ചക്രങ്ങൾ

ചക്രമൽപ്പം കൂടിപ്പോയതിനാൽ

ചക്രമില്ലാതെ പറ്റില്ലയെന്നായി

രണ്ട്‌ ചക്രം കൈയിലുള്ളവൻ

രണ്ട്‌ ചക്രവാഹനം വാങ്ങുന്നു

നാല്‌ ചക്രം കൈയിലുള്ളവൻ

നാല്‌ ചക്രവാഹനം വാങ്ങുന്നു.

ചക്രമൽപ്പം കുറവുള്ളമർത്ത്യൻ

ആറ്‌ ചക്രശകടത്തിൽ ചരിക്കുന്നു.

ചക്രം പോൽ ചലിക്കുന്ന ഭൂമിയിൽ

ചക്രത്തിൽ ചരിക്കുന്നു മാനുഷൻ

ചക്രങ്ങൾ പെരുകുന്ന നേരത്തോ

നിരത്തുകൾനേർത്തു വരുന്നു നിത്യം

ചക്രത്തിനടിയിൽപ്പെട്ട്‌ ചതയാതെ

ചക്രശ്വാസം വലിക്കുന്നു മർത്യൻ

നിരത്തിൻ വീതികൂട്ടാതെ

ഭരണചക്രം ചലിക്കുന്നതെങ്ങനെ?

രാശിചക്രം ചലിപ്പിക്കും ജോത്സ്യനും

ഇന്ത ചോദ്യത്തിനുത്തരമില്ല ഹോ!

ചക്രപഥം നിറയുന്ന പുക

ചക്രവാളംവരെ ചെന്നെത്തിയാലും

ചക്രവർത്തിയായ്‌ നടിക്കുന്നമർത്യൻ

ചക്രവാഹനം വേണ്ടെന്ന്‌ വക്കില്ല

കാലചക്രം ചലിക്കുന്നതിലും വേഗം

കാല്‌ വയ്‌ക്കുവാൻ വെമ്പുന്ന മാനുഷൻ

ചക്രശ്വാസം വലിച്ച്‌ കിടക്കുമ്പോൾ

ആശുപത്രിക്കാർ ഊറ്റുന്നു ചക്രങ്ങൾ

അന്ത്യയാത്രയിൽ ആംബുലൻസിൽ

പഞ്ഞിവച്ച മൂക്കുമായ്‌ പോകുമ്പോൾ

പുഷ്‌പചക്രവുമായ്‌ അണയുന്നു നാട്ടുകാർ.

Generated from archived content: poem3_aug21_10.html Author: harisankar_kalavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English