വനാന്തരം

ഉല ഉലഞ്ഞുലഞ്ഞ്‌ കത്തി.

തീപ്പൊരികൾ കാറ്റിൽ പറത്തിയും ഉലച്ചൂടിൽ ഉരുകിയുരുകിയും തീപ്പൊട്ടൻ കിതപ്പാറ്റി നിന്നു. അടിച്ചടിച്ച്‌ പതം വരുത്തി കാരിരുമ്പിൽ കത്തികൾ തീർക്കുമ്പോൾ തീപ്പൊട്ടന്റെ ചുകന്ന കണ്ണുകളിൽ കനല്‌ കത്തി. കാരിച്ചി ഉള്ളിരുട്ടിൽ കനവ്‌ നെയ്‌തിരുന്നു. കാലം കൊട്ടിലിന്റെ മച്ച്‌ പോലെ കറുത്തുപോയിരുന്നു. കരിമരുതിന്റെ ചിതലരിച്ച തൂണുപോലെ കാരിച്ചിയുടെ കൈകാലുകൾ മുളിപൂണ്ട്‌ പഴുത്തിരുന്നു.

ഇടക്കിടെ ഉൾക്കിടലം വന്ന്‌ കരൾ നീറുമ്പോൾ, തീപ്പൊട്ടന്റെ ഉലയൂതിക്കൊടുക്കാൻ കാട്ടുകൊറ്റൻ ഞൊണ്ടിഞ്ഞൊണ്ടി നടന്നുവരും. കാട്ടുകൊറ്റൻ സ്‌മൃതികളുടെ ബോധിവൃക്ഷമാണ്‌. രക്തപങ്കിലമായ കാടോർമകളുടെ ചാവുനിലം ചവിട്ടി വന്ന ഞൊണ്ടിക്കാലൻ.

ഉലയൂതിയൂതി ഉയിരുതീരുമ്പോൾ ഊക്കുകൂട്ടാൻ കഞ്ചൻ തെറുക്കും തീപ്പൊട്ടൻ. മൂന്നേമൂന്ന്‌ ഉള്ളെടുപ്പ്‌….. ഉയിരൂതിവീർക്കും. നെഞ്ചിരുട്ടിൽ കൊടുങ്കാറ്റ്‌ കൂട്‌ കൂട്ടും. ഒടുവിലൊരു കരിങ്കഥയുടെ കെട്ടഴിച്ച്‌ കാട്ടു കൊറ്റൻ, വനരോദനങ്ങളുടെ കൊടുംകയങ്ങളിൽ മുങ്ങിനിവരും. കാതുറഞ്ഞ്‌പോയാലും കേട്ടിരിക്കും തീപ്പൊട്ടൻ, മറുത്തൊന്നും മൊഴിയില്ല. കാരണം തീപ്പൊട്ടൻ പൊട്ടനാണ്‌. ഓർമകളിലെന്നോ കാരിച്ചയോടും കാലത്തിനോടും കയർത്ത്‌ നാവിറങ്ങിപ്പോയ മൂകനൊമ്പരങ്ങൾ അവൻ ഉലയിലിട്ട്‌ ഊതിക്കളഞ്ഞതാണ്‌.

കാട്ടുകൊറ്റൻ ആത്മാവുറയുന്ന ധൂമപടലം ഉള്ളിലേക്ക്‌ വലിച്ചിട്ട്‌ കരിപിടിച്ച ചുമര്‌ ചാരിയിരിന്നു. പതിയെ കാട്ടുകഥയിലേക്ക്‌ ഞൊണ്ടിക്കയറി.

അന്നേരം കാട്‌ കറുത്ത്‌ പോയിന്‌, മരങ്ങൾ വെറവെറാന്ന്‌ വെറച്ചു. അപ്പൻ ഞാളോട്‌ പറഞ്ഞു. പുലികളെറങ്ങും മിണ്ടാണ്ടക്കണംന്ന്‌. ഞാൻ അമ്മച്ചീന്റെ നെഞ്ഞ്‌മ്മല്‌ ഒട്ടിനിന്നു. പെങ്ങള്‌ കുഞ്ഞിപ്പെണ്ണ്‌, അപ്പന്റെ നെഞ്ഞുമ്മലും ഏങ്ങൻത്യാ പുലീന്ന്‌ ഞാക്കറിയില്ലേനും. അപ്പന്‌ണ്ടല്ലോ പേടിക്കണ്ടാന്ന്‌ നിരീച്ച്‌ ഞാള്‌ പറ്റിപ്പറ്റിക്കെടന്നു…..

…. കാറ്റ്‌ കൂക്കി, ഞാളും കേട്ടു. പൂലിന്റെ കൊലവ്‌ളി…

കാട്ടുകൊറ്റൻ സ്‌മൃതികളിലേക്ക്‌ കുത്തിവീണ നെഞ്ചുതടവി.

തീപ്പൊട്ടൻ ഉലയിലേക്ക്‌ ആഞ്ഞാഞ്ഞ്‌ ഊതി. രണ്ട്‌വട്ടം തലയ്‌ക്കടിച്ചു. അവൻ പലവുരു കേട്ടതാണീ കഥ. കേൾക്കുമ്പേഴെല്ലാം അവന്‌ ഉയിർ കാളും. എങ്കിലും കേട്ടുകൊണ്ടിരിക്കും. തീപ്പൊട്ടൻ കരൾപോലെ ചുട്ടുപഴുത്ത പച്ചിരുമ്പിൻ തുണ്ടെടുത്ത്‌ ചക്കിൽ വച്ച്‌ കൂടം കുത്തി. ചോര ചിന്നി. കാരിരുമ്പിന്റെ നെഞ്ചരഞ്ഞു…..

ഇരുട്ട്‌ മുറ്റിനിന്നു. കഞ്ചൻ പുക ഉള്ളിൽ വിശപ്പിന്റെ ഉലയൊരുക്കി. കാലന്റെ രൂപമുള്ള ഒരാൾ കരിന്തുണികൊണ്ട്‌ മുഖം മറച്ച്‌ കൊട്ടിലിലേക്ക്‌ ഒളിച്ചൊളിച്ച്‌ കയറിവന്നു. തീപ്പൊട്ടൻ വായ്‌ത്തല മിന്നുന്ന കൊടുവാൾ കച്ചമുണ്ടിൽ പൊതിഞ്ഞുകൊടുത്തു. കാരിച്ചി ഇറങ്ങിവന്ന്‌ കാശ്‌ വാങ്ങി അകത്തേക്ക്‌ വലിഞ്ഞു കാലൻ കാട്ടിലേക്ക്‌ പാഞ്ഞുപോയി.

കാട്ടുകൊറ്റൻ കയർത്തു. തീപ്പൊട്ടാ, ഇത്‌ തീക്കളിയാ…. ഇങ്ങനെ കത്തി പണീച്ച്‌ കൊടുത്താൽ നാട്‌ മുച്ചൂട്‌മുടിയും… എത്ര കായെണ്ണിയാലും കാരച്ചിയൊട്ട്‌ നന്നാവോം ചെയ്യൂല.

തീപ്പൊട്ടൻ തലചൊറിഞ്ഞു. അവന്‌ ചോദിക്കണമെന്നുണ്ടായിരുന്നു. നാട്‌ മുടിഞ്ഞാൽ നിനക്കെന്താ ഛേദം എന്ന്‌. ചോദിക്കാൻ അവന്‌ നാവില്ല. തലയുണ്ട്‌. അവൻ വീണ്ടും തലയ്‌ക്കടിച്ചു.

കാട്ടുകൊറ്റൻ നാവടക്കി. പ്രതിഷേധം പോലെ പുകയെടുത്തു. പതിയെ കഥ തുടർന്നു.

എന്നിട്ട്‌…. രണ്ട്‌ മൂന്ന്‌ കരിമ്പുലികൾ കുന്നും കേരിവെരുന്നത്‌ ഞാളും കണ്ടു. പെങ്ങള്‌ നെലോളിച്ചു. പാഞ്ഞ്‌ വന്ന പുലിയള്‌… എന്നയും അപ്പനെയും ഉന്തിയിട്ട്‌ അമ്മച്ചീനേം കുഞ്ഞിപ്പെണ്ണിനേം കുന്നിന്‌ തായെ പാറക്കെട്ടിലേക്ക്‌ വെലിച്ച്‌ കൊണ്ടോയി. ഓല്‌ നെലോളിക്കുന്ന്‌ണ്ടേനു…. അപ്പോ…. കാട്ടുകൊറ്റോന്ന്‌…. അപ്പൻ പോതല്ലാണ്ട്‌ വീണ്‌പോയിന്‌….. ഞാൻ കാട്ട്‌ക്കെടന്ന്‌ കാളിവിളിച്ചു…. ആര്‌ കേക്കാൻ. ആര്‌….

തീപ്പൊട്ടൻ വാള്‌ രാകി, മുനകളിൽ മൂർച്ച പൊടിഞ്ഞു. അരികുകൾ അരം വെച്ച്‌ മിന്നി. വീണ്ടും അന്തക രൂപൻ വന്നു. കച്ചത്തുണികീറി. പൊതിഞ്ഞെടുത്ത ഉഗ്രതയുമായി കാടുകയറി പാഞ്ഞുപോയി. കാരിച്ചി പണമെണ്ണി നിവൃതിയടഞ്ഞു. രതിമൂർച്ചയിലെന്നപോലെ പുളഞ്ഞു.

കാട്ടുകൊറ്റന്റെ നെഞ്ചിൽ നിലവിളികൾ കൂടംകുത്തി. അവൻ ഉലയൂതി സഹിച്ചു. വീണ്ടും കഥയിലേക്ക്‌ ഞൊണ്ടിവന്നു.

പോതം വന്നപ്പം അച്ചൻ പയ്യ്‌ കാള്‌ന്നപോലെ കാളി. എനക്കും വന്ന്‌ കരച്ചിൽ. അപ്പൻ പറഞ്ഞ്‌…. പേടിക്കേണ്ട ഓല്‌വെരുംന്ന്‌. അപ്പമ്പറഞ്ഞത്‌ നൊണയല്ല. കോയി കൂവുമ്പത്തേനും ഓല്‌ വന്നിന്‌…. ഞാന്നോക്കുമ്പം അമ്മച്ചീം കുഞ്ഞിപ്പെണ്ണും കോലായല്‌. കുഞ്ഞിപ്പെണ്ണിന്‌ മിണ്ടാട്ടമില്ല. ഓള പുലി കൊന്നിന്‌ പോലും…. അമ്മച്ചിക്ക്‌ ഉടുതുണിയില്ല… പുലി കൊണ്ടോയിനുപോലും….

… അപ്പൻ പിന്നെ കരഞ്ഞില്ല… കുഞ്ഞിപ്പെണ്ണിനെ പാലമരച്ചോട്ടിലെ മണ്ണിന്‌ കൊട്‌ത്തു… അപ്പൻ നെരന്തവള്ളീമെടുത്ത്‌ അതേമരത്തിൽ പാഞ്ഞ്‌ കേരി…. ആകാശത്ത്‌ ഊഞ്ഞാലാടുമ്പം എന്ന തുറിച്ച്‌ നോക്ക്വാരുന്നു…. അമ്മച്ചി ഒര്‌നോക്ക്‌ നോക്കി… പിന്നച്ചിരിച്ചു….. ചിരിച്ച്‌ ചിരിച്ച്‌ കാട്ടിലേക്ക്‌ തന്നെ കേരിപ്പോയി….

തീപ്പൊട്ടന്റെ കണ്ണ്‌ നിറഞ്ഞു. അവൻ തന്റെ ഉടവാളെടുത്ത്‌ വെറുതേ മൂർച്ചകൂട്ടിക്കൊണ്ടിരുന്നു. അപ്പോൾ കാട്ടുകൊറ്റൻ കരഞ്ഞുകൊണ്ടു ചോദിച്ചു;

തീപ്പൊട്ടാ എനക്കും തർവോ ഒരു വാള്‌?

തീപ്പൊട്ടൻ എന്തിനാണെന്ന്‌ തലചൊറിഞ്ഞു.

കൊല്ലാനാ, കാട്ടിലെ പുലികളെ തേച്ചും കൊല്ലാൻ

കാട്ടുകൊറ്റൻ വിതുമ്പി.

തീപ്പൊട്ടൻ കൂടുതലൊന്നും ആലോചിച്ചില്ല. വെട്ടിത്തിളങ്ങുന്ന സ്വന്തം ഉടവാളെടുത്ത്‌ പൊതിഞ്ഞ്‌ അവനുകൊടുത്തു. പോ….പോ, എന്ന്‌ തല ചൊറിഞ്ഞു. ഉടനെ ഇരുട്ടിൽ നിന്ന്‌ കാരിച്ചി ഓടിവന്ന്‌ വാള്‌ തിരിച്ച്‌ വാങ്ങി നിലത്ത്‌ കുത്തിനിർത്തി.

കടന്നുപോ കാട്ട്‌നാറീ…. കായില്ലാത്തോൻ അങ്ങനെയിപ്പം പുലീന കൊല്ലണ്ട. കാരിച്ചി കീരിയെപ്പോലെ ചീറി.

കാട്ട്‌കൊറ്റൻ മരിച്ചുനിന്നു.

ഒരു നിമിഷാർദ്ധം, തീപ്പൊട്ടൻ ഉടവാൾ വലിച്ചൂരി. കാരിച്ചിയുടെ പെരുംതല ഉലയിൽ വീണ്‌ വെന്തു. മുടികത്തിയ നാറ്റം. കരിഞ്ചോരപുരണ്ട വാള്‌ കാട്ടുകൊറ്റന്റെ കയ്യിൽ വെച്ചുകൊടുത്ത്‌ തീപ്പൊട്ടൻ അലറി.

‘പോ…. പോയിക്കൊല്ല്‌, സകല പുലികളെയും…’

കാട്ടുകൊറ്റൻ ഞെട്ടി

തീപ്പൊട്ടൻ മിണ്ടിയോ!?….

അപ്പോൾ മാത്രമാണ്‌ കാട്ടിലേക്ക്‌ പാഞ്ഞ കാലൻമാരെല്ലാം പുലികളെ കൊല്ലാനാണെന്ന്‌ അവന്‌ മനസ്സിലായത്‌. പിന്നെയവൻ നിന്നില്ല. യമരൂപം ധരിച്ചു. കൊടുവാളുമായി കാട്ടിലേക്ക്‌ പറന്ന്‌ കൊടുങ്കാറ്റായി.

Generated from archived content: story2_jan1_11.html Author: kareem_malappattam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English