ശലഭങ്ങളുടെ പകൽ – അദ്ധ്യായം മൂന്ന്‌

This post is part of the series ശലഭങ്ങളുടെ പകൽ

Other posts in this series:

  1. ശലഭങ്ങളുടെ പകൽ – 20
  2. ശലഭങ്ങളുടെ പകൽ – 21
  3. ശലഭങ്ങളുടെ പകൽ – 22

മാർക്ക്‌ ലിസ്‌റ്റു കിട്ടിയപ്പോൾ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന്‌ ഉറപ്പായി. ആകെ എഴുപത്തഞ്ചു ശതമാനത്തിലധികം മാർക്കുണ്ടായിരുന്നു. കണക്കിനാണെങ്കിൽ മുഴുവൻ മാർക്കുമുണ്ട്‌.

 

അധികം സ്ഥലങ്ങളിലേക്കൊന്നും കൃഷ്ണൻ അപേക്ഷ അയച്ചില്ല. സെന്റ്‌ പോൾസിലേക്കൂം വേറൊരിടത്തേക്കും മാത്രം. രണ്ടിടത്തു നിന്നും ഷുവർ കാർഡു വന്നു.

സെന്റ്‌ പോൾസിലെ ഇന്റർവ്യൂന്‌ ഏട്ടനെയും കൂട്ടിയാണ്‌ പോയത്‌. എഞ്ചിനീയറിംഗിനേ പോകൂ എന്ന്‌ ശാഠ്യം പിടിച്ചിരുന്ന പലരും സെലക്ഷൻ കിട്ടാതെ ബി.എസ്സിക്കു ചേരാൻ വന്നിരിക്കുന്നതു കണ്ടു.

 

സെന്റ്‌ പോൾസിന്റെ കാമ്പസ്‌ വളരെ വലുതാണ്‌. മുൻവശത്തുതന്നെ മനോഹരമായ ഒരു പൂന്തോട്ടമുണ്ട്‌. പിന്നെ ധാരാളം കളിസ്ഥലങ്ങളും. ഓരോ വിഷയങ്ങൾക്കും പ്രത്യേകം ഡിപ്പാർട്ട്‌മെന്റുകളും ഉണ്ട്‌. ആദ്യത്തെ കോളേജിൽ എല്ലാ അദ്ധ്യാപകരും ഒന്നിച്ചാണ്‌ ഇരുന്നിരുന്നത്‌. സെന്റ്‌ പോൾസിലെ പ്രിൻസിപ്പൽ ഒരു വൈദികനായിരുന്നു – ഫാ. ജോർജ്‌ ചില്ലിക്കൂടൻ. ഫാ. ചില്ലിക്കൂടൻ മാത്തമാറ്റിക്സ്‌ ഡിപ്പാർട്ട്‌മെന്റിന്റെ തലവൻ കൂടിയാണെന്നാണ്‌ കേട്ടത്‌. അതുകൊണ്ടാണെന്നു തോന്നുന്നു രേഖകളിലൂടെ സശ്രദ്ധം നോക്കുന്നതു കണ്ടു. എല്ലാ വിവരങ്ങളും അദ്ദേഹം കൃഷ്ണനോട്‌ ചോദിച്ചറിഞ്ഞു. പിതാവിനെപ്പോലെയാണ്‌ ഉപദേശിക്കുന്നത്‌-നല്ലവണ്ണം ക്ലാസ്സിൽ ശ്രദ്ധിക്കണം, മാത്‌സിലെ മുഴുവൻ മാർക്കൊക്കെ ഇനിയും നിലനിർത്തണം എന്നൊക്കെ.

 

കൃഷ്ണന്‌ അശ്വതിയെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ, എവിടെച്ചെന്ന്‌ അന്വേഷിക്കാനാണ്‌?

 

ക്ലാസ്സു തുടങ്ങാൻ കുറച്ചുദിവസം കൂടിയുണ്ട്‌. ഏട്ടൻ ഒരു ദിവസം ജോലി കഴിഞ്ഞെത്തിയപ്പോൾ കൈയിൽ വലിയ ഒരു പൊതിയുണ്ടായിരുന്നു, രണ്ടു ജോഡി പാന്റിന്റെയും ഷർട്ടിന്റെയും തുണി. ഒരു മാസത്തെ ശമ്പളം ചിലവഴിച്ചിട്ടുണ്ടാവും. പാവം, അനിയന്‌ കാര്യമായൊന്നും ഇതുവരെ കൊടുത്തിട്ടില്ലല്ലോ എന്നു വിചാരിച്ചാവും ചെയ്തത്‌. വീട്ടിലെ പ്രശ്നങ്ങളെപ്പോഴും ഏട്ടൻ നിസ്സഹായനായി നോക്കി നില്‌ക്കുന്നതേ കണ്ടിട്ടുളളു. ആളായെങ്കിലും, ത്രാണിയില്ലാതായിപ്പോയല്ലോ എന്ന അപകർഷതാബോധം മുഖത്തും പേറി.

 

ബി.കോം പാസ്സായശേഷം രണ്ടുകൊല്ലം ടെസ്‌റ്റും ഇന്റർവ്യൂവുമൊക്കെയായി നടന്നു. അവസാനം അച്ഛന്റെ ഒരു പരിചയക്കാരന്റെ പ്രസ്സിൽ മാനേജരായി. സുഹൃത്തിന്റെ മകനായിരുന്നെങ്കിലും പ്രസ്സിൽ പണിയില്ലാതായപ്പോൾ ഉടമ ഏട്ടനെ പലപ്പോഴും കുറ്റപ്പെടുത്തി. ഏട്ടൻ അഭിമാനിയാണ്‌. അച്ഛന്റെ മരണംവരെ ഒരുവിധം അവിടെ പിടിച്ചു നിന്നു. പിന്നെ ആ ഉദ്യോഗം ഉപേക്ഷിച്ചു. കുറെനാൾ വെറുതെ ഇരുന്നശേഷമാണ്‌ സൊസൈറ്റിയിൽ ക്ലർക്കാവുന്നത്‌. വലിയ ശമ്പളമൊന്നുമില്ലെങ്കിലും ആരുടെയും കറുത്തമുഖം കാണേണ്ടല്ലോ. ബി.കോംകാരനായതുമൊണ്ട്‌ ചിലപ്പോൾ സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ്‌ ഇപ്പോൾ.

 

പാൻ​‍്‌റും ഷർട്ടും വേഗം തയ്‌ചുകിട്ടി. ആദ്യമായിട്ടാണ്‌ കൃഷ്ണൻ പാന്റ്‌ ഇടുന്നത്‌. കാലുകൾ ഇറുകിപ്പിടിക്കുന്നതുപോലെ തോന്നി ആദ്യം. അമ്മയ്‌ക്കു​‍്‌ പാൻ​‍്‌റിട്ടു കാണുന്നത്‌ ഇഷമല്ല. പാൻ​‍്‌റും ധരിച്ച്‌ നല്ലതാണോ എന്ന്‌ ചോദിക്കാൻ അമ്മയുടെ അടുത്തു​‍്‌ അയാൾ ചെന്നപ്പോൾ അവർ മുഖംവെട്ടിച്ചു നിന്നു. കസവുളള കോടിക്കളർ ഡബിൾമുണ്ടുടുത്തു​‍്‌ നടന്നാൽ അതിന്റെ ഐശ്വര്യം വേറൊന്നാണെന്ന്‌ അമ്മ പറയും.

 

തിങ്കളാഴ്‌ചയാണ്‌ ക്ലാസ്സ്‌ തുടങ്ങുന്നത്‌. ഞായറാഴ്‌ചതന്നെ പെരിഞ്ചേരിയിലേക്ക്‌ പോകാൻ അയാൾ തീരുമാനിച്ചു.

 

ഏട്ടൻ ഉപയോഗിച്ചിരുന്ന ഒരു പഴയ ട്രങ്കിൽ കൊളളിക്കാവുന്ന സാധനങ്ങളേ കൃഷ്ണന്‌ എടുക്കാനുണ്ടായിരുന്നുളളു. ശർമ്മസാർ കൊടുത്ത കുറെ പുസ്തകകങ്ങൾ, പ്രീഡിഗ്രിക്കു പഠിച്ച ടെക്സ്‌റ്റുകൾ, പിന്നെ ചെറിയ ഉപകരണങ്ങളും വസ്‌ത്രങ്ങളും. കൃഷ്ണൻ യാത്ര പറഞ്ഞപ്പോൾ അമ്മ തലയിൽ കൈവച്ച്‌ അനുഗ്രഹിച്ചു. അപ്പോൾ പറമ്പിന്റെ കിഴക്കേ മൂലയിലേക്ക്‌ അയാളുടെ നോട്ടം പാളിപ്പോയി.

 

കൃഷ്ണൻ വേണ്ട എന്ന്‌ കുറെ പറഞ്ഞിട്ടും ഏട്ടൻ ട്രങ്ക്‌ കവലവരെ കൊണ്ടുക്കോടുത്തു.

വണ്ടിയിറങ്ങിയപ്പോൾ ഇത്തവണയും നാരായണൻ നായരുടെ കണ്ണു വെട്ടിക്കാനായില്ല കൃഷ്ണന്‌. ബസ്സിൽ നിന്ന്‌ ആരൊക്കെ ഇറങ്ങുന്നുണ്ടെന്ന്‌ നോക്കിയശേഷമേ നാരായണൻ നായർ അടുത്ത ജോലി ചെയ്യുകയുളളു. ഇനിമുതൽ പെരിഞ്ചേരിയിലാണ്‌ താമസം എന്നു പറഞ്ഞപ്പോൾ നാരായണൻ നായർ ഇടങ്കണ്ണിട്ടു നോക്കി ചിരിച്ചു.

 

പടിയോടടുത്തപ്പോൾ തന്നെ കൃഷ്ണൻ അമ്മാവന്റെ സ്വരം കേട്ടു.

അമ്മാവനും അശ്വതിയും മുൻവശത്തുതന്നെയുണ്ട്‌. അമ്മാവൻ അശ്വതിയോട്‌ എന്തോ പറയുന്നു. അമ്മാവൻ അങ്ങനെയാണ്‌; ഗൗരവമുളള കാര്യമല്ലെങ്കിൽ ഉച്ചത്തിലേ സംസാരിക്കൂ.

മുറ്റത്തെത്തിയപ്പോൾ അശ്വതിയാണ്‌ ആദ്യം കണ്ടത്‌. അവൾ ചിരിച്ചു.

 

“അച്ഛാ, കൃഷ്ണേട്ടൻ വന്നു.”

 

“വൈകീപ്പോ ഞാൻ വിചാരിച്ചു ഇന്നിനി നീ വരില്യാരിക്കൂന്ന്‌. എന്ന ഞാൻ നാളെത്തന്നെ അങ്ങോട്ട്‌ വന്നേനെ”. അതുപറഞ്ഞ്‌ അമ്മാവൻ ഇറക്കെ ചിരിച്ചു.

 

“ബസ്സ്‌ കിട്ടീല അമ്മാവാ”. തടിതപ്പാൻ അതൊക്കെ പറഞ്ഞാൽ മതി.

 

കൃഷ്ണൻ ട്രങ്ക്‌ താഴെ വച്ചു. അശ്വതി അത്‌ അകത്തേക്കെടുത്തുകൊണ്ടുപോയി.

 

അമ്മാവൻ പല കാര്യങ്ങളെയും പറ്റി സംസാരിച്ചുകൊണ്ടിരുന്നു, അധികവും കൃഷിക്കാര്യങ്ങൾ. പലതിനും മറുപടി കൊടുക്കാൻ കഴിയില്ലായിരുന്നു അയാൾക്ക്‌.

 

അശ്വതിയാണ്‌ ചായകൊണ്ടുവന്നതും. അമ്മായിയെ ഇതുവരെ പുറത്തേക്കു കണ്ടില്ല.

 

“അശ്വതിയുടെ എക്സാമൊക്കെ എങ്ങനെയുണ്ടായിരുന്നു?” കൃഷ്ണൻ ചോദിച്ചു. എന്തെങ്കിലും ചോദിക്കണ്ടേ.

 

“ഇംഗ്ലീഷിന്റെ കാര്യം സംശയാ, ബാക്കിയെല്ലാം എളുപ്പായിരുന്നു”.

 

“അതല്യോടാ കൃഷ്ണൻകുട്ടി ഈ മണ്ടീനെ ട്യൂഷനാക്കിയിരിക്കണെ. മാസം അമ്പതു രൂപ്യാ സാറിന്‌.” അമ്മാവന്റെ കമന്റ്‌.

 

അശ്വതി ചിരിച്ചുകൊണ്ട്‌ അകത്തേക്കു പോയി.

 

“നിനക്ക്‌ താമസം ഔട്ട്‌ഹൗസിലാ ഒരിക്ക്യേക്കണെ. ഒറ്റയ്‌ക്കു കെടക്കാൻ പേട്യാവോ”?“ അമ്മാവന്റെ ചുണ്ടിലൊരു കുസൃതിച്ചിരി. സന്ധ്യയ്‌ക്കുപോലും പണ്ട്‌ മൂത്രമൊഴിക്കാൻ അമ്മാവനെയും കൂട്ടി പോകാറുളളതായിരിക്കും ഇപ്പോൾ ആ മനസ്സിൽ.

 

”ഏയ്‌, ഇല്ല അമ്മാവാ“.

 

അമ്മാവനോടൊപ്പം കൃഷ്ണൻ ഔട്ട്‌ഹൗസിലേക്കു നടന്നു. ഭിത്തികളെല്ലാം വെളളയടിച്ചു വൃത്തിയാക്കിയിരിക്കുന്നു. ഉളളിൽ പഠിക്കാനുളള സൗകര്യങ്ങളും ചെയ്തിട്ടുണ്ട്‌.

 

അമ്മായി അതിനിടെ എവിടെനിന്നോ എത്തി, പിറകെ അശ്വതിയും. അശ്വതി ട്രങ്ക്‌ ഒപ്പമെടുത്തിരുന്നു, കൈയിൽ വിരിപ്പുകളും.

 

കൃഷ്ണൻ ട്രങ്ക്‌ തുറന്നു കൊടുത്തു. അശ്വതി വസ്‌ത്രങ്ങളൊക്കെ ട്രങ്കിൽ വച്ചിട്ട്‌ പുസ്തകങ്ങൾ ഷെൽഫിൽ അടുക്കിവച്ചു. പുസ്തകങ്ങളുടെ പേരും മറ്റും വായിച്ചിട്ടാണ്‌ അവൾ അവ അടുക്കുന്നത്‌.

 

”കൃഷ്ണേട്ടന്‌ എത്ര മാർക്കുണ്ട്‌?“ അശ്വതിയിൽ നിന്ന്‌ പെട്ടന്നൊരു ചോദ്യം.

 

അയാൾ പറഞ്ഞു.

 

”ഇംഗ്ലീഷിനോ?“

 

”നൂറ്റി എൺപത്‌“.

 

”ഈ ഇംഗ്ലീഷ്‌ പുസ്തകങ്ങളൊക്കെ വായിച്ചിട്ടാവും ഇത്ര മാർക്ക്‌, അല്ലേ?“

 

”അതിന്‌ അത്ര അധികമൊന്നുമില്ലല്ലോ“.

 

അവൾ ജോലിയിലേക്കു തിരിഞ്ഞു. ഇനിയും അവളുടെ കുട്ടിത്തം മാറിയിട്ടില്ല. അശ്വതി ജോലി ചെയ്യുന്നതു കാണാൻ ഭംഗിയുണ്ട്‌. വിശേഷിച്ചും ആ കൈകളുടെ ചടുലമായ നീക്കങ്ങൾ.

 

എല്ലാം ഒരുക്കിക്കഴിഞ്ഞപ്പോൾ സന്ധ്യയായി. പെരിഞ്ചേരിയിൽ ചെന്ന്‌ അത്താഴവും കഴിഞ്ഞാണ്‌ അയാൾ തിരിച്ചു പോന്നത്‌. നാളെ കോളേജിലേക്കു പോകേണ്ടതല്ലേ എന്ന വിചാരത്താൽ കൃഷ്ണൻ വേണ്ടതൊക്കെ ശരിയാക്കി വച്ചു.

 

പിന്നെ, വായിച്ചു തീരാത്ത ഒരു നോവലിൽ കൃഷ്ണൻ വീണ്ടും അടയാളം വയ്‌ക്കുമ്പോൾ ഉറക്കം കൺപോളകളെ കനമുളളതാക്കിയിരുന്നു.

Generated from archived content: salabham_3.html Author: narendran

Continue reading this series:

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English