തീരാപകയുടെ രസതന്ത്രം

കൂട്ടുകുടുംബത്തിലെ പൊള്ളുന്ന അനുഭവങ്ങള്‍ സ്നേഹം , വാത്സല്യം , കോപതാപങ്ങള്‍ , കരുണ , പക… അവയെല്ലാം കൂടിക്കുഴയുമ്പോള്‍ പിടയുന്ന മനസ്സ്.

കാര്യപ്രാപ്തിയുള്ള അമ്മയില്‍ അമ്മൂമ്മ ചൊരിയുന്ന ഉത്തരവാദിത്വവും പിന്തുണയും കാണക്കാണെ മറ്റ് മക്കള്‍ക്ക് അസൂയയും അമര്‍ഷവും തോന്നുന്നതില്‍ അത്ഭുതമില്ല. പക്ഷേ…ആ വികാരം ഇരട്ടക്കണ്ണി വലയായി കുഞ്ഞുങ്ങളെ കുരുക്കിയിടുക.

അമ്മയുടെ മൂന്ന് പെണ്മക്കളില്‍ എനിക്ക് താഴെ രണ്ട് വയസ്സ് വ്യത്യാസത്തില്‍ അനിയത്തിമാര്‍. ഞാനും രണ്ടാമത്തെ അനിയത്തി രുഗ്മണിയും കാഴ്ചക്ക് ഏകദേശം ഒരു പോലെ.

അവള്‍ക്ക് അമ്മയുടെ ജേഷ്ഠത്തി നാരായണി വല്യമ്മയെ ഏറെ ഇഷ്ടം. മെല്ലിച്ച ശരീരം, വലിവിന്റെ അസുഖം, തുറിച്ച നോട്ടം, നാരായണി വല്യമ്മയെ എനിക്ക് പേടിയാണ്. തറവാട്ടില്‍ ഭരണം കയ്യാളുന്ന അമ്മ സ്വന്തം മക്കളെ മാത്രം നന്നായി സംരക്ഷിക്കുന്നു. ഈ പരാതിയില്‍ ശാപവാക്കുകളും, ദ്വയാര്‍ഥ പ്രയോഗങ്ങളും , ശബ്ദതാരാവലിയില്‍ പോലും തപ്പിയാല്‍ കാണാനാവാത്ത കടുത്തപ്രയോഗങ്ങള്‍ കുടുംബാന്തരീക്ഷം മലീമസമാക്കി. അമ്മയും ഒട്ടും മോശമല്ല. അധ്യാപികയുടെ മാസവരുമാനവും നാളികേരവിഹിതവുമൊക്കെ എടുത്ത് തൊഴിലില്ലാത്ത സഹോദരന്മാരെ സംരക്ഷിച്ചിട്ടും ഇത്ര നീചമായി പെരുമാറാന്‍ നാരായണിയേട്ടത്തിക്ക് എങ്ങിനെ കഴിയുന്നുവെന്ന് അമ്മ ചോദിക്കും

ഭകഷണം കഴിക്കാനും കുളിക്കാനും എന്തിന് ഉറങ്ങാന്‍ വരെ അനിയത്തിക്ക് നാരായണി വല്യമ്മ വേണം. വായിക്കാനും എഴുതാനും അവര്‍ അടുത്തിരിക്കണം.

‘’മോള്‍ നാരായണി ഏട്ടത്തിക്കൊപ്പം എവിടേയും പോകരുത്. നിന്നെ അപകടപ്പെടുത്തും. ‘’

അമ്മ അനിയത്തിയെ പലപ്പോഴും ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. അവള്‍ വക വയ്ക്കാറില്ല. അമ്മയോടുള്ള കടുത്ത പകയ്ക്കും ദേഷ്യത്തിനും പകരം വീട്ടാന്‍ അവര്‍ അവളെ ആയുധമാക്കിയിരുന്നു. എത്ര വഴക്കു പറഞ്ഞാലും , പിടിച്ചു തള്ളിയാലും , തല്ലിയാലും അവള്‍ അവരുടെ പിറകില്‍ നിന്നും മാറില്ല.

പ്രണയവും സ്നേഹവും വേര്‍പിരിയാനാവാതെ കൂടിക്കുഴയുന്ന , മനസ്സിന്റെ ഭാവങ്ങള്‍ ലോഹിതദാസ് ‘ഭൂതക്കണ്ണാടി’ യില്‍ വരച്ചു വച്ചു. ആ മമ്മൂട്ടി കഥാപാത്രത്തിന്റെ സ്വഭാവമുള്ളവര്‍ നമുക്കിടയിലുണ്ട്. ( പേര് ഓര്‍മ്മയില്ല എഴുതുക) ‘രാധാമാധവ’ത്തിലെ ജയറാമും അതില്‍പ്പെടുന്നു. ഒരാള്‍ക്ക് മറ്റൊരാളോട് സ്നേഹം തോന്നിയാല്‍ പിന്നെ എതിര്‍ത്താലും , ചവുട്ടി തൊഴിച്ചാലും എല്ലാം സഹിച്ച് ഒഴിയാബാധയായി ആ‍ വ്യക്തിയെ പിന്തുടരും.

ബന്ധു വീട്ടില്‍ രാതിക്കല്യാണം നടക്കുന്നു. മുന്‍പ് ഹിന്ദു ഗൃഹങ്ങളില്‍ സന്ധ്യക്കു തുടങ്ങി കൊട്ടും , കുരവയും ,നാദസ്വരവും ,പാണ്ടിമേളവും താലികെട്ടും സദ്യയുമൊക്കെയായി രാവേറെ ചെല്ലുന്ന വിവാഹം. മാസങ്ങള്‍ക്കു മുന്‍പ് തിരുപ്പതി, മധുര, പഴനി, രാമേശ്വരം പോയി വരും വഴി ആന്ധ്ര, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ വെച്ച് അത്തരം കല്യാണങ്ങള്‍ കണ്ടിട്ടുണ്ട്.

അലങ്കാര ബള്‍ബുകള്‍ തൂക്കിയിട്ട , പനയോലകള്‍ ചന്തം ചാര്‍ത്തിയ വീട്ടുമുറ്റത്ത് അമ്മയ്ക്കൊപ്പം ഞാന്‍ എത്തി . നാരായണി വല്യമ്മക്കും മക്കള്‍ക്കുമൊപ്പം അനിയത്തി നേരത്തെ തന്നെ കല്യാണവീട്ടില്‍ എത്തിയിരുന്നു. കല്യാണം കെങ്കേമം. ഇന്നത്തെ രീതി അനുസരിച്ച് ഭക്ഷണത്തിന് മേശ- കസേരയോ, ബുഫേ പരിപാടിയോ ഒന്നുമില്ല. എല്ലാവരും നിലത്ത് വിരിച്ച പായയിലിരുന്ന് നാക്കിലയില്‍ വിഭവസമൃദ്ധ സദ്യ ഉണ്ടു. ഊണ് കഴിച്ച് കൈകഴുകുന്ന അമ്മയെ, തിക്കിതിരക്കി വന്ന നാരായണി വല്യമ്മ ദഹിപ്പിക്കുന്ന ഒരു നോട്ടം. വായില്‍ വെള്ളമെടുത്ത് ഊക്കില്‍ പുറത്തേക്ക് തുപ്പുന്ന നാരായണി വല്യമ്മയോട് ‘മോളെവിടെ’ എന്ന് അമ്മ ചോദിച്ചു ‘’പോയ് അന്വേഷിക്കെന്ന്” എടുത്തടിച്ച മറുപടി.

കല്യാണവീട്ടിലെ പടിക്കലെത്തിയതും, അനിയത്തി ഞങ്ങള്‍‍ക്കിടയിലേക്ക് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ഓടി വന്നു. അവള്‍ വല്ലാതെ കിതച്ചിരുന്നു. പിന്നാലെ മറ്റൊരു സ്ത്രീയും.

വിങ്ങിവിങ്ങിക്കൊണ്ട് വാക്കുകള്‍ അവളില്‍ നിന്ന് മുറിഞ്ഞു വീണു.

‘’ ന്നെ അപ്പുമ്മ മുറിയിലിട്ടു പൂട്ടി’‘

വാദ്യമേളങ്ങളും ശബ്ദകോലാഹലങ്ങളും കാരണം ആരും ഒന്നും കേട്ടില്ല, കണ്ടില്ല . കുളിമുറിയിലേക്ക് പോകുമ്പോള്‍ പിന്തുടര്‍ന്നെത്തിയ നിലവിളി പൂട്ടിയിട്ട വാതില്‍ തുറക്കാനിടയാക്കി. അവിടെ, പേടിച്ച് വിറച്ച് ഒരു വശത്ത് ഒതുങ്ങിക്കൂടി , ഒരിറക്ക് വെള്ളം പോലും കിട്ടാതെ വിലപിക്കുന്ന അനിയത്തി.

വഴിക്ക് വെച്ച് അമ്മ അവളെ ശകാരിച്ചു. കണ്ണ് തുടച്ച് അമ്മ രോഷം കൊണ്ടു.

‘’നിന്നോട് എത്രവട്ടം പറഞ്ഞു അവരുടെ അടുത്ത് പോകരുതെന്ന് അനുസരണയില്ലാത്തവള്‍ . മേലില്‍, അവരുടെ കണ്‍ വെട്ടത്ത് നിന്നെ കണ്ടുപോകരുത്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ , അമ്മ മരിച്ചെന്ന് കരുതിക്കോ’‘

അവള്‍ സമ്മതിച്ചു പക്ഷെ….

അന്ന് രാത്രി കുറേ നേരം കഴിഞ്ഞപ്പോള്‍ വടക്കേമുറിയില്‍ നാരായണി വല്യമ്മയ്ക്കൊപ്പം ഉറങ്ങുന്ന അനിയത്തിയെ എടുത്ത് അമ്മ ഞങ്ങള്‍ കിടക്കുന്ന തെക്കേ അകത്തെ കട്ടിലില്‍ കൊണ്ട്ചെന്ന് കിടത്തി.

തുടരും…….

Generated from archived content: orma2.html Author: km_radha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English