ശലഭങ്ങളുടെ പകൽ – അദ്ധ്യായം ഇരുപത്തിമൂന്ന്‌

This post is part of the series ശലഭങ്ങളുടെ പകൽ

Other posts in this series:

  1. ശലഭങ്ങളുടെ പകൽ – 9
  2. ശലഭങ്ങളുടെ പകൽ – അദ്ധ്യായം ഒമ്പത്‌
  3. ശലഭങ്ങളുടെ പകൽ – അദ്ധ്യായം എട്ട്‌

ഒരു കല്യാണത്തിന്റെ ബഹളങ്ങൾക്കുകൂടി അരങ്ങൊരുങ്ങുന്നതിനു മുമ്പ്‌ ഒഴിവാകുന്നതാണ്‌ ഭംഗിയെന്ന്‌ കൃഷ്‌ണന്റെ മനസ്സ്‌ മന്ത്രിച്ചു. രാത്രി കിടക്കുമ്പോൾ അയാൾ വളരെനേരം ആലോചിച്ചു. മുമ്പിൽ അധികം വഴികളൊന്നുമില്ല തെരഞ്ഞെടുക്കാൻ. ആത്‌മഹത്യ ചെയ്യുന്നവരെക്കുറിച്ച്‌ പണ്ടയാൾക്ക്‌ പുച്ഛമായിരുന്നു. ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന ഭീരുക്കളെന്നേ അവരെക്കുറിച്ച്‌ അയാൾക്കു തോന്നിയിരുന്നുളളൂ. ഏതോ ഒരു നോവലിൽ വായിച്ച ആത്‌മഹത്യാ രീതിയെക്കുറിച്ചും വെറുതെയോർത്തു അയാൾ. ജീവിതം എവിടെയൊക്കെയോ തട്ടിത്തടഞ്ഞു നിന്നപ്പോൾ കൈയിലെ ഞരമ്പു മുറിച്ച്‌ ചൂടുവെളളത്തിൽ മുക്കിപ്പിടിച്ച്‌, രക്തംപോയി തീരുന്നതോടെ ഉറങ്ങിമരിക്കുന്ന ഒരാളായിരുന്നു അതിലെ നായകൻ.

 

അന്ന്‌ രാവിലെ എഴുന്നേറ്റപ്പോൾ കൃഷ്‌ണന്‌ പതിവില്ലാത്ത ഉന്മേഷം തോന്നി. മനസ്സിൽ നിന്നെല്ലാം പെയ്‌തിറങ്ങിയപോലെ. കാപ്പി കുടിച്ചു കഴിഞ്ഞ്‌, ഏറ്റവും നല്ലതെന്നു തോന്നിയ ഒരു ബ്രൗൺ പാന്റും നീല ചെക്ക്‌ ഷർട്ടുമെടുത്ത്‌ അയാൾ ധരിച്ചു. പാന്റിട്ടിട്ട്‌ കുറെ നാളുകളായി. കോളേജിൽ നിന്ന പോന്ന ശേഷം പിന്നെയിന്ന്‌. കണ്ണാടി കണ്ടിട്ടും വളരെ നാളുകളായിരിക്കുന്നു. താടിയും മുടിയും കുറെ വളർന്നിരുന്നു. ചികുമ്പോൾ ചങ്ങലക്കെട്ടിയപോലെ മുടിയിൽ ചീപ്പ്‌ തങ്ങുന്നു.

 

തോൾ സഞ്ചിയിൽ കണ്ണിൽ കണ്ടതൊക്കെ അയാൾ എടുത്തിട്ടു. ജോലി ചെയ്‌തതും പത്രത്തിൽനിന്നു കിട്ടിയതുമൊക്കെയായി കുറച്ചുകൂടി രൂപയുണ്ട്‌ അയാളുടെ കൈയിൽ. പ്രഫസ്സർ ഡാനിയേലിനെ നന്ദിയോടുകൂടി മാത്രമേ അപ്പോൾ അയാൾക്ക്‌ ഓർമ്മിക്കാൻ കഴിയൂ. അയാളുടെ സ്വന്തം ആവശ്യങ്ങൾക്ക്‌ ഇതുവരെ ആരോടും ചോദിക്കേണ്ട ഗതികേട്‌ വന്നിട്ടില്ല.

 

പുറത്തേക്കുപോകുന്നുവെന്ന്‌ അമ്മയോടു പറയുമ്പോൾ തൊണ്ട ഇടറിയോ എന്ന്‌ അയാൾ സംശയിച്ചു. അസാധാരണ വേഷവിധാനം കണ്ട്‌ അമ്മ അല്പനേരം നോക്കിനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

 

മുറ്റത്തേക്കിറങ്ങിയപ്പോൾ അയാളുടെ കണ്ണുകൾ തൊടിയുടെ കിഴക്കേ മൂലയിലേക്ക്‌ പാഞ്ഞുചെന്നു.

 

മൂന്നുവർഷങ്ങൾക്കുമുമ്പ്‌ കോളേജിലേക്ക്‌ പോകാനിറങ്ങുമ്പോഴും ഇങ്ങനെ നോക്കിനിന്നത്‌ കൃഷ്‌ണൻ ഓർത്തു. അന്ന്‌ ജീവിതത്തെ കീഴടക്കാൻ വേണ്ടിയുളള പുറപ്പാടായിരുന്നു.

 

ഇന്നോ?

 

അതിന്ന്‌ കീഴ്‌പ്പെട്ടിട്ടോ ഈ യാത്ര? അതോ, മറ്റെന്തെങ്കിലിനോടുമാണോ ഈ അടിയറവ്‌?

 

ഉച്ചയ്‌ക്കുമുമ്പേ അയാൾ ടൗണിലെത്തി. ലോഡ്‌ജിൽ മുറിയെടുക്കുമ്പോൾ, ആദ്യം ശരിക്കുളള പേരു പറയണോയെന്ന്‌ ഒരുനിമിഷം സംശയിച്ചു. അതിൽ കഴമ്പൊന്നുമില്ല എന്ന തോന്നലിൽ യഥാർത്ഥവിലാസം തന്നെ കൊടുത്തു അയാൾ പിന്നെ. മുറിയിൽ എല്ലാംവച്ച്‌ മുഖം കഴുകി, പുറത്തിറങ്ങിയപ്പോൾ വല്ലാത്ത വിശപ്പ്‌. അടുത്തുളള ഹോട്ടലിൽ കയറി വയറുനിറച്ചു കഴിച്ചു. ഇനി കോളേജിന്നടുത്തുവരെ പോകണം. പറ്റുകയാണെങ്കിൽ ഉളളിലുമൊന്നു കയറണം.

 

കോളേജിന്റെ മുമ്പിൽ ഓട്ടോറിക്ഷ നിറുത്തിച്ച്‌ അയാൾ ആകെ ഒന്നുനോക്കി. ഇന്നു പരീക്ഷയൊന്നുമില്ലെന്നു തോന്നുന്നു. ദിവസമേതെന്നു നോക്കാനും മറന്നു പുറപ്പെടുമ്പോൾ.

 

“ഇന്നേതാ ദിവസം?” ഓട്ടോറിക്ഷക്കാരനോട്‌ അയാൾ അന്വേഷിച്ചു.

 

“ഞായറാഴ്‌ച”. അതുപറയുമ്പോൾ ഇവനെവിടുന്നു വരുന്നെടാ! എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്‌. അയാളെ പറഞ്ഞയച്ചിട്ട്‌ കൃഷ്‌ണൻ കോളേജിന്റെയുളളിലേക്കു കടന്നു. ശുഷ്‌കിച്ച്‌, വിളറിയ പുൽത്തട്ടിലൂടെ നടന്ന്‌ ഒരു പ്ലാവിന്റെ തണലിൽ അയാൾ ചെന്നിരിക്കുകയായിരുന്നു. അതോരോന്നും പറിച്ചെടുത്തുകൊണ്ട്‌ കുറെനേരം ആ തണലിൽ ഇരുന്നു അയാൾ. പിന്നെ നീണ്ട ഇടനാഴിയുടെ ഒരറ്റത്തു ചെന്നുനിന്നപ്പോൾ അയാൾക്കൊന്നു കൂവണമെന്നു തോന്നി. ആ നീട്ടിക്കൂവലിൽ തൂണുകൾ പ്രകമ്പനം കൊണ്ടു, പ്രതിധ്വനികൾ അയാളെ എവിടേക്കോ കൂട്ടിക്കൊണ്ടുപോകാനായി തിരിച്ചുവിളിച്ചു. അയാൾ അവിടെനിന്നും വേഗത്തിൽ പുറത്തിറങ്ങി, റോഡിലേക്കു നടന്നു.

 

വീണ്ടും ഭക്ഷണം കഴിച്ചശേഷം അയാൾ ഒന്നു മയങ്ങാൻ കിടക്കുമ്പോൾ എത്ര വേഗമാണ്‌ നിദ്ര കൺപോളകളെ തഴുകാനെത്തുന്നത്‌. എത്ര നാൾ കൂടിയാണ്‌ തനിക്കിങ്ങനെയൊരു ദിവസം ഉണ്ടാവുന്നതെന്ന്‌ കൃഷ്‌ണനോർത്തു. ഉറങ്ങാൻ കിടന്നാൽ ഒരുറപ്പുമില്ല അതു കിട്ടുമെന്ന്‌. ചിലപ്പോൾ, തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ ചുമലു വേദനിക്കുന്നതേ ഫലമുണ്ടാവുകയുളളൂ.

 

നാലുമണിക്ക്‌ ഉണരുമ്പോഴാണ്‌ പാർക്കിൽ ഒന്നുപോയാൽ കൊളളാമെന്ന്‌ അയാൾക്കു തോന്നിയത്‌.

 

തണലിലെ ഒരു സിമന്റു ബഞ്ചിലിരുന്ന്‌ അയാൾ ചിപ്സുവില്‌ക്കുന്നയാളുടെ കൈയിൽനിന്ന്‌ ഓരോന്ന്‌ വാങ്ങി തിന്നുകൊണ്ടിലുന്നു. അയാൾക്കൊന്നും ആലോചിക്കാനില്ല. തുറമുഖത്തു കിടക്കുന്ന കപ്പൽക്കൂട്ടങ്ങളിൽ കുറെനേരം നോക്കിയിരിക്കും. ഒന്നും പുതുമയായിട്ട്‌ അവിടെയില്ല. എങ്കിലും, വെറുതെ ഉപ്പിന്റെ ചുവയുളള കാറ്റുമേറ്റ്‌ അങ്ങനെ നോക്കിയിരിക്കാൻ ഒരു പ്രത്യേകസുഖം. പിന്നെ കുറെനേരം ബോട്ടുജട്ടിയിലായിരിക്കും അയാളുടെ ശ്രദ്ധ. അവിടെ ബോട്ടുകൾ വന്നും പോയിയുമിരിക്കുന്നുണ്ട്‌. എല്ലാത്തിന്നും ഒരേ നിറം, ഒരേ സ്വരം. എങ്കിലും അയാൾക്കിന്ന്‌ അവയോടൊക്കെ വല്ലാത്തൊരു താല്പര്യം തോന്നി.

 

വെയിലുമങ്ങിയപ്പോൾ കുട്ടികൾ കളിക്കാനായെത്തി. എത്രപെട്ടന്നാണ്‌ അവർ കൂട്ടുകെട്ടുകളിലേർപ്പെടുന്നതും കളികളിൽ പങ്കെടുക്കുന്നതും.

 

കൃഷ്‌ണനാ കളിക്കളത്തിന്നടുത്തു തന്നെയായിരുന്നു ഇരുന്നിരുന്നത്‌. കുട്ടികളുടെ കാതടിപ്പിക്കുന്ന സ്വരം അയാൾക്ക്‌ അരോചകമായില്ല. പകരം, മനസ്സുകൊണ്ട്‌ കുട്ടികളുടെയൊപ്പം വിനോദങ്ങളിലേർപ്പെടുകയായിരുന്നു.

 

അത്താഴം കഴിഞ്ഞിരിക്കുമ്പോൾ സഞ്ചിയിൽ നിന്നും ഒരു കഷണം കടലാസും പേനയും അയാൾ തപ്പിയെടുത്തു. എന്തെങ്കിലും എഴുതിവയ്‌ക്കണമെന്ന്‌ അയാൾക്കാഗ്രഹമുണ്ട്‌. പക്ഷേ, മനസ്സിൽ നിന്ന്‌ എല്ലാം ചോർന്നൊലിച്ചു പോയിരിക്കുന്നു. എത്ര സമാധാനമാണ്‌ അവിടെ നിറഞ്ഞു നില്‌ക്കുന്നത്‌, ശുദ്ധമായ ശൂന്യതയുടെ രൂപത്തിൽ. ഇനി ഒന്നും അതിലേക്ക്‌ കുത്തിനിറയ്‌ക്കേണ്ടെന്ന്‌ അയാൾ വിചാരിച്ചു.

 

കടലാസും പേനയും സഞ്ചിയിൽത്തന്നെ എടുത്തുവച്ചു. പാതിരവരെ സമയം കളയുന്നതിന്ന്‌ എന്താണൊരു വഴി? ഉറങ്ങാൻ കിടക്കേണ്ട. എഴുന്നേൽക്കുന്നത്‌ പുലർച്ചയ്‌ക്കാണെങ്കിൽ ഒരു ദിവസമാണ്‌ നഷ്‌ടപ്പെടുന്നത്‌.

 

അയാൾക്ക്‌ മദ്യം വേണ്ടിയിരുന്നില്ല. എങ്കിൽ നേരം കളയുന്നതിന്‌, താഴെയുളള ബാറിൽനിന്നും അരക്കുപ്പി റം വാങ്ങിക്കൊണ്ടു വന്നിരുന്ന്‌ പതുക്കെ കഴിക്കാൻ ആരംഭിച്ചു.

 

കുപ്പിയിൽ നിന്ന്‌ അവസാനത്തെ തവണ ഗ്ലാസ്സിലേക്ക്‌ പകരുമ്പോൾ സമയം പാതിര കഴിഞ്ഞിരുന്നു. അയാളത്‌ വേഗം കാലിയാക്കി, സഞ്ചിയുമെടുത്ത്‌ തോളിലിട്ട്‌ പുറത്തിറങ്ങി.

 

താക്കോൾ കൗണ്ടറിൽകൊടുത്ത്‌ കണക്കുതീർക്കുമ്പോൾ മാനേജർ ചോദിച്ചു. “ഈ പാതിരയ്‌ക്ക്‌……?”

 

“രാത്രി വണ്ടിക്ക്‌ പോണം.” സുനിലിന്റെയൊപ്പം, ആരെയോ പണ്ട്‌ യാത്രയാക്കാൻ വന്നയോർമ്മ സംശയത്തിന്ന്‌ ഇടകൊടുക്കാതെ അയാളെ കാത്തു.

 

ആത്മഹത്യയ്‌ക്കു പേരുകേട്ട ആ തുരപ്പിൽ ചെന്നു നില്‌ക്കുന്നതുവരെ നിർവികാരനായിരുന്നു അയാൾ. ഡബിൾ ട്രാക്കിൽ എവിടെ കിടക്കണമെന്ന്‌ സംശയിച്ച്‌ നില്‌ക്കുമ്പോൾ തന്നെ പാർക്കിലെ കുട്ടികളുടെ ആരവം അയാളുടെ മനസ്സിനെ മഥിക്കാൻ തുടങ്ങിയിരുന്നു. പിന്നെ ഉപ്പിന്റെ ചുവയുളള ആ കടൽക്കാറ്റ്‌, തുറമുഖത്തു നിശ്ചലമായി കിടക്കുന്ന കപ്പലുകൾ, പാന്റിന്റെ അടിഭാഗത്ത്‌ തറഞ്ഞിരുന്ന കോളേജ്‌ ഗ്രൗണ്ടിലെ സ്‌നേഹപ്പുൽ മുനകൾ……അങ്ങനെ ഓരോന്ന്‌ അയാളുടെ മനസ്സിലേക്ക്‌ കടന്നുവരികയായി.

 

പിന്നെ പിടയ്‌ക്കുന്ന മനസ്സിനെ അടക്കി, ഒരു റെയിലിൽ തറവച്ച്‌ കുറെനേരം കൃഷ്‌ണൻ കിടന്നു. മണിക്കൂറുകൾ നീണ്ട ഒരിടവേളയ്‌ക്കുശേഷം അയാൾ ആലോചിക്കുകയാണ്‌ അങ്ങനെ കിടക്കുമ്പോൾ. തികച്ചും പുതുമയുളള കാര്യങ്ങൾ. കുട്ടികളുടെ ചിരിയും കളിയുമൊക്കെ ഈ സന്ദർഭത്തിൽ വന്ന്‌ വിഷമിപ്പിക്കുന്നതിലെ തമാശയോർത്ത്‌ മന്ദഹസിക്കാതെയുമിരുന്നില്ല അയാൾ.

 

മനസ്സിൽ മാറിമാറിത്തെളിയുന്ന ചിത്രങ്ങൾക്കിടയിൽ അമ്മയുടെ ആർദ്രമായ നയനങ്ങൾ കണ്ട നിമിഷത്തിലാണ്‌ താൻ ചെയ്യാൻപോകുന്ന കാര്യം അത്ര എളുപ്പമല്ലെന്ന്‌ അയാൾ മനസ്സിലാക്കുന്നത്‌.

 

ഇരുമ്പ്‌ പ്രകമ്പനം കൊളളുന്നതിന്റെ തരിപ്പ്‌ കഴുത്തിൽ അനുഭവപ്പെട്ടപ്പോൾ അയാളുടെ ഉളളിലൂടെ ഒരു മിന്നൽ കടന്നുപോയി. ഇപ്പോൾ ശബ്‌ദവും കേൾക്കാം. കിടന്നുകൊണ്ടുതന്നെ അകലെനിന്നും വലിയ മഞ്ഞവെളിച്ചം പാഞ്ഞടുക്കുന്നതും കാണാം അയാൾക്ക്‌. തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ആ ചരക്കുവണ്ടി കടന്നുപോകുമ്പോൾ, ഏതു നിമിഷത്തിലാണ്‌ താൻ അധൈര്യവാനായതെന്നുപോലും കൃഷ്‌ണൻ മറന്നുപോയി.

 

ഇനിയുമൊരു പരീക്ഷണത്തിനു വയ്യ.

 

വിറയാർന്ന കരങ്ങളാൽ തോൾസഞ്ചിയുമെടുത്ത്‌ അയാൾ സ്‌റ്റേഷനിലേക്കു തിരിച്ചുനടന്നു. രാത്രി വണ്ടി വരാറായിട്ടില്ല. പ്ലാറ്റ്‌ഫോമിലെ സിമന്റുബെഞ്ചിൽ കുറെനേരം അയാൾ ഇരുന്നു. ഹൃദയമിടിപ്പ്‌ സാധാരണഗതിയിലായിട്ടേ അടുത്തുളള ടാപ്പിൽനിന്ന്‌ വെളളം കുടിക്കാൻപോലും അയാൾക്ക്‌ സാധിച്ചുളളൂ. മുഖം കഴുകി വൃത്തിയാക്കി, ടിക്കറ്റ്‌ കൗണ്ടറിലേക്ക്‌ അയാൾ നടന്നു.

 

ക്ലർക്ക്‌ ഉറക്കം തൂങ്ങുകയാണ്‌. അടുത്തുമുട്ടി ശബ്ദമുണ്ടാക്കി അയാളെ കൃഷ്‌ണൻ ഉണർത്തി.

 

“എങ്ങോട്ടാ?” അയാൾ ഉറക്കച്ചടവോടെ ചോദിച്ചു.

 

എവിടേക്കു പോകണമെന്നു തീരുമാനിക്കാൻ കൃഷ്‌ണൻ മറന്നുപോയിരുന്നു. പുറത്തുളള സ്ഥലങ്ങളെക്കുറിച്ച്‌ വലിയ അറിവുമില്ല അയാൾക്ക്‌.

 

കൈയിൽ ശേഷിക്കുന്ന രൂപ മുഴുവനും അയാളെടുത്ത്‌ പുറത്തിട്ടു. എല്ലാം എണ്ണിനോക്കി. കുറച്ചെടുത്ത്‌ തിരികെ പോക്കറ്റിലിട്ടശേഷം, ബാക്കി ബുക്കിങ്ങ്‌ ക്ലർക്കിന്റെ അടുത്തുകൊടുത്തുകൊണ്ട്‌ കൃഷ്‌ണൻ പറഞ്ഞു. “ആ കാശുകൊണ്ട്‌ പോകാവുന്നയിടത്തേക്കുളള ടിക്കറ്റ്‌ തന്നേക്കൂ.”

 

അയാൾ കൃഷ്‌ണനെ കുറെനേരം തുറിച്ചുനോക്കി. പിന്നെ രൂപ എണ്ണി തിട്ടപ്പെടുത്തി, ഒരു ടിക്കറ്റെടുത്ത്‌ കൊടുത്തു.

 

എങ്ങോട്ടാണ്‌ ടിക്കറ്റെന്നു നോക്കിയില്ല. അതു വായിക്കാൻ ഇനിയുമേറെ സമയം ബാക്കി കിടക്കുന്നു. പ്ലാറ്റ്‌ഫോമിൽ അധികം വെളിച്ചമില്ലാത്ത ഒരിടത്തൊരു സിമന്റു ബെഞ്ചിൽ അയാൾ ചെന്നിരുന്നു.

 

രാത്രിവണ്ടിയുടെ സൈറൺ അകലെ മുഴങ്ങുമ്പോൾ അയാൾ മയക്കം വിട്ടുണരുകയാണ്‌.

 

(നോവൽ അവസാനിക്കുന്നു)

Generated from archived content: salabham_23.html Author: narendran

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English