നോട്ടറിയുടെ തെളിവു ശേഖരണം

ഒന്ന്‌

ഏതൊരു പ്രമാണത്തിന്മേലും നോട്ടറിയുടെ ദസ്ത്‌ഖത്‌ (ഒപ്പ്‌) വേണമെങ്കിൽ പടിഞ്ഞാറ്റു മുറിക്കാർക്കു ഒറ്റപ്പാലത്തു പോകണം. ചുങ്കം ടൗണിൽ ഒരു നോട്ടറിയും കടയും തുറന്നുവെച്ച്‌ ഇരിക്കാറില്ല! ആയതിനാൽ അതിലേക്കായി ഒരിക്കൽ ഒരു പടയാളിക്ക്‌ ഒരു പ്രമാണ പത്രവുമായി ഒറ്റപ്പാലത്തേക്കു പോകേണ്ടിവന്നു. സിവിലിയനായ ഭടൻ നോട്ടറിനായരുടെ ഭവനത്തിലെത്തി പ്രമാണം തുറന്നുവെച്ച്‌, ഇതിന്നൊരു പ്രമാണികത നൽകുകയെന്നഭ്യർത്ഥിച്ചു.

എന്താ​‍ാത്‌?, എന്നായി നോട്ടറി നായനാർ.

‘ഞാൻ തിരുവില്വാമല പടിഞ്ഞാറ്റുമുറി, മേലേപ്പാട്ടെ പരേത, പാറുക്കുട്ടിയമ്മയുടെ മകൻ പരമൻ പട്ടോലയാകുന്നു’, എന്ന ഒരു കടലാസ്‌ എഴുതിക്കൊണ്ടുവന്നിരിക്കുന്നതിനെ സംശുദ്ധി ചെയ്‌തു തരണം അങ്ങുന്ന്‌, എന്നായി പട്ടാളക്കാരൻ

ച്ചാൽ…?

നോട്ടറി ഒപ്പിട്ടു തരണം.

അതുമാത്രം പറ്റില്ല, എന്നായി നോട്ടറി അഭിരാമൻ നായർ.

കാരണം?

താൻ പരമൻ പട്ടോലയാണെന്നതിനെന്താ തെളിവ്‌?

അതിനെന്താണൊരു തെളിവ്‌ കുറവ്‌? എന്നെക്കണ്ടാൽത്തന്നെണ ഞാനൊരു പരമൻ പട്ടോലയാണെന്നു തോന്നുന്നില്ലയോ സാറേ?

ആ തമാശയിലഭിരമിക്കാതെ നോട്ടറിനായർ പറഞ്ഞുഃ

അഥവാ അതു തെളിയിച്ചാൽ തന്നെ, താൻ മേലേപ്പാട്ടെ പാറുക്കുട്ടിയമ്മയുടെ മകനാണ്‌ എന്നതിനെന്താ തെളിവ്‌?

അതിന്നുമൊരു തെളിവിന്റെ ആവശ്യമുണ്ടോ സാറേ?

അഥവാ അതുംകൂടി തെളിയിച്ചാൽ അയമ്മ പരേതയാണ്‌ എന്നതിനെന്താ തെളിവ്‌? അതും തെളിയിച്ചു എന്ന്‌ നിരീക്ക്യാ, താൻ പടിഞ്ഞാറ്റുമുറിക്കാരൻ തന്നെയാണ്‌ എന്നതിനെന്താ തെളിവ്‌? അതുംകൂടി തെളിയിച്ചൂന്ന്‌ വെക്ക്യാ, തിർല്ലാമല തൃശ്ശൂർ ജില്ലയിലാണ്‌, ഒറ്റപ്പാലം പാലക്കാട്ടു ജില്ലയിലും; ആ ഒറ്റപ്പാലത്താണ്‌ ഞാനിപ്പോൾ നോട്ടറി ഉദ്യോഗം ചെയ്യണ്‌. തനിക്ക്‌ ഞാൻ തന്നെ പ്രമാണം ഒപ്പിട്ടു തരണമെന്നുണ്ടെങ്കിൽ താൻ തൃശ്ശൂർ ജില്ല മുഖേന, ‘ത്രൂ പ്രോപ്പർ ചാനൽ’ എന്നു കേട്ടിട്ടുണ്ടോ, അങ്ങിനെ വരേണ്ടിവരും. ഒപ്പിട്ടു തർവാ എന്നത്‌ അത്ര എളുപ്പമാണ്‌ എന്നൊന്നും കരുതേണ്ട ട്വോ…!!!

രണ്ട്‌

ഇതുകേട്ട്‌ പരമന്‌ പരമോന്നതമായ കലി വന്നു. താൻ ഭടനാണെന്നും, മാത്രമല്ല ഒരു മേജർ ഭടനാണെന്നും, താൻ എത്രയോ ഒപ്പുകൾ പുല്ലുപോലെ നിർല്ലോഭം ജവാന്മാർക്കും, ഉദ്യോഗസംബന്ധമായും ഇട്ടുകൊടുക്കുവാൻ അധികാരപ്പെട്ടവനാണെന്നും, അവ്വിധം കൊടുത്തിട്ടുണ്ടെന്നും, കൊടുത്തുകൊണ്ടേയിരിക്കുന്നു എന്നും തെര്യപ്പെടുത്തി. അതിനൊന്നും ആരോടും ഒരു പണവും മേടിച്ചിട്ടുമില്ല, മേടിക്കുന്നുമില്ല തന്നെ, എന്നും പറഞ്ഞു.

അതവടെ, ഇവടെ അതു നടക്കുകയില്ല! നാട്ടുനടപ്പും പട്ടാളനടപ്പും രണ്ടും രണ്ടാ; അതു താൻ മനസ്സിലാക്കുക എന്നായി നോട്ടറി നായർ.

അഭിരാമൻ നായർ ഇതിലൊന്നൊപ്പിട്ടു തരൂ; ഇതൊരു ഗ്യാസ്‌ കണക്ഷൻ മേടിക്കുവാനാണ്‌. അല്ലാതെ വേറെ ഒരു ചുക്കിനുമല്ല, എന്നായി മേജർ പട്ടോളി.

ഗ്യാസ്‌ എന്തിനാ?

കത്തിക്കുവാൻ. ആഹാരം പാകം ചെയ്യുവാൻ ഇന്ധനം ആവശ്യമാണല്ലോ സാറേ?

അതിന്നു ഗ്യാസുതന്നെ വേണമെന്ന്‌ എന്താണിത്ര നിർബ്ബന്ധം? വിറകുകത്തിച്ച്‌ ആഹാരം പാകം ചെയ്‌തുകൂടെന്നുണ്ടോ?

വിറകിനു തീപ്പിടിച്ച വിലയാണ്‌ സാറേ!

എന്നാൽ ചാണക വരളി കത്തിച്ചുകൂടേ? ഉമി കത്തിച്ചു കൂടേ? അതിനും തീപിടിച്ചവിലയാണോ?

ഈ വക ഇന്ധന സാമഗ്രികളൊന്നും നമ്മുടെ നാട്ടിൽ ഈയിടെ കിട്ടുകയില്ല നോട്ടറിസാറേ. ഗ്യാസുമാത്രമേ ഈസിയായി കിട്ടുവാൻ സാധ്യതയുളളൂ!

എന്നാൽ അത്‌ അത്ര ഈസിയാണെന്നു താൻ കരുതേണ്ട! ഈസിയായി കിട്ടുമെന്നും കരുതേണ്ട! തെളിവു രേഖകൾ ബോധ്യപ്പെടുത്താതെ ഞാൻ ഒരു കടലാസിലും ഒപ്പിടുകയില്ല! അതുറപ്പാണ്‌! സോറി മേജർ; യു ക്യാൻ ഗോ ബാക്ക്‌!!

അതുകേട്ട്‌ പട്ടോളി അമർഷത്തോടെ തിരിച്ചു നടന്നു. ‘യു ബ്ലഡി റാസ്‌കൾസ്‌! നിങ്ങളെയെല്ലാം കൂട്ടത്തോടെ കാലുതല്ലിയൊടിച്ച്‌ ഭാരതപ്പുഴയിൽ ഒഴുക്കിക്കളഞ്ഞ്‌ പുണ്യാഹം തളിക്കണം, എന്നാലേ നാടു നേരെയാകൂ!’, എന്ന്‌ പട്ടാൾ തന്നോടു തന്നെ പിറുപിറുത്തു.

പട്ടാൾ നാലടി നടന്നതും മുമ്പിലൊരാൾ പ്രത്യക്ഷപ്പെട്ട്‌, എന്താ സാറേ നോട്ടറി ഒപ്പിട്ടില്ലേ? എന്നായി.

ഇല്ല. അയാൾക്ക്‌ ബോദ്ധ്യമാകുന്ന തെളിവു വേണമത്രേ. തെളിവില്ലാതെ ഒരു പ്രമാണത്തിലും അദ്ദേഹം ഒപ്പിടുകയില്ലെന്ന്‌!

മൂന്ന്‌

ബോദ്ധ്യമായ തെളിവിനെന്താ സാറേ ബുദ്ധിമുട്ട്‌? എന്നായി ഇയ്യാൾ. സാറിന്റെ പക്കൽ അമ്പതിന്റെ നാലു നോട്ടുണ്ടോ, എന്നാൽ അതങ്ങട്‌ മടക്കിവെച്ച്‌, പ്രമാണം കൊടുക്കുക. അത്ര തന്നെ. നോട്ടറിക്ക്‌ തെളിവും വെളിവും ഒക്കെ തനിയെ കിട്ടിക്കൊളളും. അയാൾ ആ കടലാസ്‌ ഒപ്പിട്ട്‌ കയ്യേലു തരും.

അതൊരു മോശമായ ഇടവാടല്ലേ മാഷേ? എന്നായി പട്ടോല.

അല്ല, നിങ്ങൾ തിരുവില്വാമലക്ക്‌ തിരികെപ്പോയി തെളിവുകൾ ഒന്നൊന്നായി ശേഖരിച്ച്‌ തൃശൂർ വഴി തിരികെ ഒറ്റപ്പാലത്തേക്കുവരാൻ ഒരു വാരത്തെ മെനക്കേടും ഒരഞ്ഞൂറു രൂപയുടെ ചിലവും സഹിക്കുക. അതാണ്‌ നല്ല മാർഗ്ഗമെന്നു കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക്‌ തിരികെപ്പോകാം, പ്ലീസ്‌!! നമ്മുടെ നാട്‌ ഇങ്ങനെയാ. ഇവിടെ ഉദ്യോഗസ്ഥർ അന്യോന്യം പാരവെച്ച്‌, പണം ചോർത്തിയേ നമ്മുടെ പ്രവൃത്തി ചെയ്യുന്നുളളു. നാട്ടു സമ്പ്രദായം വേറെ, പട്ടാളച്ചിട്ട വേറെ! ഞാൻ പോട്ടെ?

അയാൾ തിരികെ നടന്നു!

പരമു പട്ടോളി പിന്നെയൊന്നും ആലോചിക്കാതെ നോട്ടറിയുടെ പക്കം തിരികെച്ചെന്ന്‌ പ്രമാണ പത്രത്തിനുളളിൽ അമ്പതുരൂപയുടെ നാലു പുത്തൻ നോട്ടുകൾ അവതരിപ്പിച്ചു.

തെളിവുരേഖ കണ്ട നോട്ടറി നായർ മന്ദഹസിക്കുകയും പ്രമാണം ഒപ്പിടുകയും ചെയ്‌തുപോൽ!

ഭടൻ പരമൻ പട്ടോല പുതിയ നാട്ടറിവുമായി പ്രമാണ പത്രവുമായി തിരികെ തിർല്ലാമലക്കു വരികയും ചെയ്‌തുവത്രേ! ഈ പ്രമാണപത്രം അവതരിപ്പിച്ച്‌ പരമൂന്‌ ഗ്യാസ്‌ കണക്ഷൻ കിട്ടിയോ ഇല്ലയോ എന്ന കാര്യം അത്ര തന്നെ പ്രസക്തമാകുന്നുമില്ല, അതിനാൽ അതേപ്പറ്റി കൂടുതൽ വിശദമായി ഒന്നും പറയുന്നുമില്ല!!

Generated from archived content: story-mar24.html Author: marshal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English