ഇനിയൊരു പഴങ്കഥയാവട്ടെ !

“ഒന്നു വേഗം നടക്ക് കുഞ്ഞമ്മ്വോ”

പുല്ലും പുല്ലാന്തിയും നിറഞ്ഞുനിന്ന നാട്ടുവഴിയിലൂടെ വെയില്‍ പെയ്തിറിങ്ങുന്ന വേനല്പകലുകളിലൊന്നില്‍ കുഞ്ഞമ്മുവിന്റെ കൈപിടിച്ച് പങ്ക്യേമ്മ തിടുക്കത്തില്‍ നടക്കുകയായിരുന്നു. കുഞ്ഞമ്മുവാകട്ടെ പങ്ക്യേമയുടെ കൈപിടിച്ച് പിന്നാക്കം വലിച്ചുകൊണ്ടു ബാലിശമായി ചിണുങ്ങിക്കൊണ്ടിരുന്നു. കാറ്റിലാടുന്ന കോണകവാല്‍ ചളിയും പൊടിയും പുരണ്ട കുഞ്ഞമ്മുവ്വിന്റെ ഓമന ചന്തിയില്‍ പുന്നാരമിട്ടുകൊണ്ടിരുന്നു. ചുളുങ്ങിത്തുടങ്ങിയ കൈവിരല്‍കൊണ്ട് പങ്ക്യേമ, കുഞ്ഞമ്മുവിന്റെ വാടിയ ചേമ്പിന്‍ താളുപോലെത്തെ വലംകൈയില്‍പിടിച്ച് ആഞ്ഞുവലിച്ചു.

“ഒന്നു വേഗം നടക്കെന്റെ കുഞ്ഞമ്മ്വോ”

“നങ്ങ്യേമ…ന്റെ നങ്ങ്യേമ…നങ്ങ്യേമക്കുവിശക്കും…”

പങ്ക്യെമ്മയുടെ കരം പിടിച്ച് അവള്‍ പിന്നേയുംപിന്നേയും പിന്നാക്കം വലിച്ചുകൊണ്ടിരുന്നു. കലിവന്ന പങ്ക്യേമ്മ ഒരു പുല്ലാന്തിക്കൈ ഒടിച്ച് കുഞ്ഞമ്മുവിന്റെ ഓമനച്ചന്തിയില്‍ ഒരു വീക്കുവെച്ചുകൊടുത്തു. ചുവപ്പുവര്‍ണ്ണത്തില്‍ അവിടെ ഒരു നേര്‍രേഖ തെളിഞ്ഞുവന്നു. കുഞ്ഞമ്മു ഉച്ചത്തില്‍ കരയുകയും പിഞ്ചുകൈകൊണ്ട് ചുവപ്പില്‍ തലോടുകയും ചെയ്തു. അപ്പോളും പങ്ക്യേമ്മയുടെകൈയില്‍ ഇരുന്നു വിറച്ചുകൊണ്ടിരുന്ന വടിയെ ഭയന്നു നടപ്പിനല്പം വേഗത കൂട്ടി.

“നങ്ങ്യേമ…നങ്ങ്യേമക്ക്….” എന്നവള്‍ പുലംബിക്കൊണ്ടിരുന്നു.

നാട്ടുവഴി പിന്നിട്ട് വയല്‍ വരമ്പിലെത്തി. വയല്‍വരമ്പിലെ കറുകയും കളപ്പുല്ലും ഉണങ്ങിത്തുടങ്ങിയിരുന്നു. കൊയ്ത്തിനു പാകമായ ആര്യനും അരിക്കിരാഴിയും മറ്റും പൊന്മണികള്‍ ശിരസ്സിലേറ്റി നിന്നിരുന്നു. പെയ്യുന്ന വെയിലില്‍ വാടിവരണ്ട്

കുഞ്ഞമ്മുവും പങ്ക്യേമ്മക്കു പിന്നിലായി ഏങ്ങി ഏങ്ങിക്കൊണ്ട് നടന്നു. വയലിനക്കരെ, നാലുകെട്ടിന്റെ പടിപ്പുരക്കപ്പുറം ഉണ്ണ്യേമ കന്നുകുട്ടിക്ക് കാടിവെള്ളം കലക്കിക്കൊടുത്തുക്കൊണ്ട് നില്‍കുന്നുണ്ട്. പങ്ക്യേമ്മയെ കണ്ടപാടെ ഉണ്ണ്യേമ കുശലം ചോദിച്ചു.

“എന്താണ്ട്യേ പങ്ക്യേ ഈ വഴിയൊക്കെ നീ മറന്ന്വോ“

“ഇല്ലെന്റെ ഉണ്ണ്യേമോ…ഇക്കുട്ടിക്കിത്രി ക്ഷീണം പറ്റിപോയി”. കുഞ്ഞമ്മുവിനേ തൊട്ടുതലോടിക്കൊണ്ടാണതു പറഞ്ഞത്.

“എന്താണ്ട്യേ പങ്ക്യേ..വന്നകാര്യം?”

“ഇനിക്കൊരു നാഴി അരി തര്‍വോ…ഉണ്ണ്യേമേ..?”

കൂട്ടുകാരിയോടുള്ള തന്റെ കടപ്പാടെന്നകണക്കെതന്നെ ഉണ്ണ്യേമ അരി അളന്നുകൊടുത്തു. അത് മുണ്ടിന്റെ കോന്തലയില്‍ ചുറ്റിക്കെട്ടി മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഉണ്ണ്യേമ വിളിച്ചു.

‘എടി പങ്ക്യേ…കുഞ്ഞ്വോള്‍ക്കിത്തിരി കഞ്ഞിവെള്ളം കൊടുക്കണ്ടായോ…‘

മറുപടി പറയേണ്ടതവളാണെന്ന മട്ടില്‍ പങ്ക്യേമ കുഞ്ഞമ്മുവിന്റെ വാടിയ മുഖത്തെക്ക് നോക്കി.

“ക്ക് വേണ്ടാ..നങ്ങ്യേമ…നങ്ങ്യേമക്ക് വെശക്കും…നങ്ങ്യേമ കരയും..”

“എന്നാല്‍ പൂവാം”

കേട്ടമാത്രയില്‍ കുഞ്ഞമ്മു വേഗം വേഗം നടന്നു. ഒപ്പമെത്താനാവാതെ പങ്ക്യേമ വിഷമിച്ചു.

പടിപ്പുരയും വയലേലയും, പുല്ലാന്തിവഴിയും പിന്നിട്ട് അവര്‍ കൂരയില്‍ എത്തിപ്പെട്ടു. കയറ്കെട്ടിയുറപ്പിച്ചിരുന്ന ഉമ്മറവാതില്‍ തുറന്നവര്‍ അകത്തുകടന്നമാത്രയില്‍ കുഞ്ഞമ്മു വിളിതുടങ്ങി.

“നങ്ങ്യേമോ…..നങ്ങ്യേമോ….”

നങ്ങ്യേമ നിശബ്ദയായിരുന്നു. കുഞ്ഞമ്മു പാഞ്ഞുനടന്നു..ഉറക്കെ ഉറക്കെ വിളിച്ചു

കാറ്റും വെളിച്ചവും കേറാന്‍ മടിക്കുന്ന ഉള്‍മുറികളിലൊന്നില്‍ ചാണകം മെഴുകിയ തറയില്‍ ഉടുതുണിയില്ലാതെ നങ്ങ്യേമ മലര്‍ന്നുകിടന്നു പുഞ്ചിരിക്കുകയായിരുന്നു. അത്യാഹ്ലദത്തോടെ കുഞ്ഞമ്മു നങ്ങ്യേമയെ കടന്നെടുത്തു. അപ്പോള്‍ നങ്ങ്യേമ പരിഭവമെന്നോണം “പീക്..പീക്..” എന്നു കരഞ്ഞു. നങ്ങ്യേമയെ ഒക്കത്തിറുക്കിയെടുത്ത് കുഞ്ഞമ്മു പുറത്തുവന്നു. മുറ്റത്തരികെ അശോകച്ചെത്തിയുടെ തണലില്‍ പെറുക്കിയെടുത്ത ഇലകളിലൊന്നില്‍ പുലര്‍ച്ചേ തന്നെ കുഞ്ഞമ്മു മണ്ണപ്പം ചുട്ടുവെച്ചിരുന്നു. അതിനരികെ മാതുര്‍ വാത്സല്യത്തോടെ നങ്ങ്യേമയെ കുഞ്ഞിത്തുടകളിലിരുത്തി അവള്‍ ഇരുന്നു. വെയില്‍ചൂടില്‍ വിണ്ടുതുടങ്ങിയ മണ്ണപ്പം നങ്ങ്യെമയുടെ പാതിവിരിഞ്ഞുനില്‍കുന്ന ചുണ്ടിനുചാരെവെച്ച് അം..അം.. എന്നു പറഞ്ഞുകൊണ്ട് അവള്‍ അല്പനേരം ആര്‍ദ്രയായി ഇരുന്നു. എന്നിട്ട് നിറഞ്ഞ സംത്രിപ്തിയോടെ നങ്ങ്യേമയേ താന്‍ കിടക്കുന്ന കട്ടിലില്‍ കൊണ്ടുക്കിടത്തി.

പങ്ക്യേമ്മ ചൂടുകഞ്ഞി വിളമ്പി ആറാന്‍ വെച്ചിട്ട് അടുക്കളയില്‍നിന്നും പുറത്തുവന്നു ഇരുന്നു. കുഞ്ഞമ്മു ഓടിച്ചെന്ന് പങ്ക്യേമ്മയുടെ മടിയില്‍ കയറിയിരുന്നു. ശുഷ്കിച്ച കുഞ്ഞിക്കൈകള്‍കൊണ്ട് അവള്‍ പങ്ക്യേമ്മയുടെ തോളില്‍ ചുറ്റിപ്പിടിച്ചു. നനുത്ത കവിള്‍ത്തടം, കാലം കൈയൊപ്പിട്ട പങ്ക്യേമയുടെ കവിളില്‍ ചേര്‍ത്തുവെച്ചു. തളര്‍ന്നു കൂമ്പിവരുന്ന കണ്ണുകളോടെ കുഞ്ഞമ്മു പറഞ്ഞു.

“പങ്ക്യേമേ…പങ്ക്യേമേ…കുഞ്ഞമ്മൂനു വെശ്ക്കണു….”

Generated from archived content: story1_sep6_12.html Author: hari_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English