കാര്‍മുകിലിനൊപ്പം വെണ്മേഘമറിയാതെ

ജേര്‍ണലിസം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞു. ഇനി സ്വന്തമായി എന്തെങ്കിലും ചെയ്തേ പറ്റു. ഞാന്‍ പഠിച്ച പ്രഫഷന്‍ പരമാവധി മികവുറ്റതാക്കണം നല്ല ഫോട്ടോഗ്രാഫറെ അന്വേഷിച്ചു നടന്നു. സ്ത്രീകളും പുരുഷന്മാരുമടക്കം പതിനെട്ടോളം പേര്‍ വന്നു. ആരാണിതില്‍ ഒന്നാമത്? ഫോട്ടോഗ്രാഫര്‍ ഒരു പുരുഷന്‍ ആകട്ടെ . അത് അനില്‍ തന്നെ.

നല്ലൊരു ദിവസം നോക്കി രാവിലെ അമ്പലത്തില്‍ തൊഴുത് അവര്‍ ഇറങ്ങി. ചന്തയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയിറങ്ങുന്ന ഒരു ചേച്ചിയെ കണ്ടു. ഒരു പഴയ നീല സാരിയും അല്‍പ്പം അയഞ്ഞ പച്ച ബ്ലൗസുമിട്ട പണ്ടു സുന്ദരിയായിരുന്നു എന്നു തോന്നിക്കുന്ന ഒരു നേര്‍ത്ത രൂ‍പം. ഒട്ടിയ കവിളുകള്‍‍. കുഴിഞ്ഞതെങ്കിലും പൂച്ചക്കണ്ണുകള്‍ , ഒട്ടുമുക്കാലും മുടി നരച്ച് …അവര്‍ ധൃതിയില്‍ നീങ്ങുന്നു.

”ചേച്ചി ഒന്നു ചോദിച്ചോട്ടെ – ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം” ?…. ആദ്യത്തെ ചോദ്യം പൂര്‍ണ്ണമായി ചോദിക്കാനാകും മുമ്പേ മറുപടി ‘ എന്നെ വിട്ടേക്കു , സമയമില്ല’.

അയ്യോ ഇതു വിട്ടാല്‍ മുന്നേറ്റമില്ല തന്നെ. അവരുടെ പിന്നാലെ അതിവേഗം നടന്നു. അവര്‍ വള‍ഞ്ഞ ഇടവഴിയെ ഞങ്ങളും. ഒരു ഓലക്കൂരയിലേക്കായിരുന്നു അവര്‍ കയറിയത് ‘ നിങ്ങളെന്നെ വിടില്ലേ’ എന്നു ചോദിച്ച് മുഖത്തടിച്ച പോലെ അവര്‍ പനമ്പ് കൊണ്ടുള്ള വാതിലടച്ചു.

”ചേച്ചി ഞങ്ങളെ ശത്രുക്കളായി കാണാതെ , ഉപദ്രവിക്കാനല്ല വന്നത് ആദ്യത്തെ ഒരു ഉദ്യമമായതിനാല്‍ അനുഗ്രഹിച്ചില്ലെങ്കിലും പിന്തിരിപ്പിക്കരുത്. അതിനാലാണ് പിന്നാലെ ഇത്രയും ….ഒറ്റചോദ്യം അതിനൊരു മറുപടി തന്നാല്‍ ഞങ്ങള്‍ വേഗം പൊയ്ക്കോളാം”

വാതില്‍ മെല്ലെ തുറന്നു . ”ഇരിക്കാന്‍ ഒരു സ്റ്റൂളേ ഉള്ളു ആരെങ്കിലും അതില്‍ ഇരിക്ക്” അവര്‍ പറഞ്ഞു ഒറ്റചോദ്യത്തിന് ഒറ്റ മറുപടി എനിക്കില്ല. പറഞ്ഞു വന്നാല്‍ നീളും” വീടിനകത്തെ താഴത്തെ മണ്ണിലിരുന്ന് പച്ചക്കറികള്‍ എടുത്തു വയ്ക്കാനും അരിയാനും തുടങ്ങി . ”നിങ്ങള്‍ക്ക് വഴിയെ ധാരാളം പേരെ കിട്ടുമായിരുന്നു.”

”അതുവേണ്ട ആദ്യം ചോദിക്കപ്പെട്ട ആള്‍ തന്നെ മതി ഞങ്ങള്‍ക്ക് ഇന്നത്തേക്ക്. പറഞ്ഞോളു”

പെന്‍ റെക്കോഡറും ക്യാമറയും അനിലിന്റെ വിരലുകളാലെ ആദ്യ ചുവടു വച്ചു.

”ആദ്യത്തെ കുഞ്ഞ് പിറന്നപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞു ഇവന്‍ നമ്മുടെ പൊന്മുകുളം. അന്നെല്ലാം വളരെ സന്തോഷമായിരുന്നു . കുഞ്ഞുങ്ങള്‍ നാലായി . കണ്ടില്ലേ വീട് . ജോലി കഴിഞ്ഞ് വളരെ വൈകിയേ വരു. ഇപ്പോള്‍ വന്നാല്‍ നിങ്ങളേയും ഓടിക്കും എന്നേയും. സര്‍ക്കാര്‍ ജോലിയുണ്ട് എന്താ ഫലം. കിട്ടുന്ന പണം സര്‍ക്കാരിലേക്ക് തിരികെ പോകും. പിന്നെ പാതിരാത്രിയിലെ അങ്കങ്ങള്‍ ബാക്കി.

മിക്കവാറും അവര്‍ ഉറങ്ങിക്കഴിഞ്ഞേ വരു. വരുന്നതേതു നേരത്തായാലും ഇവിടെ എല്ലാ കാര്യങ്ങളും തികഞ്ഞിരിക്കണം. എന്റെ നേരെയുള്ള ഉപദ്രവം അധികമാകുമ്പോള്‍ അവരുണരും. പിന്നെ മക്കള്‍ ഉറങ്ങില്ല എന്തിനെന്നോ വീടിനുപുറത്തേക്കെറിഞ്ഞ എന്നെ അകത്തേക്ക് കയറ്റിയിട്ടു വേണം അവര്‍ക്കുറങ്ങാന്‍. അച്ഛന്‍ ഉറങ്ങിയാലല്ലേ എന്നെ വീട്ടിലേക്ക് കയറ്റാനൊക്കു. മക്കള്‍ ക്ലാസ്സിലുറങ്ങി അവിടെനിന്നും വാങ്ങും ബാക്കി. നീതിന്യായ നിര്‍വ്വഹണം പെട്ടന്നു കൈകാര്യം ചെയ്യുന്ന കീഴ്ക്കോടതിയാണല്ലോ സ്കൂള്‍.

ചോദ്യത്തിനുത്തരം പറയുന്ന , സൗകര്യമുള്ള വീട്ടിലെ കുട്ടി നല്ലവന്‍. ഉത്തരം പറയാത്ത കുട്ടി അടിയര്‍ഹിക്കുന്നവനും. എന്റെ മക്കള്‍ രണ്ടാമത്തതില്‍ പെടും. ക്ലാസ്സില്‍ പോയില്ലേ അച്ഛന്റെ വക വേറെ പഠിക്കാന്‍ ഈ വീട്ടില്‍ സൗകര്യമുണ്ടോ ? നോക്കണം മൂലയിരിക്കുന്ന ഒരു പായ രണ്ട് തലയിണ എല്ലാവര്‍ക്കുമായി . കുട്ടികള്‍ ഉറങ്ങുന്ന മുറക്ക് തലയിണ മാറ്റും. ഉറങ്ങാത്ത കുട്ടിക്ക് ഞങ്ങളുടെ കാളരാത്രികള്‍ ഈ ഓലമറകള്‍ മാത്രമേ അറിയു. നിങ്ങളിതു പരസ്യപ്പെടുത്തിയാല്‍ അതിനും കിട്ടും എനിക്ക് . മൂവായിരം ആണ്ടായാലും ഇതൊക്കെ തന്നെ സ്ത്രീകള്‍ക്ക്.”

അവര്‍ സാരിത്തുമ്പുകൊണ്ട് കണ്ണീര്‍ തുടച്ചു. ”ആത്മരക്ഷാര്‍ത്ഥം ഓടിയാല്‍ മാന്യത പോയി. മദ്യഷാപ്പിലെ ക്യൂവില്‍ മാ‍ന്യതയുടെ മാനദണ്ഡം ഏതളവില്‍ നില്‍ക്കും ഒരു ജന്മം മുഴുക്കെ നരകിക്കുന്ന ഞങ്ങള്‍ ജീവിതം ഏതു രീതിയില്‍ തിരിച്ചു വിട്ടാലും മാന്യതയുടെ മേഖല മേലേത്തന്നെയായിരിക്കും. ഒറ്റ നിമിഷത്തില്‍ ഒരു ജന്മം മുഴുവന്‍ കനലിലേക്കെറിയപ്പെട്ടത് എനിക്കു മാത്രമോ.? അല്ല സംഘടിച്ചാലല്ലേ അറിയാന്‍ പറ്റു സംഘടിക്കാന്‍ ഞങ്ങള്‍ക്കാവുമോ?

വിദ്യ – ”സമയക്കുറവാണോ”?

”സമയമുണ്ടായാലും തിരിച്ചുവരുന്നതെങ്ങോട്ടാ?”

”പാതിരാത്രിയില്‍ ഞങ്ങള്‍ക്ക് ജനമില്ല, സൂര്യനില്ല, ആകാശമില്ല. അതേസമയം മദ്യ ഉപഭോക്താക്കളുടെ കാര്യത്തില്‍ രാഷ്ട്രീയത്തിന്റെ സഹായം. ജോലി കഴിഞ്ഞ് വരുന്നവരുടെ സൗകര്യമനുസരിച്ച് ഒന്‍പത് മണി വരെ. റേഷന്‍ കടയിലെ നിബന്ധനകള്‍ അവിടെയുണ്ടോ? റേഷന്‍ കടക്കു മുന്നിലില്ലാത്ത ക്യൂ വിദേശ മദ്യഷാപ്പിന്റെ മുന്നില്‍ . സര്‍ക്കാരിനു വേണ്ടത് ഞങ്ങളുടെ വോട്ടു മാത്രം. ഇങ്ങനെ തന്നെ ഞാന്‍ ഒരു മാനസികരോഗിയായാല്‍ എന്റെ വോട്ടേ വേണ്ടാ എന്നുള്ള ഔദാര്യം ഉണ്ട്.

ഇവിടെ ഓരോരോ കാളരാത്രി കഴിയുമ്പോഴും മക്കള്‍ക്ക് സ്കൂളില്‍ നിന്ന് കാളപ്പകലുകള്‍ യൂണിഫോം ഉണ്ടോ ? ബുക്കുകള്‍ തികച്ചുണ്ടോ മറ്റു സാധങ്ങള്‍ പേന, പെന്‍സില്‍ തുടങ്ങി എനിക്കു ചെന്നു കണ്ട് പറയാനാകുമോ.

മക്കള്‍ പലരോടും വൈരാഗ്യബുദ്ധ്യാ പെരുമാറുന്നു. അവര്‍ക്കു കിട്ടുന്നതിന്റെ പ്രതിഫലനം. ഇതു ജനം മന‍സിലാക്കുമോ അദ്ധ്യാപകര്‍ മനസിലാക്കുമോ ? പഠിപ്പിക്കുന്നതോ സാമൂഹിക പ്രതിബദ്ധത.

ഇവിടെ വെക്കുന്ന ഭക്ഷണം ഒന്നും കഴിക്കാറില്ല. കഴിപ്പിക്കാറില്ല എന്നതാണു ശരി. മക്കള്‍ക്ക് സ്കൂളില്‍ നിന്നും ഉച്ചക്കഞ്ഞിയെങ്കിലും ലഭിക്കും. ഇങ്ങനെ കഴിയേണ്ടതാണോ എന്റെ മക്കള്‍. പല്ലെല്ലാം ഇടിച്ചുതകര്‍ത്തതിന്റെ ഫലം. എന്നെ നിങ്ങള്‍ നോക്കുമ്പോള്‍ എന്തു തോന്നുന്നു? എന്റെ മുപ്പത്തിയേഴില്‍ അറുപത്തിയേഴ്.

പൊതുവഴിയില്‍ ബഹള വെച്ചാല്‍ നിയമം . വീട്ടിലെ പ്രപഞ്ചങ്ങള്‍ക്ക് നിയമമെന്താ? ഉള്ള നിയമത്തിന്റെ വഴിപോയാല്‍ മാന്യത പോകും. ചിലപ്പോള്‍ കുടുംബാവശേഷം ഫലം. എന്തെങ്കിലും കഴിച്ച് ഞാനും മക്കളും ജീവിതമവസാനിപ്പിച്ചാല്‍ രാഷ്ട്രം സ്വമേധയാ കേസെടുക്കുമെന്നൊരു നേട്ടം”

ഇടക്ക് ശാന്തമായി ഒരു ദീര്‍ഘനിശ്വാസത്തോടെ തുടര്‍ന്നു ”ങാ കുന്നോളം ഭാഗ്യം കുറേപ്പേര്‍ക്ക്. ദുരിതങ്ങളുടെ തീരാക്കയം അതിലേറെപ്പേര്‍ക്ക്. ഭാഗ്യമുള്ളവന്റെ മുന്നില്‍ മൈക്കും മാധ്യമങ്ങളും അവാര്‍ഡുകളുടെ നിരകളും. ഞങ്ങള്‍ക്ക് , മോളെ , അടിപൊളിയും പെര്‍ഫോമന്‍സുമില്ല പിന്നെ കുട്ടി നിനക്കെന്തെ ഇതു തോന്നി ? ബ്രട്ടീഷുകാ‍ര്‍ വന്നുപോയതിനാല്‍ അവരില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടി അവര്‍ വന്നില്ലായിരുന്നുവെങ്കില്‍ ആ വാക്ക് നമുക്ക് അന്യം തന്നെ.

സംരക്ഷകനായെത്തിയ പുരുഷന്‍ രാത്രി ആയാല്‍ ഉറപ്പായ അന്തകന്‍ തന്നെ ഇതിനുത്തരവാദി ആരാ?

സൂര്യന്‍ മറയുമ്പോള്‍ ഞാനെന്റെ അശുഭരാത്രിയെ വരവേല്‍ക്കാന്‍ വിറച്ചുകൊണ്ട് പുറത്തേക്ക് കണ്ണും നട്ട് നോക്കിയിരിക്കുകയാകും. നാടില്ല പിന്നെ നാട്ടാരില്ല. പുറം വേദനയോ തോള്‍ വേദനയോ തലവേദനയോ അറിയില്ല . ഭയപ്പാടുമായി പ്രിയനാഥനെ എതിരേല്‍ക്കാന്‍ നോക്കിയിരിക്കുമ്പോള്‍ അല്‍പ്പം ഉള്ളില്‍ ചെന്നു കഴിഞ്ഞാല്‍ മുമ്പിലുള്ള അളിയന്‍ പറയുന്ന ഏതു വിഢിത്തവും വേദവാക്യം. ആ അളിയന് എന്തെങ്കിലും നമ്മോട് തോന്നിപ്പോയാല്‍ നടന്നില്ലെങ്കില്‍ വക്രബുദ്ധിയെന്തും നടത്തും. അതാണ് ഈ അളിയന്മാര്‍. മാന്യന്മാര്‍ക്കതാവില്ല. ഇതും കേട്ട് റ മൂളിയിരുന്ന നമ്മുടെ അളിയന്‍ പാതിരാത്രിയില്‍ കുടുംബത്തെ തന്നെ ഫുള്‍സ്റ്റോപ്പിടും.

പത്രത്തിലെ ഓരോ വാര്‍ത്തകളും കാണുന്നില്ലേ. പിന്നീട് പത്രത്തില്‍ വരുന്നതോ ഭാര്യയെ സംശയം. പോയവര്‍ അവരുടെ മുമ്പത്തെ കാളരാത്രികള്‍ പരസ്യപ്പെടുത്തിയിട്ടില്ലല്ലോ. അത് ഇനിയും അങ്ങണെ തന്നെയല്ലേ ? പല അളിയന്മാറുടെയും നാവിന്‍ തുമ്പുകളാകുന്ന മുള്‍മുനയില്‍ ജീവനുമായി നില്‍ക്കുന്ന സഹോദരിമാര്‍ എത്ര? ഇതിന്റെ സര്‍വ്വേ നിങ്ങള്‍ക്കെടുക്കാനാവുമോ?

അറിയുമോ ഒരു മദ്യപന്റെ ഭാര്യയും രണ്ടു കണ്ണുമടച്ചുറങ്ങുന്ന രാത്രിയില്ല. ഉറങ്ങിയാലും ഒരു കണ്ണ് റഡാര്‍ പോലെ പ്രവര്‍ത്തിക്കണം” അവര്‍ തേങ്ങി.

വിദ്യ -” മതി ചേച്ചി” അവരുടെ കണ്ണിര്‍ തന്റെ തൂവാലകൊണ്ട് തുടച്ചു. ”ജോലി തീര്‍ത്തോളു സഹകരിച്ചതിനു നന്ദി. നാളത്തെ പൗരന്മാരായി മക്കളെ വളര്‍ത്താനും കുടുംബസമാധാനത്തിനുമായി എന്നാല്‍ കഴിവത് ഞാന്‍ സഹായിക്കും.”

താനുദ്ദേശിച്ച വ്യത്യസ്തമായ കാര്യം അഥവാ പാവങ്ങളുടെ വസ്തുതകള്‍ തേടിയിറങ്ങണമെന്ന ഉദ്ദേശം നടന്നതിലെ ചാരിതാര്‍ത്ഥ്യം കൊണ്ടാവാം തന്റെ കണ്ണുകളും ഈറനണിഞ്ഞു.

ഞങ്ങളവിടെ നിന്നും പടിയിറങ്ങി. സ്ക്രിപ്റ്റ് ശരിയാക്കി ആരുടേയോ മുമ്പില്‍ സബ് മിറ്റ് ചെയ്തു. അദ്ദേഹം ഒരു അലര്‍ച്ചയായിരുന്നു ‘’ നിങ്ങള്‍ ഇതേ വിഷയം കണ്ടുള്ളു’‘? Get Out From Here’ ഞെട്ടിയുണര്‍ന്നു . സമയം രാത്രി 12. 45. ടീപോയിലിരുന്ന ജഗ്ഗില്‍ നിന്നും വെള്ളം ഗ്ലാസ്സില്‍ പകര്‍ന്നു കുടിച്ചു സ്വയം പറഞ്ഞു … നടക്കില്ല ഒന്നും നടക്കില്ല.

Generated from archived content: story1_june27_12.html Author: mrs.j.kodiveettil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English