വേള്‍ഡ് ക്ലാസ്സിക്ക് സിനിമകള്‍ (4) ബാറ്റില്‍‍ഷിപ്പ് പൊട്ടന്‍കിന്‍( 1925 ) സെര്‍ജി ഐസന്‍സ്റ്റിന്‍

ലോകസിനിമയിലെ ക്ലാസ്സിക് ചിതങ്ങളുടെ കൂട്ടത്തില്‍ ആധിപത്യം സ്ഥാപിച്ചെടുത്ത ഒരു നിശ്ശബ്ദ ചിത്രം. സിനിമയുടെ അന്തര്‍ധാരയിലൂടെ സൗന്ദര്യശാസ്ത്രത്തിലൂന്നിയുള്ള ദൃശ്യാനുഭവങ്ങളേക്കാള്‍ കലാരൂപത്തിന്റെ ശക്തി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കിക്കൊടുത്ത ചിത്രം. അതാണ് സെര്‍ജി ഐസന്‍സ്റ്റിന്‍ സംവിധാനം ചെയ്ത – ബാറ്റില്‍ഷിപ്പ് പൊട്ടന്‍കിന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം വഴി സിനിമയുടെ സാങ്കേതിക വശവും അന്നത്തെ നിലവാരം വച്ചു നോക്കുമ്പോള്‍ മേലേക്കിട നില്‍ക്കുന്നതായിരുന്നു.

1905 ലെ പരാജയപ്പെട്ട ഒരു റക്ഷ്യന്‍ കലാപത്തിന്റെ പ്രതീകാത്മകമാണീ ചിത്രം. പൊട്ടന്‍കിന്‍ എന്ന പടക്കപ്പലില്‍ ഒരു വിപ്ലവശ്രമം നടന്നതും കപ്പല്‍ ഒഡേസ തുറമുഖത്തേക്ക് അടുപ്പിച്ചു എന്നതും മാത്രമാണ് ചരിത്രത്തിനോട് പൊരുത്തപ്പെടുന്നത്. സിനിമയില്‍ ചിത്രീകരിച്ച പോലെ ഏറ്റുമുട്ടലുകളൊ മനുഷ്യക്കുരുതിയോ പിന്നീട് അന്തിമ വിജയം നേടുകയോ ഒന്നുമുണ്ടായില്ല. അടിമകള്‍ക്ക് തുല്യമായ നരകയാതന അനുഭവിക്കുന്ന കപ്പലിലെ പടയാളികള്‍‍ക്ക് പുഴുവരിക്കുന്ന സൂപ്പ് കഴിക്കാന്‍ കൊടുക്കുകയും അവരതിനെതിരെ‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തപ്പോഴാണ് കലാപം ഉയര്‍ന്നത്. ‘ജാക്വലില്‍ചുക്ക്’ എന്ന കലാപകാരികളുടെ നേതാവ് സഹപ്രവര്‍ത്തകരോട് പറയുന്നു. : ‘’ സഖാക്കളേ നാമെല്ലാം തുറന്നടിക്കേണ്ട സമയമായി; റഷ്യ മുഴുവന്‍ ഉണര്‍ന്നിട്ടും ഉണരാത്തത് നമ്മള്‍ മാത്രമാണ്’‘ അധികം താമസിയാതെ തന്നെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ‘ ജാക്വലില്‍ ചുക്ക്’ എന്ന നേതാവ് കൊല്ലപ്പെടുന്നു . കരയിലേക്കടുക്കുമ്പോള്‍ ഒഡേസാ പടവുകളില്‍ അയാളുടെ ജഡം കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടുന്നു . ജനങ്ങളും കലാപകാരികള്‍‍ക്കൊപ്പം സംഘം ചേരുന്നുവെന്നറിഞ്ഞ സര്‍ ചക്രവര്‍ത്തിയുടെ സൈന്യം അവരെ നിഷ്ക്കരുണം കൊന്നൊടുക്കുന്നു. മുന്നില്‍ വന്നു പെട്ട കൊച്ചു കുട്ടിയേയും പ്രായം ചെന്ന ഒരു സ്ത്രിയേയും വരെ യാതൊരു ദയാദാഷിണ്യവുമില്ലാതെ കൊന്നൊടുക്കുന്നുണ്ട്. മരിച്ച കുഞ്ഞിന്റെ മൃതദേഹം മാറോടടുക്കി നീങ്ങുന്ന ‘ വെടിവയ്ക്കരുത് ’ എന്ന അപേക്ഷയോടെ നില്‍ക്കുന്ന അമ്മയേയും അവര്‍ കൊല്ലുന്നു.

പക്ഷേ കലാപം തുറമുഖത്ത് നങ്കൂരമിടാന്‍ വരുന്ന മറ്റു കപ്പലുകളിലേക്കും പടരുന്നു. ജനങ്ങള്‍ ഉണര്‍ന്ന് കലാപകാരികളുമായി സഹകരിക്കുമ്പോള്‍ അന്തിമ വിജയം അവര്‍ക്കാണെന്ന് അവര്‍ തിരിച്ചറിയുന്നു . നാവികര്‍ തൊപ്പികളൂരി , ചെങ്കൊടി പാറിച്ചു കൊണ്ട് നീങ്ങുന്ന കപ്പലിലിലെ പടയാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നിടത്ത് സിനിമ തീരുന്നു വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ പല ദൃശ്യങ്ങളും പ്രത്യേക താളക്രമത്തില്‍ സന്നിവേശിപ്പിക്കുന്ന ‘ മൊണ്ടാഷ്’ എന്ന പ്രക്രിയക്ക് തുടക്കമിട്ടത് ഐസന്‍സ്റ്റിനാണ് .

ചിത്രം കാ‍ണുന്ന പ്രേക്ഷകര്‍ക്കും അടുത്തതെന്ത് എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത് പോലുള്ള ഒരു പിരിമുറുക്കം – അനുഭവപ്പെടും. സ്ലോമോഷനിലുള്ള ദൃശ്യങ്ങള്‍ക്ക് പോലും ചടുലതയുണ്ടെന്ന് പറഞ്ഞാല്‍ അത് സത്യമാണ്

1898 – ല്‍ റഷ്യയില്‍ ജനിച്ച ഐസന്‍സ്റ്റിന്‍ , തന്റെ അമ്പത് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഏഴ് ചിത്രങ്ങള്‍ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്. പഠനകാലത്ത് തന്നെ അദ്ദേഹം നാടകരംഗവുമായി ബന്ധപ്പെട്ടിരുന്നു. എഞ്ചിനീയര്‍ ബിരുദധാരിയായി ഒരു ജോലിയില്‍ പ്രവേശിച്ച് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടെങ്കിലും മോസ്ക്കോയിലെ പീപ്പിള്‍സ് തീയേറ്ററില്‍ അംഗമായതോടെ കലാരംഗത്തേക്ക് വന്നു. സ്റ്റേറ്റ് സ്കൂള്‍ ഓഫ് സ്റ്റേജ് ഡയറക് ഷനില്‍ പഠിതാവായി മാറിയ അദ്ദേഹത്തിന്റെ ഗുരുനാഥന്‍ ‘ ലേവ്കളുഷോവ്’ അയിരുന്നു. 1923 – ല്‍ സ്വന്തമായി സംവിധാനം ചെയ്ത ഹൃസ്വചിത്രം ‘ ഗ്ലൂമോവ് ഡയറി’ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്നു. ‘ ദി സൈട്രക്ക്( 1924) ആണ് ആദ്യ സിനിമ. റഷ്യന്‍ വിപ്ലവത്തെ ആസ്പദമാക്കിയെടുത്ത ‘ ഒക്ടോബര്‍, റഷ്യന്‍ സമരവീരനായകനായിരുന്ന ഇവാന്‍ നാലാമന്റെ കഥ പറയുന്ന ‘ ഇവാന്‍ ദ ടെറബിള്‍’ ഇവയാണ്’ മറ്റു ചിത്രങ്ങള്‍ ‘ ക്വിവിവാ മെക്സിക്കോ’ എന്നൊരു ചിത്രം തുടങ്ങിയെങ്കിലും മുഴുമിപ്പിക്കാ‍നായില്ല. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ‘ അലക്സാണ്ടോവ്’ ആണ് ചിത്രം പിന്നീട് പൂര്‍ത്തീകരിച്ചത്. സിനിമയില്‍ എഡിറ്റിംഗില്‍ ‘ മൊണ്ടാഷി‘ ന്റെ ഉപജ്ഞാതാവായിട്ടാണ് ഐസന്‍സ്റ്റീന്‍ അറിയപ്പെടുന്നത്.

ഫിലിം സെന്‍സ്, ഫിലിം നോട്ട്സ് ഓഫ് എ ഫിലിം ഡയറക്ടര്‍, ലെസന്‍സ് വിത്ത് ഐസന്‍സ്റ്റിന്‍ , ഫിലിം എസയേഴ്സ് എന്നീ രചനകള്‍ ചലചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ധൈര്യപൂര്‍വ്വം പ്രയോജനപ്പെടുത്താവുന്ന ഗ്രന്ഥങ്ങളാണ്. 1948 ഫെബ്രുവരി 11 നായിരുന്നു അന്ത്യം.

Generated from archived content: cinema1_mar6_12.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English