വിഷവർഷം

മരണം വിതയ്‌ക്കുവാൻ വന്ന രാപ്പക്ഷിയോ…?

മൃതഭൂവിലലയുന്ന രക്ത രക്ഷസ്സോ…?

മൃത്യുവിന്നടരാടാൻ വേദികൾ തീർത്തതോ

മൃതപ്രാതരാക്കിക്കിടത്തുവാൻ വന്നതോ…?

മനോമുകുരത്തിൽ തെളിയുന്നൊരു ചിത്രം

മരണം ഭ്രമരമായി മുരളുന്ന നിഴൽച്ചിത്രം

മഴച്ചാർത്തു പോലെ പെയ്യുന്നു നിൻ നേത്രം

മരണം വിതയ്‌ക്കുന്ന മാരക വിഷവർഷം..!

ആർപ്പുവിളിയോടെ ആടിത്തിമർത്തൊരെൻ

ആതിരക്കുഞ്ഞിനെ ആതുരയാക്കിയോ..?

താരിളം മേനിയിൽ കൂരമ്പിറക്കി നീ

ക്രൂരമൃഗമായി കൊമ്പുകൾ കോർത്തുവോ.. ?

ഭൂമുഖം കീഴ്മേൽ മറിയ്‌ക്കുന്ന ചെയ്തികൾ

തോരാത്ത കണ്ണീരായ്‌ കൂരമേൽ പെയ്യുമോ..?

പാരിതിൽ പതിതരില്ലാത്തത്തായതോ..?

പച്ചപ്പരമാർത്ഥം കുന്നുകൾ മറഞ്ഞുവോ..?

പാരമപാരം പാപങ്ങൾ പെരുകുമ്പോൾ

വാളെടുക്കുന്നവർ ആരാണു മർത്ത്യരേ..?

പാതാളക്കരണ്ടികൾ ഹൃദയത്തിലാഴ്‌ത്തുമ്പോൾ

ഉയരുന്ന മുറവിളിക്കുയിരില്ലേ മക്കളേ..?

മനസ്സാക്ഷിക്കുത്തേറ്റു ദ്രുമിച്ചുരുകുന്ന

ദുഷിച്ചു നാറിയ ദുരയിതു മർത്ത്യരേ..

വിഷബീജവിത്തുകൾ വിതച്ചു കൊയ്യുന്ന

നശിച്ച നാട്ടിൻ വിധിയിതു മർത്ത്യരേ..

ധാത്രിതൻ വിരിമാറിൽ കൂരമ്പെയ്യിച്ചു–

ചരിത്രമെഴുതുവാൻ നെഞ്ചുവിരിക്കുവോർ…

കേൾക്കാൻ കൊതിക്കില്ല കദനകാരുണ്യക്കഥ

കണ്ണും കാതും നമുക്കില്ല മർത്ത്യരേ…

മജ്ജയും മാംസവും കാർന്നു കഴിഞ്ഞിട്ടും

നിലവിളിക്കുന്നവരാരാണു മർത്ത്യരേ..?

നല്ല നാട്ടാരായ നരഭോജികളാണോ..?

നിർജ്ജീവരായിത്തീരും മനുഷ്യക്കീടങ്ങളോ..?!

Generated from archived content: poem1_july6_11.html Author: muyyam_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English