ലോകത്തെ ഏറ്റവും ശക്തയായ വനിത

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ സ്ത്രീ ആരെന്ന ചോദ്യത്തിന് പല പേരുകളും നിങ്ങളുടെയൊക്കെ മുന്നില്‍ വന്നെന്നു വരും. ചരിത്രത്തിന്റെ താളുകള്‍ പരതുമ്പോള്‍ വേറെയും കുറെ പേരുകള്‍ കടന്ന് വരും.

ഉരുക്കു വനിതയെന്ന പേരില്‍ അറിയപ്പെട്ട മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍, ശത്രുക്കളുടെ പാളയത്തില്‍ വരെ പട്ടാളവുമായി കടന്നു പറ്റി ആയുധപ്രയോഗം നടത്തി എപ്പോഴും വിജയം മാത്രം ലക്ഷ്യമിട്ട ഇസ്രായേലിലെ മുന്‍ പ്രധാനമന്ത്രി ഗോള്‍‍ഡാമീര്‍, ഫിലിപ്പൈന്‍സിലെ ഏകാധിപതി യായിരുന്ന മാര്‍ക്കോസിനേയും ഭാര്യയേയും തുരത്തി അധികാരത്തിലെത്തിയ മിസ്സിസ്സ് അക്വിനാസ് കോറി-

ഇനി ഇന്ത്യയിലേക്കു വന്നാല്‍- പ്രധാനമന്ത്രി സ്ഥാനം കോടതിവിധിയിലൂടെ അസ്ഥിരപ്പെടുമെന്നുറപ്പായപ്പോള്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലോകനേതാക്കളെ ഞെട്ടിച്ച ഇന്ദിരാഗാന്ധി, ഇവരൊക്കെ ശക്തകളായ വനിതകളായി കൊണ്ടാടപ്പെട്ടത് പട്ടാളവും പോലീസും തുണയായത് കൊണ്ടും അധികരം കൈവശമുണ്ടായിരുന്നത്കൊണ്ടും മാത്രമാണ്. പക്ഷെ, ഇവിടെ പരാമര്‍ശിക്കുന്ന വനിത ഇപ്പറഞ്ഞതില്‍ നിന്നും വ്യത്യസ്ഥമായി സ്വന്തമായി യാതൊരു സമ്പാദ്യവുമില്ലാത്ത ചേരികളിലേയും തെരുവുകളിലേയും പാവപ്പെട്ടവരില്‍ വച്ച് പാവപ്പെട്ടവരുടെ പ്രതിനിധിയായി മാത്രം കഴിഞ്ഞ – എന്നാല്‍ ലോകമെമ്പാടുമുള്ള അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ മുന്നില്‍ നിഷ്പ്രയാസം കടന്ന് ചെല്ലാന്‍ കഴിഞ്ഞ ഒരു വനിത- അങ്ങനെ ഒരാളേ ജീവിച്ചിരുന്നുള്ളു; മദര്‍ തെരേസ. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു തൊട്ട് പിന്നീട് വന്ന ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗന്ധിയുടേയും ഓഫീസുകളില്‍ അവര്‍ക്കേതു സമയവും കടന്ന് ചെല്ലാമായിരുന്നു. അവിടെ മദറിന്റെ ആവശ്യങ്ങള്‍ക്കൊന്നും ഈ ഭരണാധികാരികള്‍ മുഖം തിരിഞ്ഞ് നിന്നിട്ടില്ല. മദറിന്റെ ആവശ്യങ്ങള്‍ പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും വേണ്ടിയുള്ളതാണെന്നും ആ ആവശ്യങ്ങള്‍ നടപ്പാക്കാനുള്ള കര്‍മ്മശേഷിയും ഇച്ഛാശക്തിയും അവര്‍ക്കുണ്ടെന്നും ഇവര്‍ക്കൊക്കെ ബോധ്യമുള്ള കാര്യമായിരുനു.

മദര്‍തെരേസയുടെ തട്ടകമായ കല്‍ക്കട്ടയില്‍ അവര്‍ക്കേത് സമയവും കടന്ന് ചെല്ലാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ജ്യോതിബസുവുമായുള്ള സൗഹൃദം രാഷ്ട്രീയ നിരീക്ഷകരേപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. ജ്യോതി ബസു റൈറ്റേഴ്സ് ബില്‍ഡിംഗിലെ അദ്ദേഹത്തിന്റെ ഓഫീസിലിരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരേപോലും അടുപ്പിച്ചിരുന്നില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു. പക്ഷെ മദറാണ് ചെല്ലുന്നതെങ്കില്‍ , അദ്ദേഹം തന്നെ എഴുന്നേറ്റ് വന്ന് സ്വീകരിക്കുമായിരുന്നെത്രെ. കടുത്ത നിരീശ്വരവാദിയും മാര്‍സിസ്റ്റുകാരനുമായ ജ്യോതിബസുവും ഒരു തികഞ്ഞ ഈശ്വരവിശ്വാസിയും കത്തോലിക്കാ മതവിശ്വാസിയുമായ മദര്‍തെരേസയുമായുള്ള സൗഹൃദത്തിന്റെ കാരണമെന്ത്? പല പത്രപ്രതിനിധികളും ഇവര്‍ രണ്ടു പേരോടും ഇക്കാര്യം ചോദിച്ചിട്ടുണ്ട് ‘ഞങ്ങള്‍ രണ്ടു പേരും പാവങ്ങളെ സ്നേഹിക്കുന്നു’. അവരുടെ മറുപടി അതായിരുന്നു.

ഒരിക്കല്‍ ജ്യോതി ബസു ഹൃദ്രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ ചെന്നു കാണുക മാത്രമല്ല, അദ്ദേഹത്തിന്റെ രോഗത്തില്‍ നിന്ന് മോചനം ലഭിക്കുന്നതിന് വേണ്ടി സിസ്റ്റേഴ്സിനൊപ്പം പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.

കല്‍ക്കത്തയില്‍ നിന്ന് ഉദ്ദേശം ഒരു മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന യാത്രവരുന്ന – തിത്താഗാര്‍ എന്ന ഉദ്ദേശം 34 ഏക്കര്‍ വരുന്ന വനഭൂമി വര്‍ഷത്തില്‍ ഏക്കറൊന്നിന് ഒരു രൂപ നിരക്കില്‍ വാടകയ്ക്കെടുത്ത് അവിടെ പണിതീര്‍ത്ത കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജന പുനരധിവാസ കേന്ദ്രം- ജ്യോതി ബസുവിന്റെ ഔദാര്യമനസ്ഥിതികൊണ്ടു കിട്ടിയതാണ്. അദ്ദേഹത്തിന്റെ സഹായം മദറിനും മിഷണറി ഓഫ് ചാ‍രിറ്റിക്കും പിന്നീടും പല തവണ ലഭിച്ചിട്ടുണ്ട്.

വിഭിന്ന കക്ഷികളില്‍ പെട്ടവരുമായുള്ള മദര്‍തെരേസയുടെ സൗഹൃദം അവര്‍ ചേരികളില്‍ കഴിയുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടിയുള്ള സഹായം ലഭിക്കുന്നതിന് വേണ്ടി പ്രയോജനപ്പെടുത്തുമായിരുന്നു. മദര്‍ തെരേസയുടെ ഈ സൗഹൃദം ഇന്‍ഡ്യക്കകത്ത് മാത്രം ഒതുങ്ങുന്നതായിരുന്നില്ല. 1980 കളില്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യായിലെ വരള്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട മരുന്നും ഭക്ഷ്യ പദാര്‍ത്ഥങ്ങളും അമേരിക്കയില്‍ നിന്ന് ലഭ്യമാക്കുന്നതിന് , മദര്‍ അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനുമായുള്ള സൗഹൃദം കാരണമായി മാറി. അതിനു മുമ്പ് എത്യോപ്യയില്‍ സിസ്റ്റേഴ്സുമൊരുമിച്ച് പോയി ദുരിതാശ്വാസ നടപടികളില്‍ പങ്കെടുത്തെങ്കിലും അവയൊന്നും ഫലപ്രദമാവുന്നില്ല എന്ന് ബോധ്യം വന്നപ്പോഴാണ് ,ഇന്ത്യയില്‍ മടങ്ങി വന്നതിനു ശേഷം അവര്‍ക്കുവേണ്ടി ഒരു ദിവസം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിനു ശേഷം റൊണാള്‍ഡ് റീഗനെ ഫോണില്‍ വിളിച്ച് ഈ ആവശ്യം ഉന്നയിച്ചതും അത് ഫലവത്താക്കി മാറ്റിയതും. ഈ സൗഹൃദം പിന്നീട് വന്ന പ്രസിഡന്റ് ജോര്‍ജ് ബുഷുമായും ഉണ്ടായിരുനു. അമേരിക്ക ഇറാക്കിനെ ആക്രമിച്ച അവസരത്തില്‍ യുദ്ധം വരുത്തുന്ന കെടുതികളെക്കുറിച്ച് ബുഷിനും ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈനും എഴുതുകയുണ്ടായി. യുദ്ധം മൂലം കഷ്ടത്തിലാവുന്നത് പാവപ്പെട്ടവരും നിരാലംബരുമാണെന്നും യുദ്ധത്തിലെ തോല്‍വി സത്യത്തില്‍ ഏറ്റു വാങ്ങുന്നത് അവര്‍ മാത്രമാണെന്നും എഴുതി. യുദ്ധക്കെടുതി അനുഭവിക്കുന്നവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചു. ഉടനെ മറുപടി ലഭിച്ചില്ലെങ്കിലും, യുദ്ധം നിലച്ചതിനു ശേഷം സദ്ദാം ഹുസൈന്റെ ക്ഷണം ലഭിച്ചു. തങ്ങളുടെ യുദ്ധബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അനുവാദം ലഭിച്ചു. പ്രകൃതി ക്ഷോഭത്തിന്റെ ദുരന്തഫലങ്ങളനുഭവിക്കുന്ന ബംഗ്ലാദേശിലേക്ക് അവര്‍ പോകാന്‍ തയ്യാറായത് ആരുടെയെങ്കിലും ക്ഷണം സ്വീകരിച്ചിട്ടാ‍യിരുന്നില്ല. ലോകത്തെവിടെ കൊടും വരള്‍ച്ചയും പട്ടിണിയും മരണവും അരങ്ങേറുമ്പോള്‍, ആരും ക്ഷണിക്കാതെ തന്നെ തങ്ങളുടെ സഭയിലെ സിസ്റ്റേഴ്സുമൊരുമിച്ച് ആവശ്യമായ മരുന്നും ഭക്ഷണ പദാര്‍ഥങ്ങളുമായി അവരുടെ ഇടയില്‍ സേവനമനുഷ്ഠിക്കുക എന്നത് അവരുടെ മഹനീയമായ വ്യക്തിത്വത്തിന്റെ നിദര്‍ശനമായി കണക്കാക്കാം. ഹൃദയസംബന്ധമായ ചികിത്സ കഴിഞ്ഞ് , കുറെ നാളത്തേക്ക് പൂര്‍ണ്ണ വിശ്രമം വേണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശം വകവയ്ക്കാതെയാണ് ഈ പ്രവര്‍ത്തനമെന്നോര്‍ക്കണം.

പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനായി വിസക്കപേഷിച്ച സന്ദര്‍ഭത്തില്‍ , ഒരു കടുത്ത ഏകാധിപതിയായി മുദ്രകുത്തിയിട്ടുള്ള പാക് പ്രസിഡന്റ് സിയാവുള്‍ ഹക്ക് മറ്റ് നയതന്ത്ര പ്രതിനിധികള്‍ക്ക് വിസ നല്‍കുന്നതിനേക്കാള്‍ എളുപ്പത്തില്‍ മദറിന് ലഭ്യമാക്കിയെന്ന് മാത്രമല്ല , മദറിനെ നേരിട്ട് ക്ഷണിക്കുകയും യാത്രക്ക് സ്വന്തം വിമാനം വരെ അയച്ചുകൊടുക്കുകയുമുണ്ടായി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ വരെ അമ്പരിപ്പിച്ചതായിരുന്നു, പാക് പ്രസിഡന്റിന്റെ ഈ നടപടി.

കടുത്ത ഏകാധിപതികളായി മുദ്രകുത്തുന്നവര്‍വരെ മദര്‍ തെരേസയ്ക്കു വേണ്ടി വാതിലുകള്‍ തുറന്നിടുമ്പോള്‍ ചില അപ്രതീക്ഷിതമേഖലകളില്‍ ‍ അവര്‍ക്ക് പ്രശ്നങ്ങളും നേരിട്ടിട്ടുണ്ട്. എത്യോപ്യന്‍ പ്രസിഡന്റ് അവരെ കൂടികാണാന്‍ സമ്മതിച്ചതു തന്നെ എത്രയോ നേരത്തെ സമ്മര്‍ദ്ദത്തിനു ശേഷമാണ് . അവിടെ മിഷനറി ഓഫ് ചാരിറ്റിയുടെ ഒരു ബ്രാഞ്ച് തുടങ്ങാനുള്ള ശ്രമം വിജയിച്ചത് ചക്രവര്‍ത്തി ഹെയ് ലി സലാസിയുടെ മകളുടെ ഇടപെടല്‍ മൂലമാണ്. പക്ഷെ, ഈ കൂടിക്കാഴ്ചയ്ക്കുശേഷം ഉദ്ദേശം ഒരു വര്‍ഷം കഴിഞ്ഞ് ഒരു പട്ടാളവിപ്ലവത്തിലൂടെ ചക്രവര്‍ത്തിയും കുടുംബവും ജയിലിലായപ്പോള്‍ അവരെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ച ഏക വിദേശ വനിത മദര്‍ തെരേസ മാത്രമാണ്. അധികാര സോപനത്തിലിരിക്കുമ്പോള്‍ മാത്രമല്ല, ഒരാളുടെ വീഴ്ചയിലും അവരെ കണ്ട് സ്വാന്തനപ്പെടുത്തുക മദറിന്റെ ജീവിതത്തിലെ ഒരനുഷ്ഠാനം മാത്രമാണ്.

മദര്‍ വിദേശങ്ങളിലേക്ക് പോവുന്നത് സ്വാര്‍ത്ഥലാഭത്തിനോ എന്തെങ്കിലും നേട്ടം സ്വന്തമാക്കുന്നതിനോ വേണ്ടിയല്ല പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍മാരുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. മാത്രമല്ല, മദറിനെ കാണുന്നതും അവരുമായി കുറെ സമയം ചിലവിടുന്നതും അവരോടൊത്ത് ഏതെങ്കിലും പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും ഒരു ബഹുമതിയായി കണക്കാക്കുന്ന ലോകനേതാക്കളും ഉണ്ടെന്നതാണ് പ്രത്യേകിച്ച് പറയേണ്ട ഒരു വസ്തുത. അന്ത:സംഘര്‍ഷത്തില്‍ പെട്ടുഴലുന്ന ഭരണാധികാരികളും നേതാക്കളും മദറുമായി കുറെ സമയം ചിലവിടുന്നതോടെ തങ്ങളുടെ മനസ്സിലെ പിരിമുറുക്കം കുറയുന്നതായവര്‍ക്കനുഭവപ്പെടും. ഉള്ളു തുറന്ന് സംസാരിക്കാന്‍ പറ്റിയ ഒരു മഹനീയവ്യക്തിയുടെ സാന്നിദ്ധ്യം അവരാഗ്രഹിക്കുന്നു.

സാമൂഹ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏത് വനിതക്കും ലഭിക്കുന്നതിനേക്കാളും ശ്രേഷ്ഠമായ ബഹുമതികള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. അംഗീകാരത്തിന് വേണ്ടി ജനങ്ങള്‍ പരക്കം പായുന്ന ഇക്കാലത്ത് ബഹുമതികളും പുരസ്ക്കാരങ്ങളുമവരെ തേടിയെത്തുകയാണ്.

ഒരു കോളേജിന്റെ പടി പോലും കടന്നിട്ടില്ലാത്ത അവര്‍ക്ക് ഓണറ്റി ഡോക്ടറേറ്റ് ബിരുദം ഇന്‍ഡ്യയിലേയും വിദേശത്തേയും പ്രശസ്തങ്ങളായ നിരവധി സര്‍വകലാശാലകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലെ ബഹുമതികളില്‍ അവരേറ്റവും ആദരിക്കുന്നത് രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റ് ബിരുദമാണ്. ഇന്‍ഡ്യയില്‍ ആദ്യമായി ‘ പത്മശ്രീ’ ബഹുമതി ലഭിക്കുന്ന ഒരു വിദേശ വനിത മദര്‍ തെരേസയാണ്. 1962-ല്‍ പത്മപുരസ്ക്കാരങ്ങളില്‍ ഏറ്റവും ശേഷ്ഠമായ ‘ ഭാ‍രതരത്ന’ ലഭിക്കുന്ന ഏക വിദേശ വനിതയും മദറാണ്.

പക്ഷെ ഈ പുരസ്ക്കാരങ്ങളൊന്നും വാങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ല. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് പുരസ്ക്കാരത്തിനു വേണ്ടിയല്ലന്നായിരുന്നു അവരുടെ വാദം; കല്‍ക്കത്തയിലെ ആര്‍ച്ച് ബിഷപ്പിന്റെ സമ്മര്‍ദ്ദഫലമായിട്ടാണ് അവര്‍ ഈ ബഹുമതികള്‍ വാങ്ങാല്‍ സമ്മതിച്ചത്. പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന അംഗീകാരമായി കണക്കാക്കി ഇവ സ്വീകരിക്കണമെന്ന നിര്‍ദ്ദേശമാണ് അവരുടെ മനം മാറ്റത്തിന് കാരണമാ‍യത്.

‘പത്മശ്രീ’ ബഹുമതി വാങ്ങാന്‍ ഡല്‍ഹിയിലെത്തിയ അവര്‍ക്ക് രാഷ്ട്രപതി ഭവനിലെത്താന്‍ , അവര്‍ തങ്ങിയിരുന്ന കോണ്‍വെന്റിലേക്ക് കാര്‍ അയച്ചു കൊടുക്കാമെന്ന് പറഞ്ഞത് , അവര്‍ നിരസിക്കുകയായിരുന്നു. ഡല്‍ഹി മിഷനിലെ ഒരാംബുലന്‍സിലാണ് അവര്‍ ‍ദീപാലംകൃതമായ രാഷ്ട്രപതി ഭവനിലെ ഡര്‍ബാര്‍ ഹാളിലേക്ക് ചെന്നത്, വില കുറഞ്ഞ , കഷ്ടിച്ചൊരു ഒരു ഡോളര്‍ വിലയുള്ള സാരിയുടുത്ത ഒരു കന്യാസ്ത്രീ, ബഹുമതി വാങ്ങാനെത്തിയത് പ്രസിഡന്റും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവരെ വികാരതേരളിതരാക്കി എന്നായിരുന്നു വാര്‍ത്തകള്‍. നിരവധി പ്രസിദ്ധീകരണങ്ങള്‍ അവരുടെ വാര്‍ഷിക തെരഞ്ഞെടുപ്പിലൂടെ മദര്‍തെരേസയെ ആ വര്‍ഷത്തെ ഏറ്റവും ശ്രേഷ്ഠയായ വനിതയായി തിരെഞ്ഞെടുത്തിട്ടുണ്ട്. ‘ ഗുഡ് ഹൗസ് കീപ്പിംഗ്’ എന്ന പ്രസിദ്ധീകരണം നടത്തിയ- അവരുടെ വായനക്കാര്‍ വഴി നടത്തിയ തിരെഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്ത് കണ്ടത്- ജാക്വലിന്‍ കെന്നഡി, എലിസബത്ത് രാജ്ഞി, മഡോണ ഇവരെയൊക്കെ പുറന്തള്ളി മദര്‍തെരേസയെയാണ്,ഈ പ്രസിദ്ധീകരണം യുവത്വത്തിന്റെ പ്രതീകമായ നവീന ഗൃഹാലങ്കാരങ്ങളുടേയും നിത്യയൗവ്വനത്തിന്റേയും മനോഹരമായ ദേഹകാന്തിയുടേയും പരസ്യങ്ങള്‍ നിറഞ്ഞ ഒരു പ്രസിദ്ധീകരണമാണെന്നോര്‍ക്കുക. അവരാണ് അതീവ സൗന്ദര്യ തിടമ്പുകളുടേയും രാജ്ഞിയേയും ഒക്കെ പിന്തള്ളി മദറിനെ തുടര്‍ച്ചയായി മൂന്നു വര്‍ഷം ‘ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി തിരെഞ്ഞെടുത്തത്. അതും കേവലം തുച്ഛമായ വിലയുള്ള സാരിയുടുത്ത ചുളിവ് വീണ മുഖമുള്ള – കൃശഗാത്രയായ- അല്‍പ്പം കൂനിക്കൂനി മാത്രം നടക്കുന്ന പ്രായം ചെന്ന ഒരു വനിതയെ! ഇന്‍ഡ്യയും സ്വീഡനും അവരുടെ ചിത്ര ‍മുള്ള തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഹോളണ്ടിലെ മനോഹരമായ ഒരു പുഷ്പം അറിയപ്പെടുന്നത് മദറിന്റെ പേരിലാണ്.

1983 – ല്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം നടക്കുന്ന സമയം എലിസബത്ത് രാജ്ഞി ഇന്‍ഡ്യ സന്ദര്‍ശിച്ചപ്പോള്‍ – ബ്രട്ടീഷ് സിംഹാസനം നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ‘ ഓര്‍ഡര്‍ ഓഫ് മെറിറ്റ്’ നല്‍കി ആദരിച്ചത് മദറിനെയാണ്. ബ്രട്ടീഷ് രാജകുടുംബം ഏര്‍പ്പെടുത്തിയ ടെംപിള്‍ടണ്‍ പ്രൈസ് സ്വീകരിക്കാനും മദറിനെ തിരെഞ്ഞെടുക്കുകയുണ്ടായി. 1973 ഏപ്രിലില്‍ ലണ്ടനില്‍ വച്ചായിരുന്നു പുരസ്ക്കാര സമര്‍പ്പണം.

സമാധാനത്തിനു വേണ്ടിയുള്ള നോബല്‍ സമ്മാനത്തിന് വേണ്ടി 1979 – ല്‍ നോര്‍വേജിയന്‍ നോബല്‍ കമ്മറ്റി തെരെഞ്ഞെടുത്തത് മദര്‍തെരേസയെ ആണ്. ‘ ഈ സമ്മാനം സ്വീകരിക്കാന്‍ ഞാന്‍ യോഗ്യയല്ല’ ഇതായിരുന്നു അവരുടെ ആദ്യ പ്രതികരണം. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ദൈവഹിതം നടപ്പാക്കുന്നതിന് സമ്മാനമോ? അവരുടെ ചോദ്യമതാണ്.

ഇവിടേയും മുമ്പത്തേപ്പോലെ കല്‍ക്കത്തയിലെ ബിഷപ്പിന്റെ ഉപദേശം വേണ്ടി വന്നു , മദറിന്റെ മനസ് മാറ്റാന്‍.

‘ പാവപ്പെട്ടവരുടെ പ്രധിനിധിയായി സമ്മാനം വാങ്ങുക’ അതായിരുന്നു ബിഷപ്പിന്റെ നിര്‍ദ്ദേശം. 1979 ഡിസംബര്‍ 10- ആം തീയതി ഓസ്ലോ സര്‍വ്വകലാശാലയുടെ ഓഡിറ്റോറിയത്തില്‍ വച്ച് 90,000 പവന്‍ വിലയുള്ള നോബല്‍ സമ്മാനം നോര്‍വേ രാജാവ് സമ്മാനിച്ചു.

‘ മനുഷ്യനെ ബഹുമാനിക്കുകയും വ്യക്തിത്വത്തെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നതാണ് മദര്‍തെരേസയുടെ പ്രവര്‍ത്തനങ്ങളുടെ സവിശേഷത. അനാഥരില്‍ വച്ച് അനാഥര്‍, ദരിദ്രരില്‍ വച്ച് ദരിദ്രര്‍, ആസന്നമരണരായ അഗതികള്‍ , സമൂഹം ഒറ്റപ്പെടുത്തിയ കുഷ്ഠരോഗികള്‍ -ഇവരെ മദര്‍തെരേസയും സിസ്റ്റേഴ്സും കാരുണ്യപൂര്‍വ്വവും നാട്യങ്ങളില്ലാതെ, മനുഷ്യന് ക്രിസ്തുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് സ്വീകരിക്കുന്നു’

മദര്‍ തെരേസയുടെ ഇച്ഛാശക്തിയെന്തെന്ന് വെളിവാക്കുന്നതായിരുന്നു , നോബല്‍ പുരസ്ക്കാര ചടങ്ങിനോടനുബന്ധിച്ചുള്ള വിരുന്ന് സല്‍ക്കാരം സംഘാടകരെകൊണ്ട് വേണ്ടെന്ന് വയ്പ്പിക്കാനെടുത്ത തീരുമാനം. വിരുന്ന് സല്‍ക്കാരത്തിനുവേണ്ടി ചിലവാക്കുന്ന തുക ലഭിക്കുകയാണെങ്കില്‍ ആ തുകയും നോബല്‍ സമ്മാനത്തുകയും കൂടി സ്വരൂപിച്ചുള്ള തുകയും കൂടി – കല്‍ക്കത്തയിലുള്ള കുഷ്ഠരോഗികളുടെയും അഗതി മന്ദിരങ്ങളിലേയും അനാഥര്‍ക്ക് ഭക്ഷണവും മരുന്നും വാങ്ങാന്‍ പ്രയോജനപ്പെടുമെന്ന അവരുടെ പ്രഖ്യാപനം സംഘാടകരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാകുന്നതായിരുന്നു.

അതോടെ അവിടെ സന്നിഹിതരായവരുടെ കയ്യില്‍ നിന്നെടുത്ത തുകയും കുട്ടികളായി വന്നവരുടെ പോക്കറ്റ് മണിയും – എല്ലാം കൂടി നോബല്‍ സമ്മാനത്തുകയുടെ പകുതിയോളം വരുന്ന തുക- ‘ ഈ തുക എങ്ങനെ ചിലവാക്കാനാണ്’ ഉദ്ദേശമെന്ന് ചോദിച്ചപ്പോള്‍ – മദറിന്റെ മറുപടി ഇതായിരുന്നു ‘ ആതുക എപ്പോഴേ ചെലവായിക്കഴിഞ്ഞു’ മദര്‍ തെരേസ ലോകത്തെ ഏറ്റവും ശക്തയായ വനിതയായി മാറുന്നത് കരുണ്യത്തിലൂന്നിയുള്ള പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി അവിരാമം പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. അധികാര സാമീപ്യമുള്ളവര്‍ക്ക് പോലും സാധിക്കാത്ത പ്രവൃത്തികള്‍ ചെയ്യാനാവുന്നത് കൊണ്ടും സത്യധിഷ്ഠിതമായ ഈശ്വരവിശ്വാസത്തിലൂന്നിയുള്ള പുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്ന ഈ കൃശഗാത്രി – ചുക്കിച്ചുളിഞ്ഞ മുഖവും കുണ്ടിലാര്‍ന്ന കണ്ണുകളും നടക്കുമ്പോള്‍ അല്‍പ്പം കൂനുള്ള ഈ സ്ത്രീ- ഏറ്റവും വിലകുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീ- മരിക്കുന്നതുവരേയും ലോകത്തെ മറ്റേതു സ്ത്രീയേക്കാളും കരുത്തുള്ള ധീരയായ വനിതയായിരുന്നു. ഇങ്ങനെയൊരു വനിത നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമേ പിറവിയെടുക്കു.

Generated from archived content: essay1_dec28_11.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English