പതിമൂന്ന്‌

‘അല്ലാ! ഇതാര്‌! വിത്സനോ!’ അന്നമ്മ സന്തോഷത്തോടെ വന്ന്‌ ആ ചെറുപ്പക്കാരന്റെ കൈക്കു പിടിച്ചു.

അന്നമ്മയുടെ അമ്മാവന്റെ മകന്റെ മകനാണ്‌ വന്നിരിക്കുന്നത്‌. ആലപ്പുഴയിലാണ്‌ അവന്റെ വീട്‌.

‘എനിക്കിപ്പോ എറണാകുളത്താ ജോലി. ഒരാഴ്‌ചയായിട്ടേളളൂ. അമ്മായിയേം മറ്റും ഒന്നു കാണാൻ വന്നതാ.’

‘ഇപ്പഴെങ്കിലും വന്നല്ലോ! എന്താ മോനേ; ജോലി?’

‘ഒരു കോൺട്രാക്‌ടറുടെ സൂപ്പർവൈസറാ…’

ബീനയും സോഫിയയും അയാളെ വലിയ പരിചയമില്ലാത്തതിനാൽ അടുത്തേയ്‌ക്കു ചെന്നില്ല. ബീന ചോദിച്ചു.

‘ആരാമ്മേ…?’

അന്നമ്മ അയാളെ പരിചയപ്പെടുത്തി. എന്നിട്ടു പറഞ്ഞു.

‘നിങ്ങളുടെ ഒരു ചേട്ടനാ ഇത്‌, നാണിച്ചകന്നു നിക്കണ്ട.’

വിത്സൻ സോഫിയയെ താത്‌പര്യപൂർവ്വം നോക്കി.

‘ഞാൻ അന്യനൊന്നുമല്ല. നീയിങ്ങു വാ പെണ്ണേ! കാണട്ടെ. പെണ്ണങ്ങു വലുതായല്ലോ! മിടുക്കിയായി.’ അയാൾ പറഞ്ഞു.

അവളുടെ മുഖത്ത്‌ ലജ്ജയും സന്തോഷവും മഴവില്ലു ചാർത്തി. ബീനയുടെ മുഖത്ത്‌ ഭാവഭേദമൊന്നുമുണ്ടായില്ല. അവൾ ഒതുങ്ങിനിന്നതേയുളളൂ.

‘ഞാൻ പണ്ടു കാണുമ്പോൾ ഇവൾ അഞ്ചിലോ ആറിലോ പഠിക്കയാരുന്നു. മെടഞ്ഞിട്ട ഇരട്ടവാൽ മുടിയുമായി നടന്നിരുന്ന എലുമ്പത്തി, ഇപ്പോൾ അത്ഭുതം തോന്നുന്നു.“

വിത്സൻ അവളുടെ അടുത്തു ചെന്ന്‌ തോളിൽ കൈവച്ച്‌ അവളുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു. അവൾ ലജ്ജയോടെ മുഖം കുനിച്ചു നിന്നു.

അന്നമ്മ അയാളുടെ വീട്ടിലെ വിശേഷങ്ങൾ തിരക്കി. ഓരോരുത്തരെക്കുറിച്ചും അന്വേഷിച്ചു. കുറച്ചുനേരം അവർ സംസാരിച്ച്‌ അങ്ങനെയിരുന്നു. സോഫിയ ചായയുണ്ടാക്കിക്കൊടുത്തു.

’അപ്പുറമിരുന്നു വരയ്‌ക്കുന്നതാരാ?‘ അയാൾ അന്വേഷിച്ചു.

അന്നമ്മ ഇനാസിയെ പരിചയപ്പെടുത്തി. ഇനാസിയുടെ കലാപരമായ കഴിവുകളെക്കുറിച്ചും അവാർഡ്‌ ലഭിച്ചതിനെക്കുറിച്ചും ഒക്കെ പറഞ്ഞു. ഒരു മകനെപ്പോലെയാണ്‌ അയാൾ ഇവിടെ നില്‌ക്കുന്നതെന്നും.

അതിനോടൊന്നും വിത്സന്‌ ഒട്ടും താത്‌പര്യം തോന്നിയില്ല. അയാൾ സ്വരം താഴ്‌ത്തി അതൃപ്‌തിയോടെ പിറുപിറുത്തു.

’അങ്കിളിന്‌ വല്ല കാര്യോണ്ടോ? വഴിയേ പോകുന്ന വയ്യാവേലിയൊക്കെ വലിച്ചു കയറ്റീട്ട്‌…‘

അന്നമ്മയ്‌ക്കു അതുകേൾക്കാൻ തന്നെ വിഷമം തോന്നി. അവർ പരിഭ്രമത്തോടെ വിലക്കി.

’അയ്യോ മോനെ, അങ്ങനൊന്നും പറേല്ലെ. അവനൊരു നല്ല ചെക്കനാ.‘

’നല്ല ചെക്കൻ! അമ്മായിക്ക്‌ ഇന്നത്തെ ലോകമെന്തെന്നറിയില്ല…!‘ അയാൾ അമർഷത്തോടെ പിറുപിറുത്തു.

സോഫിയ ഒന്നും മിണ്ടിയില്ല.

ബീനയ്‌ക്കു പ്രതിഷേധിക്കണമെന്നു തോന്നി. എങ്കിലും മിണ്ടിയില്ല. വീട്ടിൽ വന്ന അതിഥിയോടു മര്യാദകേടു പറയരുതല്ലോ. വിത്സൻ എത്രയും വേഗം ഒന്നുപോയാൽ മതിയെന്നു തോന്നി അവൾക്ക്‌.

കുറച്ചു സമയം കഴിഞ്ഞ്‌ വിത്സൻ പോകാനിറങ്ങിയപ്പോൾ ഇനാസി പറഞ്ഞുഃ

’ഹലോ, ഒന്നു പരിചയപ്പെട്ടില്ലല്ലോ, ഒന്നു നില്‌ക്ക്‌.‘

ഇനാസി ബ്രഷ്‌ ഗ്ലാസ്സിൽ വച്ച്‌ എഴുന്നേറ്റു ചെന്നു കൈനീട്ടി. വിത്സൻ താത്‌പര്യരഹിതനായി നിന്നതേയുളളൂ.

’ഞാൻ ഇനാസി. ചിത്രകല പഠിക്കുന്നു.‘

ഇനാസി പറഞ്ഞു തുടങ്ങിയപ്പോൾ അയാൾ മുഖം തിരിച്ചു നടക്കാൻ തുടങ്ങി.

’ഓക്കെ… എനിക്കല്പം തിരക്കുണ്ട്‌ എന്നെക്കുറിച്ച്‌ സോഫിയയോ അന്നമ്മയാന്റിയോ പറയും…‘

അയാൾ നടന്നു. ഇനാസി വല്ലായ്‌മയോടെ അയാളെ നോക്കി നിന്നു.

ഇനാസിയ്‌ക്ക്‌ അയാളോട്‌ താത്‌പര്യമൊന്നും തോന്നിയില്ല. എങ്കിലും മനസ്സിലാക്കണമല്ലോ എന്നു കരുതി അന്നമ്മച്ചേടത്തിയോടു ചോദിച്ചറിഞ്ഞു. ആ ചെറുപ്പക്കാരന്റെ പെരുമാറ്റം അയാളുടെ വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും ഇണങ്ങാത്തതാണെന്ന്‌ ഇനാസിയ്‌ക്കു തോന്നി.

സോഫിയയ്‌ക്ക്‌ ഇനാസി ഒരു അപരിചിതനായി മാറുകയായിരുന്നു. ഒരന്യനോടെന്നപോലെ അവൾ പെരുമാറാൻ തുടങ്ങിയപ്പോൾ ഇനാസിയുടെ മനസ്സു വേദനിച്ചു. സോഫിയയിൽ വന്ന മാറ്റത്തെക്കുറിച്ച്‌ അയാൾക്ക്‌ അത്ഭുതം തോന്നി. അതു സഹിക്കാൻ അയാൾക്കു ബുദ്ധിമുട്ടായി.

ഒഴിവു ദിവസങ്ങളിൽ വീട്ടിലിരുന്നു ചിത്രം വരയ്‌ക്കാൻ ഇനാസിയ്‌ക്ക്‌ ഇഷ്‌ടമില്ലാതായി. വരയ്‌ക്കണമെന്നുണ്ട്‌. പക്ഷെ, വീടിന്റെ അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടായ തണുത്ത ഏകാന്തതാബോധം മനസ്സിനെ അസ്വസ്ഥമാക്കി.

ഇടയ്‌ക്ക്‌ ചില ദിവസങ്ങളിൽ വിത്സന്റെ സന്ദർശനങ്ങളുണ്ടാകാൻ തുടങ്ങി. സോഫിയ അയാളുടെ സാന്നിദ്ധ്യം ഇഷ്‌ടപ്പെടുന്ന രീതിയിൽ അടുത്തിടപെടാനും പെരുമാറാനും തുടങ്ങി. ഇനാസിയുടെ സാന്നിദ്ധ്യങ്ങളെ അവൾ അവഗണിക്കാൻ തുടങ്ങുകയും ചെയ്‌തു. പലപ്പോഴും അവൾ വിത്സന്റെയടുത്തിരുന്നു സംസാരിക്കുമ്പോൾ ഇനാസിയെ കണ്ടാൽ കണ്ടില്ലെന്നു നടിച്ചു. വിത്സനാകട്ടെ ദിവസങ്ങൾ കഴിയുന്തോറും അവിടെ കൂടുതൽ അധികാരവും സ്വാതന്ത്ര്യവും പ്രകടിപ്പിക്കുകയും ചെയ്‌തുവന്നു.

ഇനാസിയ്‌ക്കു അന്യവത്‌ക്കരണത്തിന്റെ വേദനയും വീർപ്പുമുട്ടും അനുഭവപ്പെട്ടു. വിത്സന്റെ സാന്നിദ്ധ്യത്തിൽ ഇനാസിയ്‌ക്ക്‌ ആ വീട്ടിൽ കഴിഞ്ഞുകൂടാൻ വിഷമം തോന്നി. അങ്ങനെയൊരു വീർപ്പുമുട്ടൽ അവിടെയുണ്ടാകുമെന്ന്‌ അയാൾ വിചാരിച്ചിരുന്നതല്ല.

വിത്സന്റെ വരവാണ്‌ അപ്രതീക്ഷിതമായ ഒരു താളക്കേടുണ്ടാക്കിയത്‌. അയാളുമായി സംസാരിക്കാനും ബന്ധപ്പെടാനും ഇനാസിയ്‌ക്ക്‌ താത്‌പര്യം തോന്നിയില്ല. പകൽ സമയത്തെല്ലാം ഇനാസി വീടിനു പുറത്ത്‌ അലഞ്ഞുനടന്നു. അമ്പലപ്പറമ്പിലും മുനിസിപ്പൽ പാർക്കിലും വായനശാലയിലുമെല്ലാം വെറുതെ ചുറ്റിനടന്നു. അവിടെ പുതിയ ചില പരിചയക്കാർ ഉണ്ടാകുകയും ചെയ്‌തു.

രാത്രിയിൽ ഹോട്ടലിൽ കച്ചവടത്തിരക്കേറുമ്പോൾ ഇനാസി അവിടെ ചെന്ന്‌ കൗണ്ടറിലിരുന്ന്‌ ദാവീദുചേട്ടനെ സഹായിച്ചു.

’എന്തിനാ മോനെ, നിന്റെ നല്ല സമയം ഇവിടെ പാഴാക്കണത്‌?‘ ദാവീദ്‌ ആദ്യമൊക്കെ അങ്ങനെ ചോദിച്ചു.

’പാഴാക്കുന്നതല്ലല്ലോ. എനിക്കിതൊക്കെ നേട്ടങ്ങളാ.‘ അതു പറയുമ്പോഴും ഇനാസിയുടെ മുഖത്തൊരു തെളിച്ചമില്ലായ്‌മ പ്രകടമായിരുന്നു.

രാത്രിയിൽ വീട്ടിൽ തിരിച്ചെത്തുമ്പോൾ താനിവിടെ അന്യനാണ്‌ എന്നൊരു നീറുന്ന തോന്നൽ. അത്‌ ഒരു നെരിപ്പോടുപോലെ ഹൃദയത്തിലെരിഞ്ഞുകൊണ്ടിരുന്നു.

മുമ്പൊക്കെ ഇനാസി വരുന്നതും കാത്ത്‌ സോഫിയ വരാന്തയിലിരിക്കുമായിരുന്നു. അവളുടെ ശബ്‌ദം വീടിന്റെ ചിലമ്പൊലിപോലെ അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു നില്‌ക്കാറുണ്ടായിരുന്നു. ഇനാസിയുടെ സാമീപ്യം അവളെ ഉത്സാഹഭരിതയായ ഒരു മാൻകിടാവാക്കി മാറ്റിയിരുന്നു.

ഇപ്പോൾ ഇനാസിയുടെ സാന്നിദ്ധ്യത്തിൽ അവളുടെ ശബ്‌ദമുയിരുന്നില്ല. അവളൊരു നിഴൽ മാത്രമായി മാറിക്കഴിഞ്ഞു.

ഈ നിലയ്‌ക്ക്‌ തന്റെ ഇവിടത്തെ താമസം അവൾക്കൊരു ശല്യമായിരിക്കില്ലേ? ഇനാസി ആലോചിച്ചു. ഇഷ്‌ടപ്പെടാത്ത ഒരതിഥിയായി, ആശ്രയിച്ചു കഴിയുകയെന്നത്‌ സുഖമുളള കാര്യമല്ല. സ്വരം മോശമാകും മുമ്പു താമസം മാറ്റുന്നതല്ലേ നല്ലത്‌…?

ഇനാസി ആലോചിച്ചു.

എവിടെയെങ്കിലും ഒരു മുറി വാടകയ്‌ക്കെടുത്തു താമസിക്കാൻ തനിക്കിന്നു കഴിയും. ഗ്രേസിയേയും വേണമെങ്കിൽ കൊണ്ടുവന്നു നിർത്താം. ചെലവിനുളള വക ജോലി ചെയ്‌തുണ്ടാക്കാം. നഗരത്തിൽനിന്നു സൈൻ ബോർഡുകളുടെ പണി കിട്ടാതെ വരില്ല.

പക്ഷെ, ദാവീദുചേട്ടനോടും അന്നമ്മച്ചേടത്തിയോടും എന്താ പറയുക? സോഫിയയോടുളള സ്‌നേഹത്തിന്റെയും വഴക്കിന്റെയും കരാറിലല്ലല്ലോ തനിക്കിവിടെ സംരക്ഷണം തന്നത്‌. ഇന്നുവരെ അവർ തന്റെ നേരെ ഒരു മുഖം കറുപ്പിക്കുകയോ അസുഖകരമായ ഒരു വാക്കുച്ചരിക്കുകയോ ഒന്നും ചെയ്‌തിട്ടില്ല. ഒരു മകനെപ്പോലെയാണ്‌ അവർ തന്നെ കണക്കാക്കുന്നത്‌. ചിറകു വളരുമ്പോൾ രക്ഷിതാക്കളെയുപേക്ഷിച്ചു പറന്നു പോകുന്ന ഒരു പക്ഷിയെപ്പോലെ തനിക്കകന്നു പോകാനാകുമോ?

ഒരു തീരുമാനത്തിലെത്തണമെന്ന ആലോചനയുമായാണ്‌ ഇനാസി അന്നു രാത്രി വീട്ടിലെത്തിയത്‌.

പ്രാർത്ഥന കഴിഞ്ഞ്‌ ബീന അവിടെത്തന്നെയിരുന്നു പാടുകയായിരുന്നു. ശ്രുതിമധുരമായ ഒരു ഭക്തിഗാനം. ശോകരസമാണ്‌ സ്ഥായീഭാവം. ആത്മദുഃഖങ്ങളെ വിസ്‌മൃതിയിൽ ലയിപ്പിച്ച്‌ അവൾ ഒരുതരം മോചനം തേടുകയായിരുന്നു.

പാദപതനശബ്‌ദമൊതുക്കി ഇനാസി പതുക്കെ നടന്നു വരാന്തയിൽ കയറി അനങ്ങാതെയിരുന്നു. ആ ഗാനത്തിന്റെ അദൃശ്യമായ കരങ്ങൾ ഇനാസിയുടെ ഹൃദയത്തെ തഴുകിയാശ്വസിപ്പിച്ചു. അയാളുടെ കണ്ണുകൾ ജലാദ്രങ്ങളായി.

പാട്ടവസാനിച്ചപ്പോൾ ബീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

-ഈ പാട്ടിനു മുന്നിൽ ദൈവത്തിനെങ്ങനെ ബധിരനായി നില്‌ക്കാൻ കഴിയുന്നു? ഈ വേദന മനസ്സിലാക്കാൻ ദൈവത്തിനു ഹൃദയമില്ലേ?

ദൈവം അന്ധനും ബധിരനും മൂകനുമാണോ? തനിക്കു പലപ്പോഴും അങ്ങനെയാണു തോന്നീട്ടുളളത്‌.

ബീനയ്‌ക്ക്‌ ദൈവം കണ്ണുകൾ നല്‌കിയതു കരയാൻ മാത്രമാണ്‌. കാരുണ്യനിധിയായ ദൈവത്തിന്റെ ക്രൂരവിനോദം!

എങ്കിലും നിഷ്‌കളങ്കയായ പെണ്ണേ, നീ പാടൂ…. നീ കരയൂ! നിന്റെ ദുഃഖഭാരം കണ്ണീരിലൂടെ അലിഞ്ഞൊഴുകട്ടെ. നീ കരയൂ… മതിയാകുംവരെ.

ഇനാസി മൂകമായി പറഞ്ഞു.

ബീന എഴുന്നേറ്റ്‌ മെല്ലെ വരാന്തയിൽ വന്നു. ഇനാസിയുടെ ഗന്ധത്തിലൂടെ സാന്നിദ്ധ്യമറിഞ്ഞ്‌ അവൾ ചോദിച്ചുഃ

’ചേട്ടൻ കുറച്ചു ദിവസങ്ങളായിട്ട്‌ വളരെ താമസിച്ചാണല്ലോ വരുന്നത്‌? പകലൊക്കെ എവിടെപ്പോകുന്നു?‘

ഇനാസിക്ക്‌ ആശ്ചര്യംതോന്നി. കാഴ്‌ചയില്ലെങ്കിലും അവൾ എന്തെല്ലാം മനസ്സിലാക്കുന്നു!

’ഒന്നുമില്ല. കൂട്ടുകാരുമൊത്ത്‌ പാർക്കിലിരുന്നു സംസാരിച്ചു സമയം കളയുന്നതാ.‘

’എന്നാലും ചേട്ടനിപ്പോൾ മുമ്പത്തെപ്പോലെയല്ല. ചിരിയും സന്തോഷവുമൊക്കെ കേൾക്കുന്നേയില്ല.‘

’ഏയ്‌, ഒന്നൂല്ല. ബീനയ്‌ക്കു വെറുതെ തോന്നുന്നതാ.‘

’ഓ, ഒന്നുമില്ലെങ്കിൽ സന്തോഷം.‘ അവൾ മന്ദഹസിച്ചു.

അത്താഴത്തിന്‌ തീൻ മേശയ്‌ക്കരികിലിരുന്നപ്പോൾ ഇനാസിയ്‌ക്ക്‌ അന്യതാബോധമുണർന്നു. മുമ്പൊക്കെ സോഫിയ അടുത്തുവന്നു നില്‌ക്കുമായിരുന്നു. കറികൾ വിളമ്പി തന്ന്‌ കൂടുതൽ തിന്നാൻ നിർബ്ബന്ധിക്കുമായിരുന്നു. സ്‌നേഹപൂർവ്വമുളള ആ പരിചരണം ഇപ്പോൾ നഷ്‌ടപ്പെട്ടിരിക്കുന്നു.

ഇടയ്‌ക്കുവച്ച്‌ ഊണു മതിയാക്കി എഴുന്നേറ്റപ്പോൾ അന്നമ്മച്ചേടത്തി ചോദിച്ചുഃ

’എന്തു പറ്റി ഇനാസീ, കറി പറ്റിയില്ലെ‘.

’ഇല്ല. കറിയൊക്കെ നന്നായി. എനിക്കു മതിയായിട്ടാ.‘

അതു ബോദ്ധ്യമാകാത്ത മട്ടിൽ അന്നമ്മ ഇനാസിയുടെ മുഖത്തേക്ക്‌ നോക്കി. ഇനാസി അതറിയാത്ത ഭാവത്തിൽ കടന്നുപോയി.

ഇനാസി ഒരു നോവൽ വായിച്ച്‌ മുറിയിലിരുന്നു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞിട്ടും സോഫിയയുടെ മുറിയിൽ വെളിച്ചം കണ്ടു. അവൾ വായിക്കുകയായിരുന്നു. ഇനാസി പെട്ടെന്ന്‌ കടന്നു ചെന്നപ്പോൾ അവൾക്കു ചെറിയൊരു പരിഭ്രമം തോന്നി.

’ഞാനൊരു കാര്യം പറയാൻ വന്നതാ.‘- ഇനാസി പറഞ്ഞു.

അവൾ ഇനാസിയുടെ മുഖത്തേക്ക്‌ നോക്കി.

’സോഫിയയ്‌ക്കെന്നോടു വിരോധമുണ്ടോ?‘

’ഞാൻ വിരോധോന്നും കാണിച്ചില്ലാലോ.‘ – അവളുടെ മിഴികൾ പതറി.

’പിന്നെന്താ എന്നോടു മിണ്ടാത്തതും എന്റടുത്തു വരാത്തതും.‘

’ഒന്നൂല്ല.‘ അവൾ തല കുനിച്ചു.

ജനലിലൂടെ തണുത്ത കാറ്റു വീശി. അവളുടെ പാവാട ഞൊറികൾ ഇളകി.

’എനിക്കു നിങ്ങളൊക്കെയല്ലാതെ മറ്റാരും സ്വന്തമായില്ല. ഇതെന്റെ വീടുപോലെയാണ്‌ ഞാൻ കരുതുന്നത്‌. അർഹിക്കാത്ത കാര്യമായിരിക്കാം. എങ്കിലും ഒരാങ്ങളയായി കരുതി എന്നോടല്പം സ്‌നേഹമായി പെരുമാറിക്കൂടെ?‘

അവൾ ഒന്നും മിണ്ടാതെ ഒരു പ്രതിമപോലെ നിന്നതേയുളളൂ.

’എന്താ സോഫീ മിണ്ടാത്തത്‌?‘ അയാൾ വേദനയോടെ ചോദിച്ചു.

’എനിക്കൊരു വിരോധോമില്ല.‘ അവൾ പറഞ്ഞു.

’നിങ്ങൾക്കിഷ്‌ടപ്പെടാത്തയാളായി ഞാനിവിടെ താമസിക്കുകയില്ല.‘ ഇനാസി പറഞ്ഞു.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഇനാസി പിന്നെ ഒന്നും മിണ്ടാതെ തന്റെ മുറയിലേയ്‌ക്ക്‌ തിരിച്ചു പോയി.

Generated from archived content: vilapam13.html Author: joseph_panakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപന്ത്രണ്ട്‌
Next articleപതിനാല്‌
Avatar
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English