ഒരു കഥയുടെ ബാക്കിപത്രം

കഥാകാരന്‍ ക്ലോക്കിലേക്കു നോക്കി. ഭാര്യ ജോലി കഴിഞ്ഞു വരാന്‍ ഇനി ഒരു മണിക്കൂറിലധികമുണ്ട്. ഒരു ഡ്രിങ്ക് കൂടി എടുത്താലോ എന്നയാള്‍ ആലോചിച്ചു. അല്ലെങ്കില്‍ വേണ്ട, ഇപ്പോള്‍ത്തന്നെ കൂടുതലായെന്നാണ് തോന്നുന്നത്.

സോഫയിലേക്ക് ചാരിക്കിടന്ന് പതുക്കെ കണ്ണുകളടച്ചു.

എഴുതിക്കൊണ്ടിരിക്കുന്ന തുടര്‍കഥയുടെ രണ്ടധ്യായങ്ങള്‍ ഇന്ന് മുഴുമിപ്പിക്കണമെന്നാണ് കരുതിയിരുന്നത്. അത് നടന്നില്ല. എഴുത്തിന് ഒരൊഴുക്ക് കിട്ടുന്നില്ല. കഥാപാത്രങ്ങള്‍ ബലം പിടിക്കുന്നതുപോലെ തോന്നുന്നു.

മുമ്പും ഇങ്ങനെ തോന്നിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ നിസ്സഹകരണം പ്രകടിപ്പിച്ചു വഴിമുടക്കുന്നതുപോലെ. ചിലപ്പോള്‍ കഥാഗതി തന്നെ മാറ്റേണ്ടിവന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു പത്രാധിപര്‍ക്കു അല്പം നീരസവും വന്നിരുന്നു. മറ്റ് കഥാകാരന്മാരൊന്നും ഇങ്ങനെ ചെയ്യാറില്ല എന്നാണയാള്‍ പറഞ്ഞത്.. എന്തോ തനിക്കത്ര വിശ്വാസം വന്നില്ല.

അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെടുന്ന തന്റെ കഥകള്‍ നാട്ടില്‍ നന്നായി സ്വീകരിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ രണ്ടു വാരികകളില്‍ ഒരേസമയം തന്റെ തുടര്‍ക്കഥകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.

പെട്ടെന്നു ഡോര്‍ബെല്‍ ശബ്ദിച്ചു.

ആരാണീ നേരത്ത് എന്നു അതിശയിച്ചുകൊണ്ടു കഥാകാരന്‍ എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു.

വാതിലിലെ കണ്ണാടിദ്വാരം മൂടിക്കിടന്ന കര്‍ട്ടന്‍ വകഞ്ഞു പുറത്തേക്ക് നോക്കിയ അയാള്‍ ചെറുതായി ഒന്നമ്പരന്നു. മുപ്പതു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ.

വാതില്‍ തുറന്നതും അവള്‍ തന്നെ സ്റ്റോം ഡോര്‍ തള്ളിത്തുറന്നു. അമ്പരന്നുനിന്ന കഥാകാരനെ ഏതാണ്ട് തള്ളിമാറ്റിക്കൊണ്ട് അവള്‍ അകത്തേക്കു കയറി.

കഥാകാരന് ശബ്ദം പുറത്തുവരുന്നില്ല എന്നു തോന്നി.

”എന്നെ മനസ്സിലായില്ല അല്ലേ”? ചോദ്യം ശുദ്ധ മലയാളത്തില്‍ത്തന്നെ.

”ഇല്ലല്ലോ.”

”അതെനിക്കറിയാം. ഇപ്പോള്‍ മാത്രമല്ല മുമ്പും നിങ്ങള്‍ക്കെന്നെ മനസ്സിലായിട്ടില്ല.”

കഥാകാരന്‍ ഒന്നു ഞെട്ടി. ആരാണിവള്‍? മുഖം കണ്ടിട്ടു ഒട്ടും ഓര്‍മ്മ വരുന്നില്ല.

”ആരാണു നിങ്ങള്‍?” അക്ഷമയോടെ ചോദിച്ചു.

”ഞാനാണ് സുകന്യ.”

സുകന്യയോ? അതാര്? പരിചിതമുഖങ്ങളിലൂടെ കഥാകാരന്‍ ഒരു ഓട്ടപ്രദിക്ഷണം നടത്തി.

”ഓര്‍മ്മ കാണില്ലെന്നറിയാം” അവള്‍ സോഫയില്‍ ഇരുന്നുകൊണ്ടു പറഞ്ഞു. ”ഞാന്‍ പലരില്‍ ഒരുവളല്ലെ?”

കഥാകാരനു വയറ്റില്‍ തീയാളുന്നതുപോലെ തോന്നി. പലരില്‍ ഒരുവളോ?

അവള്‍ മന്ദഹസിക്കുന്നുണ്ടെങ്കിലും നോട്ടത്തില്‍ ഒരു തീക്ഷണതയുള്ളതായി അയാള്‍ക്കു തോന്നി.

പലരില്‍ ഒരുവളോ? എവിടെവെച്ച്, എന്നായിരിക്കും ‍ തന്റെ ജീവിതത്തിലെ ഒരിക്കലും ഓര്‍ക്കരുതെന്നാഗ്രഹിക്കുന്ന വല്ല അരുതായ്മകളുടെയും ബാക്കിപത്രമാണോ ഇവള്‍? കണ്ണീരും തേങ്ങലും കലര്‍ന്ന പല വിടവാങ്ങലുകള്‍. ശാപവാക്കുകളുടെയും ചിലപ്പോള്‍ ഭീഷണികളുടെയും അകമ്പടിയോടെയുള്ള യാത്രപറച്ചിലുകള്‍. അവയില്‍ ഇവള്‍ എവിടെ?

തന്റെ വര്‍ണശബളമായ ഭൂതകാലത്തെയോര്‍ത്ത് കഥാകാരന് ജാള്യത തോന്നി.

സുകന്യയെന്ന പേരുപോലും അപരിചിതമായിത്തോന്നി.

അവള്‍ മന്ദഹസിച്ചുകൊണ്ടു എതിരെയുള്ള സോഫ ചൂണ്ടിപ്പറഞ്ഞു. ”നിങ്ങളിരിക്കൂ. വിയര്‍ക്കുന്നുണ്ടോ?” അവളുടെ ചിരി ഒന്നുകൂടി വിടര്‍ന്നു.

കഥാകാരന്‍ ഇരുന്നു. അവളുടെ മുഖത്തേയ്ക്കുറ്റുനോക്കി. ”നിങ്ങള്‍ ആരാണന്നു തെളിച്ചുപറയൂ”

”പറയാം, സമയമുണ്ടല്ലോ.”

അവള്‍ തന്നെ കളിയാക്കുകയാണോ? അവളതാ, മുറിക്കു ചുറ്റും കണ്ണോടിയ്ക്കുന്നു.

എന്തൊരു മാരണമാണിത് ദൈവമേ, കഥാകാരന്‍ ആത്മഗതം ചെയ്തു.

”അജിത്തും കൂട്ടരും ഇപ്പോള്‍ എന്തുചെയ്യുന്നു?” അവള്‍ പൊടുന്നനെ ചോദിച്ചു.

കഥാകാരന്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി. ഏത് അജിത്ത്? എന്താണിവള്‍ പറഞ്ഞുവരുന്നത്?

”ആട്ടെ, നിങ്ങള്‍ക്കെത്ര കാശുകിട്ടി, എന്നെ ഈ നിലയിലാക്കിയതിന്?”

”കാശോ, എവിടുന്ന്?”

”എന്റെ കഥയെഴുതി വിറ്റകാര്യം മറന്നോ?”

കഥാകാരന്റെ മനസ്സില്‍ ഒരു വേലിയേറ്റം നടന്നു. താന്‍ സ്വപ്നം കാണുകയാണോ?

”റ്റീവിയിലും കൊടുക്കാമായിരുന്നില്ലേ? ഇപ്പോള്‍ അതിനല്ലേ മാര്‍ക്കറ്റ്? കണ്ണീരില്‍ ചാലിച്ച് എന്റെ കഥ നീട്ടിക്കൊണ്ടു പോകമായിരുന്നില്ലേ?”

കഥാകാരന് ക്ഷമ നശിക്കാന്‍ തുടങ്ങിയിരുന്നു.

”എന്താണിപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത്?” ചോദ്യത്തില്‍ അക്ഷമ നല്ലതുപോലെ നിഴലിച്ചിരുന്നു.

”എനിക്കു വേണ്ടിയിരുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവകാശമായിരുന്നു. അത് നിങ്ങള്‍ നശിപ്പിച്ചില്ലേ?”

എന്താണിവള്‍ പറയുന്നതു?

”നിങ്ങളുടെ പേനയുടെ ഒരു തെറ്റായ ചലനം, അഥവാ, എഴുത്തുകാരുടെ ഭാഷയില്‍, ഒരു ട്വിസ്റ്റ്, കഴിഞ്ഞില്ലേ എല്ലാം, പ്രത്യേകിച്ചു ഒരു പെണ്ണിന്റെ ജീവിതത്തില്‍?”

ഈശ്വരാ എന്താണിത്? താന്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ വര്‍ണശോഭ നഷ്ടപ്പെട്ടു കറുപ്പിലും വെളുപ്പിലും ഒരു വിലാപയാത്രയായി കഥാകാരന്റെ മനസ്സിലൂടെ കടന്നുപോയി.

”രക്തം പുരണ്ട രാത്രി” അവള്‍ തെല്ലുറക്കെ പറഞ്ഞു.

കഥാകാരന്‍ ശരിക്കും ഞെട്ടി. താനെഴുതിയ ഒരു കഥ! ആ കഥയിലെ നായിക സുകന്യയാണോ ഇവള്‍? കഥാകാരനോര്‍ത്തു. താന്‍ ഉദ്ദശിച്ച മാതിരിയല്ല ആ കഥയെഴുതി അവസാനിപ്പിച്ചത്. അതിലെ നായിക തന്നെ അനുസരിക്കാതായതുപോലെ തോന്നിയിരുന്നു. തന്റെ മനസ്സിലുണ്ടായിരുന്ന കഥയല്ല അവസാനം കടലാസിലൊഴുകി വീണതും അച്ചടിച്ചുവന്നതും. പക്ഷേ ഇപ്പോള്‍…

”ഞങ്ങളെക്കൊണ്ടു നിങ്ങള്‍ പ്രേമിപ്പിച്ചു, ഞങ്ങളുടെ പ്രേമം നിങ്ങള്‍ സ്വര്‍ഗീയമാക്കി”

അവള്‍ തന്നെ രൂക്ഷമായി തുറിച്ചുനോക്കുന്നു. നോട്ടം നേരിടാനാകാതെ കഥാകാരന്‍ മുഖം കുനിച്ചു.

”എത്ര റൊമാന്റിക്കായിട്ടായിരുന്നു ആ കഥയുടെ തുടക്കം!” അവളുടെ ശബ്ദത്തില്‍ തെല്ലു ലാഘവത്വം വന്നതുപോലെ.

”എനിക്കറിയാമായിരുന്നു നിങ്ങള്‍ ആ കഥയെ ഒരു ട്രാജഡി ആക്കുമെന്ന്. അതൊഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കാരണം അതിലെ നായകനെ, ഗിരീഷിനെ, ഞാന്‍ അത്ര സ്നേഹിച്ചുപോയിരുന്നു.”

കഥാകാരന്‍ ഒരു യക്ഷിക്കഥ കേള്‍ക്കുന്നതുപോലെ അവളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

”ഭാഗ്യത്തിന് നിങ്ങളുടെ പ്ലോട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്കു കഴിഞ്ഞു.”

എന്തു മറുപടി പറയണം എന്നാലോചിക്കവേ അവള്‍ തുടര്‍ന്നു .

”ഞാന്‍ വീടുവിട്ടിറങ്ങി കാമുകനോടൊപ്പം താമസമാക്കിയത് നിങ്ങള്‍ക്ക് രസിച്ചില്ല, അല്ലേ?”

”ഞാന്‍… അത്..” കഥാകാരന്‍ വാക്കുകള്‍ക്കായി പരതി.

”വേണ്ട, ഒന്നും പറയേണ്ട, ഒരു ന്യായീകരണവും വേണ്ട” അവള്‍ തറപ്പിച്ചുപറഞ്ഞു.

കഥാകാരന്റെ ചിന്തകള്‍ വീണ്ടും പുറകോട്ടുപോയി. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ആ കഥ എഴുതി തീര്‍ന്നത്.

”എനിക്കറിയാം, താന്‍ സൃഷ്ടിച്ച കഥാപാത്രം തന്റെ ചൊല്പ്പടിക്ക് നില്‍ക്കാത്തത് ഒരു കഥാകൃത്തിനും സഹിക്കാവുന്ന കാര്യമല്ല. പക്ഷേ നിങ്ങള്‍ എന്നോടു ചെയ്തത് കുറെ കൂടിപ്പോയി.”

”അത്… പിന്നെ..” കഥാകാരന്‍ അര്‍ദ്ധോക്തിയില്‍ നിര്ത്തി .

”ഞാന്‍ സ്വയം തീരുമാനങ്ങളെടുക്കാന്‍ തുടങ്ങിയത് നിങ്ങള്‍ക്കിഷ്ടപ്പെടുകയില്ലെന്നറിയാമായിരുന്നു. പക്ഷേ എനിക്കു ഗിരീഷിനെ പിരിയാന്‍ പറ്റില്ലായിരുന്നു. നിങ്ങള്‍ സൃഷ്ടിച്ച കേവലമൊരു കഥാപാത്രമാണെങ്കിലും ഒരു പെണ്ണല്ലേ ഞാന്‍.”

കഥാകാരന്‍ നല്ല ഒരു മറുപടിയ്ക്കുവേണ്ടി പരതി. എന്തു പറയണം? ഇതാദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. ഇതാരെങ്കിലും വിശ്വസിക്കുമോ? തനിക്ക് ഭ്രാന്താണെന്നെ കേള്‍ക്കു ന്നവര്‍ പറയൂ.

”ശരിക്കും ഒന്നു ഓര്‍ത്തുനോക്ക്, നിങ്ങള്‍ മദ്യലഹരിയിലല്ലേ ആ കഥ എഴുതിയത്?”

കഥാകാരന്‍ ഓര്‍ത്തു. ആ കഥ മാത്രമല്ല, പല കഥകളും എഴുതി മുഴുമിപ്പിച്ചിട്ടുള്ളത് മദ്യലഹരിയിലാണ്. കഥയെഴുത്തിനോടൊപ്പം ആരംഭിക്കുന്ന മദ്യപാനം കഥ അവസാനിക്കുമ്പോഴേക്കും തന്നെ മറ്റൊരു മാനസികതലത്തില്‍ കൊണ്ടെത്തിച്ചിരിക്കും.

”പക്ഷേ നിങ്ങള്‍ക്കു തെറ്റി” അവള്‍ കഥാകാരനുനേരെ മുന്നോട്ടാഞ്ഞിരുന്നു.

ആ കണ്ണുകളുടെ തീക്ഷ്ണത നേരിടാനാകാതെ അയാള്‍ മുഖം തിരിച്ചു.

ആ കഥയെപ്പറ്റി വീണ്ടും ഓര്‍ത്തു. സുകന്യയും ഗീരീഷും ഒന്നിച്ചു താമസിക്കാന്‍ തുടങ്ങി, കഥാകൃത്തായ തന്റെ പരിപൂര്‍ണ്ണ സമ്മതം കൂടാതെ. അതില്‍ തനിക്ക് ഗിരീഷിനോടു അല്പ്പം അസൂയയും തോന്നിയിരുന്നു. പക്ഷേ കഥാപാത്രങ്ങളുടെ ഇംഗിതത്തിന് വഴങ്ങി കഥാഗതി മാറ്റിമറിക്കാതെ തനിക്ക് ഗത്യന്തരമില്ലായിരുന്നു.

”ഞാനും എന്റെ കാമുകനും സിനിമ കഴിഞ്ഞു നടന്നുവരുന്ന സീനും അതെത്തുടര്‍ന്നുണ്ടായതെന്ന് നിങ്ങള്‍ എഴുത്തിപ്പിടിപ്പിച്ച സംഭവങ്ങളും ഒന്നു ഓര്‍ത്തു നോക്ക്”

അവള്‍ വീണ്ടും പറഞ്ഞു. ”കഥ പൈങ്കിളി സ്റ്റൈല്‍ ആക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. അതോടൊപ്പം ഞങ്ങളെ ശിക്ഷിക്കണമെന്നും, അല്ലേ?”

കഥാകാരന്‍ ഓര്‍ത്തു. അതേ, അവളുടെ കാമുകനെ അടിച്ചവശനാക്കി വഴിയില്‍ തള്ളി, അവളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നും മൃതപ്രായയായ അവളെ ഉപേക്ഷിച്ചു ആക്രമികള്‍ രക്ഷപെട്ടു എന്നുമായിരുന്നു താന്‍ എഴുതിയത്.

”അന്ന് ആ അടച്ചിട്ട മുറിയില്‍ നിങ്ങളുടെ ആ ഗുണ്ടകള്‍, അജിത്തും കൂട്ടരും, എന്താണ് ചെയ്തതെന്ന് നിങ്ങള്‍റിയാമോ?”

അവളൊന്നു നിര്‍ത്തി ദീര്‍ഘനിശ്വാസമെടുത്തു. ”അവരും നിങ്ങളെപ്പോലെ മദ്യലഹരിയിലായിരുന്നെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ. എന്റെ ചെറുത്തുനില്പ്പിനു മുമ്പില്‍ അവര്‍ക്കു ഒന്നും ചെയ്യാനായില്ല. അവര്‍ ഓരോരുത്തരായി തോറ്റ് പിന്‍ വാങ്ങുകയായിരുന്നു. എന്നിലെ സ്ത്രീത്വം ജയിക്കുകയായിരുന്നു” . കഥാകാരന് ആശ്വാസം തോന്നി.

”പക്ഷേ നിങ്ങള്‍ ഏതോ ദേവനീതി നടപ്പാക്കുകയായിരുന്നു. എന്നെ ശിക്ഷിക്കുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ തോറ്റു. ഞാന്‍ ശിക്ഷിക്കപ്പെട്ടില്ല. പക്ഷേ ആ സംഭവത്തിനുശേഷം എന്റെ കാമുകന്‍ എന്നെ ഉപേക്ഷിച്ചു. ഒരു കണക്കിനു അതും നന്നായി. പുരുഷവര്‍ഗത്തെ എനിക്കു ശരിക്കും മനസ്സിലായല്ലോ.”

പുരുഷവര്‍ഗം എന്ന പ്രയോഗം കഥാകാരനെ തെല്ലു ചൊടിപ്പിച്ചു.

”എന്താ ഞാന്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കു മേലേ എനിക്കു നിയന്ത്രണമില്ലേ?”

അവള്‍ അയാളെ തുറിച്ചുനോക്കി.

”നിങ്ങളിലെ മെയില്‍ ഷോവനിസ്റ്റാണീ സംസാരിക്കുന്നത്. എന്തുകൊണ്ട് ഗിരീഷിനെ നിങ്ങള്‍ ശിക്ഷിച്ചില്ല?”

”ഗിരീഷിനെ അവര്‍ മര്‍ദ്ദിച്ചില്ലേ?”

”എന്തു മര്‍ദ്ദനം? എനിക്കു പറ്റിയതെന്ന് നിങ്ങള്‍ എഴുത്തിപ്പിടിപ്പിച്ചതിന് പകരമാവുമോ ഗിരീഷിനേറ്റ മുറിവും ചതവും?”

കഥാകാരന് വീണ്ടും ഉത്തരം മുട്ടി.

”കപടവിപ്ലവം പറഞ്ഞു നിങ്ങള്‍ കുറെ കഥകള്‍ എഴുതിയിട്ടുണ്ടെന്ന് എനിക്കറിയാം. പക്ഷേ അവയൊക്കെ വെറും പുറംപൂച്ചുകള്‍ മാത്രമാണ്. ഉള്ളിന്റെയുള്ളില്‍ നിങ്ങള്‍ തികഞ്ഞൊരു യാഥാസ്ഥിതികനാണ്.”

കഥാകാരന്‍ എന്തു പറയണമെന്നറിയാതെ വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കുമായി ഉഴറി.

‘വേണ്ട, ഇനി ഒരു വിശദീകരണവും ഞാന്‍ ചോദിക്കുന്നില്ല.”

അവള്‍ അയാളെ തറപ്പിച്ചു നോക്കി, പക്ഷേ ശബ്ദം മയപ്പെടുത്തി തുടര്‍ന്നു .

”നിങ്ങളുടെ ഭാര്യ ജോലികഴിഞ്ഞുവരേണ്ട നേരമായി. അവര്‍ എന്നെ ഇവിടെക്കണ്ടാല്‍ പലതും സംശയിക്കും. അല്ലെങ്കിലും അവര്‍ക്ക് നിങ്ങളെ സംശയമാണല്ലോ. നിങ്ങളുടെ കഥകളിലെ നായകന്‍ നിങ്ങള്‍ തന്നെയാണെന്നും എല്ലാം നടന്ന സംഭവങ്ങള്‍ ആണെന്നുമല്ലേ അവരുടെ വിചാരം.”

ശരിയാണ്. എത്രയോ പ്രാവശ്യം അതേച്ചൊല്ലി തര്‍ക്കം നടന്നിരിക്കുന്നു. എന്തെങ്കിലുമൊക്കെ വാസ്തവമില്ലാതെ കഥകള്‍ ഉണ്ടാക്കാന്‍ പറ്റില്ല എന്നാണ് തന്റെ ഭാര്യയുടെ പക്ഷം. നഴ്സുമാരായ അവളുടെ സഹപ്രവര്‍ത്തകരും അതുതന്നെയാണത്രേ പറയുന്നത്. ഈ എഴുത്തുകാര്‍ എന്ന വര്‍ഗത്തെ വിശ്വസിക്കാന്‍ പറ്റില്ല. കള്ളുകുടിയും പെണ്ണുപിടിയും മയക്കുമരുന്നും ഒക്കെയായി ഒരു വകയാണത്രെ അവറ്റകളുടെ ജീവിതം എന്നു അവളുടെ കൂട്ടുകാരികള്‍ പറയാറുണ്ടത്രേ. അവര്ക്കും കുറെ എഴുത്തുകാരെയൊക്കെ അറിയാമത്രേ.

”ഞാന്‍ പോകുന്നു” അവള്‍ എഴുന്നേറ്റു. അറിയാതെ കഥാകാരനും എഴുന്നേറ്റുപോയി.

”ഇനിയെങ്കിലും ശ്രദ്ധിയ്ക്കുക. നിങ്ങള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്ക് സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ടായാല്‍ അവരെ അവരുടെ വഴിക്കു വിടുക. ഒരേ സമയം സൃഷ്ടാവും വില്ലനും നായകനും വിധികര്‍ത്താവും ആകാതിരിക്കുക.”

അവള്‍ വാതിലിനടുത്തേക്ക് നടന്നു. കഥാകാരന്‍ അനുഗമിച്ചു. വാതില്‍ തുറന്നു പുറത്തേക്കിറങ്ങിയ അവള്‍ ബൈ പറഞ്ഞു.

എന്നിട്ട് രാത്രിയുടെ അവ്യക്തതയിലേക്ക് നടന്നു മറഞ്ഞു.

Generated from archived content: story1_aug21_14.html Author: murali_j_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English