ഓണം ഡോട്ട്‌ കോമിന്റെ പിൻകാഴ്‌ച

മാവേലി വരുന്ന ദിവസമല്ലേ,

കേരളത്തിലല്ലെന്നു കരുതി

ഇവിടെ മുക്കുറ്റിയും തുമ്പയും കിട്ടില്ലെന്നു കരുതി

പൂക്കളമൊഴിവാക്കാനാകുമോ?

ഡസ്‌ക്ക്‌ ടോപ്പിലേക്കൊന്നു

ഡൗൺലോഡ്‌ ചെയ്തു കളയാം

കുടചൂടിയ മാവേലി സഹിതം.

പുത്തനുടുപ്പിട്ട്‌ കുട്ടികളെത്തി,

“ഇനിയെന്താ പ്രോഗ്രാം?”

‘കരച്ചിൽ പെട്ടി’ ഇടമുറിയാതെ വിളിക്കുന്നുണ്ട്‌-

ഈ തിരുവോണം ഞങ്ങൾക്കൊപ്പം.

“അതിലെന്തു ചെയ്‌ഞ്ച്‌?

(നാമെന്നും അതിനോടൊപ്പമാണല്ലോ)

ഇത്തവണ ശരിക്കും ആഘോഷിക്കണം”

കുട്ടികളുടെ ആഗ്രഹമല്ലേ,

ഗൂഗിൾ ഡോട്ട്‌ കോമിലൊന്നു ഞെക്കി നോക്കാം.

ഓണാഘോഷമുണ്ട്‌, സദ്യയുണ്ട്‌

തലയൊന്നിനു നൂറു രൂപാ.

അല്പം ദൂരെയാണ്‌,

സാരമില്ല, കാറുണ്ടല്ലോ;

സംസ്‌ക്കാരത്തിന്റെ തായ്‌വേരെങ്കിലും

കുട്ടികൾ അറിഞ്ഞിരിക്കണമല്ലോ.

ഹാളിനു മുമ്പിലൊരു ജനക്കൂട്ടമാണ്‌

“പൂക്കളമാവും…, മാവേലിയാവും…,

തൃക്കാക്കരപ്പനു പൂജയാവും…”

കുട്ടികൾക്കു കൗതുകമേറുകയാണ്‌

“അതൊക്കെ ഹാളിനകത്താണ്‌,

ഇവിടെ ടോക്കണാണ്‌, നൂറിനൊന്ന്‌”

പിന്നെ ടോക്കണെടുത്ത്‌ ഒരു ഓട്ടമാണ്‌…

“ഹാളിനകത്താണോ അച്ഛാ വള്ളംകളി?”

കുരുന്നു സംശയമാണ്‌.

വാതിൽക്കൽ വലിയ തള്ളാണ്‌

തള്ളു തീർന്നതൊരു ബെഞ്ചിലേക്കാണ്‌

ഡസ്‌ക്കിൽ ചോറും കറികളുമുണ്ട്‌.

സദ്യ കഴിഞ്ഞാണോ ഓണാഘോഷം?

“ഊണല്ലാതെ മറ്റെന്താഘോഷം?”

വിശ്വസിക്കാവുന്ന മറുപടിയാണ്‌

സ്ഥിരമായി ഓണമുണ്ണാനെത്തുന്ന ആളാണ്‌

‘ഉള്ളതു കൊണ്ടോണ’മെന്നാണല്ലോ

ഒരുപിടി ആഘോഷം കുഴച്ച്‌ വായിലിട്ടതാണ്‌

ആരോ വിരലുകൾ ചേർത്തുപിടിച്ചതുപോലെ

ബലമായി വിരലുകൾ അകറ്റി

വിരലിൽ ചുറ്റിയ മുടിനാരിൽ

കഴുത്തൊടിഞ്ഞു തൂങ്ങുന്ന വറ്റാണ്‌

ചങ്കിലതിന്റെ കടുത്ത കുത്താണ്‌

മനസിലാഗോള ഓണത്തിന്റെ പിൻകാഴ്‌ചകളാണ്‌.

Generated from archived content: poem3_aug23_07.html Author: jithendra_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English