മട്ടുപ്പാവിലെ പൂന്തോട്ടം(തുടര്‍ച്ച)

ടെറസ്സിലെ ഇന്‍ഫോര്‍മല്‍ ഗാര്‍ഡന്‍

പുല്‍ത്തകിടി , ചെടികള്‍ നടുന്നതിന് പല ആകൃതിയിലും വലിപ്പത്തിലുമുള്ള ‘പ്ലാന്റെര്‍ ബോക്സുകള്‍ ‘ ചട്ടിയില്‍ വളര്‍ത്തിയ ചെടികള്‍ , അലങ്കാരവിളക്കുകള്‍, ടെറാക്കോട്ട ശില്‍പ്പങ്ങള്‍ , നടപ്പാത, ചാരുബഞ്ചുകള്‍ ഇവയൊക്കെ ഉള്‍പ്പെടുത്തി ടെറസ്സിലും ഒരു ഇന്‍ഫോര്‍മല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കാം. ഇവയില്‍ ഏറ്റവും പ്രധാനവും നിര്‍മ്മിക്കാന്‍ വിഷമുള്ളതും ചെലവേറിയതുമായ ഭാഗം പുല്‍ത്തകിടിയാണ്.

പൂന്തോട്ടം നിര്‍മ്മിക്കുന്നതിന്റെ ആദ്യ പടിയായി ടെറസ്സിന്റെ വിസ്തീര്‍ണ്ണം അളന്നു തിട്ടപ്പെടുത്തി , പുല്‍ത്തകിടി, പ്ലാന്റെര്‍ ബോക്സ്, നടപ്പാത എന്നിവയ്ക്കുള്ള ഭാഗങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തി പൂന്തോട്ടത്തിന്റെ രൂപഘടന തയ്യാറാക്കണം. ഇതിനുശേഷം കോണ്‍ ക്രീറ്റ്ചോര്‍ച്ച ഇല്ലെന്നും വെള്ളം എളുപ്പം വാര്‍ന്നു പോകുന്നതിനുള്ള ചരിവുണ്ടെന്നും തീര്‍ച്ചയാക്കണം. പുല്‍ത്തകിടിയുണ്ടാക്കാനുദ്ദേശിക്കുന്ന ഭാഗത്തിനു ചുറ്റും രണ്ടടിയുയരത്തില്‍ ഒരിഷ്ടിക കനത്തില്‍ അതിര്‍ ഭിത്തിയുണ്ടാക്കണം. ഭിത്തിയുടെ വാര്‍ക്കയോടു ചേരുന്ന താഴെ വശത്ത് വെള്ളം ഒഴുകിപ്പോകാനായി ആവശ്യത്തിന് ദ്വാരങ്ങള്‍ ഇടണം. അടുത്ത പടിയായി ഒരടി ഉയരത്തില്‍ ഒരിഷ്ടിക കനത്തില്‍ പുല്‍ത്തകിടിക്കായി നിര്‍മിച്ച അതിര്‍ത്തിക്കുള്ളില്‍ മൂന്നടി അകലത്തില്‍ ഇടഭിത്തികള്‍ ഉണ്ടാക്കുക. ഈ താങ്ങു ഭിത്തികള്‍ക്കു മുകളില്‍ മുഴുവനായി കുറഞ്ഞത് ഒരിഞ്ചു കനത്തില്‍ നനജലം വാര്‍ന്നു പോകാന്‍ സുഷിരങ്ങളുള്ള കോണ്‍ക്രീറ്റു സ്ലാബുകള്‍ നിരത്തണം. ഈ സ്ലാബുകള്‍ക്കു മുകളില്‍ വേഗത്തില്‍ വെള്ളം താഴേക്കു വാര്‍ന്നിറങ്ങാനായി രണ്ടിഞ്ചു കനത്തില്‍ വലിപ്പമുള്ള ചരല്‍ക്കല്ലുകള്‍ നിരത്തുക. ഇതിനും മുകളില്‍ കയര്‍ ചേര്‍ത്തു നിര്‍മ്മിച്ച ‘ ജീയോ ടെക്സ്റ്റെയില്‍ ‘ വിരിക്കാം ഇതിനു മേല്‍പുല്ലു നടുന്നതിനുള്ള മിശ്രിതം ഒരടിയോളം കനത്തില്‍ നിരത്താം. നടീല്‍ മിശ്രിതമുണ്ടാക്കാന്‍ അരിച്ചെടുത്ത ആറ്റുമണലും കട്ടകള്‍ നീക്കം ചെയ്ത ചുവന്ന മണ്ണും തുല്യ അളവില്‍ എടുത്ത് അതില്‍ വളമായി നൂറു ചതുരശ്ര അടി മിശ്രിതത്തിനു അരകിലോഗ്രാം എന്ന കണക്കിന് സൂപ്പര്‍ ഫോസ്ഫേറ്റ് ചേര്‍ക്കുക.

മാറ്റ് രൂപത്തില്‍ ലഭിക്കുന്ന ‘ മെക്സിക്കന്‍’ അല്ലെങ്കില്‍ ‘ കൊറിയന്‍’ പുല്‍ത്തകിടിയുടെ ചതുരാകൃതിയുള്ള ഭാഗങ്ങളാണ്‍ നടീല്‍ വസ്തുവായി നല്ലത്. നടീല്‍ മിശ്രിതത്തിനു മുകളില്‍ ‘ മാറ്റ് ‘ പതിച്ച ശേഷം കൂട്ടിച്ചേര്‍ത്ത ഭാഗങ്ങളില്‍ നന്നായി മണല്‍ നിറച്ചു കൊടുക്കുക. പുല്ലു നട്ടു കഴിഞ്ഞാല്‍ മൂന്നു നേരം വീതം പത്തു ദിവസത്തേക്കെങ്കിലും നന്നായി നനച്ചുകൊടുക്കണം. പുതിയ തളിരുകളും ഇലകളും വന്നു തുടങ്ങിയാല്‍ ഇത് ദിവസത്തിലൊന്നായി കുറയ്ക്കാം.

പുല്‍ത്തകിടിക്കു കൂടുതല്‍ ഭംഗി നല്‍കാന്‍ അലങ്കാരവിളക്കുകള്‍ , ടെറാക്കോട്ട ശില്‍പ്പങ്ങള്‍ ചാരുബഞ്ചുകള്‍ എന്നിവ സ്ഥാപിക്കാവുന്നതാണ് . പുല്‍ത്തകിടിയുടെ പുറം ഭിത്തി അലങ്കാര ഓടുകള്‍ പതിപ്പിച്ചു മനോഹരമാക്കാം. പുല്‍ത്തകിടി പിടിപ്പിച്ചിരിക്കുന്ന ഭാഗത്ത് വൃക്ഷങ്ങളുടെ തണല്‍ ഇല്ലാതെ , ദിവസം ആറുമണിക്കൂറെങ്കിലും നേരിട്ടു സൂര്യപ്രകാശം ലഭിക്കണം. പുല്‍ത്തകിടിയോടൊപ്പം പ്ലാന്റെര്‍ ബോക്സ് നിര്‍മ്മിക്കുമ്പോള്‍ ആ ഭാഗത്തെ ഇടഭിത്തിക്ക് ഉയരം കുറച്ചു മതി. അതുപോലെ തന്നെ ആ ഭാഗം പുല്‍ത്തകിടിയേക്കാള്‍ ഉയര്‍ത്തി കള്ളികള്‍ തിരിച്ച് കുടുതല്‍ ആഴത്തില്‍ നടീല്‍ മിശ്രിതം നിറക്കാം. ഈ കള്ളികളില്‍ ഇടത്തരം വലിപ്പത്തിലുള്ള അലങ്കാര കുറ്റിച്ചെടികള്‍ , സൈക്കസ്, റെഡ് സ്പാം . ഇവയൊക്കെ നട്ട് പരിപാലിക്കാം. പുല്‍ത്തകിടി നിര്‍മ്മിച്ച ഭാഗത്ത് നിന്ന് വേറിട്ട് പ്രത്യേകം നിര്‍മ്മിച്ച വിവിധ ആകൃതിയിലുള്ള പ്ലാന്റെര്‍ ബോക്സുകളിലും ഈ രീതിയില്‍ ചെടികള്‍ നട്ട് പരിപാലിക്കാന്‍ കഴിയും പുല്‍ത്തകിടി നിര്‍മ്മിക്കുന്ന അതേ രീതിയില്‍ ചുറ്റും ഇഷ്ടികക്കെട്ടും ഇടഭിത്തികളും താഴെ ഭാഗത്ത് വെള്ളം വാര്‍ന്നു പോകാനായി ചാലുകളും ഉണ്ടായിരിക്കണമെന്നുമാത്രം. ഈ പ്ലാന്റെര്‍ ബോക്സുകള്‍ക്ക് കുറഞ്ഞത് രണ്ടടി വീതിയും നാലടി നീളവും രണ്ടടിയോളം താഴ്ചയും നല്‍കണം.

പുല്‍ത്തകിടി രണ്ടു മാസത്തിലൊരിക്കല്‍ വെട്ടി കനം കുറച്ച് നിര്‍ത്തുന്നത് കൂടുതല്‍ കരുത്തോടെ വളരാന്‍ സഹായിക്കും മാസത്തിലൊരിക്കല്‍ വളമായി നൂറു ചതുരശ്ര അടി പുല്ലിന് 300 ഗ്രാം എന്ന് തോതില്‍ യൂറിയ നല്‍കാം.

മേല്‍ത്തട്ടിലെ പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് നന്നായി വായു സഞ്ചാരം ലഭിക്കുന്നതുകൊണ്ടും മണ്ണുവഴിയുള്ള കീടശല്യം കുറവായതുകൊണ്ടും രോഗ, കീടബാധ കുറവായിരിക്കും.

Generated from archived content: essay1_dec8_11.html Author: jocob_varghesekunthara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English