പാലം

ഈശ്വരാ- ഈ പാലം, ഇന്നെന്നെ വലയ്‌ക്ക്വോ? ഇത്രയും വലിയ തോട്ടിൽ ഇങ്ങനെയൊരു നൂൽപ്പാലമോ…? ഇതെന്തു പരീക്ഷണം, നാരായണാ….

ആകെ വിയർക്കുന്നു. തളരുന്നു. കാൽ വഴുതുന്നു….നാരായണ.. പാലം പകുതി, ഇനിയുമുണ്ടല്ലോ… കടക്കാൻ. എന്തു ഞാൻ ചെയ്യേണ്ടൂ.

മടങ്ങാമെന്നു വച്ചാലോ!

ഇല്ല. അത്‌, അതിലേറെ പ്രയാസം.

തന്നെയോ… ദേവു പിണങ്ങും.

പിന്നെയെന്തു ജീവിതം..?

പൊന്ന്‌ ദേവൂ….നമുക്കു നടുവിൽ ഇത്രയും വലിയൊരു ദുർഘടമുളളതാരറിഞ്ഞു! എങ്കിലും ശ്രമിക്കുന്നു. പക്ഷേ ദേവൂ, ഞാൻ ആടുകയാണ്‌. ചുവടുകൾ പിഴയ്‌ക്കുന്നു. എന്റെ ശരീരം ഇപ്പോൾ നാരായണ കരങ്ങളിലാണെന്നു തീർച്ച. നിനക്കു ഭാഗ്യമുണ്ടെങ്കിൽ ഞാനെത്തും. രക്ഷിക്കണേ…. നാരായണാ… നീ മാത്രം തുണയിന്ന്‌. അയ്യോ… അയ്യോ… തീർന്നു… ഈ വെളളം ഇതാ, എന്നെ വിഴുങ്ങി! !

ഓ…! ഇല്ലാട്ടോ… വീണില്ല. എന്നാലും, കേറീട്ടും കേറീട്ടും ഈ പാലം തീരാത്തതെന്തേ.

പാലം വളരുകയാണോ.. നാരായണ…

ചുവടുകളൊന്ന്‌… രണ്ട്‌…. മൂന്ന്‌… പത്ത്‌, പതിനൊന്ന്‌…. ഹോ! രക്ഷപ്പെട്ടു.

അതുവരെ ഉളളിലുറങ്ങുകയായിരുന്ന ഞാനുണർന്നത്‌ വളരെ പെട്ടെന്നാണ്‌.

താനെന്തൊരു മണ്ടനാണ്‌…!

ഇനിയൊരായിരം പേർ കേറിയാൽ ഈ പാലം കുലുങ്ങ്വോ….?

ഹേയ്‌…

ഇല്ലേ, ഇല്ല…

വെറുതെ, നാമങ്ങളെത്ര ചൊല്ലി.

ഛെ!

ആരെങ്കിലും കേട്ടോ എന്തോ…. അതാ… ആരോ, പാലം കയറാൻ അടുക്കുന്നല്ലോ. അയാൾ ഈ വിളികൾ കേട്ടിരിക്കുമോ.. ആവോ! മുഖത്തെ ചമ്മൽ, എളുപ്പം മാറ്റുക തന്നെ.

“എന്തു പറേന്നേയ്‌…..?”

ചോദ്യം കേട്ടാണ്‌ ആളെ ശ്രദ്ധിച്ചത്‌.

അല്ലാ-ത്‌, ദേവൂന്റെ കെട്ട്യോനാണല്ലോ…! ലൈൻ ക്ലിയറാക്കാൻ- ദേവൂ നീ ആളു കൊളളാം….

ഇവനും പാലവും തുലയട്ടെ. മറുപടി കിട്ടാഞ്ഞ്‌, ദേവൂന്റെ കെട്ട്യോൻ വീണ്ടും തിരക്കി.

“പതിവില്ലാതെയെന്താ- ഈ വഴിയൊക്കെ,ന്ന്‌ ചോദിച്ചതാ….”

മാറാത്ത കിതപ്പോടെ ചൊല്ലി.

“ങാ… ഞാനെയ്‌, ഇവ്‌ടൊരാളെ കാണാൻ വന്നതാ… താനെവ്‌ടക്കാ..?”

“ഞാൻ അക്കരെയ്‌ക്ക്‌…. ഒരാളെ കാണാൻ തന്ന്യാ…”

അതു കേൾക്കെ ഞാൻ ശരിക്കും ഒന്നു ഞെട്ടി. ഉളളിൽ ഒരു ഉൽക്കണ്‌ഠ. അക്കരെ ഭവനത്തിൽ എന്റെ ഭാര്യ ഒറ്റയ്‌ക്കാണ്‌….

Generated from archived content: sep18_story.html Author: mammu_kaniyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English