമായി അവൾ കാലത്തേ തന്നെ വന്നിരിക്കുന്നു. നല്ല മറുപടി കൊടുക്കണമെന്നു തോന്നി അയാൾക്ക്‌.

 

“അത്‌ ചോദിക്കാൻ പുട്ട്‌ ഉണ്ടാക്കിയോർക്കല്ലേ അവകാശം”.

 

“എന്നാലും എനിക്കു തന്ന്യാ അവകാശം. കാലത്ത്‌ എഴുന്നേറ്റ്‌ ഉണ്ടാക്കീത്‌ ഞാനാ”.

 

“അതുശരി. ഈ കായ പഴുക്കാൻ വച്ചതാരാ?”

 

“എന്താ?”

 

“പഴത്തിന്‌ നല്ല രുചി. അതിനും അവിടുത്തെ കരസ്പർശം ഏറ്റിരിക്കും, അല്ലേ?”

 

അശ്വതി ചിരിച്ചുകൊണ്ട്‌ അവിടെനിന്നും പോയി.

 

ചുറുചുറുക്കുളള കൈകളും പ്രസന്നവദനവുമാണ്‌ അശ്വതിയുടെ സൗന്ദര്യം എന്ന്‌ അയാളോർത്തു. ഭക്ഷണം കഴിഞ്ഞ്‌, അമ്മായിയോട്‌ യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോൾ അശ്വതി കാത്തു നില്‌ക്കുന്നുണ്ടായിരുന്നു.ഒരു വലിയ തലവേദന ഒഴിവായല്ലോ എന്നോർത്ത്‌ കൃഷ്ണൻ ആശ്വസിച്ചു. അശ്വതിക്കുവേണ്ടി കാക്കേണ്ടിവന്നില്ല. തന്റെ കൂടെ പോയാൽ മതി എന്ന്‌ അമ്മാവനോ അമ്മായിയോ അശ്വതിയോട്‌ പറഞ്ഞിട്ടുണ്ടാവും. അല്ലാതെ അവളിങ്ങനെ കാത്തുനില്‌ക്കാനിടയില്ല.ഒന്നിച്ചു നടക്കുമ്പോൾ പല ആലോചനകൾ അയാളുടെ മനസ്സിലേക്കു കടന്നുചെന്നു. ഇനിയിപ്പോൾ ആളുകൾക്ക്‌ കുറെനാൾ പറയാൻ ഒരു വകയായി.

 

“ദേ, ശങ്കരൻ നായര്‌ അനന്തരവനെ കൊണ്ടുവന്നു താമസിപ്പിച്ചേക്കണു. മോക്ക്‌ ഒര്‌ ആളായി. അന്യ വീട്ടിൽ കഴിച്ചാ സമ്പാദിച്ചതൊക്കെ വല്ലോനും കൊണ്ടോയി തിന്നൂലേ. അല്ലേലും ശങ്കരൻ നായര്‌ ബുദ്ധിയുളേളാനാ”.

 

എല്ലാവരും തന്നെ ശ്രദ്ധിക്കുകയാണെന്നു തോന്നി അയാൾക്ക്‌.

 

അശ്വതിയോട്‌ കോളേജിലെ വിശേഷങ്ങൾ തിരിച്ചും മറിച്ചും ഒക്കെ ചോദിച്ചു. അശ്വതി നല്ലൊരു ശ്രോതാവുമാണ്‌. പക്ഷേ, രസം കെടുത്തുന്ന പല വിഡ്‌ഢിച്ചോദ്യങ്ങളും ഇടയ്‌ക്കു ചോദിക്കുമെന്നു മാത്രം. എന്തെങ്കിലും തിരിച്ചു പറയണമല്ലോ എന്നോർത്തു ചെയ്യുന്നതാവും.

 

കവലയിലെത്തിയപ്പോൾ നാരായണൻനായരുടെ കണ്ണുകൾ വിടരുന്നതു കണ്ടു. വെറുതെ ചിരിച്ചു.

 

ആദ്യദിവസമായതുകൊണ്ട്‌ ബസ്സിൽ മുഴുവൻ ചാർജ്ജും കൊടുത്തു. അശ്വതി വേറെ കൊടുത്തോളാമെന്നു പറഞ്ഞിരുന്നു.

 

ബസ്സിറങ്ങി കോളേജിലേക്കു നടക്കുമ്പോൾ അയാൾ അശ്വതിയോടൊപ്പം വേറെ പെൺകുട്ടികളെയും കണ്ടു. അവരോടൊപ്പം പോവുകയാണെന്ന്‌ അശ്വതി കണ്ണുകൊണ്ട്‌ കാട്ടി.

 

കോളേജിലേക്ക്‌ ബസ്സ്‌ റൂട്ടിൽ നിന്നും ഒരു കിലോമീറ്ററോളം നടക്കണം. പ്രശസ്തമായ ഒരു കമ്പനിയുടെ സ്വകാര്യ വഴിയെയാണ്‌ കോളേജിലേക്ക്‌ പോകേണ്ടതും. റോഡിന്നിരുവശങ്ങളിലും വാകമരങ്ങൾ വളർന്നു നില്‌ക്കുന്നു. അതിന്റെ ചെറിയ ഇലകളിൽ മഴവെളളത്തുളളികൾ തങ്ങി നിന്ന്‌ വെളളിപോലെ വെയിലിൽ തിളങ്ങി.ധാരാളം പേർ പോകുന്നുണ്ടെങ്കിലും പരിചയമുളള ഒരു മുഖം പോലും കാണാനില്ല. അശ്വതിയും കൂട്ടരും റോഡിന്നപ്പുറത്തുവശം ചേർന്നാണ്‌ പോകുന്നത്‌. കൃഷ്ണൻ ഒരു തവണ അങ്ങോട്ടു നോക്കിയപ്പോൾ അവൾ തന്നെ നോക്കി കൂടെയുളള പെൺകുട്ടികളോട്‌ എന്തൊക്കെയോ പറയുന്നത്‌ കണ്ടു. അയാൾ നടപ്പിന്‌ വേഗത കൂട്ടി. അപ്പുറത്തു നടക്കുന്നവരുടെ ചിരിയും നോട്ടവുമെല്ലാം സഹിച്ച്‌ ഒറ്റയ്‌ക്കു നടക്കാനാവുന്നില്ല അയാൾക്ക്‌.

 

പുതിയ ബിരുദവിദ്യാർത്ഥികളെ സ്വീകരിക്കാൻ കോളേജിൽ ചടങ്ങൊരുക്കിയിരുന്നു. ഫാ.ചില്ലിക്കൂടൻ ഇംഗ്ലീഷിൽ പ്രസംഗം തുടങ്ങി, കുറെ കഴിഞ്ഞപ്പോൾ മലയാളത്തിലാക്കി. കോളേജിന്റെ ചരിത്രം മുതലാണ്‌ അദ്ദേഹം പറഞ്ഞത്‌. പോൾ ആറാമൻ മാർപ്പാപ്പ ഇന്ത്യയിൽ വന്നതും അതിന്റെ സ്മരണയ്‌ക്ക്‌ ആ കോളേജ്‌ സ്ഥാപിച്ചതുമൊക്കെ. പിന്നെ ഓരോ ഡിപ്പാർട്ട്‌മെൻ​‍്‌റുകളിലെ പ്രധാന അദ്ധ്യാപകരെയും മറ്റും പരിചയപ്പെടുത്തി.

 

ഉച്ചയ്‌ക്കു മുമ്പുതന്നെ ചടങ്ങ്‌ അവസാനിച്ചു. കൃഷ്ണൻ ഹാളിനു വെളിയിലെത്തിയപ്പോൾ ടോണിയെ കണ്ടു. പ്രീഡിഗ്രിക്ക്‌ ഒപ്പം പഠിച്ചതാണ്‌. ഒരേ ക്ലാസ്സിലായിരുന്നുവെങ്കിലും അടുത്ത സുഹൃത്തുക്കളൊന്നുമായിരുന്നില്ല അവർ. നൂറിനടുത്ത്‌ കുട്ടികളുണ്ടായിരുന്ന ആ പ്രീഡിഗ്രി ക്ലാസ്സിൽ എല്ലാവരോടും അടുത്തുബന്ധപ്പെടാൻ പറ്റില്ലായിരുന്നു. പക്ഷേ അന്യനാട്ടിൽ വച്ചു കാണുമ്പോൾ നേരിയ പരിചയമേയുളളൂ എങ്കിലും അതു​‍്‌ വലിയ സുഹൃത്‌ബന്ധമായി വളരുമല്ലോ. ടോണിയോടൊപ്പം കൃഷ്ണൻ കോളേജാകെ നടന്നു കണ്ടു. ഇങ്ങോട്ടുതന്നെ വരാൻ കഴിഞ്ഞതിൽ അയാൾക്ക്‌ സന്തോഷം തോന്നി.

 

ക്ലാസ്സിലെ എല്ലാവരെയും കാണാൻ കഴിഞ്ഞത്‌ പിറ്റെ ദിവസമാണ്‌. ആൺകുട്ടികളും പെൺകുട്ടികളും എണ്ണത്തിൽ ഏതാണ്ട്‌ തുല്യമായിരുന്നു. ആകെ മുപ്പതു പേരോളം. ക്ലാസി​‍്സലുളള പലർക്കും തന്നോടുവന്നു പരിചയപ്പെടാൻ ബുദ്ധിമുട്ടുളളതുപോലെ അനുഭവപ്പെട്ടു കൃഷ്ണന്‌. പ്രായവ്യത്യാസമാവും ആ അകൽച്ചയുടെ കാരണം. പക്ഷേ, സുനിലുമായി വളരെപെട്ടെന്ന്‌ ബന്ധം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു. സംസാരത്തിനിടയ്‌ക്ക്‌ പലപ്പോഴും താനും സുനിലും ഒരേ രീതിയിൽ ചിന്തിക്കുന്നതുപോലെ തോന്നി അയാൾക്ക്‌. രണ്ടുപേർക്കും ഒരുപോലെ താല്പര്യമുളള വിഷയങ്ങൾ ധാരാളമുണ്ടായിരുന്നു. സുനിൽ നല്ലൊരു സാഹിത്യാസ്വാദകനും കലാകാരനുമാണ്‌.സുനിലിന്റെ വീട്‌ അടുത്താണ്‌. അവന്റെ കഥയും രസമുളളതായിരുന്നു. ആദ്യതവണ പ്രീഡിഗ്രി എഴുതിയപ്പോൾ ഇംഗ്ലീഷിനു തോറ്റുപോയി. സെപ്തംബർ പരീക്ഷയ്‌ക്ക്‌ വാശിയോടെ കുത്തിയിരുന്ന്‌ പഠിച്ചു. വിധി അവിടെയും സുനിലിന്‌ എതിരായാണ്‌ നിന്നത്‌, ടൈഫോയ്‌ഡിന്റെ രൂപത്തിൽ. അടുത്ത അവസരം വന്നപ്പോഴേക്കും ടെക്സ്‌റ്റുപുസ്തകങ്ങളെല്ലാം മാറിയിരുന്നു. അതുവരെ പഠിച്ചതെല്ലാം വെറുതെയായപ്പോൾ അയാൾ നിരാശനായി. ചേട്ടന്‌ ബോംബെയിൽ ബിസ്സിനസ്സുണ്ട്‌. ചേട്ടനെ സഹായിക്കാനെന്നും പറഞ്ഞ്‌ അങ്ങോട്ടു വണ്ടി കയറി. രണ്ടുവർഷത്തോളം അവിടെയായിരുന്നു. ചേട്ടന്റെ നിർബന്ധപ്രകാരം തിരിച്ചുപോന്ന്‌, ട്യൂട്ടോറിയലിൽ ചേർന്ന്‌ പഠിച്ച്‌ ഇംഗ്ലീഷ്‌ എഴുതിയെടുത്തു. മാർക്ക്‌ അധികമൊന്നും ഉണ്ടായിരുന്നില്ല. ഫാ. ചില്ലിക്കൂടനെ ആദ്യം മുതലേ അറിയുമായിരുന്നത്രേ. അങ്ങനെ മാനേജുമെന്റ്‌ ക്വോട്ടയിൽ ബി.എസ്സ്‌.സിക്കു സീറ്റു കിട്ടി.ദിവസങ്ങൾ പൊഴിയുമ്പോൾ ആ സുഹൃത്‌ബന്ധം ദൃഢമാവുകയായിരുന്നു. അതിന്നിടയ്‌ക്കാണ്‌ അവരുടെ ഇടയിലേക്ക്‌ വേറൊരാൾകൂടി കടന്നുവന്നത്‌-ടോം കുര്യാക്കോസ്‌.ഒരു പ്രത്യേക സാഹചര്യമായിരുന്നു ആ മൂന്നാമന്റെ വരവിന്‌ വഴിയൊരുക്കിയത്‌. ഒരു ദിവസം സുനിലുമൊത്ത്‌ കൃഷ്ണൻ നില്‌ക്കുമ്പോഴായിരുന്നു ടോമിന്റെ വരവ്‌. നല്ല ഉയരവും കട്ടിമീശയുമുളള ചെറുപ്പക്കാരൻ. ക്ലാസ്സിൽ കണ്ടു പരിചയമില്ലാത്തതുപോലെ തോന്നി. അപ്പോഴാണ്‌ ടോം ബി.എസ്‌​‍്സ.സി മാത്‌സിന്റെ കാ​‍്ലസ്സ്‌ അന്വേഷിക്കുന്നത്‌. വൈകി ചേർന്നതാണത്രേ. താമസം അടുത്തുളള ഒരു ലോഡ്‌ജിലും.ടോം രസികനാണ്‌. ഏതു കാര്യത്തിലും തമാശ കണ്ടെത്തുന്നതിൽ പ്രത്യേക വിരുതുതന്നെയുണ്ട്‌. സുഹൃത്‌വലയം മൂന്നു പേരുളളതായിത്തീരാൻ അധികനാൾ വേണ്ടിവന്നില്ല.

 

മഴയുടെ സമയം നോക്കിയാണ്‌ കോളേജിലേക്ക്‌ ടോമിന്റെ വരവ്‌. ക്ലാസ്സ്‌ സമയത്തിന്‌ ഒരു മണിക്കൂർ മുമ്പ്‌ മഴ തുടങ്ങിയിട്ടില്ലെങ്കിൽ, ഒരു മണിക്കൂർ മുമ്പുതന്നെ ടോം കോളേജിലെത്തിയിട്ടുണ്ടാവും. അല്ലെങ്കിൽ മഴ തോർന്നിട്ട്‌, അതെപ്പോഴായാലും, ആ നേരത്തേ അയാൾ ക്ലാസ്സിലെത്തൂ.

 

മാത്തമാറ്റിക്സ്‌ ഒരു പേപ്പർ മാത്രമേ ആദ്യവർഷം ഉളളൂ. ബാക്കിയെല്ലാം ഉപവിഷയങ്ങളും ഭാഷകളും ആണ്‌. ക്ലാസ്സുകളെല്ലാം നിലവാരം പുലർത്തുന്നവയായിരുന്നു, സീനിയർ പ്രഫസ്സർമാർ ക്ലാസ്സ്‌ എടുത്തിരുന്നില്ലെങ്കിലും.

 

പ്രീഡിഗ്രിക്കു പഠിച്ചിരുന്നപ്പോഴത്തേക്കാൾ അധികസമയം താൻ പുറംലോകവുമായി ഇടപഴകുന്നുണ്ടെന്ന്‌ കൃഷ്ണന്‌ മനസ്സിലായി. വീട്ടിലേക്കാൾ സ്വാതന്ത്ര്യമുണ്ട്‌. പെരിഞ്ചേരിയിൽ സന്ധ്യകഴിഞ്ഞു ചെന്നാലും ആരും ഒന്നും ചോദിക്കാറില്ല. അമ്മാവനും അതൊരിക്കൽ സംസാരത്തിനിടെ സൂചിപ്പിച്ചു. “സ്വന്തം കാര്യം നോക്കാനുളള ത്രാണിയായില്ലേ. അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോൾ പിറകെ നടക്കേണ്ട കാര്യമില്ല ഇനി.” വീട്ടിലായിരുന്നപ്പോൾ കുറച്ചു സമയം തെറ്റിയാൽപ്പോലും അമ്മ വഴിയിലേക്ക്‌ നോക്കി കാത്തിരിക്കും. അതുകൊണ്ട്‌ കഴിയുന്നതും നേരത്തേ ചെല്ലാൻ ശ്രമിച്ചിരുന്നു അന്ന്‌. വെളളിയാഴ്‌ച വൈകുന്നേരം മിക്കവാറും വീട്ടിലേക്കായിരിക്കും പോവുക. അമ്മ പ്രത്യേകം പലഹാരമെന്തെങ്കിലും ഉണ്ടാക്കി വച്ച്‌ കാത്തിരിപ്പുണ്ടാകും. പെരിഞ്ചേരിയിലേക്ക്‌ പോകാൻ ഞായറാഴ്‌ച വൈകുന്നേരം തയ്യാറെടുക്കുമ്പോൾ ഒരു പൊതി കൂടി ഏല്പിക്കും. മിക്കവാറും കായയോ ചക്കയോ വറുത്തതായിരിക്കും അതിൽ. പെരിഞ്ചേരിയിൽ അവയൊന്നും കിട്ടാത്ത വസ്തുക്കളല്ല എന്ന്‌ അമ്മക്കറിയാം, എന്നാലും അമ്മ അങ്ങനെയാണ്‌.

Generated from archived content: salabham_4.html Author: narendran

Continue reading this series:

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English