ശബ്ദമുഖരിതമീ ലോകം

ഒരു നിശബ്ദ ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ വയ്യ. ബധിരത ബാധിച്ചപ്പോള്‍ മഹാകവി വള്ളത്തോള്‍ വിലപിച്ചതു വെറുതെയല്ല. ശബ്ദമുഖരിതമായ ലോകമാണ് നമ്മുടേത്. ചില ശബ്ദങ്ങള്‍ പ്രകൃത്യാ സംഭവിക്കുന്നു. ഇടിമുഴക്കം, കടലിരമ്പല്‍ കാറ്റിന്റെ ശബ്ദം മറ്റു ശബ്ദങ്ങള്‍ ജീവജാലങ്ങള്‍ പ്രത്യേക ലക്ഷ്യത്തോടെ മന:പൂര്‍വ്വം സൃഷ്ടിക്കുന്നു. കിളികളുടെ ചിലമ്പല്‍, മൃഗങ്ങളുടെ മുരളല്‍, മനുഷ്യന്റെ സംസാരം. അസുഖങ്ങളായ ശബ്ദങ്ങളെ ഒച്ച എന്നു പറയാം. സൈറന്‍, വാഹന ഹോണുകള്‍ വിമാനത്തിന്റെ ഇരമ്പല്‍.

എന്താണ് ശബ്ദം

ശബ്ദം സൃഷ്ടിക്കപ്പെടുന്നത് കമ്പനങ്ങളില്‍ (vibrations) നിന്നാണ്. ശബ്ദം ഒരു ഊര്‍ജ്ജ രൂപമാണ്. പദാര്‍ഥ കണങ്ങള്‍ അതിവേഗം സഞ്ചരിക്കുമ്പോള്‍ പരസ്പരം കൂട്ടിയിടിക്കുന്നു. ഇതിന്റെ ഫലമായി തരംഗരൂപത്തില്‍ ഊര്‍ജ്ജം പ്രവഹിക്കുന്നു. ഇതാണു ശബ്ദം. കമ്പനങ്ങളെ നമുക്കു തിരിച്ചറിയാന്‍ കഴിയും. സംസാരിക്കുമ്പോള്‍ തൊണ്ടയില്‍ കൈവച്ചു നോക്കുക. സൈക്കിള്‍ ബെല്‍ അടിച്ച ശേഷം അതില്‍ സ്പര്‍ശിക്കുക.

നിലക്കാത്ത ശബ്ദമുണ്ടോ..?

ഒരിക്കല്‍ ഒരു ശബ്ദമുണ്ടായാല്‍ ഉടന്‍ അതു ക്ഷയിച്ചു തുടങ്ങും. മനുഷ്യന്റെ കര്‍ണ്ണ പുടങ്ങള്‍ക്ക് പിടിച്ചെടുക്കാനാകാത്ത വിധം അതില്ലാതായിത്തീരും. എന്നാല്‍ ശബ്ദതരംഗങ്ങള്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജം ഒരിക്കലും നശിക്കില്ല. ശബ്ദം ശബ്ദമല്ലാതായി തീരുമ്പോഴും ഊര്‍ജ്ജരംഗങ്ങള്‍ ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പ്രപഞ്ചത്തില്‍ തങ്ങി നില്‍ക്കുന്നു.

ശബ്ദത്തിന്റെ വേഗത

1708 – ല്‍ വില്യം ഡര്‍ഹാം എന്ന ഇംഗ്ലീഷുകാരനാണ് ശബ്ദ വേഗത ഏകദേശം കൃത്യമായി കണക്കാക്കിയ ആദ്യത്തെയാള്‍. എസക്സിലെ അപ് മിനിസ്റ്റര്‍ ദേവാലയത്തിനു മുകളില്‍ സ്ഥാനമുറപ്പിച്ച ഡര്‍ഹാം പത്തൊമ്പതു കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍ മുകളില്‍ വച്ചിട്ടുള്ള പീരങ്കിയില്‍ നിന്നും ഷെല്ലുകള്‍ പൊട്ടുമ്പോഴുള്ള ശബ്ദം നിരീക്ഷിച്ചു. ഷെല്‍ പൊട്ടുമ്പോള്‍ ഉണ്ടാകുന്ന അഗ്നിജ്വാല ഉടന്‍ കാണാം. അതിനു ശേഷം എത്ര സമയം കഴിഞ്ഞാണ് വെടിയൊച്ച കേട്ടതെന്നു കണക്കു കൂട്ടി. പരീക്ഷണം ആവര്‍ത്തിച്ചു. കാരണം ശക്തമായ കാറ്റ് ശബ്ദതരംഗങ്ങളെ ചിതറിപ്പിക്കുന്നുണ്ടായിരുന്നു. ഡര്‍ഹാമിന്റെ കണക്കുകൂട്ടല്‍ ശബ്ദവേഗത ഒരു സെക്കന്റില്‍ 343 മീറ്ററാണെന്ന ആധുനിക കണ്ടെത്തലിനോട് അടുത്തു നില്‍ക്കുന്നു. അന്തരീക്ഷതാപം ഇരുപതു ഡിഗ്രി സെല്‍ഷ്യസില്‍ നില്‍ക്കുമ്പോള്‍ വായുവിലൂടെയുള്ള ശബ്ദവേഗതയാണിത്. പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആണു താപനിലയെങ്കില്‍ ശബ്ദ വേഗത സെക്കന്റില്‍ 331 മീറ്ററായിരിക്കും. നാല്പ്പതു ഡിഗ്രി സെല്‍സേഷ്യസില്‍ സെക്കന്റില്‍ 354 മീറ്ററും.

ജലത്തില്‍, ഉരുക്കില്‍

ശബ്ദവേഗത പല മാധ്യമങ്ങളിലും വ്യത്യസ്തം. വായുവിനേക്കള്‍ ജലത്തില്‍ അതിവേഗം ശബ്ദം സഞ്ചരിക്കും. സ്റ്റീല്‍ കമ്പികളില്‍ കൂടിയാണെങ്കില്‍ വായു സഞ്ചാരത്തിന്റെ ഇരുപതു മടങ്ങായിരിക്കും ശബ്ദവേഗത. വാതകത്തേക്കാള്‍ ദ്രാവകത്തിലും ഖരപദാര്‍ഥത്തിലും തന്മാത്രകള്‍ വളരെ അടുത്തു ദൃഡമായി സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് വേഗവ്യത്യാസം. സമുദ്രത്തിനടിയില്‍ കിടക്കുന്ന ചില തിമിംഗലങ്ങളും ഡോള്‍ഫിനുകളും മുഴക്കുന്ന വിസിലുകലും പാടുന്ന പാട്ടും നൂറു കിലോമീറ്റര്‍ അപ്പുറം വരെ കേള്‍ക്കുന്നത് ഇതു കൊണ്ടാണ്. ശൂന്യതയില്‍ ശബ്ദതരംഗങ്ങള്‍ സഞ്ചരിക്കില്ല. ബഹിരാകാശത്തിനുള്ളിലുള്ള സഞ്ചാരികള്‍ തോളോട് തോളോട് ചേര്‍ന്നിരുന്നാലും പരസ്പരം സംസാരിക്കണമെങ്കില്‍ റേഡിയോ തരംഗങ്ങള്‍ വഴി മാത്രമേ പറ്റു.

ഭൂകമ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ ശബ്ദതരംഗങ്ങള്‍ ഭൂമിയുടെ ഉപരിതത്തിലൂടെ സഞ്ചരിക്കുന്നു. ഈ പ്രകമ്പനങ്ങള്‍ സീസ്മോഗ്രാഫ് എന്ന ഉപകരണത്തിലൂടെ റെക്കോഡ് ചെയ്താണ് ഈ പ്രതിഭാസത്തെപ്പറ്റി പഠിക്കുന്നത്.

തുടരും…

Generated from archived content: science1_aug27_11.html Author: ganesh_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English