പ്രതി

പുനര്‍വായന

(മലയാള കഥാരംഗത്തെ നവോത്ഥാകാലഘട്ടത്തെ സമ്പന്നമാക്കിയ അന്തരിച്ച പ്രഗത്ഭരുടെ കഥകളാണ് ഇത് വരെ ഞങ്ങള്‍ പുനര്‍വായനയിലൂടെ വായനക്കാര്‍ക്ക് നല്‍കിയത് . അവരുടെ തുടര്‍ച്ചയായി കഥാലോകത്തിന് ആധുനികതയ്ക്ക് തുടക്കം കുറിച്ച പോയതലമുറയിലെ ഏതാനും കഥകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കുന്നു. പ്രശസ്തനായ അന്തരിച്ച എം. പി നാരായണപിള്ളയുടെ ‘ പ്രതി ‘ എന്ന കഥ ഞങ്ങള്‍ ആദ്യ എപ്പിസോഡില്‍ പ്രസിദ്ധീകരിക്കുന്നു.)

ഇരുപത്തഞ്ചു രൂപ പിഴ അനാഡികോടതി വിധി കല്‍പ്പിച്ചു.

‘ തുക അല്‍പ്പം കൂടുതലാണ്’ പ്രതി വിനയപൂര്‍വ്വമുണര്‍ത്തിച്ചു.

‘ അമ്പതു രൂപ’ കോടതി ശിക്ഷ കൂട്ടി.

‘ അതു കിട്ടാന്‍ പോണില്ല ‘ പ്രതി പറഞ്ഞു.

‘ നൂറു രൂപ’ എന്നായി കോടതി.

‘ഇരുപത്തഞ്ചു രൂപ കയ്യിലില്ലാത്തവന്‍ എവിടുന്നാണ് നൂറു രൂപ കൊണ്ടു വരിക’? പ്രതി ചോദിച്ചു.

‘ അടുത്ത കേസ്?’ കോടതി വിഷയം മാറ്റി.

‘ ഈ കേസ് തീര്‍ത്തിട്ടു പോരെ അടുത്ത കേസ് ‘? പ്രതി വിഷയത്തില്‍ തന്നെ നിന്നു.

അപ്പോള്‍ കോടതി നിയമപാലകരുടെ നേരെ നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം മനസിലാക്കി അവര്‍ പ്രതിയുടെ അടുത്തേക്ക് നീങ്ങി. അവരോടായി പ്രതി പറഞ്ഞു:

‘ സഹോദരന്മാരേ, വെറുതെ അലമ്പുണ്ടാക്കണ്ട. നിങ്ങള്‍ പത്തു പന്ത്രണ്ടു പേരുണ്ട്. നിങ്ങള്‍ എല്ലാവരേയും ഒരുമിച്ച് നേരിടാ‍നുള്ള ശേഷി എനിക്കില്ല. പക്ഷെ, എന്നെ ആദ്യം തൊടുന്നവനെ ഞാന്‍ തട്ടും. അതുകൊണ്ട് നിങ്ങളില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രണ്ടു നിമിഷം കാത്തു നിന്നു കൂടെ ?ബഹുമാനപ്പെട്ട കോടതിയുമായി കാര്യം പറഞ്ഞ് രമ്യതയിലാകാന്‍ എനിക്ക് രണ്ടു നിമിഷം തരു’

നിയമപാലകര്‍ പകച്ചു നിന്ന അവസരത്തില്‍ പ്രതി കോടതിയോട് ഉണര്‍ത്തിച്ചു:

‘ എന്റെ കാര്യം പറയാന്‍ രണ്ടു നിമിഷം അവിടുന്ന് എനിക്ക് തരണം. അല്ലെങ്കില്‍ ഇവിടൊരു മരണത്തിന്റേയും തുടര്‍ന്ന് ജയിലില്‍ വച്ചൊ കഴുമരത്തിലോ മറ്റൊരു മരണത്തിന്റേയും ധാര്‍മ്മികമായ ഉത്തരവാദിത്വം ബഹുമാനപ്പെട്ട കോടതിയുടെ മന:സാക്ഷിക്ക് ചുമക്കേണ്ടി വരും. എനിക്ക് രണ്ടു നിമിഷം തരു. കരാട്ടെയില്‍ കറുത്ത ബെല്‍റ്റ് നേടിയതിന്റെ തെളിവ് ഞാന്‍ ഹാജരാക്കാം.’

കോടതി ഒന്നും പറഞ്ഞില്ല.

മൗനാനുവാദം കിട്ടിയതുപോലെ നിയമപാലകര്‍ നിന്നിടത്തു തന്നെ നിന്നു.

പ്രതി തുടര്‍ന്നു:

‘ എന്റെ കയ്യില്‍ പതിനഞ്ച് രൂപ മാത്രമേ യുള്ളു. ഉള്ളെതെല്ലാം പിഴയായി കെട്ടി വയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. കോടതിയോട് എനിക്ക് അല്‍പ്പം പോലും ബഹുമാനക്കുറവില്ല. കയ്യിലുള്ള തുക മാത്രമാണ് ഇവിടെ പ്രശ്നം. അതുകൊണ്ട് പിഴശിക്ഷ പതിനഞ്ചു രൂപയായി കുറച്ചു തന്നാല്‍ ഈ പ്രശ്നം രമ്യതയില്‍ ഇവിടെ വച്ചു തന്നെ പരിഹരിക്കാം’

‘ നിങ്ങള്‍ക്ക് അപ്പീലിന് പോകാന്‍ വകുപ്പുണ്ട് ‘ കോടതി പറഞ്ഞു ‘ ഒരു വക്കീലിനെ വച്ച് തെളിയിക്കുന്ന പക്ഷം ശിക്ഷ പൂര്‍ണ്ണമായും ഇളവ് ചെയ്യ് വാങ്ങാന്‍ കഴിയും ‘

‘ പതിനഞ്ച് രൂപയുടെ കൂടെ ചേര്‍ക്കാന്‍ പത്തു രൂപ എന്റെ കയ്യിലില്ലാതെ വന്നതുകൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം. അപ്പീലിനു പോകാനുള്ള ചുറ്റുപാടുണ്ടായിരുന്നെങ്കില്‍ നേരെ ഇരുപത്തഞ്ചു രൂപ തന്ന് ഈയു‍ള്ളവന്‍ ഇറങ്ങിപ്പോകുമായിരുന്നു. എന്റെ ചുറ്റുപാടുകളുടെ സത്യാവസ്ഥ പരിഗണിച്ച് കോടതി തുക പതിനഞ്ചായി കുറച്ചാല്‍ പ്രശ്നം ഇവിടെ വച്ചു തന്നെ രമ്യതയില്‍ തീര്‍ക്കാം’

‘ പതിനഞ്ച് രൂപയായി കുറയ്ക്കാനുള്ള അധികാരം ഈ കോടതിക്കില്ല.അതിന് നിങ്ങള്‍ അപ്പീല്‍ പോവുകതന്നെ വേണം’ കോടതി പറഞ്ഞു.

‘ ഇരുപത്തഞ്ച് രൂപയില്‍ നിന്ന് അമ്പതായിട്ടും പിന്നെ നൂറായിട്ടും ശിക്ഷ വര്‍ദ്ധിപ്പിക്കുവാന്‍ ഈ കോടതിക്ക് അധികാരം ഉണ്ടായിരുന്നു. ശിക്ഷ കൂട്ടാന്‍ അധികാരമുണ്ട് കുറക്കാന്‍ അധികാരമില്ല ഇതാരുണ്ടാക്കിയ നിയമമാണ്?’ പ്രതി ചോദിച്ചു.

‘നിങ്ങള്‍ ചെയ്ത കുറ്റത്തിന് അഞ്ഞൂറുരൂപ വരെ പിഴ ശിക്ഷിക്കാന്‍ നിയമമുണ്ട്. ആ അഞ്ഞൂറിന് താഴെ മാത്രമായിരുന്നു പിഴ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നത്’

കോടതി വിശദീകരിച്ചു.

‘’കൂടിയതു പോലെ തന്നെ താഴോട്ടിങ്ങു പോന്നാല്‍ പോരേ? ” എന്നായി പ്രതി.

പ്രതിയുടെ മുഖത്തു തന്നെ കണ്ണു തറപ്പിച്ചു കോടതി പറഞ്ഞു . ‘ ഈ പ്രത്യേക സാഹചര്യത്തില്‍ അമ്പതായും പിന്നീട് നൂറായും വര്‍ദ്ധിപ്പിച്ച ഭാഗം മാത്രം ഇളവു ചെയ്യാന്‍ ഈ കോടതിക്ക് കഴിഞ്ഞേക്കും. എന്നാല്‍ ഇത്തരം കുറ്റങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് ഇരുപത്തഞ്ച് രൂപ പിഴ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. പോരെങ്കില്‍ ഈ സമയത്തിനിടയില്‍ ഒരു തവണപോലും നിങ്ങള്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടിട്ടില്ല. അതുകൊണ്ട് നിങ്ങളെ വെറുതെ വിട്ടതുകൊണ്ട് പ്രശനം പരിഹരിക്കാനും എന്റെ മന: സാക്ഷി അനുവദിക്കുന്നില്ല ‘

‘ ഞാന്‍ കുറ്റം നിഷേധിക്കുന്നില്ല നിയമപാലകരുടെ ആരോപണങ്ങള്‍ അക്ഷരം പ്രതി ശരിയാണ് . എന്റെ പ്രശ്നം പോക്കറ്റില്‍ പതിനഞ്ചുരൂപ മത്രമേയുള്ളു എന്നതാണ്. പണയം വയ്ക്കാവുന്നതിനായി ഒന്നുമില്ല പത്തു രൂപ കടം തരാന്‍ ആരുമില്ല ‘ പ്രതി വിനയപൂര്‍വ്വം അറിയിച്ചു.

കോടതി കണ്ണുകളടച്ച് ഒരു നിമിഷം ചിന്താധീനനായി. എന്നിട്ടെന്തോ നിശ്ചയിച്ചുറച്ച പോലെ പോക്കറ്റില്‍ നിന്നും പേഴ്സെടുത്ത് തുറന്നു.

അതില്‍ ഒമ്പതു രൂപ അറുപതു പൈസയേ ഉണ്ടായിരുന്നുള്ളു.

Generated from archived content: story1_feb7_12.html Author: mp_narayanapilla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English