പാവം കള്ളന്‍

പള്ളിയിലെ ബാങ്കുവിളികേട്ടാണ് ഞാനുണര്‍ന്നത്. നേരം അഞ്ചു മണിയായിട്ടേയുള്ളു. പ്രത്യേകി്ച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് കുറച്ചു കൂടി കിടക്കാന്‍ ഉറച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. ഒടുവില്‍ എഴുന്നേറ്റു. നിത്യവൃത്തികളും മറ്റും കഴിഞ്ഞ് ഒരു ചായക്ക് കടയില്‍ പോകാന്‍ തയ്യാറായി. അപ്പോള്‍ ഉറങ്ങുന്നവര്‍ക്കിടയില്‍ ഞാന്‍ മെക്കാനിക്കിനെ നോക്കി. അവിടെ അയാളുള്ളതിന്റെ ലക്ഷണങ്ങള്‍ കണ്ടെങ്കിലും ആളെക്കാണാന്‍ കഴിഞ്ഞില്ല. പുറത്തേക്കുള്ള വാതില്‍ തുറന്ന് ഞാനിറങ്ങുമ്പോള്‍ അയാള്‍ വരാന്തയില്‍ ധ്യാനത്തില്‍ ഇരിക്കയാണ്! മനസാ ഞാന്‍ അയാളെ നമസ്ക്കരിച്ചു. പിന്നെ പുറത്തേക്കിറങ്ങി നടന്നു.

ചായക്കടയില്‍ എത്തുമ്പോള്‍ പതിവിനു വിപരീതമായി അവിടെ കുറച്ചധികം ആളുകളെ കണ്ടു. അവര്‍ സംസാരിക്കുന്നതില്‍ നിന്നും കഴിഞ്ഞ രാത്രിയില്‍ അടുത്ത സ്ഥലത്തെവിടെയോ കളവു നടന്നതായി അറിഞ്ഞു. വീട്ടുകാരും അയല്‍ക്കാരും കൂടി കള്ളനെ കൈയ്യോടെ പിടികൂടി ഒരു തെങ്ങില്‍ കെട്ടിയിട്ടുണ്ടെത്രെ. എനിക്ക് ആശ്വാസവും സങ്കടവും തോന്നിയ സമയമായിരുന്നു അത്. കള്ളനെ കിട്ടിയതുകൊണ്ട് സ്ഥലത്തെ കുറച്ചു ദിവസങ്ങളിലെ അപരിചിതരായ ഞങ്ങളെ ആരും സംശയിക്കില്ലല്ലോ എന്നതായിരുന്നു ആദ്യം തോന്നിയ ആശ്വാസത്തിനു കാരണം. അതേ സമയം കള്ളനെ ആളുകള്‍ തിരിച്ചറിയുമ്പോള്‍ അയാളുടെ അവസ്ഥ ഓര്‍ത്തിട്ടായിരുന്നു സങ്കടം തോന്നിയത്. തുഛമായ ജനവാസമുള്ള ചെറിയ ഈ നാട്ടില്‍ നിന്നും അയാള്‍ എവിടെ പോയി ഒളിക്കും? ഒരു നിമിഷനേരത്തെ നേര്‍ത്ത ബുദ്ധിമോശം ചെയ്ത വിന.

ചായക്കു ശേഷം ഞാന്‍ റൂമില്‍ തിരിച്ചെത്തിയപ്പോഴേക്കും എല്ലാവരും ഉണര്‍ന്നിരുന്നു. പ്രഭാതവാര്‍ത്ത ഞാന്‍ ചൂടോടെ അറിയിച്ചു. ഗഫൂറിനും മിണ്ടാമിണ്ടിയായ ഫാറൂക്കിനുമൊക്കെ ‘പുള്ളിയെ’ കാണണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടായി. എന്നാല്‍ എന്റെ മാനസികവ്യാപാരം തന്നെയായിരുന്നു ആറുമുഖനും. ഞങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് അവര്‍ പോകാതിരുന്നത് ഞങ്ങള്‍‍ക്ക് അല്‍പ്പം ആശ്വാസം പകര്‍ന്നു. ഓരോരുത്തരും തന്താങ്ങളുടെ നിത്യവൃത്തിയിലേക്ക് കടന്നു. ഞാന്‍ കഴിഞ്ഞ ദിവസത്തെ കുറിപ്പുകള്‍ പൂര്‍ത്തിയാക്കാനിരുന്നു.

ഒമ്പതു മണിക്ക് ഞാനൊഴികെയുള്ളവര്‍ അവസാനവട്ട പ്രചരണത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഞാനെന്റെ കൂടെ ആറുമുഖനേയും സ്കൂളിലേക്ക് ക്ഷണിച്ചു. എന്തുകൊണ്ടോ ആറുമുഖന്‍ അല്‍പ്പം വിമുഖത കണിച്ചു. എനിക്ക് വല്ലാത്ത സങ്കടം വന്നു. എന്റെ വിഷമം ഞാന്‍ പറയുക തന്നെ ചെയ്തു. ‘ഞാനും സ്കൂളിലേക്ക് പോകുന്നില്ല നിങ്ങളുടെ കൂടെ ഗൃഹസന്ദര്‍ശനത്തിന് വരികയാണ്‘ കട്ടായം പറഞ്ഞ് ഞാനവരോടൊപ്പം ഇറങ്ങി. എന്നെ സ്കൂളിലേക്ക് ക്ഷണിച്ചതില്‍ ആറുമുഖന് സന്തോഷം തന്നെയായിരുന്നു. പക്ഷെ അവനില്ലാതെ പോയാല്‍ അയാള്‍ മാനസികമായി വിഷമം കൊള്ളുമെന്ന് എനിക്കറിയാമായിരുന്നു.

ഹോട്ടലില്‍ നിന്ന് രാവിലെ ഭക്ഷണം കഴിക്കുമ്പോഴും ആറുമുഖന്‍ മൌനത്തിലാണ്. ഞാനൊന്നും മിണ്ടിയില്ല. എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചിറങ്ങുമ്പോഴാണ് നവാസ് ബൈക്കുമായെത്തിയത്. എന്നോട് എപ്പോഴാണ് സ്കൂളിലേക്ക് പോകേണ്ടത് എന്നയാള്‍ ചോദിച്ചു.ഞാനതിന് നിഷേധമാണ് പറഞ്ഞത്. അയാളത് കേട്ട് അത്ഭുതപ്പെട്ടു. എന്റെ ഭാവം കണ്ട് ആറുമുഖന്‍ പറഞ്ഞു. ‘മാഷ് പോകുക ഞാനവിടെ സമയത്തിന് എത്തിയിരിക്കും. ആറുവാണ് പറയുന്നത്.’ എനിക്ക് ആശ്വാസമായി. കാരണം അദ്ദേഹം പറഞ്ഞാല്‍ പറഞ്ഞതാണ്. പ്രചരണസംഘം മുന്നോട്ട് നടന്നു. ഞാന്‍ നവാസിനോടൊപ്പം അല്‍പ്പനേരം പുറത്തെ ക്ലബ്ബില്‍ ഇരുന്നു. സുഹൃത്ത് നളിനാക്ഷന്റെ മെക്കാനിസം ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ നവാസിനോട് ദ്വീപിലെ വാഹനപ്പെരുപ്പം ആരാഞ്ഞു. സൈക്കിളാണ് ദ്വീപിലെ ജനകീയ വാഹനം. എങ്കിലും 75 ബൈക്കുകളും അമ്പത് ഓട്ടോറിക്ഷകളും ഒമ്പതുമാരുതി കാറുകളും ഏഴ് പിക്കപ്പ് വാനുകളും ജില്ലാ പഞ്ചായത്ത് വക (ദ്വീപ്) ഒരു മിനിവാനും ആരോഗ്യ സംരക്ഷണ മേഖലക്കു വേണ്ടി ഉണ്ടെന്ന് കൃത്യമായ കണക്ക് നവാസ് നിരത്തി. പക്ഷെ, പെട്രോള്‍ ബങ്ക് ഇല്ലാത്ത (ആവശ്യമില്ലാത്ത ) നാട്ടില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ വ്യക്തിഗത പെര്‍മിറ്റൊള്ളു.ബാക്കിയെല്ലാം ബ്ലാക്കില്‍ തന്നെ കാര്യം.

ഇത്രയും വാഹനമുള്ള ദ്വീപില്‍ (ഓടാന്‍ റോഡുകളില്ലാത്തതും ആവശ്യമില്ലാത്തതും ) നല്ലൊരു മെക്കാനിക്കില്ലാത്തതുമാണ് ഇപ്പോഴത്തെ ഞങ്ങളുടെ ദു:ഖം എന്ന് നവാസ് പറഞ്ഞപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. നവാസ് വര്‍ഷത്തിലൊരിക്കല്‍ വണ്ടി സര്‍വീസ് നടത്തുവാന്‍ കോഴിക്കോട് പോകുമത്രേ. പത്തുമണിയോടടുത്ത് ഞങ്ങള്‍ പബ്ലിക്ക് ലൈബ്രറിയിലേക്കു പോയി.അവിടെ നവാസിന്റെ ഒരു ബന്ധുതന്നെയായിരുന്നു ലൈബ്രറേറിയന്‍. രണ്ടാഴ്ച പഴക്കമുള്ള പത്രങ്ങളും ചില മാസികകളും വായനക്കാരെ കാത്ത് ടേബിളില്‍ ചിതറിക്കിടപ്പുണ്ട്. അവയെക്കാള്‍ കൂടുതല്‍ മതപരമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങളാണ് ഞാനവിടെ കണ്ടത്. കണ്ണാടി അലമാരിയില്‍ കുറേ പുസ്തകങ്ങള്‍ പുഴുക്കള്‍ക്കായി അടുക്കി വച്ചിട്ടുണ്ട്. അതില്‍ മലയാളവും ഇംഗ്ലീഷും അറബിയും തുടങ്ങിയ ഭാഷകളിലെ പുസ്തകങ്ങളുണ്ടായിരുന്നു. ഞാന്‍ എല്ലാം നോക്കിക്കണ്ടു. പിന്നീട് സന്ദര്‍ശക ഡയറിയില്‍ ഞാന്‍ എന്റെ കുറിപ്പ് രേഖപ്പെടുത്തി.‘ എന്റെ പ്രിയ പുസ്തകങ്ങളെ , നിങ്ങളെ പ്രണയിക്കാനും നിങ്ങളോടൊത്ത് രമിക്കാനും നല്ല തലയുള്ള ആസ്വാദകര്‍ കടന്നു വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്ന് വായനക്കാരനും യാത്രികനുമായ എം. ഇ സേതുമാധവന്‍. ‘ നവാസ് എന്നെ ലൈബ്രറേറിയനു പരിചയപ്പെടുത്തി. ഞാനും പകരം അഭിവാദ്യം ചെയ്തു. എനിക്ക് പരിചയമുള്ള ചില ലൈബ്രറികളുടെ പ്രവര്‍ത്തനവും മഹത്വവും ഞാന്‍ പറഞ്ഞു കൊടുത്തു. അവരില്‍ നിന്നും അവിടെ പുസ്തക വായനക്കാര്‍ വംശനാശ പട്ടികയില്‍ പ്പെട്ടവരാണെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു.

പതിനൊന്നു മണികഴിഞ്ഞു ഞാനും നവാസും സ്കൂളിലെത്തിയപ്പോള്‍ റഷീദ് മാഷും ഹെഡ് മാസ്റ്ററും എന്നെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. ഞാന്‍ സ്നേഹഭാഷണത്തിനുശേഷം വരാന്തയിലൂടെ നടന്ന് ക്ലാസ്സുകള്‍ ശ്രദ്ധിച്ചു. ഒരു മാഷ് എന്റെ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും സ്നേഹപൂര്‍വ്വം ഞാനതു വിലക്കി. നല്ല ക്ലാസ്സുമുറികളും കൊള്ളാവുന്ന ബഞ്ചും ഡസ്ക്കും ഉണ്ട്. നാട്ടിലെ സാധാരണ സ്കൂളിലേക്കാളും നന്നായിരുന്നു സൌകര്യങ്ങള്‍. സയന്‍സ് ലാബും സ്പോര്‍ട്സ് മുറിയും ലൈബ്രറി റൂമും പൂട്ടിക്കിടക്കുന്നതു കണ്ടു. പതിവുപോലെ ക്ലാസ്സുകളിലെ ടീച്ചര്‍മാര്‍ കൂടി നിന്ന് കുഴയുന്നതു കണ്ടു. ഏതോ പുതിയ ആള്‍ എന്ന നിലയില്‍ ചിലര്‍ എന്നെ നിരീക്ഷിക്കുകയും ഒന്നു രണ്ടുപേര്‍ ആരെയാണ് നോക്കുന്നത് (തിരയുന്നത്) എന്നന്വേഷിക്കുകയും ചെയ്തു. അവരോട് സ്നേഹപൂര്‍വം ഞാന്‍ ചിരിച്ചൊഴിഞ്ഞു.

കുറച്ചു നേരത്തിനു ശേഷം ഞാന്‍ ആഫീസില്‍ തിരിച്ചെത്തി. ഹെഡ്മാസ്റ്റര്‍ ക്ലാസ്സുകളുടെ പ്രവര്‍ത്തനം എങ്ങിനെയുണ്ട് എന്നന്വേഷിച്ചതിന് ഞാന്‍ നല്ലതു തന്നെ പറഞ്ഞു. (അതല്ലേപറയാവൂ) പത്തുമിനിറ്റ് സമയം ഹെഡ്മാസ്റ്റര്‍ സ്കൂളിന്റെ ചരിത്രവും നിലവാരവും നടത്തിപ്പും അവിടെ പഠിച്ച് മിടുക്കരായവരെ കുറിച്ചും എല്ലാം പറഞ്ഞു. ഞാന്‍ നിശബ്ദം കേട്ടിരുന്നു. ഇതിനിടക്കാണ് ആറുമുഖന്‍ വന്നെത്തിയത്. ഞാനവനെ ഹെഡ് മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തി.

യോഗം തുടങ്ങാമെന്ന് റഷീദ് മാസ്റ്റ്ര് വന്നു പറയുമ്പോള്‍ സമയം പതിനൊന്നരയായിട്ടുണ്ട്. ഹെഡ് മാസ്റ്റ്ര് ഞങ്ങളെ അങ്ങോട്ടു നയിച്ചു. സാമാന്യം ഭേദപ്പെട്ട ഹാളില്‍ മുന്നൂറോളം കുട്ടികളുണ്ടായിരുന്നു. വളരെ സൌമ്യമായിട്ടായിരുന്നു അവരുടെ ഇരിപ്പ്. സ്റ്റേജില്‍ നാലു ചെയറുകളാണ് കണ്ടത്. പരിപാടിയുടെ ഭാഗമായി ബ്ലാക്ബോര്‍ഡില്‍ ‘പരിസ്ഥിതി സ്നേഹികള്‍ക്ക് സ്വാഗതം’ എന്ന് എഴുതിയിരുന്നു. എനിക്കും ആറുമുഖനും സ്വാഗതം പറഞ്ഞ് സ്വാഗതക്കാരനായ റഷീദ് മാസ്റ്റര്‍ ചടങ്ങ് ശ്ലോകത്തില്‍ കഴിച്ചു. അധ്യക്ഷസ്ഥാനത്തേക്ക് ഹെഡ്മാസ്റ്ററെ ക്ഷണിച്ച് മാസ്റ്റര്‍ പിന്‍വാങ്ങി. ഞങ്ങളെകുറിച്ചും അധ്യക്ഷന്‍ നാലഞ്ചു വാചകങ്ങളില്‍ പറഞ്ഞ് എച്ച്.എം എന്നെ ക്ഷണിച്ചു. ഞാന്‍ എനിക്കു മുന്‍പ് സംസാരിക്കാന്‍ ആറുമുഖന് അവസരം കൊടുത്ത് അടുത്തതായി പറയാമെന്ന് കുട്ടികളോട് പറഞ്ഞിരുന്നു. ആറുമുഖന്‍ വളരെ സൌമ്യനായി നാട്ടിലെ പ്രവര്‍ത്തനങ്ങളും ഞങ്ങളുടെ ചരിത്രവും പറഞ്ഞ് കുറച്ചുകൂടി എന്നെ പുകഴ്ത്തി .സഞ്ചാരിയുടെ അനുഭവങ്ങള്‍ക്കായി കാതോര്‍ത്തിരിക്കാന്‍ കുട്ടികളെ ഉപദേശിച്ച് പിന്‍വാങ്ങി.

തുടരും…..

Generated from archived content: laksha20.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English