ചാരനിറമുള്ള കാക്ക

“പിണ്ഡം സമർപ്പിക്കൂ……

പിതൃക്കളെ മനസ്സിൽ ധ്യാനിച്ചോളൂ…..

എള്ളും പൂവും അൽപ്പം…..”

കാറ്റിൽ പാറിപ്പോയ തുളസിയിലകൾ നദിയിലെ ഒഴുക്കിലേക്കലിഞ്ഞു ചേർന്നു….. ഉരുളകൾ കൊത്തി പറന്നു പോയ രാമകൃഷ്‌ണന്റെ വെറുക്കപ്പെട്ട ആത്‌മാവ്‌ ആൽമരത്തിന്റെ ചാഞ്ഞ കൊമ്പിലേക്ക്‌ കുടിയേറിയത്‌ കണ്ടപ്പോഴാണ്‌ ആദിലിനെയും കൂട്ടി ഇന്ദു മടങ്ങിയത്‌.

രാമകൃഷ്‌ണന്റെ ശരീരം തൂങ്ങിയാടിയ പ്ലാവിൻ കൊമ്പിൽ കാക്കകൾ അപ്പോഴും കലപില കൂട്ടിക്കൊണ്ടിരുന്നു. വീട്ടിലേക്കു കയറുന്നതിനു മുൻപ്‌ ഇന്ദു ഒന്നു കൂടി ആ കൊമ്പിലേക്ക്‌ നോക്കി…. അവളെ തന്നെ നോക്കിയിരിക്കുകയായിരുന്ന ചാരനിറമുള്ള കാക്ക അകലേക്ക്‌ പറന്നു…. ചെളി പുരുണ്ട കാൽപ്പാടുകൾ നിറഞ്ഞ വരാന്തയിൽ കരിയിലകൾ വാരിയിട്ടു പോയ കാറ്റ്‌ ആ പ്ലാവിൻ കൊമ്പിനെ വിട്ടു പോകാതെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു…. ബാഗിൽ ചുരുട്ടി കൂട്ടിയിട്ട വസ്‌ത്രങ്ങൾക്കിടയിൽ നിന്നും ആ കത്തു പുറത്തെടുക്കുമ്പോൾ ബലം കിട്ടാനായി ഇന്ദു മേശയുടെ കോണിൽ മുറുകെ പിടിച്ചു…. തെളിയാത്ത അക്ഷരങ്ങൾ വായിച്ചെടുക്കാൻ വേണ്ടിമാത്രം സാരിത്തലപ്പ്‌ കൊണ്ടു കണ്ണുകളൊപ്പുമ്പോൾ ആ ചാരനിറമുള്ള കാക്ക അവിടം വിട്ടു പോകാതെ വീടിനു ചുറ്റും പറന്നു കൊണ്ടിരിക്കുന്നത്‌ അവളറിഞ്ഞില്ല.

* * * * * * * * * * *

സലീനമുഹമ്മദിന്റെ സർട്ടിഫിക്കറ്റ്‌ കയ്യിലിരുന്നു വിറച്ചപ്പോൾ രാമകൃഷ്‌ണൻ അവളുടെ മുഖത്തേക്ക്‌ പാളിനോക്കി…. വർഷങ്ങൾ നീണ്ട പ്രണയത്തിന്റെ നഷ്‌ടപെടലുകൾക്കൊടുവിൽ ആ പഴയ ബിരുദ വിദ്യാർത്ഥിനി ഒരു കുട്ടിയുടെ കയ്യും പിടിച്ചു പെട്ടന്നൊരു ദിവസം മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അയാൾ പകച്ചു പോവാതിരുന്നില്ല…… മേശപ്പുറത്തെ വെള്ളം നിറച്ച ഗ്ലാസ്‌ തേടുന്ന വിറയാർന്ന കൈകൾ കണ്ടപ്പോൾ കടുത്ത ശബ്‌ദത്തിൽ സലീന പറഞ്ഞു……..

“പേടിക്കേണ്ട ഇത്‌ നിങ്ങളുടെ കുഞ്ഞല്ല…”

അന്ന്‌ മതം മാറാനുള്ള അന്ത്യശാസനത്തിന്റെ അവസാനനാളിൽ ഹൗറാ എക്‌സ്‌പ്രസ്സിന്റെ മൂത്രം മണക്കുന്ന കമ്പാർട്ടുമെന്റിൽ വള്ളിയറ്റുപോയ ബാഗും മടിയിൽ വച്ചിരിക്കുന്നതിനിടെ രാമകൃഷ്‌ണന്‌ പലപ്പോഴും ഉച്ചത്തിൽ കരയണമെന്നു തോന്നിയിരുന്നു……. പിന്നെ കൽക്കത്തയിലെ ഇരുണ്ട ഗലികളിൽ മുഷിഞ്ഞ വസ്‌ത്രങ്ങളുമായി മുഖം മറച്ചുപേരില്ലാതെ അലഞ്ഞു നടക്കുമ്പോഴെല്ലാം മനസ്സിൽ സലീനയുടെ പേടിപ്പെടുത്തുന്ന മൗനം വിളിച്ചു പറഞ്ഞ ഇളകിത്തുടങ്ങാത്ത ഒരു ഭ്രൂണം മാത്രം…..

“ഞാൻ വന്നത്‌ നിങ്ങളെ കാണാനല്ല…. എന്റെ ഭർത്താവിന്റെ മരണം എനിക്ക്‌ സമ്മാനിക്കാൻ പോകുന്ന സർക്കാർ ജോലി തേടിയാണ്‌….. നിങ്ങളാണ്‌ ഓഫീസർ എന്നറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നു…..”

ജൂലായിലെ തണുപ്പിലും വെട്ടിവിയർക്കുന്ന ദേഹത്തോടെ സലീനയുടെ പേപ്പറുകളിലൂടെ പേന ചലിപ്പിക്കുന്നതിനിടയിൽ രാമകൃഷ്‌ണന്റെ കണ്ണ്‌ ആ പത്തു വയസ്‌സുകാരനിലായിരുന്നു…. തന്റെ കൂട്ടുപുരികവും പരന്ന മൂക്കും ചെറിയ കണ്ണുകളുമെല്ലാം ആ കുട്ടിയിൽ കാണാൻ അയാൾ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു….

* * * * * * * * * * *

ആകെ പരിഭ്രമിച്ചിരിക്കുന്നതെന്താണെന്ന്‌ ഇന്ദു പലവട്ടം ചോദിച്ചിട്ടും രാമകൃഷ്‌ണൻ താൻ സലീനയെ കണ്ടു മുട്ടിയത്‌ പറഞ്ഞില്ല…. ഭാര്യയോട്‌ പറഞ്ഞ പ്രണയ കഥയിലെ നല്ല മനസ്സു കാരനായ നായക കഥാപാത്രത്തിന്റെ മനസ്സ്‌ കുറ്റബോധം കൊണ്ടു വല്ലാതെ നീറുന്നതു അയാളറിഞ്ഞു…. മത തീവ്രവാദിയുടെ മുഷിഞ്ഞ കാവിവസ്‌ത്രം ഹൂഗ്ലി നദിയുടെ ഒഴുക്കില്ലായ്‌മയിലേക്ക്‌ വലിച്ചെറിഞ്ഞു തിരിച്ചു നടന്നപ്പോൾ കയ്യിൽ ബാക്കിവന്ന ഒരു രുദ്രാക്ഷം ഓർമകളുടെ അർത്ഥമില്ലായ്‌മയ്‌ക്ക്‌ തുണയായിരിക്കട്ടെ എന്ന്‌ കരുതി കളഞ്ഞില്ല…. ഭൂതകാലത്തിന്റെ മാഞ്ഞുപോവാത്ത ചിത്രങ്ങൾക്ക്‌ തെളിച്ചമേറുന്നുവെന്നു കണ്ടപ്പോൾ ഇന്ദുവാണ്‌ അതു വലിച്ചെറിഞ്ഞത്‌……

“…….എല്ലാം ശരിയാകുമായിരിക്കും അല്ലേ……”

ബെഡ്‌റൂമിലെ ഇളം വെളിച്ചത്തിലെ തളർച്ചയിൽ വിയർത്ത ദേഹത്തെ ചുറ്റിപ്പിടിച്ച്‌ നനഞ്ഞ കണ്ണുകളോടെ ഇന്ദു ചോദിച്ചു…. രാമകൃഷ്‌ണന്റെ മനസ്സ്‌ പക്ഷെ അന്ന്‌ രാവിലെ കണ്ട കുട്ടിയിലെ തന്റെ ഛായ ഓർത്തെടുക്കാൻ പാടുപെടുകയായിരുന്നു……

* * * * * * * * * * *

ആ പാലത്തിന്റെ കൈവരിയിൽ സലീനയെ കാത്തിരിക്കുമ്പോൾ രാമകൃഷ്‌ണന്റെ മനസ്സ്‌ വിക്ഷുബ്‌ദമായിരുന്നു…. അകന്നു നിൽക്കുന്ന തീരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പാലത്തെ പറ്റി പണ്ട്‌ കേളേജ്‌ മാഗസിനിൽ സലീന എഴുതിയ കവിത അയാൾ വെറുതെ ഓർത്തെടുക്കാൻ ശ്രമിച്ചു…..

അവളെത്തിയപ്പോൾ രാമകൃഷ്‌ണൻ ആദ്യം ചോദിച്ചത്‌ ആ കുട്ടിയെപറ്റിയായിരുന്നു…….

“എന്റെ മകൻ….”

ദിവസങ്ങളായി മനസ്സിനെ നീറ്റിക്കൊണ്ടിരുന്ന ചിന്തകൾ ചോദ്യങ്ങളായി രൂപാന്തരം പ്രാപിക്കുമ്പോൾ അയാൾ കിതയ്‌ക്കുന്നുണ്ടായിരുന്നു…..

കണ്ണുകൾ നിറഞ്ഞു വരുന്നതിനിടയിലും സലീന ഉറക്കെ ചിരിച്ചു……

“നിങ്ങളുടെ മകൻ…ഹ……ഹ…….”

“നിനക്ക്‌ എങ്ങിനെ പറയാൻ കഴിയുന്നു അവൻ എന്റെ മകനല്ല എന്ന്‌….?”

അടുത്തുള്ള പള്ളിയിൽ നിന്നുയർന്ന ബാങ്കുവിളിയെക്കാൾ ഉച്ചത്തിൽ സലീന പൊട്ടിച്ചിരിച്ചു……

ആ പാലത്തിന്റെ അപ്രോച്ച്‌ റോഡിന്റെ പണി അപ്പോഴും തീർന്നിരുന്നില്ല……

* * * * * * * * * * *

നുറുങ്ങിയ അസ്‌ഥികളുമായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുമ്പോൾ രാമകൃഷ്‌ണൻ അർദ്ധബോധാവസ്‌ഥയിലായിരുന്നു. വെളുത്ത വസ്‌ത്രം ധരിച്ചു ദൂരെനിന്നും ഓടിവരുന്ന ഒരു കൊച്ചു കുട്ടിയെ അയാൾ കണ്ടു. തന്റെ നീട്ടിയ കൈകൾ കണ്ടു ഭയന്നോടിയ രൂപം മനസ്സിൽ നിന്നും തീർത്തും മാഞ്ഞപ്പോൾ അയാൾ പൂർണമായും അബോധാവസ്ഥയിലേക്ക്‌ വീണു…..

ഐ.സി.യു വിന്റെ ചുവന്ന അക്ഷരങ്ങൾക്കപ്പുറം വിധവയായ മുസ്ലീം സ്‌ത്രീയെ ആക്രമിക്കാൻ ശ്രമിച്ച പൂർവകാമുകനെ കുറിച്ച്‌ ആളുകൾ കുശുകുശുക്കുന്നത്‌ ഇന്ദു കേട്ടുകൊണ്ടിരുന്നു. ആശുപത്രിമുറിയിലെ വീതികുറഞ്ഞ കിടക്കയിൽ കറങ്ങാൻ മടിക്കുന്ന ഫാനിനെ നോക്കി കിടക്കുന്നതിനിടെ അവളുടെ കണ്ണുകൾ ഭിത്തിയിലെ കൊച്ചു കുഞ്ഞിന്റെ ചിത്രത്തിലുടക്കി……. അർദ്ധബോധാവസ്‌ഥയിൽ അന്ന്‌ മുഴുവൻ രാമകൃഷ്‌ണൻ പുലമ്പിക്കൊണ്ടിരുന്നതു തന്റെ വിത്തുമുളയ്‌ക്കാത്ത ഗർഭപാത്രത്തിൽ ഒരിക്കലും വിരിയാത്ത കുഞ്ഞിനെ കുറിച്ചല്ലെന്ന തിരിച്ചറിവിൽ അവൾ ഞെട്ടിയെഴുന്നേറ്റു ചുറ്റും പകച്ചുനോക്കി. ഫ്ലാസ്‌കിലെ തണുത്താറിയ വെള്ളം വായിലേക്ക്‌ കമഴ്‌ത്തുമ്പോൾ ഇന്ദു വല്ലാതെ കിതയ്‌ക്കുന്നുണ്ടായിരുന്നു…. വർഷങ്ങളായി കൂച്ച്‌ വിലങ്ങിട്ടു നിർത്തിയ മാതൃത്വം ചങ്ങലകൾ പൊട്ടിച്ചു പുറത്തു ചാടാൻ വെമ്പിയപ്പോൾ കട്ടിപുരികവും പരന്നമൂക്കുമുള്ള ഒരു പത്തുവയസ്സുകാരൻ അവളെ നോക്കി ചിരിച്ചു…..

അവൾ കണ്ണുകളടച്ചു കൈകൾ പതുക്കെ നീട്ടി നോക്കി…..

അവൾക്ക്‌ കൂട്ടിനു രാമകൃഷ്‌ണന്റെ അവ്യക്തമായ ശബ്‌ദം മുറിയിൽ അലയടിച്ചു…..

* * * * * * * * * * *

പ്രതാപം ക്ഷയിച്ച മരക്കച്ചവടക്കാരന്റെ നിറഞ്ഞ കണ്ണുകൾക്കപ്പുറം ഒരു പത്തുവയസ്സുകാരൻ യത്തീം ഖാനയുടെ മുറ്റത്തുകൂടെ ഓടിക്കളിച്ചു…. അച്ഛന്റെ വീട്ടുകാർ തഴഞ്ഞ ആദിൽ മുഹമ്മദെന്ന അവിഹിത സന്തതിയുടെ ഡി.എൻ.എ. ടെസ്‌റ്റ്‌ നടത്തുവാൻ വക്കീൽ ഉപദേശിക്കുമ്പോഴേക്കും അയാൾ തല താഴ്‌ത്താൻ പഠിച്ചു കഴിഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപു പള്ളിപ്പറമ്പിലെ പേടിപ്പെടുത്തുന്ന ഏകാന്തതയിലേക്ക്‌ രാമകൃഷ്‌ണനെയും വിളിച്ചു കൊണ്ടുപോകുമ്പോൾ മനസ്സിൽ നിറഞ്ഞ പക മാത്രമായിരുന്നു… മകളെ ചതിച്ച കാഫിർ…..

ഈർച്ചവാളിന്റെ അരികുകൾ കൊണ്ടു ചോരപൊടിഞ്ഞ കഴുത്തുമായി ഓടിമറഞ്ഞ ചെറുപ്പക്കാരനോടുള്ള വെറുപ്പിൽ അന്ന്‌ ചെയ്‌തുകൂട്ടിയ പാപം….

തെറ്റുകൾ തുറന്നു പറഞ്ഞു സ്വന്തം മകളുടെ മുൻപിൽ കരഞ്ഞ രാത്രി പ്ലാവിൻ കൊമ്പിൽ തുങ്ങിയാടുന്ന രാമകൃഷ്‌ണന്റെ ശവശരീരത്തിലെ തുറിച്ച കണ്ണുകളുടെ ദയനീയത മാത്രമായിരുന്നു മനസ്സിൽ. പേടിപ്പെടുത്തുന്ന നിസ്സംഗതയോടെ എല്ലാം കേട്ടു നിന്ന സലീനയുടെ വിരലുകൾ അപ്പോഴും പത്തുവയസ്സുകാരൻ ആദിലിന്റെ മുടികളെ തഴുകിക്കൊണ്ടിരുന്നു…..

പിറ്റേ ദിവസം സലീനയുടെ മരവിച്ച ശരീരം കൊണ്ടുവന്ന ആംബുലൻസിന്റെ ഇടുങ്ങിയ സീറ്റിൽ വച്ചു വർഷങ്ങൾ നീണ്ട തന്റെ മതവിശ്വാസത്തിലെ ചില അർത്ഥമില്ലായ്‌മകൾ ജീവിതത്തിലാദ്യമായി അയാൾ തിരിച്ചറിഞ്ഞു….

വിധവയുടെ മകന്റെ പിതൃത്വമവകാശപ്പെട്ടു വന്ന ഹിന്ദു…..

ചാര നിറമുള്ള ഒരു കാക്ക അയാൾക്കു മുന്നിലൂടെ ചിറകുകൾ കുടഞ്ഞു പറന്നു പോയി.

* * * * * * * * * * *

“പ്രിയപ്പെട്ട സഹോദരിക്ക്‌”,

“നിങ്ങളുടെ പേര്‌ എനിക്കറിയില്ല….. ഇതൊരു ആത്‌മഹത്യ കുറിപ്പല്ല. തൊട്ടു മുൻപു മാത്രം ഞാനറിഞ്ഞ ഒരു സത്യം നിങ്ങളെ അറിയിക്കാൻ വേണ്ടിമാത്രമാണ്‌ ഞാനീ കത്തെഴുതുന്നത്‌. രാമകൃഷ്‌ണന്റെതെന്ന്‌ നിങ്ങളും ഞാനും അദ്ദേഹത്തിന്റെ ആത്‌മാവും വിശ്വസിക്കുന്ന കുട്ടി എവിടെയോ മറ്റാരുടെയോ മകനായി പിറന്നു വീണ ഒരു അനാഥൻ മാത്രം. നിറഞ്ഞ പകയിൽ എന്റെ പിതാവ്‌ ചെയ്‌ത തെറ്റിന്റെ ഫലമായി ഞങ്ങളുടെ യഥാർത്ഥ കുഞ്ഞ്‌ മറ്റേവിടെയോ വളരുന്നു…. സ്വന്തം മകനാരെന്നുപോലും തിരിച്ചറിയാതെ പോയ എനിക്ക്‌ രാമകൃഷ്‌ണന്റെ ആത്‌മാവിനോട്‌ ഇങ്ങനെയെങ്കിലും കരുണ കാട്ടണം……”

“കൂടുതൽ എഴുതാൻ കഴിയില്ല…… നിങ്ങൾക്ക്‌ നല്ലത്‌ വരട്ടെ….”

സലീന.

ചുളിവുകൾ വീണ ആ എഴുത്ത്‌ വായിച്ചു തീർന്നപ്പോഴേക്കും ഇന്ദുവിൽ നിന്നും ഒരു നീണ്ട നെടുവീർപ്പുയർന്നു…. പുറത്ത്‌ വരാന്തയിൽ കാത്തു നിൽക്കുന്ന സലീനയുടെ ബാപ്പയുടെ കണ്ണുകളിലെ ദൈന്യതയെ അവഗണിച്ച്‌ അവൾ ആദിലിനെ ചേർത്തുപിടിച്ചു കൊണ്ട്‌ അകത്തേക്ക്‌ നടന്നു. ഉണങ്ങിയ പ്ലാവിലകൾ നിറഞ്ഞു തുടങ്ങിയ മുറ്റത്തു കാക്കകൾ കലപില കൂട്ടുന്നുണ്ടായിരുന്നു. ആദിലിനെ അവിടെ വിട്ടു ഒന്നും മിണ്ടാതെ തിരിച്ചു നടക്കുമ്പോൾ ഹാജിക്കു തന്റെ ശരീരത്തിന്‌ പഴയ തളർച്ച തോന്നിയില്ല…. അനാഥാലയത്തിന്റെ നീലക്കുപ്പായത്തിനുള്ളിൽ തന്നെയും കാത്തിരിക്കുന്ന ഒരു പത്തുവയസ്സുകാരനെ തേടി അയാൾ ആദ്യം കണ്ട ബസ്സിലേക്ക്‌ കയറി………

ചാരനിറമുള്ള ഒരു കാക്ക അപ്പോഴും സംശയത്തോടെ ആ വീട്ടിനുള്ളിലേക്ക്‌ പാളി നോക്കുന്നുണ്ടായിരുന്നു…..

Generated from archived content: story1_jan29_10.html Author: murali_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English