പണത്തിനു മീതേ പരുന്തു പറക്കുന്നു

ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിനു താൽപര്യം ടീമിന്റെ പ്രകടനത്തിലല്ല, പണത്തിൽ മാത്രമാണെന്ന്‌ അന്താരാഷ്ര്ട ക്രിക്കറ്റ്‌ കൗൺസിൽ മേധാവി മാർക്കം സ്പീഡ്‌ ഒരിക്കൽ പറഞ്ഞു. ആ പരമാർശത്തിന്റെ പേരിൽ സ്പീഡിനെ പുറത്താക്കാൻ വരെ ഇന്ത്യയിലെ ക്രിക്കറ്റ്‌ മേലാളന്മാർ ചരടു വലിച്ചു. പക്ഷേ, എത്ര പ്രവചനാത്മകമായിരുന്നു സ്പീഡിന്റെ പ്രസ്താവനയെന്നാണ്‌ 2007ലെ ലോകകപ്പ്‌ കഴിഞ്ഞതു മുതലുള്ള സംഭവവികാസങ്ങളിലൂടെ തെളിഞ്ഞുകൊണ്ടിരിക്കുന്നത്‌.

ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നിലൂടെ, ലോകകപ്പിൽ ടീം തകർന്നടിഞ്ഞതിന്‌ ബി.സി.സി.ഐയെ പരോക്ഷമായേ പഴി ചാരാൻ കഴിയൂ. ലോകകപ്പ്‌ ദുരന്തത്തിനു പഴിചാരാൻ പറ്റിയ ബലിയാടുകളെ കണ്ടെത്താൻ ബി.സി.സി.ഐക്ക്‌ വേഗത്തിൽ സാധിക്കുകയും ചെയ്തു. എന്നാൽ, ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നുള്ള ഗ്രെഗ്‌ ചാപ്പലിന്റെ രാജി മുതലിങ്ങോട്ട്‌, ബി.സി.സി.ഐ ഒഴിയാൻ വയ്യാത്തവിധം കടുത്ത കുരുക്കുകളിലേക്കാണ്‌ ദിനംപ്രതിയെന്നോണം ചാടിക്കൊണ്ടിരിക്കുന്ന്‌. ചാപ്പലിനൊരു പകരക്കാരനെ കണ്ടെത്താൻ ബി.സി.സി.ഐ. വലിയ തിരക്കൊന്നും കാണിച്ചില്ല. കോച്ചിനെ ആവശ്യമുണ്ടെന്ന്‌ അറിയിപ്പു കൊടുക്കാനോ കോച്ചിനു വേണ്ടി അന്വേഷണം നടത്താനോ തയ്യാറായില്ല. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനയുടെ പണക്കൊഴുപ്പുകണ്ട്‌ ഇന്ത്യൻ പരിശീലകനാകാൻ അപേക്ഷകരുടെ പ്രവാഹമായിരിക്കും എന്ന്‌ ബി.സി.സി.ഐ ധരിച്ചുപോയിരിക്കും.

ബംഗ്ലാദേശിനെയും പാക്കിസ്ഥാനേയും പിണക്കി ഇന്ത്യയെ പരിശീലിപ്പിക്കാൻ നോമ്പുനോറ്റിരുന്ന ഡേവ്‌ വാട്‌മോറിനെ വ്യക്തമായൊരു കാരണം പോലും പറയാതെ ഒഴിവാക്കിയപ്പോഴും, ഗ്രഹാം ഫോർഡിനെ നിയമിക്കാൻ തീരുമാനിച്ച്‌ ജോൺ എംബുറിയെ ഡമ്മി സ്ഥാനാർഥിയായി വിളിച്ചു വരുത്തിയപ്പോഴും, ബി.സി.സി.ഐ പണത്തിനു മീതേ പരുന്തു പറക്കില്ലെന്നു തന്നെ വിശ്വസിച്ചു. പക്ഷേ, ചുട്ട കോഴിയെ പറപ്പിക്കാൻ കൊണ്ടുവന്ന ഗ്രഹാം ഫോർഡ്‌, കോഴിക്കു പകരം പരുന്തിനെ പറപ്പിക്കുക മാത്രമല്ല, അതിനെക്കൊണ്ട്‌ ബി.സി.സി.ഐ. മേധാവികളുടെ തലയിൽ കാഷ്‌ഠം ഇടീക്കുക കൂടി ചെയ്തിരിക്കുകയാണിപ്പോൾ.

22ലക്ഷം ഡോളറാണ്‌ ബി.സി.സി.ഐ ഗ്രഹാം ഫോർഡിനു വാഗ്ദാനം ചെയ്ത പ്രതിവർഷ വേതനം. ഗ്രെഗ്‌ ചാപ്പലിനു നൽകിയിരുന്നതിനേക്കാൾ വളരെ കുറവായിരുന്നു ഇത്‌ എന്നതു മാത്രമല്ല ഫോർഡ്‌ പിന്മാറാൻ കാരണമെന്നാണു സൂചന. ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്റെ, പ്രഫഷണലിസമില്ലാത്ത സമീപനമാണ്‌ ഫോർഡിന്റെ മനസുമടുക്കാൻ പ്രധാന കാരണമെന്നാണ്‌ കരുതേണ്ടത്‌.

ലോകകപ്പിനെത്തുടർന്ന്‌ കളിക്കാരുടെ കരാർ സമ്പ്രദായം റദ്ദാക്കാനെടുത്ത തീരുമാനവും ബി.സി.സി.ഐക്കു തിരിച്ചടിയായത്‌ അടുത്ത ദിവസങ്ങളിൽ കണ്ടു. കളിക്കാരുടെ വേതന വ്യവസ്ഥയിലെ മാറ്റം തൽക്കാലം ഫ്രീസറിൽവച്ച്‌ സ്‌റ്റാറ്റ്‌സ്‌ കോ തുടരാനാണ്‌ ബി.സി.സി.ഐ പ്രവർത്തകസമിതി തീരുമാനിച്ചിരിക്കുന്നത്‌. ഈ നയം മാറ്റത്തിനു പിന്നിൽ ടീമിലെ സീനിയർ കളിക്കാരുടെ സമ്മർദ്ദമല്ലാതെ മറ്റൊന്നുമല്ല.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വിദേശ പര്യടനങ്ങളുടെ സംപ്രേഷണാവകാശം സീ സ്പോർട്‌സിനെയാണ്‌ ബി.സി.സി.ഐ ഏൽപ്പിച്ചിരുന്നത്‌. സീ ഇതിൽ നിന്നു പിന്മാറിയതോടെ ഇന്ത്യയുടെ അയർലൻഡ്‌ പര്യടനം പോലും അനിശ്ചിതത്വത്തിലായിരുന്നു. ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ്‌ മത്സരങ്ങളുടെ സംപ്രേഷണാവകാശം നിംബസിനു വിറ്റപ്പോൾ നൽകിയ 5.2കോടി ഡോളറിന്റെ ഇളവും ബി.സി.സി.ഐയെ പഴി കേൾപ്പിച്ചു.

ഇന്ത്യയുടെ ദേശീയ കായികവിനോദമായിരുന്നു ഹോക്കി. ഒരു കാലത്ത്‌ ഇന്ത്യക്ക്‌ ലോക കായികവേദികളിൽ അനിഷേധ്യ സ്ഥാനം നൽകിയിരുന്ന ആ കളിയിൽ ഇന്ത്യ ഇന്നു മൂന്നാംകിടക്കാരായിരിക്കുന്നു. ഈ അധഃപതനത്തിനു പിന്നിൽ ഇന്ത്യൻ ഹോക്കി ഫെഡറേഷൻ വഹിച്ച പങ്കാണ്‌ ഇന്നു ബി.സി.സി.ഐയുടെ പ്രവർത്തന മാതൃക. ശരദ്‌പവാർ കൃഷിമന്ത്രിയും പ്രമുഖമായൊരു ദേശീയ പാർട്ടിയുടെ അധ്യക്ഷനുമായ പവാറിന്‌ ക്രിക്കറ്റിനെ ഉദ്ധരിക്കാൻ എവിടെയാണു സമയം എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. അങ്ങനെയൊരു ലക്ഷ്യമൊന്നും അദ്ദേഹത്തിന്‌ ഉണ്ടാകേണ്ട കാര്യവുമില്ലെന്നതു തന്നെ കാരണം. ഐ.സി.സി അധ്യക്ഷനാകാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ തൽക്കാലം പരാജയപ്പെട്ടല്ലോ എന്നെങ്കിലും ആശ്വസിക്കാം.

ടീമിന്‌ ഒരു നല്ല കോച്ചിനെ കൊടുക്കാൻ കഴിയാത്ത കായിക സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്ക്‌ അവിടെ തുടരാൻ അവകാശമില്ല. പരിശീലകനെന്ന നിലയിൽ ഡേവ്‌ വാട്‌മോറിന്റെ തന്ത്രങ്ങളിലോ സാങ്കേതിക മികവിലോ ഉള്ള സംശയമല്ല അദ്ദേഹം ഒഴിവാക്കപ്പെടാൻ കാരണം. മറിച്ച്‌, ഗ്രെഗ്‌ ചാപ്പലിനെപ്പോലൊരു പ്രതാപശാലിയായ കോച്ചിനെ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിനും കളിക്കാർക്കും ഇനി വേണ്ട എന്നതാണ്‌ വസ്തുത. ഇന്ത്യയുടെ ആദ്യത്തെ വിദേശ കോച്ചായ ജോൺ റൈറ്റിനെപ്പോലെ, പിന്നണിയിൽ നിശബ്ദനായി പ്രവർത്തിക്കുന്ന ഒരു ഉപദേശകനെ മാത്രമാണ്‌ അവർക്കാവശ്യം. അതിനായി സാക്ഷാൽ റൈറ്റിനെത്തന്നെ തിരികെ കൊണ്ടുവരാൻ ശ്രമങ്ങൾ നടന്നിരുന്നു എന്നാണു സൂചന. എന്നാൽ, വീരേന്ദർ സേവാഗും സൗരവ്‌ ഗാംഗുലിയും ഉൾപ്പെടെയുള്ളവരുമായി ഉടക്കി തിരിച്ചുപോയ റൈറ്റ്‌ ആത്മകഥയെഴുതി ഇന്ത്യൻ ക്രിക്കറ്റ്‌ സംവിധാനത്തെ നാറ്റിച്ച ശേഷം ഒരു മടങ്ങിവരവിനു ധൈര്യപ്പെട്ടില്ല.

വാട്‌മോർ കോച്ചാകുമെന്ന പ്രഖ്യാപനമാണ്‌ ജൂൺ നാലിനു ചേർന്ന, പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ബി.സി.സി.ഐ സമിതിയുടെ യോഗത്തിൽ പ്രതീക്ഷിക്കപ്പെട്ടത്‌. പക്ഷേ, അന്നു ക്രിക്കറ്റ്‌ രംഗത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌, വാട്‌മോറിനെ ഇന്ത്യക്കു വേണ്ട എന്ന പ്രഖ്യാപനമാണുണ്ടായത്‌. അതു സമിതിയുടെ തീരുമാനമാണെന്നും പ്രത്യേകിച്ചു കാരണവും വിശദീകരണവുമൊന്നും പറയാനില്ലെന്നും ബി.സി.സി.ഐ സെക്രട്ടറി നിരഞ്ജൻ ഷാ വ്യക്തമാക്കുകയും ചെയ്തു. വാട്‌മോറിനു പകരം ആദ്യം ഉയർന്നു കേട്ട പേരുകൾ ഗ്രഹാം ഫോർഡിന്റേതും അർജുന രണതുംഗയുടേതുമായിരുന്നു.

ഇന്ത്യൻ ക്യാപ്‌റ്റൻ രാഹുൽ ദ്രാവിഡാണ്‌ ഫോർഡിനു വേണ്ടി ശക്തമായി വാദിച്ചതെന്നാണു റിപ്പോർട്ട്‌. കോച്ചിനെ നിയമിക്കുമ്പോൾ ‘സീനിയർ’ കളിക്കാരുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നു സച്ചിൻ ടെൻഡുൽക്കർ നേരത്തെ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തങ്ങളെ ആരു പരിശീലിപ്പിക്കണം, എങ്ങനെ പരിശീലിപ്പിക്കണമെന്നൊക്കെ കളിക്കാർ തന്നെ തീരുമാനിക്കുന്നത്‌ നല്ലതോ ചീത്തയോ ആകട്ടെ, അങ്ങനെയൊരു സമ്പ്രദായം ലോകത്തു മറ്റെവിടെയെങ്കിലും നിലവിലുള്ളതായി കേട്ടുകേൾവി പോലുമില്ല.

ചാപ്പലിനേയും വാട്‌മോറിനെയും പോലെ ആധിപത്യ സ്വഭാവവും ഉന്നതമായ വ്യക്തിത്വവും പുലർത്തുന്നു എന്ന കാരണത്താൽ തന്നെയാകാം രണതുംഗയും ചർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ പിന്തള്ളപ്പെട്ടത്‌. ഇംഗ്ലണ്ടിന്റെ മുൻ നായകൻ ജോൺ എംബുറിയാണ്‌ പിന്നെ പരിഗണിക്കപ്പെട്ട പ്രമുഖൻ. കൗണ്ടി ക്രിക്കറ്റിൽ കോച്ചെന്ന നിലയിൽ പരാജയത്തിന്റെ കഥ മാത്രം പറയാനുള്ള എംബുറി മുൻഗണനയിൽ വരാനുള്ള കാരണവും അന്തർമുഖത്വവും പിന്നണിയിൽ ഒതുങ്ങി നിൽക്കുന്ന ശൈലിയും തന്നെ.

ഹെഡ്‌മാസ്‌റ്റർ ശൈലിയും ഏകാധിപത്യ രീതിയും കർക്കശ സ്വഭാവവും ഇല്ലാത്ത ആളെന്ന പ്രതിച്ഛായയാണ്‌ ഫോർഡിനെ തെരഞ്ഞെടുക്കാൻ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്‌. ഗ്രൗണ്ടിനു പുറത്ത്‌ തങ്ങളുടെ താളത്തിനൊത്തും ഗ്രൗണ്ടിനുള്ളിൽ സീനിയർ കളിക്കാരുടെ താളത്തിനൊത്തും തുള്ളുന്ന ഒരു കോച്ചിനെയായിരുന്നു ഇവർ തേടിക്കൊണ്ടിരുന്നതെന്നർത്ഥം. അങ്ങനെയൊരാളാകാൻ ഫോർഡ്‌ തയ്യാറാകാതിരുന്നതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. ഇന്ത്യയുടെ വാഗ്‌ദാനം ഉയർത്തിക്കാട്ടി കെന്റിൽനിന്നു കൂടുതൽ ശമ്പളം വാങ്ങുകയായിരിക്കാം അദ്ദേഹം ചെയ്തത്‌. ലോകത്ത്‌ ഏതു സ്വകാര്യ കമ്പനിയിലും ജീവനക്കാർ സ്വീകരിക്കുന്ന നിലപാടാണ്‌ പ്രഫഷണൽ കോച്ചായ ഫോർഡും സ്വീകരിച്ചത്‌.

കോച്ചാകാൻ ആളില്ലാതെ വന്നപ്പോഴും ഇന്ത്യയിൽ നിന്നൊരാളെ കണ്ടെത്താൻ ബി.സി.സി.ഐക്കു കഴിഞ്ഞില്ല. ഗുണ്ടപ്പ വിശ്വനാഥ്‌, മദൻലാൽ, സന്ദീപ്‌ പാട്ടീൽ, ചേതൻ ചൗഹാൻ, ലാൽചന്ദ്‌ രജ്‌പുത്‌, മൊഹീന്ദർ അമർനാഥ്‌ തുടങ്ങിയ നിരവധി പ്രമുഖർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും അങ്ങനെയൊരു സംവിധാനത്തിൽ ബി.സി.സി.ഐ താല്പര്യം കാണിച്ചില്ല. അമർനാഥിനെപ്പോലെയുള്ളവർ തങ്ങളുടെ താല്പര്യത്തിനനുസരിച്ചു നിൽക്കാതെ കോച്ചിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും ചോദിച്ചു വാങ്ങുമെന്ന്‌ അധികൃതരും കളിക്കാരും ശങ്കിച്ചിരിക്കും.

ഇന്ത്യൻ ടീമിലെ തൊഴുത്തിൽക്കുത്തിനെക്കുറിച്ച്‌ ചാപ്പലും ടീം മാനേജരും ലോകകപ്പിൽ ടീമിനെ അനുഗമിച്ച സെലക്ഷൻ കമ്മിറ്റി അംഗവും നൽകിയ റിപ്പോർട്ടുകൾ ബി.സിസി.ഐയുടെ മേശപ്പുറത്തെത്തിയിരുന്നു. പക്ഷേ, അവിടെനിന്ന്‌ ആ റിപ്പോർട്ട്‌ എങ്ങോട്ടു പോയെന്ന്‌ ഇപ്പോൾ ആർക്കുമറിയില്ല. സീനിയർ താരങ്ങളെ രൂക്ഷമായി വിമർശിക്കുന്ന റിപ്പോർട്ടുകളിന്മേൽ പേരിനു പോലും നടപടിയെടുക്കാത്ത ബി.സി.സി.ഐ മേധാവികൾക്ക്‌ ഗ്രഹാം ഫോർഡ്‌ കള്ളനാണെന്നു വിളിച്ചു കൂവാൻ അവകാശമില്ല. ഇന്ത്യൻ പരിശീലകനാകാൻ വിസമ്മതിച്ചുകൊണ്ട്‌ ഫോർഡ്‌ പറഞ്ഞ ന്യായീകരണങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പക്ഷേ, ഫോർഡിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനു മുമ്പ്‌ സ്വന്തം നാട്ടിലെ ക്രിക്കറ്റ്‌ ബോർഡിനെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കുന്നതു നന്നായിരിക്കും.

Generated from archived content: sports1_june14_07.html Author: kamal_sports

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English