സ്വര്‍ഗനരകങ്ങള്‍ക്കിടയില്‍

ഭക്ഷണാനന്തരം യാത്ര തുടരുമ്പോള്‍ സമയം 2.15 ആയി. വിശ്രമം കാലുകളെ മടിയന്മാരാക്കിയിരുന്നു. ഇതിലെ വിളിക്കുമ്പോള്‍ കാലുകള്‍ അതിലെ എന്ന നിലയിലാണ്. പതിനഞ്ചോളം മിനിറ്റു നേരം അങ്ങനെയായിരുന്നെങ്കിലും പിന്നീട് ഏറെക്കുറെ കാര്യങ്ങള്‍ വരുതിയിലായി.

മൂന്നു മണിയോടെ കാട് ഇരുണ്ടു വന്നു. വഴിതെറ്റി കാലം തെറ്റി വന്ന കാര്‍മേഘം വൃക്ഷച്ചാര്‍ത്തുകളില്‍ ലഘു നര്‍ത്തനമാടി. കരിയിലകള്‍ മഴത്തുള്ളി വീണ് കലപില കൂട്ടി. ചീവീടുകള്‍ സംഗീതം മുഴക്കി. ഉള്‍ക്കാട്ടിലേക്ക് വിവിധ സന്ദേശങ്ങള്‍ കാടിന്റെ മക്കള്‍ കൈമാറി. അകലങ്ങളിലെങ്ങോ ഭീതിനാദങ്ങള്‍ . എല്ലാമൊരു ഭയമായിരുന്നു. ഞരമ്പുകള്‍ വലിഞ്ഞുമുറുകുകയായിരുന്നു. ഹൃദയമിടിപ്പിന്‍ താളം പതിന്മടങ്ങായി ഉയര്‍ന്നു. ക്രമേണ അവാച്യസുഖമായി മാറി. വിളിക്കാതെ വന്ന വിരുന്നുകാരന്‍ അധികം വൈകാതെ , അരങ്ങത്തു നിന്നും പോയ് മറഞ്ഞു.

നടത്തത്തിന് വേഗത പോരെന്ന് പറഞ്ഞ് നൗഷാദ് ഇടക്കിടെ ആരോടെന്നില്ലാതെ ദേഷ്യപ്പെട്ടു. ഇപ്പോള്‍ തുടക്കത്തിലുള്ളതില്‍ നിന്നും വ്യത്യസ്തമായി ടൈഗര്‍ ഗ്രൂപ്പാണ് മുന്നില്‍. അവര്‍ക്കു പിന്നില്‍ ബൈസണ്‍ എലഫന്റ് ഗ്രൂപ്പ് ഏറ്റവും പിന്നിലാണ്. ഓണനും വില്ലുമാണ് ഇപ്പോള്‍ മുന്‍പേ നടക്കുന്ന വഴികാട്ടികള്‍. അവര്‍ക്ക് വിശ്രമം കൂടുതല്‍ കിട്ടാന്‍ തുടങ്ങിയിരിക്കുന്നു. നൗഷാദ് പറയുന്നതിലും കാര്യമുണ്ടായിരുന്നു. സംഘത്തിന് വേഗത കുറച്ചു കുറഞ്ഞു പോയോ എന്ന് എനിക്കും തോന്നുകയുണ്ടായി.

വഴികാട്ടികളായ കാടിന്റെ പുത്രന്മാര്‍ക്ക് കണ്ണുകെട്ടിവിട്ടാലും വഴിതെറ്റില്ലായെന്ന് എനിക്കു തോന്നി. ഇവര്‍ക്ക് എങ്ങനെയാണ് ഇതറിയുന്നത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതം കൂറി. കാരണം വന്ന വഴികളിലൊന്നും അവര്‍ക്കു വേണ്ടുന്ന വിവരങ്ങളുടെ ഒന്നും തന്നെ കാണുവാന്‍ എനിക്കു കഴിഞ്ഞില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ പോലും വഴികാട്ടി സഹോദരന്മാര്‍ക്ക് കടന്നുവന്ന വഴികളിലൂടെ വരേണ്ടതിന്റെ ആവശ്യകത യുണ്ടാവുമെന്നും തോന്നിയില്ല. എന്നിട്ടും എന്തൊരു കൃത കൃത്യതയാണ് അവര്‍ക്ക്. ഈ കൃത്യതയും ചുറുചുറുക്കുമാണ് ഞങ്ങളുടെ ആത്മധൈര്യം ജീവന്റെ കാവല്‍ക്കാര്‍.

ഇപ്പോള്‍ പാറകളില്‍ ചാടിച്ചാടിയാണ് ഇടുങ്ങിയതും കുറച്ച് കുത്തനെയുള്ളതുമായ പുഴയില്‍ കൂടി നടക്കുന്നത്. കഴിഞ്ഞു പോയ മഴക്കാലത്തിന്റെ സമൃദ്ധിയില്‍ പാറകളെല്ലാം എണ്ണയിട്ട ടൈല്‍ നിലം പോലെയായിട്ടുണ്ട്. വളരെ സൂക്ഷിച്ചാണ് നടത്തം. എല്ലാവരും വൃദ്ധന്മാരുടെ രീതിയിലാണ്, വലതു കയ്യില്‍ ഒന്നര രണ്ടു മീറ്റര്‍ നീളമുള്ള വടികള്‍ പാറകളില്‍ കുത്തിപ്പിടിച്ചാണ് നടക്കുന്നത്. രാവിലെ കണ്ട നിശബ്ദത ഇപ്പോള്‍ ഞങ്ങളിലില്ല. നൗഷാദും കുറഞ്ഞൊന്ന് അയഞ്ഞിരിക്കുന്നു.

സമയം നാലുമണി കഴിഞ്ഞിരിക്കുന്നു. എത്ര ശ്രദ്ധിച്ചാലും വരേണ്ടത് വഴിയില്‍ തങ്ങില്ലല്ലോ? ഈ നേരമാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് എന്റെ സുഹൃത്ത് പാലക്കാട് പെരുവെമ്പുകാരന്‍ രമേഷ് കാലിടറി പാറകളില്‍ കൈതല്ലി പിന്നിലെ പാറയില്‍ തലയിടിച്ച് …

ഞങ്ങള്‍ വിറച്ച സന്ദര്‍ഭമായിരുന്നു അത്. എന്തെങ്കിലും പറ്റിയിട്ടുണ്ടോ ഇല്ലെയോ? രണ്ടു മിനിറ്റു നേരം കണ്ണുതുക്കാതെ, കുഴഞ്ഞതാളുപോലെ ഞങ്ങള്‍ക്കു മുന്നില്‍ എനിക്കു മുന്നില്‍ എന്റെ ചങ്ങാതി…. വഴികാട്ടികള്‍ വീണു കിട്ടിയ സമയം വിശ്രമത്തിനായി ഇരുന്നു. നൗഷാദും നാരായണസ്വാമിയും സുന്ദരനും മറ്റു രണ്ടു പേരും ഒഴികെയുള്ളവരും വിശ്രമം തിരെഞ്ഞെടുത്തു. ഒഴുകുന്ന തണുത്ത വെള്ളം താഴെനിന്നും കോരിയെടുത്ത് ഞാന്‍ രമേഷിന്റെ മുഖത്ത് തളിച്ചു. ഇത് രണ്ടു തവണ ആവര്‍ത്തിച്ചപ്പോള്‍ ചങ്ങാതി കണ്ണുതുറന്നു മെല്ലെ എഴുന്നേറ്റു. സാവകാശം ചുറ്റും നോക്കി. നാരായണസ്വാമി ഇതിന്നകം നാരങ്ങ കലക്കിയ സോഡ രമേഷിന് കുടിക്കാന്‍ കൊടുത്തു. പതിയെ സുഹൃത്ത് ഉന്മേഷവാനായി. പിന്നീട് സ്വയം കൈകാലുകള്‍ പരിശോധിച്ചു. ഭാഗ്യം ! ഒന്നും പറ്റിയിട്ടില്ല വീഴ്ചയും കിടപ്പും കണ്ടപ്പോള്‍ ഇതൊന്നുമായിരുന്നില്ല പ്രതീക്ഷിച്ചത്. ‘’ മലദൈവങ്ങള്‍ കാത്തു’‘ പാറപ്പുറത്തിരിക്കയായിരുന്ന വില്ല് പറഞ്ഞു . ഞാനും മെല്ലെ മന്ത്രിച്ചു ‘’ മലദൈവങ്ങളെ രക്ഷിക്കണേ’‘

ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ ദൂരം പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. വന്ന വഴിയിലൂടെ ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണ്. ഇന്നത്തെ ക്യാ‍മ്പ് അവസാനിപ്പിക്കേണ്ട സ്ഥലത്തെത്താന്‍ ഇനിയും, അഞ്ചു കിലോമീറ്റര്‍ കൂടിയുണ്ടെന്ന് വില്ലും ബാലനും പറഞ്ഞു. എന്റെ ഉള്ളില്‍ നിറഞ്ഞ ഉറവയായി ഭയം ഉണരുകയാണ്. കാട് കറുത്തു തുടങ്ങിയിട്ടുണ്ട്. കാടിന്റെ ഉടമകള്‍ ഗഹ്വരങ്ങളില്‍ നിന്ന് ഇരതേടി പുറത്തിറങ്ങാന്‍ സമയമായിരിക്കുന്നു. കൂടെയുള്ളവര്‍ക്ക് അനുഭവം കുറവായതുകൊണ്ടായിരിക്കണം ഒരു പരിഭ്രമവുമില്ല.

യാത്ര വീണ്ടും തുടങ്ങി. അതിവേഗത്തിലായിരുന്നു നടത്തം. നൗഷാദ് പറയാതെ തന്നെയാണ് സ്പീഡ് ഏവരിലും ആവേശിച്ചിരിക്കുന്നത്. മങ്കി മരത്തിലെന്നതുപോലെയാണ് മുന്നേറ്റം . നീണ്ടും കുറുകിയും വളഞ്ഞും പുളഞ്ഞും നില്‍ക്കുന്ന മുള്‍ച്ചെടികള്‍ക്കുള്ളിലൂടെ കുപ്പായം കോര്‍ത്തുപിടിക്കുന്നത് അറിഞ്ഞിട്ടും ശ്രദ്ധയോടെ സാഹസപ്പെട്ട് നടന്നു. അന്തമില്ലാത്ത കാട്. അടുത്ത നിമിഷങ്ങളിലെ അനിശ്ചിതത്വം തങ്ങേണ്ട സ്ഥലത്തിന്റെ അവ്യക്തത, ദൂരവും സമയവും മന‍സില്‍ കൂട്ടി പ്രവചനം നടത്തുന്ന നിരക്ഷരായ വഴികാട്ടികള്‍ …

ആറുമണിയായപ്പോള്‍ ആകാശം മുട്ടി നില്‍ക്കുന്ന ഒരു മലമുടിയിലേക്ക് കൈചൂണ്ടി ഓണന്‍ പറഞ്ഞു ‘’ അത് വെള്ളരിമല ഇനിയും ഒരു ദിവസം നടന്നാല്‍ അവിടെ എത്താം. നമ്മുടെ ക്യാമ്പ് ഇന്ന് കൊടിഞ്ഞിമലമുകളിലാണ് വേണ്ടത്. അവിടെക്ക് ഇന്നെത്തുക പ്രയാസം അതിനാല്‍ അടുത്തുള്ള വിശാലമായ ഒരു പാറപ്പുറത്താണ് നമ്മുടെ ഇന്നത്തെ ക്യാമ്പ്’‘

ഓണന്റെ വാക്കുകള്‍ ക്ഷീണം കൊണ്ടും വിശപ്പും കൊണ്ടും വലഞ്ഞ ഞങ്ങള്‍ക്ക് അമൃതവചനങ്ങളായി തോന്നി. പിന്നീട് പത്തുമിനിറ്റേ വേണ്ടി വന്നുള്ളു ക്യാമ്പ് കൂടാന്‍. പുഴയുടെ നടുവില്‍ ഭേദപ്പെട്ട ഉയര്‍ന്ന പാറപ്പുറത്ത് ഒന്നാം ദിവസത്തെ യാത്രക്ക് വിശ്രമം.

ഒന്നാം ദിവസം പൂര്‍ത്തിയായി എന്നറിഞ്ഞതോടെ ക്ഷീണിതരൊക്കെയും ഊര്‍ജം ലഭിച്ചവരായി. വാക്ക് ശക്തിയാണ് എന്ന് തിരിച്ചറിഞ്ഞ നേരം. ജാംബവാന്റെ വാക്കില്‍ ഉത്തേജനം ലഭിച്ച ഹനുമാന്‍ കടല്‍ കൈത്തോട് പോലെ കാല്‍ വച്ചു കടന്ന ധീരന്‍. ഒരര്‍ത്ഥത്തില്‍ ഞങ്ങളും അങ്ങനെയൊക്കെത്തന്നെയായിരുന്നില്ലേ?

ക്യാമ്പ് ഫയറില്‍ ചെറിയതും ഉണങ്ങിയതുമായ മരത്തടികളും ചില്ലകളും ചേര്‍ത്ത് പെറുക്കിക്കൂട്ടിയത് അരമണിക്കൂര്‍ കൊണ്ടാണ്. ഒത്തുപിടിച്ചാല്‍ മലയും പോരും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. രാവിലെ വരെ കത്തേണ്ടതിന് വിറക് വേണ്ടിയിരുന്നു. ഞങ്ങളുടെ ജീവന്റെ കാവല്‍ ഇന്നു രാത്രി ഈ വിറകിലാണ് വിറകും കത്തുന്ന തീയുമില്ലാതെ ഒരു രാത്രി കഴിച്ചു കൂട്ടുക കാടിന്നകത്ത് അചിന്ത്യമാണ്.

Generated from archived content: yathra05.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English