ഇരുപത്‌

ഇന്ന്‌ ഒരു നല്ല ദിവസമാണ്‌. എല്ലാം ഒത്തുകിട്ടി. ഈ നല്ല മുഹൂർത്തം ഇനി ആവർത്തിക്കുമോ എന്ന്‌ എനിക്കു സംശയമുണ്ട്‌. അതുകൊണ്ട്‌, നിങ്ങളുടെ എല്ലാവരുടെയും മുന്നിൽവച്ച്‌, ഞാൻ… അല്ലെങ്കിൽ വേണ്ട. ഞാനത്‌ രഹസ്യമായി…..

പ്രവീൺമേനോൻ പറയാൻ വന്നത്‌ കടിച്ചമർത്തി.

ദാസ്‌ പറഞ്ഞുഃ

താൻ പറഞ്ഞുകൊളളൂ. ധൈര്യമായിട്ട്‌. ഇന്ന്‌ താനെന്തുപറഞ്ഞാലും ഞങ്ങൾ അനുസരിക്കും.

പ്രവീൺ പക്ഷെ, ഒന്നും പറഞ്ഞില്ല.

വെളളിയാഴ്‌ച ഉച്ചതിരിഞ്ഞാണ്‌ മീറ്റിംഗ്‌. കഴിഞ്ഞ വെളളിയാഴ്‌ചത്തെ മീറ്റിംഗിൽ ബാലചന്ദ്രൻ ക്യാനുകൾ നിർമിക്കുന്ന പരിപാടിയെക്കുറിച്ച്‌ സൂചിപ്പിച്ചു. കടലാസ്‌, പ്ലാസ്‌റ്റിക്‌, ടിൻ ഇതല്ലാതെ വേറെ ഏതെങ്കിലും സാധനങ്ങൾ ഉപയോഗിച്ച്‌ ക്യാൻ നിർമിക്കാനുളള ഒരു സ്‌കീം തയ്യാറാക്കി അടുത്ത മീറ്റിംഗിൽ കൊണ്ടുവരാമെന്ന്‌ ബാലചന്ദ്രൻ സമ്മതിക്കുകയും ചെയ്‌തു. പക്ഷെ, സ്‌കീമിന്റെ വിശദവിവരങ്ങൾ തേടിപ്പിടിച്ച്‌ കടലാസിലാക്കിയപ്പോൾ, ബാലചന്ദ്രന്‌ ഈ ഉത്‌പന്നത്തോട്‌ ആദ്യം തോന്നിയ ആവേശം കുറഞ്ഞു. വേറെ ഏതെങ്കിലും പ്രോഡക്‌ടാണ്‌ നല്ലത്‌ എന്നുപോലും ചിന്തിച്ചു. അതുകൊണ്ട്‌ അല്‌പം നെർവസ്‌നസോടുകൂടിയാണ്‌ ബാലചന്ദ്രൻ മീറ്റിംഗിന്‌ എത്തിയത്‌.

പക്ഷെ, ബാലചന്ദ്രന്റെ സ്‌കീം അവതരിപ്പിക്കാൻപോലും സന്ദർഭം കിട്ടിയില്ല. അത്രപെട്ടന്നായിരുന്നു, തീരുമാനങ്ങളുടെ പരമ്പരകൾ.

പ്രവീൺമേനോനായിരുന്നു നായകൻ.

പ്രവീൺമേനോൻ, രാവിലെ തന്റെ സ്‌റ്റോക്‌എക്‌സ്‌ചേഞ്ചിനടുത്തുളള ഓഫീസിൽ ചെന്നപ്പോൾ ഒരു സ്‌നേഹിതന്റെ കത്തുമായി ഒരു ചെറുപ്പകാരൻ കാത്തിരിക്കുന്നു. പ്രവീൺ കത്തുവാങ്ങി, വായിച്ചു.

ഒരു പരിചയപ്പെടുത്തൽ കത്തായിരുന്നു.

ഡേവിഡ്‌ വളരെക്കാലം തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലായിരുന്നു. ഒരു ജപ്പാനീസ്‌ കമ്പനിയിലെ ജോലിക്കാരനായിട്ട്‌. ബാങ്ക്‌കോക്ക്‌, ഹോംഗ്‌കോംഗ്‌, ജക്കാർത്ത, സിംഗപ്പൂർ, കോലാലമ്പൂർ, പിന്നെ ജപ്പാനിലെ നഗരങ്ങൾ-എല്ലായിടത്തും ഇരുന്നിട്ടുണ്ട്‌. ഇപ്പോൾ ജോലിയിൽനിന്നും വിരമിച്ചു നാട്ടിൽ വന്നിരിക്കുകയാണ്‌. കൈയിൽ പത്തിരുപത്തഞ്ചുലക്ഷം രൂപ ബിസിനസിൽ മുടക്കാനായിട്ടുണ്ട്‌. സ്‌റ്റോക്‌എക്‌​‍്‌സ്‌ചേഞ്ചിൽ ബ്രോക്കറാകണം. കുറഞ്ഞ വിലയ്‌ക്ക്‌ ഒരു കാർഡ്‌ തരപ്പെടുത്തിക്കൊടുക്കണം. താമസമുണ്ടെങ്കിൽ പ്രവീണിന്റെ ഓതറൈസ്‌ഡ്‌ അസിസ്‌റ്റന്റാക്കി എടുത്താലും വിരോധമില്ല. അതിനുളള സാമ്പത്തികകാര്യങ്ങൾ നിങ്ങൾ ഇരുവരും ചർച്ചചെയ്‌തു തീരുമാനിക്കുക.

പ്രവീണിന്‌ ഡേവിഡിനെ ഇഷ്‌ടപ്പെട്ടു. നാൽപ്പത്തഞ്ചുവയസ്സു പ്രായം വരും. തിരുവല്ലായ്‌ക്കടുത്താണ്‌ സ്ഥലം. അവിടെ താമസിക്കാൻ പറ്റുകില്ല. എറണാകുളത്തു സെറ്റിൽചെയ്യണം. ഗ്രാമത്തിൽ എൻ.ആർ.ഈ.കളുടെ ബഹളമാണ്‌. അതിനിടയിൽ വെറും ഇരുപത്തഞ്ചുലക്ഷക്കാരൻ നിസാരനാണ്‌.

ഡേവിഡിന്‌ സ്വന്തം അപകടങ്ങൾ വിവരിക്കുന്നതിൽ ഒട്ടും ലജ്ജയില്ലായിരുന്നു.

അവിടെത്തന്നെ നിന്നേനേം. പക്ഷേ, എന്റെ മഠയത്തരം! എന്റെ കമ്പനി, കേട്ടിട്ടില്ലേ, ലോകപ്രസിദ്ധ കമ്പനിയാണ്‌. ഡീസൽ എൻജിനും ജനറേറ്ററും നിർമ്മിക്കുന്നതിൽ ഇന്ന്‌ ലോകത്തിലെ ടോപ്പ്‌ പാർട്ടികൾ. ജർമനിയായിരുന്നല്ലോ, പണ്ട്‌ ഇത്തരം മെഷിനറി നിർമ്മാണത്തിൽ വിദഗ്‌ധർ. ജപ്പാൻകാർ അവരുടെ ബുദ്ധിയുപയോഗിച്ച്‌ ജർമൻ എൻജിനുകളുടെ അതേ രൂപത്തിൽ, അതേ ക്വാളിറ്റിയിൽ സാധനങ്ങൾ ഉണ്ടാക്കി മാർക്കറ്റിലിറക്കി. അന്ന്‌ ജപ്പാനിൽ ഓവർഹെഡ്‌സ്‌ കുറവാണ്‌. മെല്ലെ മെല്ലെ അവർ ജർമൻകാരെ ഔട്ടാക്കി. അതിന്റെ തെക്കുകിഴക്കനേഷ്യയിലെ മാർക്കറ്റിംഗിന്റെയും വിൽപ്പനയ്‌ക്കുശേഷമുളള ആഫ്‌റ്റർ സെയിൽസിന്റെയും ചീഫായിരുന്നു ഞാൻ.

എന്നിട്ട്‌ എന്തിനേ രാജിവച്ചു?

പറയാം. എനിക്കൊരു ഐഡിയ തോന്നി. ഇന്ത്യാ ഗവൺമെന്റിന്റെ പുതിയ നയങ്ങളനുസരിച്ച്‌ സ്വകാര്യമേഖലയ്‌ക്ക്‌ വളരെയേറെ വളരാനുളള സാധ്യതകളുണ്ടല്ലോ ഇവിടെ. എന്തുകൊണ്ട്‌, ജപ്പാനീസ്‌ മാതൃകയിലുളള മോട്ടറുകളും, ജനറേറ്റർ സെറ്റുകളും ഇവിടെ നിർമ്മിച്ചുകൂടാ? എനിക്കാണെങ്കിൽ ഞങ്ങളുടെ ഒസാക്കയ്‌ക്കടുത്തുളള ഫാക്‌ടറിയുടെ എ.ബി.സി.ഡി.വരെ അറിയാം. അവിടെ തൊഴിലാളികളുടെ വേതനം എല്ലാ മാസവും വർദ്ധിക്കുന്നു. യെൻ വളരെ സ്‌ട്രോംഗായി വരികയാണ്‌. നമ്മുടെ ഇവിടെയാണെങ്കിൽ, ജപ്പാനെവച്ച്‌ നോക്കുമ്പോൾ വേതനം തീരെ കുറവല്ലേയുളളൂ. അന്നൊരിക്കൽ സിംഗപ്പൂരിൽവച്ച്‌ കേരളത്തിൽനിന്നുളള ഒരു മന്ത്രിയെ കണ്ടിരുന്നു. അദ്ദേഹം കേരളത്തിൽ വ്യവസായത്തിനുളള അടിസ്ഥാനസൗകര്യങ്ങൾ വാഗ്‌ദാനംചെയ്യുകയും ചെയ്‌തു. ഞാൻ വിചാരിച്ചു, നാട്ടിൽവന്ന്‌ വ്യവസായം തുടങ്ങാം. ഞാനിതിനിടയ്‌ക്ക്‌ പല റിസർച്ചും നടത്തി. നാട്ടിലാണെങ്കിൽ വൈദ്യുതി ഉല്‌പാദനം കൂടുന്നില്ല. അടുത്ത്‌ പെട്ടെന്ന്‌ വർദ്ധിക്കാൻ സാധ്യതയുമില്ല. പുതിയ പ്ലാന്റുകൾ സജീവമാകാൻ വർഷങ്ങൾ പിടിക്കും. പഴയരീതിവെച്ചാണെങ്കിൽ വ്യാഴവട്ടങ്ങൾ തീർച്ച. ഓരോ വർഷവും വൈദ്യുതിക്കമ്മി കൂടിക്കൊണ്ടുവരും. നമുക്ക്‌ മാർക്കറ്റിന്‌ ഒരു പ്രശ്‌നവുമില്ല. ഞാൻ, ജപ്പാനിലെ ജോലി രാജിവച്ചു. ഞങ്ങളുടെ ഫാക്‌ടറിയിലെ ഓരോ പ്രോഡക്‌ടിന്റെയും എല്ലാ ഡ്രോയിംഗ്‌സും എല്ലാ വിവരങ്ങളും ഞാൻ കൂടെ കൊണ്ടുവന്നു.

കേട്ടുതഴമ്പിച്ച കഥകളായിരുന്നു പിന്നീട്‌ ഡേവിഡ്‌ പറഞ്ഞത്‌. സർക്കാരിന്റെ ഓഫീസുകളിൽ ചെല്ലുമ്പോൾ പ്രതീക്ഷിച്ചത്ര മാന്യത ലഭിക്കാത്തതിലുളള ഈഗോ പ്രശ്‌നങ്ങൾ, വീട്ടുകാരുടെയും സ്‌നേഹിതരുടെയും വാണിംഗ്‌, ഭയം ഇവയെല്ലാം ഡേവിഡിനെ പരോക്ഷമായി ബാധിച്ചു എന്ന്‌ പ്രവീണിന്‌ തീർച്ചയായി. അടിസ്ഥാനപരമായി, ഡേവിഡ്‌ ഒരു ജോലിക്കാരൻ മാത്രമാണ്‌. വ്യവസായി, മാനേജർ, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിവും ധൈര്യവുമുളളവനായിരിക്കണം. ഡേവിഡിന്‌ അതാകാൻ പറ്റുകയില്ല. പക്ഷേ, അത്‌ സമ്മതിക്കാൻ, എന്തിന്‌, മനസ്സിലാക്കാൻപോലും ഡേവിഡിന്‌ കഴിയുകയില്ല.

പ്രവീൺ പറഞ്ഞു.

ശരിയാണ്‌. വ്യവസായം തുടങ്ങുന്നതിലും നല്ലത്‌, താങ്കൾക്ക്‌ റിസ്‌ക്‌ കുറഞ്ഞിരിക്കുന്നത്‌ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ചിലാണ്‌.

തത്‌ക്കാലം ഓതറൈസ്‌ഡ്‌ അസിസ്‌റ്റന്റ്‌ ആകാം. താമസിയാതെ കുടിശ്ശികക്കാരായ മെമ്പർമാരുടെ മെമ്പർഷിപ്പ്‌ കാർഡുകൾ ലേലത്തിൽ വരും. അല്ലെങ്കിൽ, വലിയ നഷ്‌ടംവന്ന വല്ലവരും കാർഡ്‌ വിൽക്കാൻ തയ്യാറായിവരും. അപ്പോൾ വിലപേശി വാങ്ങാം.

ഡേവിഡിന്‌ സന്തോഷമായി.

ഞാൻ പ്രവീണിനെ കാണാൻ വരുന്നതിനുമുമ്പ്‌ പലരുമായി ആലോചിച്ചിരുന്നു. എല്ലാവരും താങ്കളുടെ പേരാണ്‌ നിർദ്ദേശിച്ചത്‌, എനിക്ക്‌ ഏറ്റവും പറ്റിയ ആൾ എന്ന്‌.

താങ്ക്‌സ്‌.

പെട്ടെന്നാണ്‌ പ്രവീൺമേനോന്‌ ഐഡിയ കിട്ടിയത്‌. പറഞ്ഞുഃ

എന്റെ ചില സുഹൃത്തുക്കൾ ഒരു പ്രൊഡക്‌ഷൻ യൂണിറ്റ്‌ തുടങ്ങാൻ പോകുന്നുണ്ട്‌. താങ്കളുടെ കൈവശമുളള ഡ്രോയിംഗ്‌സും ഡീറ്റയൽസും താങ്കൾക്കാവശ്യമില്ലാത്ത നിലയ്‌ക്ക്‌ അവർക്കു നൽകാൻ സാധിക്കുമോ? ഒഫ്‌കോഴ്‌സ്‌, വിലയ്‌ക്ക്‌.

ഡേവിഡ്‌ അല്‌പനേരം നിശ്ശബ്‌ദനായി ഇരുന്നു, പിന്നെ, ചിരിച്ചു.

ബൈ ഓൾ മീൻസ്‌.

എന്താ ആലോചിച്ചു ചിരിച്ചത്‌?

മിസ്‌റ്റർ പ്രവീണിന്റെ സ്‌നേഹിതർക്ക്‌ മിടുക്കുണ്ടെങ്കിൽ, ജപ്പാനിലെ കമ്പനിയുടെ പ്രോഡക്‌ടുകളുടെ അതേ മോഡലുകൾ, വിലകുറച്ച്‌ ഇവിടെ മാർക്കറ്റിലിറക്കണം. ആദ്യം തെക്കുകിഴക്കനേഷ്യയിലെ മാർക്കറ്റിംഗിന്‌, ഞാൻ ഹെൽപ്പ്‌ചെയ്യാം. എനിക്കുളള വ്യാപാരബന്ധങ്ങൾ അവിടെ മറ്റാർക്കുമില്ല.

പ്രവീണിന്‌ ചിരിവന്നു.

മിസ്‌റ്റർ ഡേവിഡ്‌ പിണങ്ങിയാണോ വന്നിരിക്കുന്നത്‌?

അതല്ല, അവർക്ക്‌ ഇന്ത്യയിൽ മാർക്കറ്റിംഗ്‌ നടത്തണം. ഒന്നുരണ്ടുപാർട്ടികളുമായി കൂട്ടുപ്രവർത്തനത്തിന്റെ ചർച്ചകൾ നടക്കുന്നുണ്ട്‌. അത്‌ ഞാനറിയാതെ, എന്നോട്‌ സൂചിപ്പിക്കുകപോലും ചെയ്യാതെയാണ്‌ തുടങ്ങിയത്‌. ജാപ്പനീസ്‌ കമ്പനികളിൽ ഇത്തരം പെരുമാറ്റത്തിന്റെ അർത്ഥം നമ്മളെ അവർക്കുവേണ്ട എന്നാണ്‌. അമേരിക്കൻ കമ്പനികളുടെ രീതിയല്ല അവിടെ. അമേരിക്കയിലാണെങ്കിൽ നമ്മളിലുളള വിശ്വാസം നശിച്ചാൽ മാനേജ്‌മെന്റ്‌ ആ നിമിഷം നോട്ടീസ്‌ശമ്പളവും നൽകി പറഞ്ഞുവിടും. ജപ്പാൻകാർ അങ്ങിനെയല്ല. കുടുംബത്തിലെ താന്തോന്നിയോ, മന്ദബുദ്ധിയോ ആയ അംഗത്തിനോട്‌ പെരുമാറുന്നതുപോലെ അവഗണിക്കും.

പ്രവീൺമേനോന്‌, ഐഡിയ സ്വയംവളർത്തിയപ്പോൾ ഇത്‌ ഏറ്റവും പെർഫക്‌റ്റായിത്തോന്നി.

അത്യാധുനിക ജപ്പാനീസ്‌ മോഡലിലുളള എൻജിനുകൾ. ഗുണമേന്മയിൽ ജപ്പാൻകാരെ തോൽപ്പിക്കണം. ജപ്പാന്റെ അനുകരണങ്ങൾ തായ്‌വാനും, കൊറിയയും പുറത്തിറക്കുന്നതുപോലെയാകരുത്‌. തുച്ഛമായ വിലയ്‌ക്ക്‌ മാർക്കറ്റിൽ കൊണ്ടുവന്ന്‌ മാർക്കറ്റ്‌ പിടിച്ചടക്കണം. ഇന്ന്‌ മാർക്കറ്റിലുളള മോഡലുകളെക്കാൾ ആകർഷകമായിരിക്കണം. വിലയിലും, പ്രവർത്തനത്തിലും. കടലിൽ ഉപയോഗിക്കാവുന്നതും, ഓട്ടോമോട്ടീവും, നിശ്ചലമായതും, എല്ലാടൈപ്പും വേണം.

പ്രവീൺമേനോൻ ഈ ആശയം, വൈകിട്ട്‌ കൂടിയ മീറ്റിംഗിൽ അവതരിപ്പിച്ചപ്പോൾ അതിന്‌ ആവേശപൂർണമായ സഹകരണം ലഭിച്ചു. കേരളത്തിലെ പവർകട്ടും, ഊർജപ്രതിസന്ധിയും, ഏതായാലും മോട്ടറുകൾക്കും ജനറേറ്ററുകൾക്കുമുളള ഡിമാന്റ്‌ വർദ്ധിപ്പിച്ചുകൊണ്ടിരിക്കും.

ബാലചന്ദ്രൻ ചോദിച്ചു.

എന്തുകൊണ്ട്‌ സ്‌റ്റെബിലൈസർകൂടി ആയിക്കൂടാ?

വോൾട്ടേജുക്ഷാമവും നമ്മളെ ഒരിക്കലും കൈവിടാൻപോകുന്നില്ല. ഇലക്‌ട്രിക്‌ ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ടി.വി. ആയാലും റെഫ്രിജറേറ്റർ ആയാലും അവ മധ്യവർത്തി സമൂഹത്തിലെ ഏറ്റവും ആഗ്രഹിക്കുന്ന ആവശ്യത്തിലേക്ക്‌ വന്നുകൊണ്ടിരിക്കുകയാണ്‌. അവയ്‌ക്ക്‌ രണ്ടിനും വോൾട്ടേജ്‌സ്‌റ്റെബിലൈസർ കൂടാതെ കഴിയുകയില്ലല്ലോ.

ശരിയാണ്‌ അതും തുടങ്ങൂ.

എല്ലാംകൂടി വേണ്ട.

അതെ. ഇരുന്നിട്ട്‌ കാലുനീട്ടാം.

ആദ്യം ഏതാണ്‌ വേണ്ടത്‌?

ജപ്പാന്റെ കോപ്പിയടി. കൊറിയക്കാര്‌ ചെയ്യുന്നത്‌, അതിലും ക്വാളിറ്റിയോടെ വിലകുറച്ച്‌.

ശരി.

പെട്ടെന്ന്‌ പ്രവീൺമേനോൻ പൊട്ടിച്ചിരിച്ചു. ഓമനയെ നോക്കിയായിരുന്നു ചിരിച്ചത്‌. ഓമനയുടെ ചുണ്ടിലും മന്ദഹാസം വിടർന്നു. അവൾക്ക്‌ ലജ്ജ തോന്നി. അവൾ മുഖം താഴ്‌ത്തി.

എന്താ?

പ്രവീൺമേനോൻ പറഞ്ഞു.

ഓമനയും, അമ്പിയും ഒക്കെ ശ്രമിച്ചിട്ടും നമ്മുടെ കമ്പനിക്കിടേണ്ട പേര്‌ കിട്ടിയില്ലല്ലോ, ഉവ്വോ?

അമ്പി പറഞ്ഞു.

കഴിഞ്ഞാഴ്‌ച തെരഞ്ഞെടുത്ത്‌ ചെക്കുചെയ്‌ത നാലുപേരുകളും റിജക്‌റ്റായി. അതിൽ മൂന്നുപേരുകളും നേരത്തെതന്നെ അലോട്ട്‌ ചെയ്‌തതാണ്‌.

നാലാമത്തേത്‌?

അതിന്‌ മതപരമായ പ്രശ്‌നമുണ്ടത്രേ.

പ്രവീൺമേനോൻ പറഞ്ഞു.

സാരമില്ല, നമുക്കൊരു പേര്‌ കിട്ടി. ഇപ്പോഴാണെനിക്ക്‌ ഐഡിയ കിട്ടിയത്‌.

ഐഡിയ?

അതെ. കാലത്ത്‌ ഡേവിഡിനെക്കണ്ടപ്പോൾ ഐഡിയകിട്ടിയില്ലേ, അതുപോലെ.

പറയൂ.

നമ്മുടെ പരിപാടി, ജപ്പാനിലെ കമ്പനിയുണ്ടാക്കുന്ന അതേരീതിയിലുളള സാധനം ഇവിടെ നിർമ്മിച്ച്‌ മാർക്കറ്റുചെയ്യുക എന്നതാണല്ലോ.

അതെ.

ഒരു അമേരിക്കൻ സിനിമയുണ്ട്‌. അമേരിക്കൻ പ്രസിഡന്റ്‌, അവിടുത്തെ നിർണ്ണായകശക്തിയുളള ബിസിനസ്‌ഗ്രൂപ്പിനിഷ്‌ടമല്ലാത്ത രീതിയിൽ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നു. അപ്പോൾ രഹസ്യമായി ആ ഗ്രൂപ്പ്‌ ഒരു പരിപാടി ആസൂത്രണം ചെയ്യുകയാണ്‌. പ്രസിഡന്റിനെ മരുന്നുകൊടുത്ത്‌ അവശനാക്കി ഒരു സാനിട്ടോറിയത്തിലേക്കു മാറ്റി, പകരം പ്രസിഡന്റിന്റെ അതേ രൂപവും, ശബ്‌ദവുമുളള ഒരു പാവപ്പെട്ട നടനെ അവരോധിക്കുകയാണ്‌. പുതിയ പ്രസിഡന്റ്‌ തങ്ങളുടെ വരുതിക്കൊത്ത്‌ തീരുമാനങ്ങളെടുക്കുമെന്നാണ്‌ ഈ ഗ്രൂപ്പ്‌ പ്രതീക്ഷിക്കുന്നത്‌.

ദാസിനൊരു സംശയം.

പ്രസിഡന്റിന്‌ ഭാര്യയില്ലേ? ഫസ്‌റ്റ്‌ ലേഡി, ആള്‌ മാറിച്ചെല്ലുമ്പോൾ അവർക്ക്‌ മനസ്സിലാകുകയില്ലേ?

അത്‌-കഥയുണ്ടാക്കിയവര്‌ പ്രതിവിധിയും കണ്ടിരുന്നു. പ്രസിഡന്റും ഭാര്യയുമായി ഇലക്‌ഷനുമുമ്പുതന്നെ ബന്ധം ഒന്നും ഇല്ലാത്ത രീതിയായിരുന്നു. ഒരു വിവാഹമോചനം-ഇലക്‌ഷനെ ബാധിക്കും എന്നതുകൊണ്ടാണ്‌ അവർ അതിന്‌ തുനിയാതിരുന്നത്‌. പിന്നെ, ആ സ്‌ത്രീയ്‌ക്കും ഫസ്‌റ്റ്‌ ലേഡിയായിരിക്കാൻ ആഗ്രഹമുണ്ടായിരുന്നുതാനും.

എന്നിട്ട്‌?

കഥ എന്തുമാകട്ടെ. അതല്ല പ്രശ്‌നം. ആ കഥയുടെ പേര്‌ ഡേവി എന്നാണ്‌. ഡി.എ.വി.വൈ.-ഡേവി. നമ്മൾ ചെയ്യുന്നതും ഇതേ പരിപാടിയല്ലേ?

ഓൾമോസ്‌റ്റ്‌.

എന്നാൽ നമ്മുടെ കമ്പനിക്കും ഇതേ പേരിടാം.

എന്ത്‌?

ഡേവി ഇൻഡസ്‌ട്രീസ്‌.

പേര്‌..പേര്‌ കൊളളാം.

പിന്നെ? ഇൻഡസ്‌ട്രീസ്‌ വേണ്ട എന്റർപ്രൈസസ്‌ എന്നാകട്ടെ.

ഡേവി ഇന്റർനാഷണൽ എന്റർപ്രൈസസ്‌. നോ. ഇന്റർനാഷണൽ വേണ്ട. വെറും ഡേവി എന്റർപ്രൈസസ്‌.

അമ്പിയാണ്‌ തീർപ്പുകൽപ്പിച്ചത്‌.

വേണ്ട. ഡേവി ഇൻഡസ്‌ട്രീസ്‌ മതി. നമ്മൾ വ്യവസായമാണ്‌ തുടങ്ങാൻപോകുന്നത്‌. വ്യവസായം പേരിലും വേണം.

റിലയൻസ്‌ ഇൻഡസ്‌ട്രീസ്‌, അതുപോലെ.

യെസ്‌.

എല്ലാവരും കൈയടിച്ചു.

അപ്പോഴാണ്‌ പ്രവീൺമേനോന്‌ തന്റെ മൂന്നാമത്തെ ഐഡിയ കിട്ടിയത്‌. അത്‌ അയാൾ മീറ്റിംഗിനുശേഷം രഹസ്യമായി ഓമനയോട്‌ പറഞ്ഞു.

ഓമന പരിഭ്രമിച്ചു.

ആലോചിച്ചിട്ട്‌ നാളേയ്‌ക്ക്‌ ഉത്തരം പറഞ്ഞാൽമതി, എന്ന്‌ പ്രവീൺമേനോൻ സമാധാനിപ്പിക്കുകയും ചെയ്‌തു.

Generated from archived content: privatelimited20.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English