അപ്രത്യക്ഷരാകുന്ന ആത്മാക്കളുടെ തേങ്ങലുകൾ….

പകലന്തിയോളം ജോലിചെയ്ത്‌ ക്ഷീണിച്ച്‌ വന്ന പിതാവ്‌ തന്റെ ഏക മകനെ ആഹാരം വാങ്ങാൻ വേണ്ടി അയച്ചതാണ്‌. 08 വർഷമായി ആ പിതാവ്‌ മകന്റെ മടങ്ങിവരവ്‌ പ്രതീക്ഷിച്ച്‌ തുടങ്ങിയിട്ട്‌! 1947നു ശേഷം ആദ്യമായി ജമ്മുകാശ്മീർ ഗവൺമെന്റ്‌ നിരപരാധികളുടെ തിരോധാനത്തിന്‌ ഉത്തരവാദികളായ പോലീസ്‌ ഓഫീസർമാരുടെ മേൽ കർശനമായ നടപടികൾ ഈ വർഷം മുതൽ എടുത്തു തുടങ്ങുകയുണ്ടായി. 2007 ഫെബ്രുവരിയിൽ കനേഡിയൻ എംബസ്സിയുടെ സഹകരണത്തോടെ ജമ്മു യൂണിവേഴ്‌സിറ്റി നടത്തിയ “നാഗരികതയുടെ വികസനം” എന്ന സെമിനാറിൽ പങ്കെടുക്കാൻ അവസരം കിട്ടിയ എനിക്ക്‌ വീണ്ടും കാശ്മീർ താഴ്‌വര സന്ദർശിക്കുവാൻ കഴിഞ്ഞു. കാശ്മീർ താഴ്‌വര സന്ദർശിച്ച എനിക്ക്‌ സാധാരണ കാശ്മീരികളുടെ സമാധാന പ്രക്രിയയിലേക്കുള്ള മനസ്സുമാറ്റം സന്തോഷപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്‌ താഴ്‌വരയിൽ തീവ്രവാദവും, വിധ്വംസക പ്രവർത്തനങ്ങളും ഒക്കെ വളരെ കുറഞ്ഞിട്ടുണ്ട്‌. മക്കളുടെ ശോഭന ഭാവിക്കാണ്‌ അവർ ഇപ്പോൾ മുൻതൂക്കം കൊടുക്കുന്നത്‌. സമാധാനപ്രക്രിയയിലേയ്‌ക്ക്‌ സ്വയം തയ്യാറായി വരുന്ന കാശ്മീരിലെ നിരപരാധികളുടെ നേർക്കാണ്‌ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ നെറികേടുകൾ. നിരപരാധികളെ തീവ്രവാദികൾ എന്ന പേരിൽ കൊലപ്പെടുത്തിയശേഷം ഗവൺമെന്റിൽ നിന്ന്‌ വൻപ്രതിഫലത്തുകയും, പ്രമോഷനുകളും മറ്റ്‌ ആനുകൂല്യങ്ങളും ഒക്കെ നേടിയെടുക്കുകയാണ്‌. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ. പക്ഷെ ഈ ഒറ്റപ്പെടലുകൾ ഒക്കെ തന്നെ വീണ്ടും ഇന്ത്യയോട്‌ ശത്രുതാമനോഭാവം വളർത്താൻ ഇടയാക്കൂ.

അപ്രത്യക്ഷരാകുന്ന നിരപരാധികളുടെ എണ്ണം കാശ്മീർ താഴ്‌വരയിൽ കൂടി വരുകയാണ്‌. ഇത്‌ വിരൽചൂണ്ടുന്നതാകട്ടെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനു നേർക്കും. പാക്കിസ്ഥാന്റെ കയറ്റുമതി തീവ്രവാദത്തിനുശേഷം ആയിരക്കണക്കിനു യുവാക്കളെയാണ്‌ ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ കാണാതായിരിക്കുന്നത്‌. ആർമിയുടെ അഭിപ്രായത്തിൽ ഇവരൊക്കെ തീവ്രവാദികളും രാജ്യത്തിന്‌ വിരുദ്ധമായി പ്രവർത്തിക്കുന്നവരും. എന്നാൽ മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ അഭിപ്രായത്തിൽ ഏറെപ്പേരേയും തീവ്രവാദികൾ എന്ന പേരിൽ നിഷ്‌ക്കരുണം വധിക്കപ്പെട്ട സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനെയാണ്‌ കുറ്റപ്പെടുത്തുന്നത്‌. ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ്‌ ഇന്ത്യയിലെ മുസ്ലീം ഭൂരിപക്ഷമുള്ള ഈ സംസ്ഥാനത്തെ കലാപഭൂമിയാക്കി തീർക്കുന്നത്‌.

2006 ഡിസംബർ 08ന്‌ വീട്ടിൽ നിന്ന്‌ മകൾക്ക്‌ ചുംബനവും നൽകി മരപ്പണിക്ക്‌ ഇറങ്ങിയതാണ്‌ അബ്ദുൾ റഹ്‌മാൻ പദർ. രാത്രി ആയിട്ടും മടങ്ങിവരാത്തതു കാരണം വീട്ടുകാർ ഗ്രാമവാസികളുമായി അന്വേഷണം തുടങ്ങി. വിവരം ഒന്നും ലഭിക്കാത്തതുകാരണം പിറ്റേന്ന്‌ ഗന്ധർബാൽ പോലീസ്‌ സ്‌റ്റേഷനിൽ പരാതിയും കൊടുക്കുകയുണ്ടായി. ചില ദിവസങ്ങൾക്കുശേഷം കാണാതായ അബ്ദുൾ റഹ്‌മാൻ പദറിന്റെ മൊബൈൽഫോണിലേയ്‌ക്ക്‌ വീട്ടുകാർ വിളിച്ചപ്പോൾ അപരിചിതനായ വ്യക്തി അവരുമായി സംസാരിക്കുകയുണ്ടായി. അയാൾ പറഞ്ഞു ഈ മൊബൈൽ അദ്ദേഹത്തിന്റെ പരിചയക്കാരനായ എസ്‌.ഒ.ജിയിലെ എ.എസ്‌.ഐ. ഫറൂഖ്‌ അഹമ്മദ്‌ ഗുഡു തന്നതാണ്‌ എന്ന്‌. ഉടനെ ഗ്രാമവാസികൾ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ എ.എസ്‌.ഐ ഗുഡുമായി ബന്ധപ്പെട്ടപ്പോൾ ആദ്യം ഒക്കെ മേൽവ്യക്തിയെ അറിഞ്ഞുകൂടാ എന്നു പറയുകയുണ്ടായി. ശേഷം സംശയത്തിന്റെ പേരിൽ അയാളെ താൻ പിടികൂടി, ചോദ്യം ചെയ്തശേഷം ഉടനെ വിട്ടയച്ചു ബാക്കി ഒന്നും അറിയത്തില്ല എന്നും. ഉടനെ അവർ മേലധികാരികളെ വിവരം അറിയിക്കുകയും എ.എസ്‌.ഐ.യുടെ മേൽ അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്തു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ അന്വേഷണ ടീമിന്‌ ലഭിച്ചത്‌.

പാവപ്പെട്ട മര ആശാരിയെ അദ്ദേഹത്തിന്റെ ഗ്രാമമായ ലാർണോയിൽ നിന്ന്‌ എ.എസ്‌.ഐ അറസ്‌റ്റ്‌ ചെയ്തശേഷം, ഗന്ധർബാൽ പോലീസ്‌ ലോക്കപ്പിലിട്ട്‌ ക്രൂരമായി മർദ്ദിച്ചു. ശേഷം അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈൽഫോൺ വാങ്ങി മറിച്ചുവിൽക്കുകയും, പിറ്റേന്ന്‌ ഉച്ചയോടെ അദ്ദേഹത്തെ കൊല്ലുകയും ചെയ്തു. അന്ന്‌ വൈകുന്നേരത്തെ വാർത്തയിൽ പാക്കിസ്ഥാനി തീവ്രവാദിയെ ഏറ്റുമുട്ടലിൽ കൊന്നു എന്നും 03 മാഗസ്സിനും, ഗ്രനേഡ്‌, എ.കെ47 എന്നിവ പിടിച്ചെടുത്തു എന്നും അറിയിക്കുകയുണ്ടായി. ഇതിന്‌ പാരിതോഷികമായി 1,20,000രൂപയും എസ്‌.ഒ.ജിക്ക്‌ ലഭിക്കുകയുണ്ടായി. കുടുംബനാഥൻ നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ കണ്ണുനീർ ഒരുപക്ഷേ ഇന്നും തോർന്നിട്ടുണ്ടാവില്ല. ഇന്ത്യൻ ഗവൺമെന്റിന്റെ ലക്ഷങ്ങൾക്ക്‌ നഷ്ടപ്പെട്ട അബ്ദുൾ റഹ്‌മാൻ പദറിന്റെ ജീവൻ മടക്കി നൽകാൻ കഴിയുമോ! കാശ്മീരിൽ സമാധാനത്തിന്‌ വിഘാതമായി നിലനിൽക്കുന്ന കാരണങ്ങളിലൊന്ന്‌ സമാധാനം സൃഷ്ടിക്കേണ്ടവർ തന്നെ അസമാധാനം വിതയ്‌ക്കുന്നു എന്നതാണ്‌.

മേൽ സംഭവത്തിനു ശേഷം മുമ്പുനടന്ന മറ്റൊരു ഏറ്റുമുട്ടലിന്റെ സത്യവും ഇതോടെ പുറത്തുവരുകയുണ്ടായി. കാശ്മീരിലെ തെരുവുകളിൽ കച്ചവടം നടത്തിവന്നിരുന്ന നസീർ ഗുലാം ദേക്ക, ഗുലാബ്‌ നബി വാണി എന്നിവരുടെ തിരോധാനത്തിന്റെ യാഥാർത്ഥ്യവും പുറത്തുവരികയുണ്ടായി. മൂന്നുകുട്ടികളുടെ പിതാവായ നസീർ ഗുലാം ദേക്കയാകട്ടെ തെരുവുകളിൽ പെർഫ്യൂം വിൽക്കുന്നയാളായിരുന്നു. 2006 ഫെബ്രുവരി മാസം ഇദ്ദേഹത്തെ കാരണം കൂടാതെ എസ്‌.ഒ.ജി. പിടിക്കുകയും എ.എസ്‌.ഐ ഗുഡുവിന്റെ നേതൃത്വത്തിൽ മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തു. ശേഷം പാക്കിസ്ഥാൻ തീവ്രവാദി ഗ്രൂപ്പായ ലഫ്‌ക്കറെ-ഇ-തോയിബയുടെ ഭീകരന ഏറ്റുമുട്ടലിൽ വധിച്ചു എന്ന്‌ പ്രചരിപ്പിക്കുകയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥർ എ.എസ്‌.ഐ ഗുഡുവിന്റെ വീട്ടിൽ നിന്ന്‌ പെർഫ്യൂം കണ്ടെടുത്തതോടെ യാഥാർത്ഥ്യം പുറത്തുവരുകയും എസ്‌.ഒ.ജി.യുടെ ചില ഓഫീസർമാർ വഞ്ചകരും ചതിയന്മാരും ആണ്‌ എന്ന്‌ സാധാരണ കാശ്മീരികൾ മനസ്സിലാക്കാനും തുടങ്ങി. ഇതേ എ.എസ്‌.ഐ തന്നെ 2006 മാർച്ചിൽ ഗുലാബ്‌ നബി വാണി എന്ന നിരപരാധിയെ പിടികൂടുകയും ചോദ്യം ചെയ്തശേഷം കൊല്ലുകയും ചെയ്തു. ശേഷം ആർമിയും പോലീസും ആയിട്ടുള്ള ഏറ്റുമുട്ടലിൽ തീവ്രവാദിയെ കൊന്നു എന്ന്‌ പ്രചരിപ്പിക്കുകയുണ്ടായി.

ഇത്തരത്തിലുള്ള നിരപരാധികൾ ഒക്കെ തന്നെ സാധാരണ ജനങ്ങളും. ഒരു തരത്തിലും തീവ്രവാദവുമായി ബന്ധമില്ലാത്തവരും, മാതൃരാജ്യത്തെ സ്നേഹിക്കുന്ന വ്യക്തികളുമായിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന നിരപരാധികളുടെ കൃത്രിമ മരണം താഴ്‌വരയിലുടനീളം തുടങ്ങിയപ്പോൾ ഗ്രാമവാസികൾ ഗന്ധർബാൽ സീനിയർ സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ (എസ്‌.എസ്‌.പി) ശ്രീ. ഹാൻസ്‌രാജ്‌ പരിവാറിനെ കാണുകയും എ.എസ്‌.ഐ. ഗുഡുവിനെ സർവ്വീസിൽ നിന്ന്‌ പിരിച്ചുവിട്ട്‌ മതിയായ ശിക്ഷ കോടതിയിൽ നിന്ന്‌ വാങ്ങിക്കൊടുക്കണമെന്ന്‌ അഭ്യർത്ഥിക്കുകയും അതിനുവേണ്ടി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു.

1989 മുതൽക്ക്‌ ഏകദേശം ആറായിരത്തോളം യുവാക്കൾ അപ്രത്യക്ഷരായിട്ടുണ്ട്‌. മടങ്ങിവരും എന്ന്‌ പ്രതീക്ഷിച്ചുകൊണ്ട്‌ വേദനയോടെ മാതാപിതാക്കൾ കഴിയുകയാണ്‌. 1989ൽ മാത്രം 1017 യുവാക്കൾ അപ്രത്യക്ഷരായിട്ടുണ്ട്‌. ബാരമുള്ള 433, ഗന്ധർബാൽ 66, ശ്രീനഗർ 115, ബഡ്‌ഗാം 26, പുൽമാവ 30, അവാന്തിപ്പൂർ 20, കുപ്പ്‌വാര 62, കുൽഗാം 66, ഹന്ദവാര 61, ഡോഡ 39, റാംബൻ 30, കത്ത്‌വ 10. ബാക്കി മറ്റു സ്ഥലങ്ങളിൽ നിന്നും എസ്‌.ഒ.ജിയുടെ ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ ആണ്‌ കാശ്മീരികൾക്കിടയിൽ ഇന്ത്യാ വിരുദ്ധ തരംഗങ്ങൾ സൃഷ്ടിക്കുന്നത്‌. 2007 ഫെബ്രുവരിയിൽ ജമ്മുകാശ്മീർ ലിബറേഷൻ ഫ്രഡ്‌ കാശ്മീരിലുടനീളം ബന്ദ്‌ നടത്തുകയുണ്ടായി. അതോടൊപ്പം ഹുറിയത്ത്‌ പാർട്ടിയും ഇന്ത്യവിരുദ്ധ പ്രകടനങ്ങളും, റാലികളും ഒക്കെ നടത്തുകയുണ്ടായി. ഇത്തരം വികാരങ്ങൾ ജനാധിപത്യത്തിലേയ്‌ക്ക്‌ വരുന്ന കാശ്മീരികൾക്ക്‌ വേദന ഉളവാക്കുന്ന സാഹചര്യങ്ങളാണ്‌ ഉണ്ടാക്കുന്നത്‌.

തീവ്രവാദം കാശ്മീരിന്റെ സൗന്ദര്യവും സ്നേഹവും ഒക്കെ നഷ്ടപ്പെടുത്തുകയുണ്ടായി. 1947നുശേഷം നടന്ന എല്ലാ ഇൻഡോ പാക്‌ പ്രശ്നങ്ങളുടെയും മുഖ്യകാരണം കാശ്മീർ തന്നെയാണ്‌. ഒരുവശത്ത്‌ പാക്കിസ്ഥാൻ ഐ.എസ്‌.ഐയുടെ സഹായത്തോടെ ഇന്ത്യയുടെ ഒത്തൊരുമയെ നശിപ്പിക്കാൻ വേണ്ടി തീവ്രവാദത്തെ കയറ്റുമതി ചെയ്യുന്നു. മറുവശത്ത്‌ ഇതേ പാക്കിസ്ഥാൻ സമാധാനത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്നു. 1947നു ശേഷം തീവ്രവാദം ഏകദേശം 40000ത്തോളം നിരപരാധികളുടെ ജീവൻ നശിപ്പിക്കുകയുണ്ടായി. ഇതേ തീവ്രവാദം ഏകദേശം മൂന്നുലക്ഷത്തോളം കാശ്മീർ പണ്ഡിറ്റുകൾക്ക്‌ മാതൃസംസ്ഥാനം, നഷ്ടപ്പെടുവാനും ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ പേടിച്ചരണ്ട മുയലുകളെപ്പോലെ മാളങ്ങളിൽ അഭയാർത്ഥികളായി കഴിയേണ്ട ഗതിയും വരുത്തുകയുണ്ടായി. കഷ്ടതയുടെയും കണ്ണുനീരിന്റെയും വേദനയുടെയും മധ്യത്തിൽ 61% കാശ്മീരികൾ (മുസ്ലീം, ഹിന്ദു) ഇന്ത്യയോടൊപ്പം കഴിയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 33% സ്വാതന്ത്ര്യകാശ്മീർ സ്വപ്നം കാണുന്നു. 06% ആകട്ടെ പാക്കിസ്ഥാനോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നു.

പാക്കിസ്ഥാൻ ഒരിക്കലും കാശ്മീരികളെ അവരുടെ രാജ്യത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുകയില്ല. കാരണം സാമ്പത്തികമായി തകർന്നിരിക്കുന്ന പാക്കിസ്ഥാന്‌ ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥ ആയിരിക്കും. അങ്ങനെ നടന്നാൽ കാശ്മീരികളെ വിശ്വസിക്കുകയും, അവരുമായി നല്ല ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്താൽ അവരുടെ മേൽ നമ്മൾക്ക്‌ ആത്മീയവജയം നേടാൻ കഴിയും. 1947 മുതൽ എത്ര കോടി രൂപയാണ്‌ ഈ ഒരു സംസ്ഥാനത്തിനുവേണ്ടി ചിലവഴിച്ചത്‌. എന്നിട്ടും സമാധാനം ലഭിച്ചോ? എവിടെയെങ്കിലും, ആരെങ്കിലും അനശ്വരമായ സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ആർമിക്കോ, നിങ്ങളുടെ ഗവൺമെന്റിനോ, നിങ്ങളുടെ ഗ്രനേഡിനോ, നിങ്ങളുടെ എ.കെ47നോ അത്‌ കൊണ്ടുവരാൻ കഴിയില്ല. ശാശ്വതസമാധാനം എന്നത്‌ വ്യക്തികളുടെ ഹൃദയത്തിൽ നിന്നാണ്‌ അല്ലാതെ രക്തച്ചൊരിച്ചിലിലൂടെയല്ല. ഇതു തന്നെയാണ്‌ കാശ്മീരികളും ഇന്ത്യയിൽ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌.

Generated from archived content: essay1_july30_07.html Author: jijipaul_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English