ഇരുട്ട്‌

അച്‌ഛൻ ഇന്നും ഉറങ്ങാതിരിക്കുകയാണ്‌, അതും ഇരുട്ടത്ത്‌. അടുക്കളയിൽ നിന്നും വെളളം കുടിച്ചു തിരിച്ചുവരുമ്പോഴും കോലായിൽ അതേ ഇരിപ്പുതന്നെ. ചാരുകസേരയിൽ കിടന്നു, കൈ രണ്ടും നെഞ്ചത്ത്‌ കെട്ടി, ഇരുട്ടിലേക്ക്‌ തുറിച്ചുനോക്കി. എന്തിനാണ്‌ അച്‌ഛൻ രാത്രിയിൽ ഉറങ്ങാതിരിക്കുന്നത്‌?

“അച്‌ഛാ” അയാൾ കസേരയുടെ അടുത്തു ചെന്നു വിളിച്ചു. മറുപടിയായി അച്‌ഛൻ നീട്ടിമൂളി.

“അച്‌ഛനെന്തിനാ ഇരുട്ടത്തിരിക്കുന്നെ”

“വെറുതെ..”

“ഉറങ്ങണ്ടേ… നേരം കുറെയായി.”

“ആ…” അച്‌ഛൻ അതിനും മൂളി

അയാളുടെ ഒരു വലിയ ആവലാതിയായി മാറിക്കഴിഞ്ഞിരുന്നു, അച്‌ഛൻ. വിമാനത്താവളത്തിൽ, കറങ്ങുന്ന കൺവെയർ ബെൽട്ടിൽ നിന്നും പെട്ടികളെടുത്ത്‌ ട്രോളിയിൽ വെച്ചു ഉന്തി പുറത്തേക്ക്‌ നടക്കുമ്പോൾ ആദ്യം ശ്രദ്ധിച്ചത്‌ അതാണ്‌. മുന്നിലെ കൊച്ചു ആൾക്കൂട്ടത്തിനു പിന്നിൽ കൈവീശി നിൽക്കുന്ന അച്‌ഛൻ. അച്‌ഛന്‌ പെട്ടെന്ന്‌ വയസ്സായിരിക്കുന്നു. ക്ഷീണിച്ച, ചിരിക്കുന്ന മുഖത്തിനും നരച്ച മുടികൾക്കുമപ്പുറം കുറെയേറെ വർഷങ്ങൾ കടന്നുപോയിരിക്കുന്നു. മൂന്നു വർഷങ്ങൾക്കുശേഷം ആദ്യമായാണ്‌ നാട്ടിൽ വരുന്നതെന്ന കുറ്റബോധം അയാൾക്കു അപ്പോൾ ഒരിക്കൽകൂടി തോന്നി.

“നീ കെടന്നോ, ഞാൻ കുറച്ചു കൂടി കഴിഞ്ഞു കിടന്നോളാം.” പിന്നെയും പമ്മിനിൽക്കുന്നത്‌ കണ്ട്‌ അച്‌ഛൻ പറഞ്ഞു. അയാൾ തിരിച്ചു മുറിയിലേക്ക്‌ നടന്നു.

പിറ്റേന്ന്‌ എഴുന്നേറ്റപ്പോൾ നേരം കുറെ വൈകിയിരുന്നു. അമ്മ ചായയുമായി വന്നു.

“അമ്മേ, അച്‌ഛനെണീറ്റോ?” ഗ്ലാസ്സിന്റെ മുകളിൽ പറ്റികിടന്നിരുന്ന പാലിന്റെ പച്ചനിറത്തിലുളള പാട അയാൾ ചൂണ്ടുവിരൽകൊണ്ട്‌ എടുത്തുമാറ്റി.

“പിന്നേ.. കാലത്തെണീറ്റു പറമ്പിലൊക്കെ നടക്കുന്നുണ്ട്‌.”

“അച്‌ഛനെന്താ, രാത്രി ഉറക്കമൊന്നുമില്ലേ. ഇന്നലെ രാത്രീം ഉറങ്ങാതിരിക്കുന്നത്‌ കണ്ടു.”

“ആ… അച്‌ഛൻ കിടക്കുമ്പോ നേരം കുറെയാവും. ഇപ്പോളെന്നും അങ്ങനെയാ.”

“വല്ലായ്‌ക വല്ലതും.”

“ഞാൻ ചോദിക്കുമ്പോഴൊക്കെ പറയുന്നത്‌ വെറുതെ ഇരിക്കുകയാണെന്നാ. നീ തന്നെ ചോദിക്ക്‌…”

അമ്മ അടുക്കളയിലേക്ക്‌ നടന്നു.

രാത്രി ഏതോ സമയത്താണ്‌ ഞെട്ടിയുണർന്നത്‌. സമയം എത്രയായാവോ? തപ്പിപിടിച്ചു മേശമേലെ അലാറം ക്ലോക്ക്‌ കണ്ടുപിടിച്ചു. നീല കൊച്ചുവെളിച്ചത്തിൽ സമയം ഉണർന്നു. ഒന്നു പതിനഞ്ച്‌..

ശബ്‌ദമുണ്ടാക്കാതെ മുൻവശത്തേക്ക്‌ നടന്നു. ചാരുകസേരയിൽ അച്‌ഛൻ അനങ്ങാതെ കിടക്കുന്നുണ്ട്‌. എന്താണ്‌ അച്‌ഛന്റെ പ്രശ്‌നം? പണമാകാൻ വഴിയില്ല. അല്ലെങ്കിൽ തന്നെ കൂടുതൽ പണമുണ്ടാക്കണമെന്ന്‌ പറഞ്ഞു അച്‌ഛൻ വിഷമിക്കുന്നത്‌ അയാൾ കണ്ടിട്ടേയില്ല. അനിതേച്ചിയും വിജയേട്ടനും കഴിഞ്ഞാഴ്‌ചയാണ്‌ വന്നുപോയത്‌. വിജയേട്ടന്‌ നല്ല പ്രാക്‌ടീസുണ്ടെന്നാ ചേച്ചി പറഞ്ഞത്‌. ആരോഗ്യപ്രശ്‌നം വല്ലതും? പണ്ടത്തെ വലിവ്‌ ഇപ്പോൾ വളരെ കുറവുണ്ടെന്നാണ്‌ അമ്മ പറഞ്ഞത്‌. കട്ടൻചായ കുടിച്ചു തുടങ്ങിയതോടെ ഷുഗറിനും നല്ല കുറവുണ്ട്‌. പിന്നെ ഈ അറുപതാം വയസ്സിൽ അച്‌ഛനെ അലട്ടുന്നതെന്താണാവോ?

മുന്നിൽ ഒന്നും കാണാൻ വയ്യ. മുൻവാതിലിനടുത്തെ സ്വിച്ച്‌ബോർഡ്‌ കണ്ടെത്താൻ കുറച്ചു പരതേണ്ടിവന്നു. ഒന്നു കുറുകി വെളിച്ചം കണ്ണുതുറന്നു. അച്‌ഛൻ ഞെട്ടി കണ്ണുരണ്ടും മൂടിപിടിച്ചു.

“അച്‌ഛാ… ലൈറ്റോഫ്‌ ചെയ്യണോ?”

“ഹും” കൈ മുഖത്തുനിന്ന്‌ മാറ്റാതെ അച്‌ഛൻ പറഞ്ഞു. അയാൾ ലൈറ്റ്‌ ഓഫ്‌ ചെയ്‌തു.

“അച്‌ഛൻ എന്തിനാ ഇരുട്ടത്തിരിക്കുന്നേ?”

“വെറുതെ”

“ഉറങ്ങുന്നില്ലേ.”

“ഇത്തിരികൂടി കഴിയട്ടെ.”

അയാൾ കോലായിലെ ചവിട്ടുപടിയിൽ കസേരയുടെ അടുത്ത്‌ ഇരുന്നു. മുന്നിൽ ഇരുട്ടു മാത്രം. എന്താണാവോ ഇരുട്ടത്ത്‌ അച്‌ഛൻ കാണുന്നത്‌?

“അച്‌ഛനു വല്ലായ്‌ക വല്ലതും തോന്നണുണ്ടോ?”

“എനിക്കൊന്നൂല്ലെടാ. ഞാൻ വെറുതെ ഇരിക്കുന്നതാ.”

“ലൈറ്റിടണോ.”

“വേണ്ട” അച്‌ഛൻ തലയാട്ടി.

“ഇരുട്ടത്താണ്‌ എല്ലാം കാണാൻ സൗകര്യം. എന്റെ ചെറുപ്പത്തിൽ ലൈറ്റേ ഇല്ലായിരുന്നു. മണ്ണെണ്ണ വിളക്കായിരുന്നു. രണ്ട്‌ വിളക്ക്‌. ഒന്ന്‌ അടുക്കളയിലും ഒന്ന്‌ കോലായിലും. പക്ഷേ, അതിനു നല്ല വെളിച്ചമായിരുന്നു. എല്ലാം കാണാമായിരുന്നു. ഇരുട്ടും വെളിച്ചവും ആവശ്യമായതെല്ലാം..”

അയാൾ കോലായിൽ ഒരു പടി താഴോട്ടിരുന്നു.

കുറച്ചുനേരം ഇരുട്ടത്തേക്ക്‌ നോക്കി. അച്‌ഛൻ പറഞ്ഞത്‌ ശരിയാണ്‌. ഇരുട്ടിലാണ്‌ എല്ലാം കാണാൻ സൗകര്യം. മാവിന്റെ ചെറിയ കൊമ്പുകൾക്കിടയിലൂടെ ദൂരെ എവിടെയോ നക്ഷത്രംപോലെ വെളിച്ചം മങ്ങി കത്തുന്നുണ്ട്‌. നേരിയ കാറ്റിൽ, മുറ്റത്തിന്റെ അരികിൽ പിടിപ്പിച്ചിരുന്ന ചെടികൾ സ്വകാര്യം പറയുന്നപ്പോലെ ആടി. ഒന്നുരണ്ടു കൊതുകുകൾ ചെവിയ്‌ക്കടുത്തുകൂടി മൂളി കടന്നുപോയി. പറഞ്ഞറിയിക്കാനാവാത്ത ഒരു നിശ്ശബ്‌ദത അയാളുടെ മനസ്സിൽ വന്നു നിറഞ്ഞു.

മുറ്റം നിറയെ കൊയ്‌തു മറിച്ച നെൽകറ്റകൾ. മുറ്റത്തു തകൃതിയായി ഓടിനടക്കുന്ന ആളുകൾ. അവർക്ക്‌ മേൽനോട്ടം നല്‌കുന്ന കുറിയ ഒരു മനുഷ്യൻ തോർത്തെടുത്തു മുഖം തുടച്ചു. കൊച്ചുബഹളത്തിനിടയിൽ അവർക്കിടയിലൂടെ ഓടി നടക്കുന്ന ഒരു പയ്യൻ. ആ പയ്യൻ അയാളുടെ അച്‌ഛനാണ്‌. അച്‌ഛൻ പണ്ടു പറഞ്ഞുതരാറുളള അച്‌ഛന്റെ ചെറുപ്പകാലം അയാൾക്കോർമ്മ വന്നു.

തലമുടികൾക്കിടയിലൂടെ വിറയലായി നീങ്ങുന്ന വിരലുകളുടെ തലോടലായി, അച്‌ഛൻ കസേരയിൽ നിന്നു കോലായിലേക്ക്‌ ഇറങ്ങിവന്നു. നേരിയ തണുപ്പുളള, മഴ ചാറുന്ന ഒരു ദിവസം, ഉറക്കത്തിൽ നിന്നും അയാളെ വിളിച്ചെഴുന്നേൽപ്പിച്ചു, ആകാശത്തിൽ നിറം വിതറിനിൽക്കുന്ന മഴനക്ഷത്രത്തെ അച്‌ഛൻ കാണിച്ചു തന്നത്‌ അയാൾക്ക്‌ അപ്പോൾ ഓർമ്മ വന്നു. ആ ഓർമ്മയുടെ സ്നിഗ്‌ദ്ധതയിൽ തരളിതനായി നിൽക്കുമ്പോൾ ഒരു മന്ത്രണമായി അച്‌ഛൻ അയാളോട്‌ ചോദിച്ചു.

“നിനക്ക്‌… നിനക്കവിടെ സുഖം തന്നെയല്ലേ?”

ആദ്യമായാണ്‌ അച്‌ഛൻ അയാളോടങ്ങിനെ ചോദിക്കുന്നത്‌. തല ചെറുതായി ആട്ടി, അയാൾ ഇരുട്ടിലേക്ക്‌ നോക്കിയിരുന്നു.

അച്‌ഛൻ ഇരുട്ടിൽ ഉറങ്ങാതിരിക്കുന്നത്‌ ഒരു അസ്വസ്ഥതയായി അയാളെ പിന്നീടൊരിക്കലും അലട്ടിയതേയില്ല.

Generated from archived content: story1_may24_06.html Author: ikhlas_ottamalika

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English