വിക്‌റ്റർ ലീനസ്‌

മലയാളത്തിലെ ചെറുകഥാകാരന്മാരിൽ ഒരു കൊള്ളിയാനായിരുന്നു വിക്‌ടർ ലീനസ്‌. സ്വജീവിതത്തിലും. അസംഭവ്യതയെ സംഭവ്യമാക്കിയും സംഭവത്തെ അസംബന്ധമാക്കിയും ആ കലാകാരൻ സ്വന്തം കുറിപ്പടിക്കനുസരിച്ച്‌ എഴുതി. സ്വന്തം തിരക്കഥക്കൊത്തു ജീവിച്ചു മരിച്ചു.

ഇതൊരു ചരമക്കുറിപ്പല്ല. വിക്‌റ്റർ എനിക്കൊരു ഉച്ചക്കിനാവായിരുന്നു. അൽപം അസുഖസ്വപ്‌നം വിസ്‌മൃതിയിലെ ഒരു വിഭ്രമം.

ഞാൻ കൊച്ചി യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ വിക്‌റ്റർ അതേ വിഭാഗത്തിൽ ഗവേഷണവിദ്യാർത്ഥിയായിരുന്നു. ചീകാത്ത മുടിയും മുഷിഞ്ഞ വേഷവുമായി മിക്കവാറും സ്‌റ്റാഫ്‌ – ആർട്ടിസ്‌റ്റിന്റെ മുറിയിൽ കാണാം. ഒരു ശാസ്‌ത്രലേഖനത്തിനായി ആർട്ടിസ്‌റ്റിനെക്കൊണ്ട്‌ പടംവരപ്പിക്കാൻ ചെല്ലുമ്പോൾ ഞാൻ ആദ്യമായി പരിചയപ്പെടുന്നു. കൊല്ലം 1970 – 71. വിക്‌റ്റർ എന്നെയൊന്നു ചൂളിനോക്കി. പിന്നെ എന്റെ കയ്യിലെ സ്‌കെച്ചിനെയും. അതെങ്ങനെ വരക്കണമെന്ന്‌ ആർട്ടിസ്‌റ്റിനൊരു ചെറിയ നിർദ്ദേശം. എല്ലാം ഇംഗ്ലീഷിലാണ്‌. പിന്നെ മുണ്ടും മടക്കിക്കുത്തി ചെരിപ്പിടാത്ത കാലുകൾ നീട്ടി ഒരു നടത്തം. വരച്ചു വന്നപ്പോൾ എനിക്കു വേണ്ടതിലും എത്രയോ മെച്ചപ്പെട്ട ഒരു ചിത്രം!

അന്നൊന്നുമറിയില്ല വിക്‌റ്റർ ആരെന്ന്‌, എന്തെന്ന്‌, എഴുതുമെന്ന്‌, അല്‌പം സിനിമാഭ്രാന്തുണ്ടെന്നുമാത്രമറിയാം. തോന്നുമ്പോൾ വരും പോകും. കാണുമ്പോൾ ചിലപ്പോൾ ചിരിക്കും. ചിലപ്പോൾ കണ്ടഭാവമേ കാണില്ല.

പെട്ടെന്നൊരു ദിവസം, ഞാൻ ക്ലാസ്സുകഴിഞ്ഞു വിട്ടിലേക്കു ഇറങ്ങാൻ ബസ്‌റ്റോപ്പിൽ നടക്കുമ്പോൾ, വിക്‌റ്ററും മറ്റൊരു ഗവേഷഷണവിദ്യാർത്ഥി മുഹമ്മദ്‌ സാലിയും എതിരെ.

വരുന്നോ ഒരു കാപ്പി കുടിക്കാൻ?

വിക്‌റ്ററിന്റെ ക്ഷണം നിരസിച്ചില്ല. കാപ്പി കുടിച്ചു തീരുവോളം വിക്‌റ്റർ ഒരൊറ്റക്ഷരം ഉരിയാടിയില്ല. സാലിക്കാ മാത്രം പതിവുമാതിരി തമാശയും കാര്യങ്ങളുമായി എന്നോടു സല്ലപിച്ചിരുന്നു. വിക്‌റ്ററോ, കാശും കൊടുത്ത്‌ ഞങ്ങളെ തനിച്ചാക്കി പുറത്തേക്കൊരു പോക്കും.

പിന്നെ ഞാൻ കാണുന്നത്‌ ഗോവയിൽ വച്ചാണ്‌. അന്നേക്കു ഞാൻ ഉദ്യോഗസ്‌ഥനായിക്കഴിഞ്ഞിരുന്നു. താമസം ഔദ്യോഗിക ഹോസ്‌റ്റലിൽ. ഡോ.വിക്‌റ്റർ ലീനസ്‌ ഒരുകൂട്ടം ഉദ്യോഗാർത്‌ഥികളുടെ കൂടെ വന്നിറങ്ങി. ആദ്യമായി പാന്റുടുത്തു കണ്ടു. ഇന്റർവ്യൂകഴിഞ്ഞതും ആഘോഷവും തുടങ്ങി. മുഖാമുഖക്കാരെ തറപറ്റിച്ചതിന്‌! ജോലി കിട്ടാത്തതിന്‌ പതഞ്ഞൊഴുകുന്ന പൂനിലാവിൽ, പാലപ്പൂവിരിയുന്ന പാതിരാക്കുളിരിൽ, ഞങ്ങൾ ആണുങ്ങളും പെണ്ണുങ്ങളും താമസിക്കുന്ന ഹോസ്‌റ്റലിന്റെ മുൻവഴിയിൽ ആദ്യത്തെ “സ്‌റ്റ്രീക്കിങ്ങ”​‍്‌ വിക്‌റ്ററുടേത്‌. പിന്നാലെ തുണിയുരിഞ്ഞു കൊച്ചിപ്പടയും!

അക്കാലത്ത്‌ വിക്‌റ്റർ ‘ചിന്ത’യുടെയോ ‘തനിനിറ’ത്തിന്റെയോ “ബ്ലിറ്റ്‌സിന്റെയോ ലേഖകനായിരുന്നു. പിന്നെ കേട്ടു ‘വീക്ഷണ’ത്തിലാണെന്ന്‌ (അതോ മാധ്യമ‘ത്തിലോ). ഏതായാലും ഒരു മലക്കംമറിച്ചിലായിരുന്നു അത്‌. ആരോ ചോദിച്ചപ്പോൾ പറഞ്ഞത്രേ, ജീവിച്ചു പോണ്ടേ?

പെട്ടെന്നൊരു ദിവസം ’മാതൃഭൂമി‘ ആഴ്‌ചപ്പതിപ്പിൽ വിക്‌റ്ററിന്റെ കഥ. അന്നൊക്കെ ആഴ്‌ചപ്പതിപ്പ്‌ ഒരു മാസം കഴിഞ്ഞേ ഗോവയിൽ കിട്ടു. ഞാനത്‌ മറ്റുള്ളവർക്കു പങ്കിടും. കഥ വായിച്ചവർ വായിച്ചവർ അന്തംവിട്ടു. ഇന്ന്‌ കഥയുടെ പേര്‌ ഓർമ്മയിലില്ലെങ്കിലും, അതിലെ ’ഓപ്പൺ എയർകണ്ടീഷണിങ്ങ്‌ മറ്റും ഞങ്ങളെയെല്ലാം പിടിച്ചിരുത്തി. ആ കഥയ്‌ക്കാധാരം ഞങ്ങളിലൊരാളുടെ പൂർവാശ്രമമായിരുന്നു.

ഏതോ ഒരു ചലച്ചിത്രത്തിലെ നായികയുടെ ഒരു ചിരി കാണാൻ പല തവണ പലേ ദിവസം വിക്‌റ്റർ ടിക്കറ്റെടുത്തു തീയേറ്ററിൽ പോകുമായിരുന്നത്രെ. ചിരി കഴിഞ്ഞുടൻ പുറത്തിറങ്ങും.

പിന്നെയും വന്നു വിക്‌റ്ററിന്റെ കഥകൾ. അതിലൊന്നിലെ ഒരു രാത്രികൂടിയും ഒരു പുരുഷൻകൂടിയും നിന്നിൽ ഒരു മാറ്റവും ഉണ്ടാക്കില്ല‘ എന്ന തരത്തിലുള്ള വീരത്വം വിക്‌റ്ററിനുമാത്രം വഴങ്ങുന്ന വിയോജനക്കുറിപ്പുകളിലൊന്നായിരുന്നു.

എങ്കിലും ’യാത്രാമൊഴി‘ – അതാണു വിക്‌റ്ററുടെ അവസാനത്തെ കഥ – ശരിക്കും യാത്രാമൊഴിയായി. അതിൽ ആരോരുമില്ലാതെ വഴിവക്കത്തു മരിച്ചുകിടക്കുന്ന തന്നെത്തന്നെ കോറിവച്ചു. കോറി വരച്ചു.

ആവർത്തനമെങ്കിലും ഒരിക്കൽകൂടി എഴുതട്ടെഃ

വിക്‌റ്റർ ലീനസ്‌ സ്വന്തം കുറിപ്പടിക്കനുസരിച്ച്‌ എഴുതി. സ്വന്തം തിരക്കഥക്കൊത്തു ജീവിച്ചു. മരിച്ചു.

ഒറ്റയാൻ.

Generated from archived content: columns1_feb12_09.html Author: narayana_swami

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English