മുപ്പത്തിയേഴ്‌

ഒരു ദിവസം ഡ്രായിംഗ്‌റൂമിലേക്ക്‌ പ്രവേശിച്ച മാക്‌സിം, പൈത്തോറിനെയും, ഈവ്‌ലിനയെയും അവിടെ കണ്ടു പ്രക്ഷുബ്‌ധയായി കാണപ്പെട്ടു. പൈത്തോറിന്റെ മുഖം ംലാനമായിരുന്നു. ഈയിടെയായി, തന്നെയും മറ്റുളളവരേയും പീഡിപ്പിച്ച യാതനകളുടെ പുതിയതും, സദാ പുതിയതുമായ സ്രോതസ്സുകൾ കണ്ടെത്താനുളള ജൈവപരമായൊരു ആവശ്യകത അവനിൽ അനുഭവവേദ്യമായിരുന്നു.

ഈവ്‌ലീന, മാക്‌സിമിനോട്‌ പറഞ്ഞു. “ചുകന്ന മണിയടികൾ കൊണ്ട്‌ ആളുകൾ ഉദ്ദേശിക്കുന്നതെന്ന്‌… അവൻ എന്നോട്‌ ചോദിച്ചുകൊണ്ടേയിരിക്കുന്നു…. എനിക്കത്‌ ഭംഗിയായി വിശദീകരിക്കാനുമാവുന്നില്ല…”

“അതിൽ എന്താണ്‌ കുഴപ്പം?” മാക്‌സിം, പൈത്തോറിനോട്‌ തുറന്ന്‌ ചോദിച്ചു.

പൈത്തോർ തോളുകളിളക്കി.

“പ്രത്യേകിച്ചൊന്നുമില്ല. ശബ്‌ദത്തിന്‌ നിറമുണ്ടെന്നുവരികിൽ, എനിക്കത്‌ കാണാം കഴിയുന്നില്ലെന്നു മാത്രം-അപ്പോഴെനിക്ക്‌ ശബ്‌ദത്തെപ്പോലും അതിന്റെ മുഴുവൻ പൂർണ്ണതയിൽ ഉൾക്കൊളളാനാവുന്നില്ലല്ലോ?”

“ബാലിശമായ സംസാരമാണത്‌…” മാക്‌സിം പരുഷസ്വരത്തിൽ പ്രതികരിച്ചു. “അത്‌ സത്യമല്ലെന്ന്‌ തികച്ചും നിനക്ക്‌ തന്നെ അറിയാവുന്നതല്ലേ… ശബ്‌ദത്തെക്കുറിച്ചുളള ഇതിന്റെ ഉൾക്കാഴ്‌ച, ഞങ്ങളുടെതിനെക്കാളേറെ പൂർണ്ണമാണ്‌ ഇതുവരേക്കും..”

“പക്ഷെ അതു പറയുമ്പോൾ, ആളുകൾ എന്താണണ്‌ ഉദ്ദേശിക്കുന്നത്‌? അതിൽ എന്തെങ്കിലും അർത്ഥം കാണുമല്ലോ?”

നിമിഷനേരം മാക്‌സിം ചിന്തിച്ചു.

“അത്‌ കേവലം ഒരു താരതമ്യം മാത്രം.” അയാൾ തറപ്പിച്ചു പറഞ്ഞു. “ശബ്‌ദം.. എന്നാൽ ചലനം. അതുപോലെ തന്നെ പ്രകാശവും- നിങ്ങൾക്ക്‌ പിടികിട്ടിയെന്നുവരികിൽ, തീർച്ചയായും, പൊതുവായ ചില സമാനതകൾ, അവയ്‌ക്കിടയിൽ ഉണ്ടാകും.”

“എന്ത്‌ സമാനതകൾ?” പൈത്തോർ നിർബന്ധിച്ചു. “ഈ ചുവപ്പ്‌ മണിയടികൾ… എന്തുപോലെയാണത്‌…”

വീണ്ടും മറുപടിക്കുമുമ്പെ മാക്‌സിം ചിന്തിക്കാനൊരുമ്പെട്ടു.

പ്രകമ്പനത്തിന്റെ ശാസ്‌ത്രീയവശത്തിലേക്ക്‌ താൻ പോകും. പൈത്തോറിന്റെ ഇംഗിതം മനസ്സിലാക്കാൻ അത്‌ സഹായകമാവില്ലെന്ന്‌ അയാൾക്ക്‌ മനസ്സിലായി. ഏതായാലും വെളിച്ചത്തിന്റെയും വർണ്ണത്തിന്റെയും വിശേഷണങ്ങളായി ആരാണ്‌ ശബ്‌ദങ്ങളെ ആദ്യമായി വിവരിച്ചത്‌ എന്നാൽ അയാൾക്ക്‌ മിക്കവാറും ഈതറിന്റെ ഭൗതികസ്വഭാവത്തെക്കുറിച്ച്‌ ഒന്നും തന്നെ അറിയില്ലായിരുന്നു. എന്നിട്ടും, അയാൾക്ക്‌ സ്പഷ്‌ടമായും ഒരു സദൃശത അനുഭവപ്പെട്ടു. എന്ത്‌ സദൃശത?

ഒരു നവീന ആശയം മാക്‌സിമിന്റെ മനസ്സിൽ രൂപം കൊണ്ടു തുടങ്ങി.

“അതാകപ്പാടെ നിന്നെ വ്യക്തമായി മനസ്സിലാക്കാനാവുമോ എന്ന്‌ എനിക്കറിയില്ല…. ” അയാൾ പറഞ്ഞു. “പക്ഷെ… ഏതായാലും, ഈ ചുകന്ന മണിയടി വച്ച്‌ നമുക്ക്‌ തുടങ്ങാം. പലതവണ, നഗരങ്ങളിലെ പളളിയിൽ അവധിദിനങ്ങളിൽ നിന്നത്‌ കേട്ടിരിക്കും. എന്നെപ്പോലെ നിനക്കും അത്‌ അറിയാം. ആ പ്രയോഗം നമ്മുടെ ഭാഗങ്ങളിൽ ഉപയോഗിക്കാറില്ല എന്നതുമാത്രമാണ്‌ അതിന്റെ കേവല വിശദീകരണം..”

“നില്‌ക്കൂ… ഒരു മിനിട്ട്‌ നില്‌ക്കൂ…!”

പൊടുന്നനെ, പിയാനോ തുറന്ന്‌, പൈത്തോർ വായിക്കാനാരംഭിച്ചു. ലോലസ്ഥായിയിലുളള ഏതാനും രാഗങ്ങളെ തുടർന്ന്‌ ആ പശ്ചാത്തലത്തിൽ അയാളുടെ വിദഗ്‌ദ്ധമായ വിരലുകൾ ഉച്ചസ്ഥായിയിലുളള ഏറെ വർണ്ണോജ്ജ്വലവും, ചലനാത്മകവുമായ ശ്രുതികൾ കുതിച്ചുയർത്തി അനന്തമായ പരിവർത്തനത്തിലേക്ക്‌ കടത്തി…. മുറിയാകെ, ആഹ്ലാദമധുരവും, ഉച്ചസ്ഥായിയിലുളളതുമായ മണിയൊച്ചകൾ മുഴങ്ങിയത്‌ പളളി അവധിദിനങ്ങളിൽ കേൾക്കാറുളള മണിനാദങ്ങളെ അനുസ്‌മരിപ്പിച്ചു.

“അങ്ങിനെ….” മാക്‌സിം പറഞ്ഞു. “അത്‌ അതുപോലെതന്നെയാണ്‌… നിനക്ക്‌ സാധിച്ചത്ര ഞങ്ങൾക്കാർക്കും അത്‌ ഹൃദ്യസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ല…. പക്ഷെ ഞങ്ങൾക്ക്‌ അത്‌ കാണാൻ കണ്ണുകളുണ്ടെന്നു വരികിലും… ശരി… ഞാൻ നോക്കുന്ന ചുകന്ന എന്തും, അതിനൊരു വലിയ പ്രതലമുണ്ടെന്നുവരികിൽ, അതെന്നെ ഈ ചുകന്ന മണിനാദംപോലെ തന്നെ അതേ വികാരത്തോടെ ബാധിക്കുന്നു… അതേ അസ്വസ്ഥതാഭാവം അതേ അനുസ്യൂതമായ അലോസരം… ആ ചുകപ്പ്‌ സദാ മാറിക്കൊണ്ടിരിക്കുന്നതായി കണ്ടുവരുന്ന ആഴം, പശ്ചാത്തലത്തിലേന്ന്‌ തെന്നിമറയുന്ന വർണ്ണതീവ്രത. പിന്നെ പ്രതലത്തിൽ, ഇടയ്‌ക്കിടെ, ഇവിടെയും അവിടെയും, അവിടെയും ഇവിടെയും ലോലമായ ശബ്‌ദഭാവങ്ങളുടെ മിന്നൽപിണരുകൾ നിനക്ക്‌ കാണാനാവും… ദ്രുതഗതിയിൽ ഉയരുകയും, അതേ വേഗതയിൽ അപ്രത്യക്ഷമാകുന്നതും.. അതെല്ലാം തന്നെ നമ്മുടെ നയനങ്ങളെ അതിശക്തമായി ബാധിക്കുന്ന- എന്തായാലും, എന്റെ കണ്ണുകളെ…. ”

“എത്ര സത്യം! എത്ര സത്യം!” ഈവ്‌ലിന ഉത്സാഹപൂർവ്വം ചാടി പറഞ്ഞു. “എനിക്കും ഇതേ വികാരം തോന്നാറുണ്ട്‌. ”

“നമ്മുടെ ചുകന്ന മേശവിരിയെ എനിക്ക്‌ അധികനേരം നോക്കാനാവില്ല..”

“അതുപോലെതന്നെ ചില ആളുകൾക്ക്‌ അവധിദിനങ്ങളിലെ മണിയടി സഹിക്കാനാവില്ല. അതെ… ഇത്തരമൊരു സദൃശത രൂപപ്പെടുത്തിയത്‌ ശരിയാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു… അതിലേക്ക്‌ ഉറ്റുനോക്കുമ്പോൾ, നമുക്ക്‌ ആ താരതമ്യത്തെ ഒന്നുകൂടി മുന്നോട്ട്‌ നയിക്കാം. മറ്റൊരുതരം മണിയടിയുണ്ട്‌.. ആളുകൾ അതിനെ ‘ചിമ്മൽ’ എന്നാണ്‌ വിളിക്കുന്നത്‌. അതേ പേരിൽ തന്നെ വിളിക്കുന്ന ഒരു നിറവും, ചുമപ്പിന്റെ ഒരു നിഴലും അതിനുണ്ട്‌. ചിമ്മൽ എന്നുതന്നെ വിളിക്കുന്നത്‌… ആ ശബ്‌ദവും വർണ്ണവും ചുകപ്പിനോട്‌ നന്നെ അടുപ്പമുളളതത്രെ- പക്ഷെ, ആഴത്തിൽ കൂടുതൽ മൃദുലതരമാണെന്നു മാത്രം.. കുതിരവണ്ടികളുടെ മണികൾ, അവയൊക്കെ പുതിയതായി തോന്നിക്കെ, അവയുടെ മണിനാദം ചെവികൾക്ക്‌ അപ്രസന്നവും, പരുഷവും, ക്രമാനുസൃതമല്ലാത്തതുമായിരിക്കും. പക്ഷെ സുദീർഘകാലമായി ഉപയോഗത്തിലാവുമ്പോൾ, സംഗീതപ്രേമികൾ പറയുന്നതുപോലെ, അവ അവയുടെതായ രീതിയിൽ നാദം മുടക്കുന്നു. അങ്ങിനെ അത്‌ ഈ ചിമ്മൽ സ്വരത്തോട്‌ താദാത്മ്യപ്പെടുന്നു. പളളികളിലെ ചിമ്മലുകളുടെ കാര്യത്തിലും, ധാരാളം ചെറിയ മണികൾ സമർത്ഥമായി സന്നിവേശിപ്പിച്ചാൽ നിനക്ക്‌ ഇതേ പ്രതികരണം സിദ്ധിക്കും…”

പൈത്തോർ വീണ്ടും പിയാനോ വായിക്കാനാരംഭിച്ചു. കൂട്ടമണികളുടെ കിലുകിലെ ശബ്‌ദം…

“വേണ്ട” മാക്‌സിം പറഞ്ഞു. “അതിനെയും ഞാൻ ചുകപ്പ്‌ എന്ന്‌ വിളിക്കും…”

“ഓ! ഇപ്പോൾ എനിക്കതറിയാം..”

സംഗീതം കൂടുതൽ ഏകതാനമായി.

വർണ്ണോജ്ജ്വലവും സജീവവുമായി ഉച്ചസ്ഥായിയിലാരംഭിച്ച ആ സ്വരമാധുരി ക്രമേണ, ലോലസ്ഥായിയിൽ, മൃദുലമായി, അഗാധമായി ഒഴുകി… വിദൂരസ്ഥമായ സായാഹ്‌ന മഞ്ഞിലൂടെ പൊടിനിറഞ്ഞ റോഡിലൂടെ ഓടുന്ന ഒരു റഷ്യൻ ട്രോയ്‌കയുടെ വില്ലിന്‌ ചുവടെ തൂങ്ങിക്കിടന്ന ഒരുപറ്റം മണികളുടെ നാദമായിരുന്നു അത്‌ ഇപ്പോൾ പുറപ്പെടുവിച്ചത്‌. പ്രശാന്തവും ഏകതാനവും പെട്ടെന്നുളള ശബ്‌ദ വ്യതിയാനങ്ങളാൽ വിലക്ഷണം ചെയ്യപ്പെടാത്ത സംഗീതം… മണ്ടിമണ്ടി ഒടുവിൽ അതിന്റെ ധ്വനികളുടെ അവസാനശബ്‌ദങ്ങൾ… നാട്ടിൻപുറത്തെ നിശ്ചലപ്രശാന്തിയിലേക്ക്‌ മുഴുകി അസ്തമിച്ചു ഒലിഞ്ഞു ചോർന്നുപോയി.

“അങ്ങിനെതന്നെ…” മാക്‌സിം സാവധാനം പ്രതികരിച്ചു. “നീയിത്‌ ശരിയായിത്തന്നെ ഗ്രഹിച്ചു. അതെ നിന്റെ അമ്മ ശ്രമിച്ചുനോക്കി- ഒരിക്കൽ-ശബ്‌ദം കൊണ്ട്‌ വർണ്ണത്തെ നിനക്ക്‌ വിശദമാക്കിത്തരാൻ… അന്ന്‌ നീ നന്നെ കുഞ്ഞായിരുന്നു.”

“ഞാനത്‌ ഓർക്കുന്നു… എന്തിനാണ്‌ നിങ്ങൾ അന്ന്‌ ഞങ്ങളെകൊണ്ട്‌ അത്‌ മുഴുവിപ്പിക്കാത്തത്‌? ഞാനത്‌ പഠിക്കാൻ ശ്രമിച്ചേനെ…”

“അല്ല…” മാക്‌സിം സാവധാനം മറുപടിയേകി.

“അതുകൊണ്ടൊന്നും നടക്കാൻ പോവുന്നില്ല. എനിക്ക്‌ അങ്ങനെയാണെന്നു തോന്നിച്ചെങ്കിലും, നീ ഞങ്ങളുടെ അന്തരാത്മാവിൽ കയറിനോക്കിയാൽ, ശബ്‌ദപ്രതിഛായകളും, വർണ്ണ പ്രതിഛായകളും സൃഷ്‌ടിക്കുന്ന പ്രതീതി ഒരുപോലെയാണെന്ന്‌ മനസ്സിലാക്കാൻ സാധിക്കും. ഉദാഹരണത്തിന്‌, ഒരു വ്യക്തിയെക്കുറിച്ച്‌ നമുക്ക്‌ പറയാം. അയാൾ ലോകത്തെ കാണുന്നത്‌… റോസ്‌ നിറമുളള കണ്ണടക്കുളളിലൂടെയാണ്‌.. ഈ പറഞ്ഞതുകൊണ്ട്‌ ഞങ്ങളുദ്ദേശിക്കുന്നത്‌ ഉപരിപ്ലവവും ശുഭാപ്‌തിപരവുമായ ചായ്‌വ്‌ അയാൾക്കുണ്ടെന്നാണ്‌. ശബ്‌ദപ്രതിഛായകളുടെ ശരിയായ തെരഞ്ഞെടുപ്പിലൂടെ ഇതേ മാനസികാവസ്ഥയിൽ എത്തിച്ചേരാവുന്നതത്രേ…. ശബ്‌ദവും വർണ്ണവും ഒരേ ആന്തരിക ചോദനയോടെയുളള ബിംബങ്ങളായി വർത്തിക്കുന്നെന്ന്‌ ഞാൻ പറഞ്ഞേക്കാം…”

മാക്‌സിം, പൈത്തോറിനെ സൂക്ഷിച്ചുനോക്കി. പൈപ്പ്‌ കൊളുത്തി പുകവലിച്ചുകൊണ്ട്‌ പറഞ്ഞുനിർത്തി.

സ്പഷ്‌ടമായും, വളരെ ജിജ്ഞാസുവായി പൈത്തോർ നിശ്ചലനായി ഇരുന്നു. നിമിഷനേരം, മാക്‌സിം ഒന്ന്‌ മടിച്ചു. അയാളെ തുടരാൻ അനുവദിക്കണോ? പക്ഷെ ആ ചിന്ത കടന്നുപോയതോടെ, അയാൾ അമൂർത്തതയോടെ, സ്വന്തം ചിന്താധാരകളിൽ നയിക്കപ്പെട്ട ഒരുവനെപ്പോലെ വീണ്ടും സാവധാനം തുടങ്ങി.

“നിനക്കറിയാമോ ഏറ്റവും വിചിത്രതരമായ ചിന്തകൾ എന്റെ മനസ്സിലേക്ക്‌ വരുന്നു. ഏതെങ്കിലും ഒരാശയം മസ്‌തിഷ്‌കത്തിൽ ഉദിച്ചാൽ; അഥവാ, നിങ്ങൾ സ്വപ്‌നങ്ങൾ കണ്ടാൽ; ഉണർന്നേഴുന്നേല്‌ക്കുമ്പോൾ വിയർത്താൽ, കണ്ണുകളിൽ ബലമായി അശ്രുക്കൾ വന്നാൽ; അഥവാ, ഒരു മനുഷ്യൻ വികാരാവേശത്താൽ ചൂടാണെന്നാൽ-അങ്ങിനെയുളളപ്പോഴൊക്കെ രക്തം ഹൃദയത്തിൽനിന്നും ഇരച്ചുകുതിച്ച്‌, ജ്വലിക്കുന്ന പ്രവാഹങ്ങളായി മസ്‌തിഷ്‌കത്തിലേക്കെത്തുന്നു-കൊളളാം.. അത്‌ ചുകപ്പ്‌ തന്നെ… നമ്മുടെ രക്തം..”

“നമ്മുടെ രക്തം… ചുകപ്പ്‌..” പൈത്തോർ സംഗീതാത്മകമായി ആവർത്തിച്ചു. “ചുകന്നതും, ചൂടുളളതും..”

“അതെ… ചുകന്നതും, ചൂടുളളതും… നിങ്ങൾ ശ്രദ്ധിക്കൂ.. ചുകന്ന നിറവും, നാം ചുമപ്പെന്നു വിളിക്കുന്ന ശബ്‌ദവും, നമുക്ക്‌ സജീവാത്മകതയും പ്രസന്നതയും കൊണ്ടുവരുന്ന ആളുകൾ ‘ഊഷ്‌മളം’, പുകയുന്നത്‌ എന്നും വിളിക്കുന്ന വൈകാരികാവേശ സംജ്ഞയും അവകൊണ്ടുവരുന്നു… മറ്റൊരു രസകരമായ കാര്യം-കലാകാരൻമാർ പലപ്പോഴും ചൂടാർന്ന ധ്വനികളെ, ഊഷ്‌മളതയുടെ ധ്വനികൾ എന്ന്‌ വിളിക്കുന്നു…”

മാക്‌സിം പൈപ്പ്‌ പുകച്ച്‌, ചുറ്റിനുമാകെ നീലപ്പുക മേഘങ്ങൾ പരത്തി.

അയാൾ തുടർന്നു. “നീ കൈകൾ, തലക്കുമുകളിലേക്കും താഴേക്കും ചുഴറ്റുന്നു. അതിനെ ഏറെക്കുറെ ഒരു അർദ്ധവൃത്തമെന്ന്‌ വിശേഷിപ്പിക്കാം… ശരി..പിന്നീട്‌, കൈ കുറച്ചുകൂടി വിശാലമാക്കി നീട്ടുന്നെന്ന്‌ സങ്കല്പിക്കൂ.. അനിശ്ചിതമായി നീളത്തിൽ.. എന്നിട്ട്‌ അത്‌ ചുഴറ്റിയാൽ, അതിനെ നിങ്ങൾ അനന്തവിദൂരതയെ അർദ്ധവൃത്തമെന്ന്‌ വിശേഷിപ്പിക്കുന്നു. അവിടെയാണ്‌ നമുക്ക്‌ മുകളിലുളള ആകാശത്തിന്റെ ഗഹ്വരം നമ്മൾ കാണുന്നത്‌. അനന്തവിദൂരതയിൽ… വിശാലമായൊരു അർദ്ധഗോളം, അതിനും അപാരവും, അനന്തവുമായ നീലാകാശം… ഈ അവസ്ഥ സംജാതമായാൽ നമ്മുടെ ബ്രഹ്‌മം പ്രശാന്തവും, മേഘരഹിതവുമായി മാറുന്നു. പക്ഷെ ആകാശത്ത്‌ മേഘങ്ങൾ അടിഞ്ഞുകൂടിയിരിക്കുമ്പോൾ-അസ്വസ്ഥവും, അനിർവ്വചനീയവും, ബാഹ്യരേഖയിൽ ചഞ്ചലിക്കുന്നതും, സ്ഥാനം മാറുന്നതുമായി-നമ്മുടെ ആത്മീയപ്രശാന്തിയും, അനിർവ്വചനീയമായൊരു അസ്വസ്ഥതാഭാവത്താൽ ഭംഗപ്പെടുന്നു… നിനക്കത്‌ അനുഭവഗോചരമാകും.. ഇല്ലേ? കൊടുങ്കാറ്റിന്റെതായൊരു കാർമേഘം ആസന്നമാകുമ്പോൾ…”

“അതെ…അന്നേരം എന്റെ ആത്മചൈതന്യത്തെത്തന്നെ എന്തോ ഒന്ന്‌ അലോസരപ്പെടുത്തുന്നതായി തോന്നിക്കും..” “അങ്ങിനെതന്നെ…..അന്നേരം നമ്മൾ മേഘങ്ങളുടെ പിന്നിൽനിന്നും അഗാധനീലിമയാർന്ന ആകാശം വീണ്ടും ദൃശ്യമാകാനായി നാം കാത്തിരിക്കുന്നു…. കൊടുങ്കാറ്റ്‌ കടന്നുപോവുന്ന… പക്ഷെ നീലാകാശം… അവശേഷിക്കുന്നു…. അത്‌ നമുക്ക്‌ നല്ലപോലെ അറിയാം… അതിനാൽ നമുക്ക്‌ കൊടുങ്കാറ്റിനെ നേരിടാം… അതിങ്ങിനെ.. ഈ ആകാശം നീലയാണ്‌… നിശ്ചലാവസ്ഥയിൽ, കടലും! നിന്റെ അമ്മയുടെ കണ്ണുകൾ നീലയാണ്‌. അങ്ങനെതന്നെ ഈവ്‌ലീനയുടേതും…”

“ആകാശംപോലെ…” പെട്ടെന്നുണ്ടായ ആർദ്രതാഭാവത്തോടെ പൈത്തോർ പറഞ്ഞു.

“ആകാശംപോലെ… നീലക്കണ്ണുകൾ ആത്മീയസ്‌ഫുടതയുടെ ലക്ഷണമായി കണക്കാക്കി പോരുന്നു… ഇനി പച്ച എടുത്ത്‌ നോക്കാം.. മണ്ണ്‌ തന്നെ നോക്കാം. അതിന്‌ കറുപ്പ്‌ നിറമാണ്‌. പ്രാരംഭവസന്തത്തിൽ വൃക്ഷകാണ്ഡങ്ങളും കറുത്തതാണ്‌… അഥവാ ചിലപ്പോൾ വെളള… പക്ഷെ വസന്തകാലസൂര്യൻ അതിന്റെ പ്രകാശവും ചൂടും, ഈ കറുത്ത പ്രതലങ്ങളെ ഊഷ്‌മളമാക്കിമാറ്റുന്നു.. അന്നേരം അവയുടെ കറുപ്പിലേക്ക്‌ ഹരിതാഭ മെല്ലെ പടർന്നു കയറുന്നു… പച്ചപ്പുല്ല്‌, പച്ച ഇലകൾ…. ഈ ഹരിതാഭ വളർച്ചകൾക്കൊക്കെ പ്രകാശവും, ചൂടും വേണം! പക്ഷെ അധികം വെളിച്ചവും, ചൂടും പാടില്ല. അതുകൊണ്ടാണ്‌ പച്ച വസ്‌തുതകൾ കണ്ണിന്‌ പ്രസന്നകരമാക്കുന്നത്‌. ഹരിതാഭ-അതിന്റെ ഊഷ്‌മളതയിൽ മഞ്ഞിന്റെതായൊരു ശീതളിമയും ഇഴുകിച്ചേർന്നിരിക്കുന്നു… അത്‌ ആരോഗ്യാവസ്ഥയുടെയും, പ്രശാന്ത സംതൃപ്‌തിയുടേതുമായൊരു വികാരഭാവമുണർത്തുന്നു. പക്ഷെ ഒരിക്കലുമത്‌, വൈകാരികാവേശമാവില്ല; ആളുകൾ ആനന്ദനിർവൃതിയെന്നു വിളിക്കുന്ന അവസ്ഥയൊന്നുമല്ല, അത്‌! ഞാനീ പറഞ്ഞതൊക്കെ നിനക്ക്‌ വ്യക്തമായോ?”

“ഇല്ല.. എല്ലാം ഇല്ല…. പക്ഷെ ഏതായാലും ദയവായി തുടർന്നോളൂ..”

“ശരി… അതല്ലാതെ നിവൃത്തിയില്ലെന്നു തോന്നുന്നു. വേനൽ ഉഷ്‌ണം വർദ്ധിക്കുന്നതോടെ, ജീവനുളള പച്ചകൾ, അവയുടെ സജീവശക്‌തിയുടെ സമ്പൂർണ്ണതയാൽ വിങ്ങിനിൽക്കുന്നു. ഇലകൾ പൊഴിയാൻ തുടങ്ങുന്നു. ചൂടിന്റെ തീവ്രത, മഴയുടെ ശീതളിമകൊണ്ട്‌ മയപ്പെടുത്തിയില്ലെന്നുവരികിൽ, പച്ചനിറം പൂർണ്ണമായും അപ്രത്യക്ഷമാവുന്നു. പിന്നെ വരുന്നത്‌ ശരത്‌കാലമാണ്‌. അതോടെ ഫലങ്ങൾ പാകമാകുന്നു. പരിക്ഷീണമായ പച്ചിലച്ചാർത്തികൾക്കിടയിൽ അവ അനുദിനം ചുകന്ന്‌ തിളങ്ങുന്നു. ഏറ്റവുമധികം സൂര്യരശ്‌മി ലഭിക്കുന്ന ഭാഗത്തായിരിക്കും പഴങ്ങൾക്ക്‌ ഏറെ ചുകപ്പ്‌… വളർച്ചയുളള വസ്‌തുക്കളുടെയൊക്കെ എല്ലാ ഗ്രീഷ്‌മകാല വൈകാരികാവേശവും സർവ്വജീവശക്തിയുമൊക്കെ അതിൽ സമഗ്രമായതായി കാണപ്പെടുന്നു. അപ്പോൾ ഇവിടെയും, നിങ്ങൾക്കു കാണാവുന്നതുപോലെ, ചുകപ്പാണ്‌ വൈകാരികാവേശത്തിന്റെ നിറം. അത്‌ വികാരവേശത്തിന്റെ ചിഹ്‌നമായി ഉപയോഗിക്കപ്പെടുന്നു. ചുകപ്പ്‌ നിർവൃതിയുടെയും പാപത്തിന്റെയും ക്രോധത്തിന്റെയും ജ്വാലയുടെയും, പ്രതികാരത്തിന്റെയും വർണ്ണമത്രെ. വിപ്ലവാഹ്വാനം നടത്തുന്നവരൊക്കെ തങ്ങളെ നയിക്കുന്ന വികാരഭാവത്തെ പ്രകടിപ്പിക്കാനായി കൊടികളിൽ ചുകന്നനിറം, അസംഖ്യം വരുന്ന ജനക്കൂട്ടം ഉപയൊഗിക്കാറുണ്ട്‌. ഘോഷയാത്രകൾ കാറ്റിൽപ്പറക്കുന്ന തീപ്പന്തമായി അവരിതിനെ വഹിച്ചുകൊണ്ടുപോവു​‍ുന്നു. പക്ഷെ-വീണ്ടും ചോദിക്കട്ടെ-ഞ്ഞാൻ വ്യക്തമായി പറഞ്ഞുവോ..”

“അത്‌ സാരമില്ല… തുടർന്നോളൂ…”

“വൈകിയ ശരത്‌കാലം… ഫലങ്ങൾ പാകമായി… അത്‌ മരങ്ങളിൽ നിന്നും വീണുതുടങ്ങി. നിസ്സഹായരായി അവ ഭൂമിയിൽ കിടക്കുന്നു.. അത്‌ മരിക്കുന്ന, അതെ, പക്ഷെ അതിലെ വിത്തുകൾ ജീവൻ നിലനിർത്തുന്നു. ഈ വിത്തിനകത്ത്‌, ശക്തിയാർജ്ജിച്ച്‌, പുതിയ സസ്യം ഇതിനകം വളരുന്നു.. അതിന്റെ പുതിയ സമൃദ്ധമായ പച്ചിലച്ചാർത്താകളോടെ, പുതിയ പഴങ്ങളെ പ്രതീക്ഷിച്ചുകൊണ്ട്‌, വിത്ത്‌ മണ്ണിൽ വീഴുന്നു… അതിനുമുകളിൽ സൂര്യൻ ചാഞ്ഞ്‌, തണുപ്പ്‌ പതിപ്പിക്കുന്നു… തണുത്ത കാറ്റ്‌ വീശുന്നു… അവയ്‌ക്കുമുന്നിൽ തണുത്ത മേഘങ്ങൾ കുടപിടിക്കുന്നു… വൈകാരികാവേഗം മാത്രമല്ല- ജീവന്റെ സത്തയാകെ, മൃദുലതരമായ, അദൃശ്യനിശ്ചലത പ്രാപിക്കുന്നു. കൂടുതൽ കൂടുതലായി, കറുത്ത മണ്ണ്‌ അതിന്റെ ഹരിതാഭമായ കവചങ്ങളിലൂടെ തുറന്നുകാട്ടുന്നു. തനിമയാർന്ന നീലാകാശം തണുപ്പ്‌ പ്രാപിക്കുന്നു. പിന്നെ, ഒരു ദിവസം, വൈധവ്യം ബാധിച്ച ദൈന്യതയും, സൗമ്യതയുമാർന്ന ഭൂമിദേവിയുടെ നേർക്ക്‌ ദശലക്ഷക്കണക്കിന്‌ മഞ്ഞിൻപാളികൾ പതിക്കുന്നു. താമസിയാതെ, ഭൂമി സൗമ്യമായി, ശുഭ്രതയോടെ, ഏകതാനതയിൽ വിശ്രമിക്കുന്നു. ശുഭ്രത… അതത്രെ, തണുപ്പാർന്ന മഞ്ഞിന്റെ നിറം; മേഘങ്ങളിൽ അത്യുന്നതി പ്രാപിച്ച നിറം; തണുത്തുവിറങ്ങലിച്ച, അപ്രാപ്യമായ ഉയരങ്ങളിൽ അവ പറന്നുകളിക്കുന്നു. തരിശാർന്നതെങ്കിലും, രാജകീയ പ്രൗഡിയുളള ഉന്നതപർവ്വത ശിഖരങ്ങളുടെ വർണ്ണമാണത്‌… വൈകാരികാവേശം നിറഞ്ഞ പരിശുദ്ധിയുടെ ചിഹ്‌നമാകുന്നു വെളുപ്പ്‌… അവിഭാജ്യമായ ആത്മാവിന്റെ ഭാവിജീവിതത്തിന്റെതായൊരു ചിഹ്‌നമാണത്‌… കറുപ്പിനെക്കുറിച്ചാണെന്നുവരികിൽ…”

“അതെനിക്കറിയാം…”പൈത്തോർ ഇടയ്‌ക്കുകയറി പറഞ്ഞു. “ഒരു ശബ്‌ദവും, ഒരു ചലവുമില്ല… രാത്രി…”

“അതെ… അക്കാരണം കൊണ്ട്‌ രാത്രി മരണത്തിന്റെയും ദുഃഖത്തിന്റെയും ചിഹ്‌നമാകുന്നു..”

പൈത്തോർ നടുങ്ങി.

“മരണം… ”അവൻ മന്ദസ്വരത്തിൽ ആവർത്തിച്ചു. “നിങ്ങൾ തന്നെ സ്വയം അത്‌ പറഞ്ഞല്ലോ. മരണം… എനിക്കാണെങ്കിൽ, ഈ ലോകം തന്നെ കറുപ്പാണ്‌… എപ്പോഴും എവിടെയും..”

“അത്‌ സത്യമല്ല..” മാക്‌സിം ചൂടായ മട്ടിൽ തിരിച്ചടിച്ചു.

നിനക്ക്‌ ശബ്‌ദവും, ഊഷ്‌മളതയും, ചലനവും അറിയാമല്ലോ… സ്‌നേഹസമ്പന്നരായ സുഹൃത്തുക്കളോടൊപ്പമാണ്‌ നീ താമസിക്കുന്നത്‌. നിനക്ക്‌ അകാരണമായി നിഷേധിക്കപ്പെട്ട കാഴ്‌ചശക്തിയെന്ന അനുഗ്രഹം സ്വയം ഉപേക്ഷിക്കാൻ തയ്യാറായ ധാരാളം ആളുകൾ ഇവിടെയുണ്ട്‌. പക്ഷെ നീയാണെങ്കിൽ ആത്മനിഷ്‌ഠമായ സ്വന്തം കഠിനദുഃഖത്തിലുമാണ്‌.“

”ഞാനങ്ങിനെ ആണെങ്കിലെന്താണ്‌?“ പൈത്തോറിന്റെ സ്വരത്തിൽ വികാരാവേശത്തിന്റെ പിരിമുറുക്കമുണ്ടായിരുന്നു. ”തീർച്ചയായും ഞാൻ നിറയെ അങ്ങിനെതന്നെ… എങ്ങിനെ അങ്ങിനെ അല്ലാതാവും? അതിൽനിന്നും എനിക്ക്‌ മോചനമില്ല… അത്‌ സദാ എന്നോടൊപ്പം കാണും..“

”നിന്റേതിലും ഒരു ആറ്‌ മടങ്ങുളള ദുഃഖങ്ങൾ ഈ ലോകത്താകെ ഉണ്ടെന്ന കാര്യം നീ ഒന്ന്‌ തലയിലേക്ക്‌ ഉൾക്കൊണ്ടെങ്കിൽ.. അപ്പോഴെ നിനക്ക്‌ മനസ്സിലാകൂ, നീ ജീവിച്ച നിന്റെ ജീവിതവും, സുരക്ഷയും, സദാ ലഭിച്ചിരുന്ന സ്‌നേഹവും ഒക്കെ-അത്തരം കാഴ്‌ചകൾക്കിടയില നോക്കുമ്പോൾ, നിന്റെ ജീവിതം സ്വർഗ്ഗം തന്നെയാണ്‌….അല്ലാതെന്താണ്‌?“

”അല്ല… അല്ല…“ പൈത്തോർ ക്രോധപൂർവ്വം, മുൻപത്തെപ്പോലെ അതേ വികാരപാരവശ്യത്തോടെ ഇടയ്‌ക്കു കയറിപ്പറഞ്ഞു. ”അത്‌ സത്യമല്ല. ഏറ്റവും ദുരിതം പിടിച്ച പിച്ചക്കാരനോടൊപ്പം ഞാൻ പോകാം.. കാരണം അയാൾ എന്നിലും സന്തുഷ്‌ടനാണ്‌. അന്ധന്റെതായ ഈ ഏകാന്തത-അതിൽ യാതൊരു അർത്ഥവും കാണുന്നില്ല. അതൊരു വലിയ പിശകാണ്‌. അന്ധൻ-അവനെ റോഡിലെവിടെയെങ്കിലും വിടണം-അവൻ തെണ്ടണം.. അതെ, ഒരു യാചകനായിരുന്നെങ്കിൽ, ഞാൻ ഇതിലും സന്തുഷ്‌ടനായേനെ. രാവിലെ എഴുന്നേൽക്കുമ്പോൾ, എനിക്ക്‌ അത്താഴത്തെപ്പറ്റി ചിന്തിക്കാനുണ്ടാകും. എനിക്കു ലഭിച്ച ചെമ്പുതുട്ടുകൾ ഞാൻ എണ്ണേണ്ടിവരും-സദാ നേരവും വ്യാകുലതതന്നെ ആയിരിക്കും-അത്രയും പോരെ? പിന്നെ അത്‌ മതിയായെങ്കിൽ, എനിക്ക്‌ സന്തോഷത്തിന്‌ അത്‌ മാത്രം മതിയാകും… പിന്നെ വിഷമിക്കാൻ രാത്രി കിടക്കാനുളള ഇടത്തെക്കുറിച്ചായിരിക്കും…. ആവശ്യത്തിനുളള ചെമ്പുനാണയങ്ങൾ ലഭിച്ചില്ലെങ്കിൽ, പട്ടിണിയും തണുപ്പും എനിക്ക്‌ ഭീഷണി ഉയർത്തും… അതെല്ലാം കൊണ്ട്‌ നിമിഷനേരം പോലും ഞാൻ വെറുതെ ഇരിക്കില്ല… ശരി ഏതായാലും, ഇപ്പോഴുളളപോലൊരു യാതനയ്‌ക്കു തുല്യമായി മറ്റൊരു യാതനയും എനിക്ക്‌ ഉണ്ടാകില്ല..“

”അപ്പോൾ അത്‌ അങ്ങിനെ ആണോ?“

മാക്‌സിമിന്റെ ശബ്‌ദം തണുത്തിരുന്നു. വിളർത്ത്‌ വിഷാദമൂകമായ ഈവ്‌ലീന അഗാധ പരിഗണനക്കും, അനുകമ്പയ്‌ക്കും യാചിച്ചുകൊണ്ട്‌ തന്റെ നേർക്ക്‌ തിരിയുന്ന അവന്റെ ദൃഷ്‌ടികളെ നേരിട്ടു.

”ഇല്ല… ഒരിക്കലുമില്ല. എനിക്കതിൽ വിശ്വാസമുണ്ട്‌.“ സ്വരത്തിൽ പുതിയ ഒരു പരുഷതയോടെ പൈത്തോർ കർശനമായി തിരികെ പറഞ്ഞു. ”ഇപ്പോൾ എനിക്ക്‌ കൂടെക്കൂടെ ആ മണിഗോപുരത്തിലെ യീഗോറിനോട്‌ അസൂയ തോന്നാറുണ്ട്‌… രാവിലെ എഴുന്നേറ്റാലുടനെ ഞാൻ അവനെക്കുറിച്ച്‌ ചിന്തിക്കും. പ്രത്യേകിച്ചും കാറ്റും, മഞ്ഞുമുളള ഒരു ദിവസമാണെന്നുവരികിൽ… മണിഗോപുരത്തിന്റെ പടികൾ കയറിപ്പോകുന്ന അവനെക്കുറിച്ചു ഞാനോർക്കും..“

”തണുപ്പിൽ… “മാക്‌സിം ഇടയ്‌ക്കുകയറി പറഞ്ഞു.

”അതെ.. തണുപ്പിൽ. അയാൾ വിറക്കുന്നു.. ചുമക്കുന്നു… എല്ലാത്തിനുമുപരി അവൻ പാംഫിലി അച്ചനെ ശപിക്കുന്നു… കാരണം, അയാളാണല്ലോ അവന്‌ ശിശിരകാലത്തേക്കായി ഒരു ചൂടുളള കോട്ട്‌ നൽകാത്തത്‌. പിന്നെ അവൻ മണിച്ചരടുകളിൽ വിറപൂണ്ട കൈകളാൽ പിടിച്ച്‌, പ്രഭാത ശുശ്രൂഷക്കായി മണിനാദം മുഴക്കുന്ന… താൻ അന്ധനാണെന്ന കാര്യം അവൻ വിസ്‌മരിക്കുന്നു. കാരണം… അന്ധനാണെങ്കിലും അല്ലെങ്കിലും അത്രയും ഉയരങ്ങളിൽ തണുപ്പാണ്‌ പ്രധാനപ്രശ്‌നം…പക്ഷെ, എനിക്കാണെങ്കിൽ… അന്ധനാണെന്ന കാര്യം എനിക്ക്‌ വിസ്‌മരിക്കാൻ വയ്യ… പിന്നെ…“

”നിനക്കാണെങ്കിൽ ഒന്നിനും ആരെയും ശപിക്കാനുമില്ലല്ലോ?“

”അതെ. എനിക്ക്‌ ആരെയും ശപിക്കാനുമില്ല… ഈ അന്ധതയല്ലാതെ എന്റെ ജീവിതം നിറക്കാൻ മറ്റൊന്നുമില്ല. ഒന്നും ഇല്ല… തീർച്ചയായും, അതിൽ പഴിക്കാനും എനിക്കാരും ഇല്ല. എന്നാൽ ഏതൊരു ഭിക്ഷക്കാരനും എന്തിലും സന്തുഷ്‌ടനാണ്‌…“

”ഒരുപക്ഷേ അങ്ങിനെ ആയിരിക്കാം..“ മാക്‌സിം തണുപ്പൻ സ്വരത്തിൽ പറഞ്ഞു. ”ഞാൻ അതിൽ തർക്കിക്കുന്നില്ല. എന്തായാലും, ജീവിതം നിന്നോട്‌ കുറെക്കൂടി പരുഷത കാട്ടിയെന്നുവരികിൽ, നീ ഇതിലും മെച്ചമായേനെ…“

ദയനീയമായി ഒരിക്കൽക്കൂടി ഈവ്‌ലീനയെ നോക്കിയശേഷം, തന്റെ ഊന്നുവടികളുമായി അയാൾ പ്രയാസപ്പെട്ട്‌ മുറിയിൽനിന്നും ഇറങ്ങിപ്പോയി.

ഈ സംഭാഷണത്തെ തുടർന്ന്‌ പൈത്തോറിന്റെ മാനസിക അസ്വാസ്ഥ്യം തീവ്രതരമായി. തന്റെ വേദനാജനകമായ മാനസിക അധ്വാനത്തിൽ അവൻ കൂടുതൽ കൂടുതലായി മുഴുകി.

മാക്‌സിം തന്നോട്‌ അരുളിയ ബോധോദയങ്ങളെക്കുറിച്ച്‌ സ്വരുകൂട്ടിയെടുത്ത തന്റെ ആത്മീയശക്തി ചില നിമിഷങ്ങളിൽ അവനിൽ കാണാമായിരുന്നു. അങ്ങ്‌ അകലെ വിദൂരതയിലേക്ക്‌ ഉരുണ്ട്‌… വിഷാദമൂകമായി ഭൂതലം പരന്നുകിടന്നിരുന്ന അവൻ അതിനെ പര്യവേഷണം നടത്താൻ ഉദ്യമിച്ചെങ്കിലും അത്‌ അനാദിയായിരുന്നു. അതിനുമുകളിൽ മറ്റൊരു അനന്തതകൂടി കിടന്നിരുന്നു. ഓർമ്മ, മിന്നൽപിണറുകളുടെ ചുരുളുകളും, വീതിയേറിയ വിശാലമായൊരു വികാരഭാവവും അവനിലേക്ക്‌ കൊണ്ടുവന്നു. മിന്നൽപിണറുകൾ മായുമെങ്കിലും എന്തോ ഒന്ന്‌ അവിടെ അവശേഷിക്കും. പ്രൗഢവും, പ്രശാന്തവുമായൊരു സംവേദകകമ്പം ആത്മാവിൽ നിറയ്‌ക്കുന്ന എന്തോ ഒന്ന്‌… ഇടയ്‌ക്കിടെ ഈ വൈകാരികഭാവം, സുദൃഢമായൊരു നിർവ്വചനം ആർജ്ജിച്ചിരുന്നു-ഈവ്‌ലിനെയുടെതോ തന്റെ മാതാവിന്റെയോ ശബ്‌ദം കേൾക്കുമ്പോൾ-കാരണം, അവരുടെ നയനങ്ങൾ ആകാശത്തെപ്പോലെ അല്ലേ? പക്ഷെ; പിന്നെ-പൊടുന്നനെ-അതിലും വലിയ നിർവ്വചനത്താൽ നശിപ്പിക്കപ്പെട്ട-തന്റെ ഭാവനയുടെ അത്യഗാധതകളിൽ നിന്നും ഉയർന്നുപൊങ്ങി, രൂപം പ്രാപിക്കാൻ വ്യഗ്രതകൊളളുന്ന ആ സംജ്ഞ അപ്രത്യക്ഷമാവുകയായി.

ഈ അവ്യക്തമായ ഭാവനാദർശനങ്ങൾ അവനെ പീഡിപ്പിച്ചു; ഒരു തുണ്ട്‌ സംതൃപ്‌തിപോലും അവ നൽകിയില്ല. അത്യധ്വാനപരമായ ശ്രമത്തോടെ അവൻ അവയെ പിന്തുടർന്നു. എന്നിരുന്നാലും, അവ സദാ അവ്യക്തമായി നിൽക്കുകയും, നിരാശയല്ലാതെ മറ്റൊന്നും അവനിലേക്ക്‌ പകരുകയുമുണ്ടായില്ല. തന്റെ വ്രണപ്പെട്ട ആത്മാവിനെയും, ജീവിതം നിഷേധിച്ച പൂർണ്ണിമ വീണ്ടെടുക്കാനുളള വിഫലമായ പരിശ്രമങ്ങളോടും ഇണചേർന്ന വേദനാജനകമായ അവ്യക്തവ്യഥയെ അവയ്‌ക്ക്‌ തുടച്ചുമാറ്റാനായില്ല.

Generated from archived content: anthagayakan37.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English