എന്റെ സ്വന്തം തണ്ണിത്തോട്‌

മലയോര ജില്ലകളിൽ ഒന്നായ പത്തനംതിട്ടയിലെ മനോഹരമായ ഒരു ഗ്രാമമാണ്‌ തണ്ണിത്തോട്‌ പഞ്ചായത്തിലെ മണ്ണീറ. അതിപുരാതനമായ ഒരു ശിവക്ഷേത്രവും നാല്‌ ക്രിസ്തീയ ദേവാലയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. മുസ്ലീം മതവിഭാഗക്കാർ കുറവായതിനാൽ അവരുടേതായ ഒരു ആരാധനാലയം മാത്രം ഇവിടെയില്ല. നാലുവശവും വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ഗ്രാമം പ്രകൃതി ഭംഗികൊണ്ടും മതമൈത്രികൊണ്ടും അനുഗ്രഹീതമാണ്‌. തിരഞ്ഞെടുപ്പ്‌ വേളകളിൽ മാത്രം കാണുന്ന രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഒഴികെ മറ്റ്‌ വർഗ്ഗ വർണ്ണ വിവേചനങ്ങളൊന്നും എന്റെ നാടിനെ വലുതായൊന്നും ആക്രമിച്ചിട്ടില്ല.

വർഷങ്ങൾക്കുമുമ്പ്‌ ജോലി തേടി കൊൽക്കത്തയിലേക്ക്‌ കുടിയേറിയ ഒരു മറുനാടൻ മലയാളിയുടെ ഗൃഹാതുര സ്മരണകളിൽ എന്നും പച്ചപിടിച്ചു നിൽക്കുന്ന എന്റെ ഗ്രാമത്തിന്‌ ഇന്നൊരു പരിഷ്‌കാരത്തിന്റെയും അന്ധമായ പാശ്ചാത്യാനുകരണങ്ങളുടെയും മുഖഛായ വന്നിട്ടുണ്ടെങ്കിൽ അത്‌ തികച്ചും യാദൃശ്ചികമാണെന്ന്‌ കരുതി സമാധാനിക്കാം. അതിന്റെ അനുരണനമായ ഒരുതരം നിർവ്വികാരത അഥവാ യാന്ത്രികത്വം ഇന്ന്‌ എന്റെ നാട്ടുകാരിലും എത്തിയിരിക്കുന്നു. 17 വർഷം മുമ്പ്‌ ഞാൻ പോരുമ്പോൾ വൈദ്യുതിപോലും എത്തിയിട്ടില്ലായിരുന്ന ആ മണ്ണിന്റെ കന്യകാത്വം നഷ്‌ടപ്പെട്ട്‌ ഇന്നൊരു പട്ടണപ്പരിഷ്‌കാരിയായിരിക്കുന്നു. കിലോമീറ്ററുകളോളം നടന്ന്‌ സ്‌കൂളിൽ പോയി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വായിച്ചുപഠിച്ച ഞങ്ങളുടെ പിൻതലമുറ മാറ്റത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട്‌ ബഹുദൂരം പോയിരിക്കുന്നു.

അങ്ങിങ്ങ്‌ വിരളമായി റേഡിയോയുടെ മാത്രം ശബ്‌ദം കേട്ടിരുന്ന സ്ഥാനത്തിന്ന്‌ എല്ലാ വീടുകളുടെയും മുകളിൽ ഡിഷ്‌ ആന്റിനകൾ സുലഭം. ഞങ്ങളുടെ വിശ്രമവേളകളെ സമ്പന്നമാക്കിയിരുന്ന കണ്ണുപൊത്തിക്കളി, കിളിത്തട്ടുകളി, കുട്ടിയും കോലും, ഓലപ്പന്തുകളി എന്നിവയൊക്കെ എങ്ങോ പോയിമറഞ്ഞിരിക്കുന്നു. പകരം ആ സ്ഥാനം ക്രിക്കറ്റ്‌ കൈയ്യടക്കിയിരിക്കുന്നു.

നല്ല നാളുകളെയോർത്തിനി നെടുവീർപ്പിടാം.

Generated from archived content: nativeland1_may6.html Author: ms_anandhan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English